നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം [2]

[രണ്ടാം ഭാഗം]
നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം [2]
  • ലെയൊനാര്‍ദ്ദ് മെത്രാപ്പോലീത്തായുടെ കല്പന

എന്നാല്‍ ബര്‍ണ്ണര്‍ദ്ദീന്‍ മെത്രാപ്പോലീത്തായുടെ കല്പനയും വികാരി ജനറാളിന്റെ നിര്‍ദേശവും വേണ്ടവിധം പ്രാവര്‍ത്തികമായില്ലായെന്നു ലെയൊനാര്‍ദ്ദ് മെത്രാപ്പോലീത്തായുടെ 1872 വൃശ്ചികം 7-ലെ ഇടയലേഖനത്തില്‍നിന്നും മനസ്സിലാക്കേണ്ടിയിരിക്കുന്നു. എന്തെന്നാല്‍ ഇടയലേഖനത്തില്‍ ഇപ്രകാരം എഴുതിയിരിക്കുന്നു: ''നമ്മുടെ വന്ദിക്കപ്പെട്ട കാരണവന്‍ (മുന്‍ ഗാമിയായ ബര്‍ണ്ണര്‍ദ്ദീന്‍ ബാച്ചിനെല്ലി) ഇടവകകളൊക്കയില്‍ തന്നെയല്ലാ, എല്ലാ കരകളിലും ഇസ്‌ക്കൊളകള്‍ സ്ഥാപനം ചെയ്തു ഉത്സാഹമൊക്കയും കൂടെ കത്തൊലിക്കാ പൈതങ്ങളെ വെദാര്‍ത്ഥങ്ങള്‍ പഠിപ്പിക്കണമെന്നു ബഹു. താല്പര്യത്തൊടുകൂടെയും ശിക്ഷകളുടെ കീഴിലും പ്രമാണിക്കയും ചെയ്തതിനെതുടര്‍ന്നു തുടക്കത്തില്‍ അനെകം പൈതങ്ങള്‍ ഇസ്‌ക്കൊളകളില്‍ പൊയി പഠിച്ചുവെന്നു കണ്ടതുനിമിത്തം അവര്‍ക്കുണ്ടാകാവുന്ന ഭാഗ്യത്തെയൊര്‍ത്തു വളരെ പ്രസാദമുണ്ടായി. എന്നാല്‍ ഇപ്പൊള്‍ അനെകം പള്ളിക്കൂടങ്ങള്‍ പൈതങ്ങള്‍ ചെല്ലാതെ ഒഴിഞ്ഞു കിടക്കുന്നു. മറ്റനെകം മുഴുവനായിട്ടു ഉപെക്ഷിക്കപ്പെട്ടു ഇടിഞ്ഞു വീണിരിക്കുകയും ചെയ്യുന്നതു കാണുന്നതിനാല്‍ നമുക്കു ദുഃഖം ഏറിവരുന്നു. ദരിദ്രരായ അനെകം ക്രിസ്ത്യാനി പൈതങ്ങള്‍ യാതൊരു അറിവുകൂടാതെയും വെദസംബന്ധമായ കാര്യങ്ങള്‍ ഒന്നും തിരിയാതെയും പഠിക്കാതെയും കഴിയുന്നു''.

''ചിലര്‍ പൈതങ്ങളെ അയക്കുന്നു, എന്നാല്‍ പല ഒഴികഴിവുകളും പൊക്കുകളും പറഞ്ഞുകൊണ്ടു ആശാനു വെണ്ടിയ ശമ്പളം കൊടുക്കുന്നില്ല. ആകയാല്‍ ആശാന്‍ മനം ചലിച്ചു മടിയാകയും പഠിപ്പിക്കല്‍ ഉപെക്ഷിക്കുകയും ചെയ്യുന്നു. ആകയാല്‍ ഏറിയ പൈതങ്ങള്‍ക്കു നിത്യായുസ്സിന്ന ആവശ്യമായ ജ്ഞാനഭൊജനം ഇല്ലാതെയായിപ്പൊകുന്നു. ഇതിനാല്‍ ചുരുങ്ങിയ പെരുടെ ഉപെക്ഷ ഹെതുവായി ഇസ്‌ക്കൊള മുഴുവനും നശിക്കുന്നു. ആ അല്പ പണത്തെപ്രതി ഒരു പള്ളിക്കൂടം മുഴുവനും നശിക്കുന്നതിന് ഇടയാകുന്നു.''

