നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം [3]

[മൂന്നാം ഭാഗം]
നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം [3]
സുറിയാനി നസ്രാണികള്‍ പള്ളിയോടുചേര്‍ന്നു സ്‌കൂളുകള്‍ സ്ഥാപിച്ചപ്പോള്‍ ക്രൈസ്തവരായ അധ്യാപകര്‍ മാത്രമായിരുന്നില്ല പല വിദ്യാലയങ്ങളിലും പഠിപ്പിച്ചിരുന്നത്. അതായത്, ഹൈന്ദവരായ അധ്യാപകരും ഉണ്ടായിരുന്നുവെന്നു സാരം. എന്നാല്‍ ക്രൈസ്തവ പള്ളിക്കൂടങ്ങളിലും വിദ്യാലയങ്ങളിലും നിയമിതരായ ഹൈന്ദവാധ്യാപകര്‍ കത്തോലിക്ക കുട്ടികളെ വേദപാഠവും പഠിപ്പിച്ചിരുന്നു
  • നസ്രാണികത്തോലിക്കരുടെ സ്‌കൂളുകള്‍

നസ്രാണികത്തോലിക്കര്‍ക്കിടയില്‍ മലയാളം, ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളും കോളേജുകളും കൂടുതലായി സ്ഥാപിക്കപ്പെട്ടത് സുറിയാനി കത്തോലിക്കരെ 1887-ല്‍ ലത്തീന്‍ ഭരണത്തില്‍നിന്നും വേര്‍പ്പെടുത്തി കോട്ടയം, തൃശ്ശൂര്‍ വികാരിയാത്തുകള്‍ സ്ഥാപിച്ചതിനുശേഷം മാത്രമാണ്. ഈ രണ്ടു വികാരിയാത്തുകള്‍ സ്ഥാപിതമാകുമ്പോള്‍ കത്തോലിക്കര്‍ക്ക് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളും കോളേജുകളും ഉണ്ടായിരുന്നില്ല. മാന്നാനത്ത് 1885-ല്‍ സ്ഥാപിതമായ ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ കോട്ടയം വികാരി അപ്പസ്‌തോലിക്കയായിരുന്ന ചാള്‍സ് ലവീഞ്ഞും തൃശ്ശൂര്‍ വികാരി അപ്പസ്‌തോലിക്കയായിരുന്ന അഡോള്‍ഫ് മെഡ്‌ലിക്കോട്ടും തങ്ങളുടെ വികാരിയാത്തുകളിലെ പള്ളികളോടും ആശ്രമങ്ങളോടും കന്യാസ്ത്രീ മഠങ്ങളോടും ചേര്‍ന്നു സ്‌കൂളുകള്‍, പ്രത്യേകിച്ചും ഇംഗ്ലീഷ് സ്‌കൂളുകള്‍ ആരംഭിക്കുന്നതിനു കല്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും തങ്ങളുടെതന്നെ നേതൃത്വത്തില്‍ സ്‌കൂളുകളും കോളേജുകളും സ്ഥാപിക്കുന്നതിനു ശ്രമങ്ങള്‍ തുടങ്ങുകയും ചെയ്തു.