പള്ളിക്കൂടങ്ങളിലെ അധ്യാപകര്‍ക്കു ഭരമേല്പിക്കപ്പെട്ടിരിക്കുന്ന അധ്യാപനം എന്ന ശ്രേഷ്ഠമായ ശുശ്രൂഷയെക്കുറിച്ചും ഇടയലേഖനത്തില്‍ വിശദീകരിച്ചിട്ടുണ്ട്. അതിപ്രകാരമാണ്: ''പള്ളിക്കൂടങ്ങളിലെ ഗു രുക്കന്മാരായ ആശാന്മാരെ, നിങ്ങ ളെ നാം ഓര്‍മ്മിപ്പിക്കുന്നതായത: സര്‍വ്വെശ്വരന്‍ തന്നെ അറിയുന്നതിനും സ്‌നെഹിച്ചു സെവിക്കുന്നതിനും അവരെ പഠിപ്പിപ്പാന്‍ വെണ്ടി ഈ ഇളയ ആത്മങ്ങളെ നിങ്ങളുടെ കൈകളില്‍ ഏല്പിച്ചിരിക്കുന്നു. നിങ്ങള്‍ എങ്ങനെ മനസ്സായിരിക്കു ന്നോ അതുപോലെ പള്ളിക്കൂടങ്ങളുടെ അവസ്ഥയായിരിക്കും....ആകയാല്‍ തൊഴിലിന്റെ വിശെഷതയെ യും ആത്മകടത്തെയും ഓര്‍ത്തു മന്ദതയില്‍നിന്നുണര്‍ന്നു അത്യധികം ജാഗ്രതയൊടെ പള്ളിക്കൂടം നടത്തുന്നതിനു പ്രയത്‌നം ചെയ്യണം. ആര്‍ അധികം പൈതങ്ങളെ പള്ളിക്കൂടത്തില്‍ വരുത്തുവാന്‍ ഉത്സാഹിക്കുകയും നല്ലവണ്ണം വെ ദാര്‍ത്ഥങ്ങളും ദൈവഭക്തിയും പുണ്യവും പഠിപ്പിക്കാന്‍ ഉത്സാഹിക്കുകയും ചെയ്യുന്നുവൊ അവര്‍ക്കു സര്‍വ്വെശ്വരന്‍ പ്രതിസമ്മാനം നല്കും. ഈ ഭൂമിയില്‍ കിട്ടുന്ന ശമ്പളത്തെക്കായില്‍ അധികരിച്ചതും മെല്‌പെട്ടതുമായ സമ്മാനമാകുന്നു അതെന്നു ഓര്‍ത്തു കൊള്‍വിന്‍.''

പള്ളികളിലെ വികാരിമാര്‍ സ്‌കൂള്‍ നടത്തിപ്പില്‍ ജാഗ്രത പുലര്‍ ത്തണമെന്നു കല്പിച്ച ലെയൊനാര്‍ദ് മെത്രാപ്പോലീത്ത ഇടയലേഖനത്തില്‍ പറയുന്നു: ''ഇടയന്മാരായ വികാരിമാര്‍ തങ്ങളുടെ ഓരോരുത്തരുടെ ഇടവകപ്പള്ളിയിലെ ഇസ്‌ക്കൊളകളുടെ പരിതാപത്തിന്ന യൊഗ്യമായ അവസ്ഥമെല്‍ ദുഃഖിക്കണം....ഇസ്‌ക്കൊളകളുടെ നല്ലനടപ്പിന്ന പലവിധമായിട്ടുള്ള തടവുകളും വിഷമങ്ങളും ഉണ്ടെന്നു നാം ഗ്രഹിച്ചിരിക്കുന്നു.... ചില ഇടവകകളില്‍ പള്ളിക്കൂടങ്ങള്‍ നന്നായി നടക്കുന്നതിനെ കണ്ടിരിക്കയാല്‍ ചില ഇടവകകളില്‍ തണത്തു കിടക്കുന്നതിനെ കാണുമ്പൊള്‍ ജനങ്ങളുടെ ഉത്സാഹക്കെടുകൊണ്ടുതന്നെ ആകുന്നുവെന്നു വിചാരിപ്പാന്‍ പാ ടുണ്ടൊ? എന്നാല്‍ ജനങ്ങള്‍ പൈ തങ്ങളെ പള്ളിക്കൂടത്തില്‍ അയയ്ക്കുന്നില്ല, ആശാനു ശമ്പളം കൊ ടുക്കുന്നില്ല, പ്രമാണികള്‍ (കൈക്കാരന്മാര്‍) വെണ്ടിയ ഉത്സാഹം ചെയ്യുന്നില്ല, നല്ല ആശാന്മാരെ കിട്ടുന്നില്ല, ഉള്ളവര്‍ക്കു പഠിപ്പിക്കുന്നതിനു മടിയാകുന്നു എന്നിങ്ങനെയുള്ള ന്യായങ്ങള്‍ എല്ലാം നെരുതന്നെ എന്നു നമുക്കു ബൊധമായിരിക്കുന്നു. ഇടയന്മാര്‍ തങ്ങളുടെ സൂക്ഷത്തിന്ന ഏല്പിക്കപ്പെട്ട ബാലകരില്‍ ഓരൊരുത്തരെക്കുറിച്ചു ദൈവത്തിന്‍ മുമ്പില്‍ ന്യായം ബൊധിപ്പിക്കെണ്ടി വരുമെന്നതിനാല്‍ പള്ളിക്കൂടങ്ങളുടെ നല്ല വര്‍ദ്ധനമെല്‍ താല്പര്യമുള്ളവരായിരിക്കണം. മാതാപിതാക്കന്മാര്‍ തങ്ങളുടെ പൈതങ്ങളെ ഇസ്‌ക്കൊളയില്‍ അയയ്ക്കുന്നുണ്ടൊ ജ്ഞാനകാര്യങ്ങളും വെദാര്‍ത്ഥങ്ങളും പഠിപ്പിക്കുന്നുണ്ടൊ എന്നു കുമ്പസാരത്തില്‍ ചൊദിച്ചറിയണം..... നമ്മുടെ ബഹു. സഹായക്കാരായ വികാരിമാരെ പള്ളിക്കൂടങ്ങളുടെ നല്ല വര്‍ദ്ധനയ്ക്കുവെണ്ടി ജാഗ്രതയായി പ്രയത്‌നം ചെയ്യുന്നതിനെക്കാള്‍ നമുക്കു പ്രസാദിക്കുന്ന ഒരു സന്തൊഷം വരുത്തുവാനില്ല..... ആണ്ടുതൊറും തെളിവുള്ളതായും ക്രമമുള്ളതായും പാഠകശാലകളുടെ വിവരം നമുക്കു ഉണ്ടാകുന്നതിനായിട്ട തിരുസൈത്ത മെടിക്കുന്നതിന്ന വരുമ്പൊള്‍ അതതു ഇടവകയിലെ പള്ളിക്കൂടങ്ങളുടെ തെളിവായ വിവരം എഴുതി നമ്മുടെ മുമ്പാകെ കൊണ്ടുവരികയും വെണം. അതായത: 1) ഇടവകയില്‍ പള്ളിക്കൂടങ്ങള്‍ ഇത്ര, നടപ്പില്ലാത്തത ഇത്ര. ചട്ടമായിട്ട കൂടിവരുന്ന ആണ്‍പൈതങ്ങള്‍ ഇത്ര, പെണ്‍പൈതങ്ങള്‍ ഇത്ര. 2) തങ്ങളുടെ ബുദ്ധിചൊല്ലുകളും അപെക്ഷകളും കെട്ടിട്ടു പള്ളിക്കൂടത്തില്‍ പൈതങ്ങളെ അയക്കാത്ത കാരണവന്മാരുടെ പെരുവിവരം. 3) അജ്ഞാനികളെയും ഇടത്തൂട്ടുക്കാരെയും മുഹമ്മദ്ദീയരെയും ആശാന്മാരായി നിര്‍ത്തിക്കൂടാ എന്നു കര്‍ശനമായിട്ട വിലക്കിയിരിക്കുന്നു. എങ്കിലും ബ. വികാരിയുടെ സൂക്ഷത്തിന്‍കീഴെ പള്ളിക്കുസമീപം സംസ്‌കൃത ഭാഷയെ പഠിപ്പിക്കുന്നതിന്ന ഒരു പാഠശാലയെ സ്ഥാപിപ്പാന്‍ നാം അനുവദിക്കുകയും ചെയ്യുന്നു...''.

ലെയൊനാര്‍ദ് മെത്രാപ്പോലീത്തായുടെ കര്‍ശനമായ കല്പനമൂലം കാലാന്തരത്തില്‍ നസ്രാണി കത്തോലിക്ക ദേവാലയങ്ങളോടുചേര്‍ന്നു സ്‌കൂളുകള്‍ (പള്ളിക്കൂടങ്ങള്‍) സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ക്കു തുടക്കംകുറിച്ചുവെന്നു അനുമാനിക്കേണ്ടിയിരിക്കുന്നു. ബര്‍ണ്ണര്‍ദീന്‍ ബാച്ചിനെല്ലിയുടെയും ലെയൊനാര്‍ദ് മെലാനൊയുടെയും കല്പനകളുടെയും വിശുദ്ധ ചാവറയച്ചന്റെയും മറ്റും നേതൃത്വത്തില്‍ നടന്ന പരിശ്രമങ്ങളുടെയും ഫലമായി പള്ളികളോടുചേര്‍ന്നു ആദ്യകാലത്തു സ്ഥാപിതമായ പള്ളിക്കൂടങ്ങളൊന്നും ആധുനിക രീതിയിലുള്ള ഭാഷാ പള്ളിക്കൂടങ്ങളായിരുന്നില്ല. ഇംഗ്ലീഷ് പള്ളിക്കൂടങ്ങള്‍ സ്ഥാപിക്കുന്നതിനോടു വിദേശീയ കര്‍മ്മലീത്ത മിഷനറിമാര്‍ പുലര്‍ത്തിയിരുന്ന വിമുഖത തന്നെയായിരുന്നു അതിനുള്ള ഒരു പ്രധാന തടസ്സം. മാത്രമല്ല, പള്ളിക്കൂടങ്ങളില്‍ എന്ത് പഠിപ്പിക്കണമെന്നുപോലും ലെയൊനാര്‍ദ് മെത്രാപ്പോലീത്ത കല്പിച്ചിരുന്നു. അദ്ദേഹത്തിന്റെ 1872 വൃശ്ചികം 7-ലെ കല്പനയില്‍ പറയുന്നു: ''...എല്ലാവരുടെയും ഉപകാരത്തിന്നും പഠിക്കുന്നതിനുള്ള എളുപ്പത്തിന്നും വെണ്ടി നാം വെഗത്തില്‍ അച്ചടിപ്പിച്ചു കൊടുത്തയക്കുന്ന ചെറിയ വെദൊപദെശം മുഴുവനും പഠിച്ചു, ബ. വികാരിയുടെ മുമ്പാകെ പരീക്ഷ കഴിച്ചു, അറ്റകുറ്റം കൂടാതെ കെള്‍പ്പിച്ചല്ലാതെ സംസ്‌കൃതം പഠിപ്പിക്കപ്പെടുന്ന പാഠശാലയില്‍ കൂടെ കൂട്ടികൂടാ. ഈ പരീക്ഷ കഴിക്കെണ്ടുന്ന കടത്തില്‍നിന്നും യാതൊരുത്തനെയും ഒഴിച്ചുകൂടാ. പാഠശാലയില്‍ നാം വാസ്തവപ്പെടുത്തി അനുവദിക്കുന്ന പുസ്തകങ്ങളും ഗ്രന്ഥങ്ങളും ഒഴികെ യാതൊരു പുസ്തകവും ഗ്രന്ഥവും പെരുമാറിക്കൂടാ... കടശി പള്ളിക്കൂടങ്ങള്‍ എല്ലാം ഏകാകൃതിയായും ക്രമമായും നടക്കുന്നതിന്നും ഈ വകക്കായിട്ട കല്പിക്കപ്പെട്ട ചട്ടം ഭെദമെന്നിയെ കാര്‍ക്കപ്പെടണമെന്നു നാം പ്രമാണിക്കുന്നു. ആയതിനെ സൂക്ഷമായി നടത്തുന്നതിന്ന നമ്മുടെ സഹായക്കാരായ ബ. വികാരിമാരുടെ മനസാക്ഷിയെ നാം ചുമതലപ്പെടുത്തുന്നു.''

Attachment
PDF
sathyadeepam-banner.pdf
Preview
  • സ്‌കൂളുകളും ശാസ്ത്രപഠനങ്ങളും

എന്നാല്‍ മുന്‍ഗാമിയില്‍നിന്നും വ്യത്യസ്തമായി വേദപാഠ പഠനത്തോടൊപ്പം മറ്റു പഠനങ്ങളും സാധിക്കേണ്ടതിനു സ്‌ക്കൂളുകള്‍ ആരംഭിക്കണമെന്നുതന്നെ കല്പിച്ചുകൊണ്ടു ലെയൊനാര്‍ദ് മെത്രാപ്പോലീത്ത 1872 വൃശ്ചികം 7-നു തന്റെ അധികാരത്തിനു കീഴിലുണ്ടായിരുന്ന മുഴുവന്‍ നസ്രാണി കത്തോലിക്കാ പള്ളി വികാരിമാര്‍ക്കും ലത്തീന്‍പള്ളി വികാരിമാര്‍ക്കും കല്പന നല്കി. കേവലം വേദപാഠം പഠിപ്പിക്കാന്‍വേണ്ടി മാത്രമല്ല, ലോകശാസ്ത്രങ്ങള്‍ക്കൂടി പഠിക്കത്തക്കവിധം പള്ളിക്കൂടങ്ങള്‍ സ്ഥാപിക്കപ്പെടണം എന്നതായിരുന്നു ലെയൊനാര്‍ദ് മെത്രാപ്പോലീത്തായുടെ താല്പര്യമെന്ന് ഇടയലേഖനത്തില്‍നിന്നും വ്യക്തമാണ്. അദ്ദേഹം എഴുതുന്നു: ''ബാലകര്‍ തങ്ങളുടെ ധര്‍മ്മവ്യാപാരത്തിനും വിശ്വാസത്തിനും അന്തരംവരാതെ പഠിപ്പാന്‍പാടുള്ള അക്ഷരാഭ്യാസം, വാചാലകം മുതലായി ലൊകത്തില്‍ ഐശ്വര്യം ലഭിപ്പാന്‍ തക്ക ശാസ്ത്രങ്ങളെ പഠിക്കട്ടെ എന്നു നാം അനുവദിക്ക തന്നെയല്ല ആഗ്രഹിക്കുകയും ചെയ്യുന്നു''.

പ്രസ്തുത കല്പനയിലെ സ്‌ക്കൂളുകളുമായി ബന്ധപ്പെട്ട വളരെ പ്രസ്‌കതമായ മറ്റു ചില ഭാഗങ്ങള്‍ താഴെ ചേര്‍ക്കുന്നു: ''തങ്ങളുടെ മക്കള്‍ അജ്ഞാനികളുടെ വെളുസ ശാസ്ത്രകഥകള്‍ പഠിച്ചറിഞ്ഞു തക്ക സ്വരവാസനയൊടും പ്രാസത്തൊടും കൂടെ കാവ്യങ്ങള്‍ മുതലായതു ചൊല്ലുകയും ആയതിന്റെ വര്‍ണ്ണനം ചെയ്യുകയും മറ്റുമിങ്ങനെയുള്ള വിദ്യാഭ്യാസങ്ങള്‍ നന്നായി ഗ്രഹിച്ചിരിക്കയും ചെയ്യുന്നതിനാല്‍ സന്തൊഷമായിരിക്കുന്നു. എന്തെന്നാല്‍ ശാസ്ത്ര വിദ്യാഭ്യാസങ്ങളിന്മെല്‍ നമുക്കു പ്രസാദക്കെടില്ല. നമ്മുടെ മക്കളില്‍ ബുദ്ധിയും ജ്ഞാനവുമുള്ളവരും ലൊകത്തില്‍ മുമ്പാകെയും അവര്‍ക്കു മാനമുള്ള ശാസ്ത്രങ്ങള്‍ അഭ്യസിച്ചിരിക്കുന്നവരും ഉള്ളത നമുക്കു ഏറ്റം സന്തൊഷമുള്ളതാകുന്നു''.

''എന്നാല്‍ പിതാക്കന്മാര്‍ തന്നെ അക്ഷരാഭ്യാസങ്ങളും അജ്ഞാനശാസ്ത്രികളുടെ പ്രബന്ധങ്ങളും അജ്ഞാത ദെവന്മാരുടെ ചരിത്രങ്ങളും തങ്ങളുടെ മക്കളെ പഠിപ്പിക്കുന്നതിനു താല്പര്യപ്പെടുകയും സത്യവെദത്തിന്റെ ഉന്നത സത്യങ്ങളുടെ അറിവിനെ സാരമായി മതിക്കാതെ അതിനെ പ്രയൊജനം കുറഞ്ഞതായും ഗുരുക്കള്‍ക്കും ഭക്തിമാന്മാര്‍ക്കും സംബന്ധമായതുപൊലെയും ആത്മരക്ഷയ്ക്കും കുടുംബങ്ങളുടെ ഗുണത്തിനും ശുഭത്തിനും ഉപകരിക്കാത്തതുപൊലെയും വിചാരിച്ച് ഇതിന്മെല്‍ ഇത്ര ഉപെക്ഷയാ യിരിക്കയും ചെയ്യുന്നതു കാണുമ്പൊള്‍ ഇതിനാല്‍ വരുന്ന ആത്മനാശം ഓര്‍ത്തിട്ട നമ്മുടെ ദുഃഖം എത്രയൊ അധികരിക്കുന്നു.''

''ഏറിയ പൈതങ്ങളും ബാലകരും അജ്ഞാനികളായ കവിതക്കാരരുടെ ദീര്‍ഘ ശ്ലൊകങ്ങളും വാചകങ്ങളും വ്യക്തമായി ചൊല്ലിയുച്ചരിക്കയും സത്യതിരുസഭ തന്റെ മക്കള്‍ പഠിക്കണമെന്ന് എത്രയും ശക്തിയൊടെ പ്രമാണിച്ചിരിക്കുന്ന ചുരുങ്ങിയ ജപങ്ങള്‍പൊലും പഠിച്ചറിയാതെയും ഇരിക്കുന്നതു കാണുമ്പൊള്‍ നമ്മുടെ ഹൃദയം ക്ലെശിക്കുന്നു.''

കേരളത്തിലെ കത്തോലിക്കരൊഴികെ മറ്റുള്ളവര്‍ - ഹൈന്ദവരും അകത്തോലിക്കരായ ക്രൈസ്തവരും - പ്രൊട്ടസ്റ്റന്റ് മിഷനറിമാരുടെയും മറ്റുള്ളവരുടെയും ഇംഗ്ലീഷ് സ്‌കൂളുകളില്‍ പഠിച്ച് സമൂഹമദ്ധ്യേ ഉന്നതന്മാരായിത്തീരുന്നത് കണ്ട കത്തോലിക്കര്‍ തങ്ങള്‍ക്കു ഇംഗ്ലീഷ് സ്‌കൂളുകള്‍ ഇല്ലാത്തതിനെക്കുറിച്ചും ഇംഗ്ലീഷ് ഭാഷയിലുള്ള അജ്ഞതയെക്കുറിച്ചും ബോധവാന്മാരായിത്തുടങ്ങി.

  • കത്തോലിക്കരും ഇംഗ്ലീഷ് സ്‌കൂളുകളും

പത്തൊമ്പതാംനൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളിലേക്കു കടന്നതോടെ മാറുന്ന കാലഘട്ടത്തിന്റെ പ്രത്യേകതകള്‍ക്കിണങ്ങിയവിധം തങ്ങളുടെ തലമുറകളെ രൂപപ്പെടുത്തണം എന്ന ചിന്ത ജനങ്ങളില്‍ ശക്തിപ്പെട്ടു. ആകയാല്‍ കേരളത്തിലെ സാമൂഹ്യ നവോത്ഥാനത്തിനു കാഹളം മുഴക്കുകയും ചുക്കാന്‍ പിടിക്കുകയും ചെയ്ത ക്രൈസ്തവസമൂഹവും അവരുടെ നേതൃത്വവും വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും സടകുടഞ്ഞെഴുന്നേറ്റു. മെത്രാന്മാരും വൈദികരും വിദ്യാഭ്യാസത്തിന്റെ പ്രധാന്യത്തെക്കുറിച്ചു പ്രസംഗിക്കാനും ജനങ്ങളെ ബോധവത്ക്കരിക്കാനും പ്രത്യേകം ശ്രദ്ധിച്ചു. കുട്ടികളെ നിര്‍ബന്ധമായും വേദപാഠവും എഴുത്തും വായനയും പഠിപ്പിക്കണമെന്നും എല്ലാ ദേവാലയങ്ങളോടും ചേര്‍ന്നു കുടിപ്പള്ളിക്കൂടങ്ങള്‍ ആരംഭിക്കണമെന്നും പള്ളിക്കു സമീപമല്ലെങ്കിലും ഇടവകാംഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ദേശങ്ങളിലും കുടിപ്പള്ളിക്കൂടങ്ങള്‍ സ്ഥാപിക്കണമെന്നും മെത്രാന്മാര്‍ വൈദികര്‍ക്കു (വികാരിമാര്‍ക്കു) കല്പന നല്കി. അതിന്റെ പശ്ചാത്തലത്തിലാണ് പള്ളികളോടുചേര്‍ന്നു കുടിപള്ളിക്കൂടങ്ങള്‍ സ്ഥാപിച്ച് കുഞ്ഞുങ്ങള്‍ക്കു വിദ്യാഭ്യാസം നല്കുന്നതിനുള്ള ശ്രമങ്ങളാരംഭിച്ചത്. പള്ളികളില്ലാത്ത പ്രദേശങ്ങളില്‍പോലും പള്ളിവക കുടിപ്പള്ളിക്കൂടങ്ങള്‍ സ്ഥാപിച്ചു കുട്ടികളെ പഠിപ്പിക്കാന്‍ തുടങ്ങി.

കേരളത്തിലെ കത്തോലിക്കരൊഴികെ മറ്റുള്ളവര്‍ - ഹൈന്ദവരും അകത്തോലിക്കരായ ക്രൈസ്തവരും - പ്രൊട്ടസ്റ്റന്റ് മിഷനറിമാരുടെയും മറ്റുള്ളവരുടെയും ഇംഗ്ലീഷ് സ്‌കൂളുകളില്‍ പഠിച്ച് സമൂഹമദ്ധ്യേ ഉന്നതന്മാരായിത്തീരുന്നത് കണ്ട കത്തോലിക്കര്‍ തങ്ങള്‍ക്കു ഇംഗ്ലീഷ് സ്‌കൂളുകള്‍ ഇല്ലാത്തതിനെക്കുറിച്ചും ഇംഗ്ലീഷ് ഭാഷയിലുള്ള അജ്ഞതയെക്കുറിച്ചും ബോധവാന്മാരായിത്തുടങ്ങി. ലെയൊനാര്‍ദ് മെത്രാപ്പോലീത്തയുടെ കാലഘട്ടത്തില്‍ തന്നെ നസ്രാണികത്തോലിക്കര്‍ ഇംഗ്ലീഷ് സ്‌കൂളുകളെ സ്ഥാപിക്കുന്നതിനെക്കുറിച്ചു ചിന്തിച്ചു. കര്‍മ്മലീത്ത മൂന്നാം സഭയിലെ വൈദികരാണ് ഇംഗ്ലീഷ് സ്‌കൂളുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രഥമ ചുവടുകള്‍ വച്ചത്. ഇക്കാര്യത്തെക്കുറിച്ചു ഫാ. ബര്‍ണാദ് തോമ്മാ, മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ എന്ന ഗ്രന്ഥത്തില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു:

''മര്‍സലീനോസ് മെത്രാന്‍ വാഴ്ചയേറ്റതുവരെ (1877) വരാപ്പുഴ മിസത്തില്‍ ഇംഗ്ലീഷ് പഠനവും അതിനുവേണ്ട സ്വാതന്ത്ര്യവും ഉണ്ടായിരുന്നില്ല. തന്നിമിത്തം പോരൂക്കര പ്രിയോരച്ചന്‍ ലെയൊനാര്‍ദ് മെത്രാപ്പോലീത്തായോട് 1874-ല്‍ പ്രത്യേകാനുവാദം വാങ്ങിക്കൊണ്ടു പഴയപറമ്പില്‍ ലൂയിസ് (പരേതനായ എറണാകുളം വികാരി അപ്പസ്‌തോലിക്ക), തറവട്ടത്തില്‍ ഹിലാറിയോന്‍ എന്ന പട്ടക്കാരേയും, തയ്യില്‍ എസ്തപ്പാനോസ്, കൊച്ചുപാലത്തുങ്കല്‍ ഔസേപ്പ്, പീടിയേക്കല്‍ യൗസേപ്പ് (കൊച്ചേപ്പച്ചന്‍), പൂവത്താനിയില്‍ അബ്രാഹം, മൂലോക്കരിയില്‍ യൗസേപ്പ് എന്ന ശെമ്മാശ്മാരേയും യാക്കോബായ വിശ്വാസം പരിത്യജിച്ച് കത്തോലിക്കനായ മഞ്ചയില്‍ തോമസ് എന്നൊരു വാധ്യാരെ വരുത്തി തനിച്ചു (Private) പഠിപ്പിച്ചു. ഇതെഴുന്നയാളും മേല്‍പറഞ്ഞവരുടെകൂടെ ഇംഗ്ലീഷ് പഠിച്ചിരുന്ന ഒരു ശെമ്മാശനാണ്. മാന്നാനത്തു അതില്‍പിന്നെയും ക്രമമായിട്ടല്ലെങ്കിലും പ്രത്യേക വാധ്യാന്മാരെവച്ചു വൈദിക വിദ്യാര്‍ത്ഥികളെ ഇംഗ്ലീഷ് പഠിപ്പിച്ചുവന്നിരുന്നു. വരാപ്പുഴനിന്നു പഠനവിഷയത്തില്‍ പൊതുവെയും ഇംഗ്ലീഷിന്റെ കാര്യത്തില്‍ അശ്രദ്ധയോടുകൂടി ഇരിക്കുന്നെന്നു മെവുറീസ് മെത്രാന്റെ സന്ദര്‍ശനകാലത്ത് അദ്ദേഹത്തിന്റെ അടുക്കല്‍ ആവലാധിയുണ്ടായി. തന്നിമിത്തം മര്‍സലിനോസ് മെത്രാന്‍ വാഴ്ചയേറ്റയുടനെ ഈ ആവലാധികള്‍ക്കു ശമനം വരുത്തേണ്ടതിനു കൊച്ചിയില്‍ സാന്റാക്രൂസ് (Santa Cruz) എന്ന ഇംഗ്ലീഷ് വിദ്യാലയം സ്ഥാപിച്ചു. ഐറീസ്‌ക്കാരായ കര്‍മ്മലീത്ത ഭ്രാതാക്കന്മാരും ചില യാക്കോബായക്കാരും അതിലെ ഉപാധ്യായന്മാരായി നിയമിക്കപ്പെട്ടു. വാരാപ്പുഴ മിസത്തില്‍നിന്നു ആദ്യമായി സ്ഥാപിച്ച ഇംഗ്ലീഷ് സ്‌കൂള്‍ ഇതാണ്.

''തങ്ങളുടെ മക്കള്‍ അജ്ഞാനികളുടെ വെളുസ ശാസ്ത്രകഥകള്‍ പഠിച്ചറിഞ്ഞു തക്ക സ്വരവാസനയൊടും പ്രാസത്തൊടും കൂടെ കാവ്യങ്ങള്‍ മുതലായതു ചൊല്ലുകയും ആയതിന്റെ വര്‍ണ്ണനം ചെയ്യുകയും മറ്റുമിങ്ങനെയുള്ള വിദ്യാഭ്യാസങ്ങള്‍ നന്നായി ഗ്രഹിച്ചിരിക്കയും ചെയ്യുന്നതിനാല്‍ സന്തൊഷമായിരിക്കുന്നു. എന്തെന്നാല്‍ ശാസ്ത്ര വിദ്യാഭ്യാസങ്ങളിന്മെല്‍ നമുക്കു പ്രസാദക്കെടില്ല. നമ്മുടെ മക്കളില്‍ ബുദ്ധിയും ജ്ഞാനവുമുള്ളവരും ലൊകത്തില്‍ മുമ്പാകെയും അവര്‍ക്കു മാനമുള്ള ശാസ്ത്രങ്ങള്‍ അഭ്യസിച്ചിരിക്കുന്നവരും ഉള്ളത നമുക്കു ഏറ്റം സന്തൊഷമുള്ളതാകുന്നു.''

(ലെയൊനാര്‍ദ്ദ് മെത്രാപ്പോലീത്തായുടെ കല്പന - 1872)

ഏറെത്താമസിയാതെ ഇംഗ്ലീഷ് മൂലപാഠം സെമിനാരികളിലും ഏര്‍പ്പെടുത്തി. അതിന്റെ നടത്തല്‍കാരനും പരീക്ഷകനുമായി ബൊത്തൊല്ലൊ സ്വാമിയെന്ന സാധാരണ പറഞ്ഞുവരുന്ന ഫ്രാന്‍സ് ദേശീയനായ ആഗുസ്തീനോസ് മിഷനറിയെ നിശ്ചയിച്ചു. പുത്തന്‍പള്ളി സെമിനാരി മെര്‍സലിനോസ് മെത്രാന്‍ വലുതാക്കുകയും മറ്റു സെമിനാരികളില്‍നിന്നു ചില ശ്മ്മാശന്‍മാരെ അവിടേക്കു വിളിക്കുകയും ചെയ്തു. പുത്തന്‍പള്ളി ഒഴികെ മറ്റു സെമിനാരികളിലുള്ളവരെല്ലാം കൂനമ്മാവുങ്കല്‍ ചേര്‍ന്ന് ഇംഗ്ലീഷ്, സുറിയാനി എന്ന ഭാഷകളില്‍ പരീക്ഷിക്കപ്പെടണമെന്നും അതുകളില്‍ വിജയം പ്രാപിക്കുന്നവര്‍ക്കു മാത്രമെ പട്ടം കൊടുക്കുകയുള്ളൂവെന്നും നിയമമുണ്ടായി. 1885-ല്‍ മാന്നാനത്തു ക്രമമായ വിധത്തില്‍ ഒരു ഇംഗ്ലീഷ് സ്‌ക്കൂള്‍ ആരംഭിച്ചു. മലങ്കര സുറിയാനിക്കാരുടെ വകയായി ആദ്യമുണ്ടായ ഇംഗ്ലീഷ് സ്‌ക്കൂള്‍ ഇതാണ്'' (മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍, രണ്ടാം പുസ്തകം, 1921, pp. 342-343).

നസ്രാണി കത്തോലിക്കര്‍ക്കിടയില്‍ ഉണ്ടായ റോക്കോസ് & മേലൂ സ് ശീശ്മകള്‍ക്കുശേഷം ലത്തീന്‍ ഭരണത്തില്‍നിന്നും തങ്ങളെ വേര്‍പ്പെടുത്തി സുറിയാനി കത്തോലിക്കര്‍ക്കു തിരിച്ചു വികാരിയാത്തും മെത്രാനും ലഭിക്കാന്‍ വേണ്ടി സുറിയാനിക്കാര്‍ 1870-കളില്‍ റോമിലേക്ക് അയച്ച ഹര്‍ജ്ജികളില്‍ വരാപ്പുഴ അധികാരത്തില്‍നിന്നും പദ്രൊവാദൊ അധികാരത്തില്‍നിന്നും തങ്ങളെ വേര്‍പ്പെടുത്തി ഇംഗ്ലീഷ്‌കാരനൊ ഐറിസ്‌കാരനോ ആയ ഒരു മെത്രാന്റെ കീഴിലാക്കണമെന്നാണ് അപേക്ഷിച്ചത്. ഭൗതികമായ ഉയര്‍ച്ചയ്ക്കു ഇംഗ്ലീഷ് പഠനം അത്യാവശ്യമാണെന്നും ആയതിനു സഹായിക്കുന്ന, പ്രോത്സാഹിപ്പിക്കുന്ന, ഒരു ഇംഗ്ലീഷ് മെത്രാന്‍ അഥവാ ഐറീഷ് മെത്രാന്‍ വേണമെന്ന് ആഗ്രഹിച്ചതും മേല്പറഞ്ഞ ഇംഗ്ലീഷ് വിദ്യാഭ്യാസ ചിന്തയുടെ പരിണിതഫലമായിരുന്നു. ഈ വിധ ഹര്‍ജ്ജികളില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു 1875 സെപ്തംബര്‍ ഒന്നിനു സുറിയാനി ഭാഷയില്‍ എഴുതി അയച്ച ഹര്‍ജ്ജി (മാര്‍ത്തോമ്മാ നസ്രാണികള്‍, രണ്ടാം പുസ്തകം, p. 314).

വിദേശീയ കര്‍മ്മലീത്ത മിഷനറിമാരും അവരില്‍പ്പെട്ട വരാപ്പുഴ വികാരി അപ്പസ്‌തോലിക്കാമാരും കത്തോലിക്കരുടെ, വിശേഷിച്ചും നസ്രാണികത്തോലിക്കരുടെ, വിദ്യാഭ്യാസ കാര്യങ്ങളില്‍ തികഞ്ഞ അലസതയാണ് പുലര്‍ത്തിയിരുന്നതെന്നു നസ്രാണികള്‍ക്കിടയില്‍ വിസിറ്ററായി (1876-1877) വന്ന ഇഗ്നേഷ്യസ് പെര്‍സിസോ (Ignatius Persico) യുടെ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നു. റിപ്പോര്‍ട്ടില്‍ പറയുന്നു: ''മേല്പറഞ്ഞതിന് ഉപോത്ബലകമായി എല്ലാവര്‍ക്കും അറിയാവുന്നതും കര്‍മ്മലീത്താക്കാര്‍ തന്നെ ഏറ്റുപറഞ്ഞിട്ടുള്ളതുമായ വസ്തുത എടുത്തുകാണിക്കാം. ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ സ്‌ക്കൂളുകള്‍ വളരെ അധഃപതിച്ചിരിക്കുകയാണ്. കര്‍മ്മലീത്താക്കാരാണെങ്കില്‍ വിദ്യാഭ്യാസ രംഗത്തു കാര്യമായി ഒന്നും ഒരിക്കലും ചെയ്തിട്ടില്ല. ഏതായാലും മോണ്‍. മെലാനോയുടെ ഭരണകാലത്ത് കാര്യങ്ങള്‍ ഓരോദിവസവും കൂടുതല്‍ മോശമായി ഇപ്പോള്‍ സര്‍വ്വത്ര ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലെത്തിയിരിക്കുന്നു....'' (ഡോ. ചാള്‍സ് പൈങ്ങോട്ട്, കേരളസഭ പത്തൊമ്പതാം നൂറ്റാണ്ടില്‍, p. 41). 1884 ഒക്‌ടോബര്‍ 5-നു കൈനകരിയില്‍നിന്നും നസ്രാണി കത്തോലിക്കരായ ചില വൈദികരും മറ്റും പ്രൊപ്പഗാന്തയുടെ അധ്യക്ഷന് എഴുതിയ കത്തില്‍ സുറിയാനി കത്തോലിക്കരുടെ ഇടയില്‍ കോളജുപഠനം കഴിഞ്ഞുള്ള ഡിഗ്രി കിട്ടിയവരായി (graduatus) ആരുമില്ലെന്നും യാക്കോബായ സഹോദരങ്ങളില്‍ ഡിഗ്രിക്കാര്‍ നൂറിലധികം പേരുണ്ടെന്നും പരാതിപ്പെട്ടിരിക്കുന്നതു കാണാം. വക്കീലന്മാര്‍, ഡോക്ടര്‍മാര്‍, ജഡ്ജിമാര്‍ തുടങ്ങി മറ്റു സമുദായങ്ങളില്‍ പലരുള്ളപ്പോള്‍ തങ്ങളുടെ കൂട്ടത്തില്‍നിന്നും ആരും ഇല്ലെന്നും അവര്‍ തുടര്‍ന്നു പറയുന്നു (പൈങ്ങോട്ട്, p. 103).

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം [2]
നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം [1]

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org