മെത്രാസന മന്ദിരത്തിന്റെ നിര്‍മ്മാണത്തോടൊപ്പം വികാരിയാത്തിന്റെ വകയായി ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളുകളും മിഡില്‍ സ്‌കൂളുകളും ആരംഭിക്കുന്നതിനും ഇരു മെത്രാന്മാരും ഉത്സാഹിച്ചതിന്റെ ഫലമായി ഇരു വികാരിയാത്തുകളിലും ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനുള്ള വാതായനങ്ങള്‍ തുറക്കപ്പെട്ടു. 1889-ല്‍ മെഡ്‌ലിക്കോട്ട് മെത്രാന്‍ തൃശ്ശൂരില്‍ ആരംഭിച്ച സെന്റ് തോമസ് കോളേജ് 1919-ല്‍ സെക്കന്റ് ഗ്രെയ്ഡ് കോേളജും 1925-ല്‍ ഫസ്റ്റ് ഗ്രെയ്ഡ് കോളേജുമായി ഉയര്‍ത്തപ്പെട്ടു. ചുരുക്കത്തില്‍ കൊച്ചിരാജ്യത്തിലെ പ്രഥമ ഫസ്റ്റ് ഗ്രെയ്ഡ് കോളേജായി ഇതു മാറി. 1896-ല്‍ മേല്പറഞ്ഞ രണ്ടു വികാരിയാത്തുകളെയും പുനഃക്രമീകരിച്ച് എറണാകുളം, ചങ്ങനാശ്ശേരി, തൃശ്ശൂര്‍ വികാരിയാത്തുകള്‍ സ്ഥാപിച്ചപ്പോള്‍ എറണാകുളം വികാരിയാത്തില്‍ 159 മലയാളം പ്രൈമറി സ്‌കൂളുകളും മൂന്നു ഇംഗ്ലീഷ് സ്‌കൂളുകളും അവയില്‍ 8223 കുട്ടികളും ഉണ്ടായിരുന്നു. ചങ്ങനാശ്ശേരിയില്‍ 4 ഇംഗ്ലീഷ് ഹൈസ്‌കൂളുകളും 228 പ്രൈമറി സ്‌കൂളുകളും 9800 കുട്ടികളും ഉണ്ടായിരുന്നു. (ഹൈസ്‌കൂളുകളില്‍ രണ്ടെണ്ണം പെണ്‍കുട്ടികള്‍ക്കുള്ളതായിരുന്നു). തൃശ്ശൂര്‍ വികാരിയാത്തിലാകട്ടെ 149 പ്രൈമറി സ്‌കൂളുകളും 12 ഇംഗ്ലീഷ് സ്‌കൂളുകളും ഒരു കോളേജുമാണ് ഉണ്ടായിരുന്നത്; ഈ സ്‌കൂളുകളിലായി ആകെ 8451 വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്നു. 1893-ലെ വരാപ്പുഴ അതിരൂപതയിലെ റിപ്പോര്‍ട്ടുപ്രകാരം ലത്തീന്‍ പള്ളികളുടെയും സന്യാസാശ്രമങ്ങളുടെയും കീഴിലായി 93 സ്‌കൂളുകളാണ് വരാപ്പുഴ അതിരൂപതയില്‍ ഉണ്ടായിരുന്നത്.

  • എറണാകുളം-അങ്കമാലി അതിരൂപതയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

എറണാകുളം വികാരിയാത്തിന്റെ പ്രഥമ വികാരി അപ്പസ്‌തോലിക്കയായിരുന്ന മാര്‍ ളൂയിസ് പഴേപറമ്പില്‍ മെത്രാന്‍ വികാരിയാത്തു വകയായി സ്‌കൂള്‍ ആരംഭിക്കുകയും പള്ളികളുടെയും ആശ്രമങ്ങളുടെയും കന്യാസ്ത്രീ മഠങ്ങളുടെയും നേതൃത്വത്തില്‍ സ്‌കൂളുകള്‍ സ്ഥാപിക്കുന്നതിനു പലപ്രാവശ്യം കല്പനകള്‍ നല്കുകയും 1897, 1904, 1911, 1913 വര്‍ഷങ്ങളില്‍ സ്‌കൂളുകളെ സംബന്ധിച്ച പ്രത്യേക സെന്‍സസുകള്‍ നടത്തി വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. 1900-ല്‍ എറണാകുളം വികാരിയാത്തില്‍ 160 പ്രൈമറി സ്‌കൂളുകളും 7 ഇംഗ്ലീഷ് സ്‌കൂളുകളും അതില്‍ പഠിക്കുന്ന കുട്ടികള്‍ 7698 ഉം ആയിരുന്നു. ഈ സ്‌കൂളുകളില്‍ ഏറ്റവും പഴക്കമേറിയത് തുറവൂര്‍ സെന്റ് അഗസ്റ്റിന്‍ പള്ളിക്കു കീഴിലുണ്ടായിരുന്നതും 1850-ല്‍ സ്ഥാപിച്ചതുമായ പ്രൈമറി സ്‌കൂളായിരുന്നു. സ്ഥാപനംകൊണ്ടു രണ്ടാം സ്ഥാനത്തുണ്ടായിരുന്നത് 1864-ല്‍ മുട്ടം സെന്റ് മേരീസ് പള്ളിക്കു കീഴില്‍ സ്ഥാപിതമായ തിരുക്കുടുംബ വിലാസം വി പി സ്‌കൂളായിരുന്നു.

1909-ല്‍ മാര്‍ ളൂയിസ് മെത്രാന്‍ നല്കിയ ഒരു കല്പനയില്‍ (No 46) പറയുന്നു: ''...കുഞ്ഞുങ്ങളെ ബാല്യം മുതല്‍ സന്മാര്‍ഗത്തില്‍ നടക്കുന്നതിനുള്ള വഴിയെ ധരിപ്പിക്കയും അതില്‍ നടത്തുകയും ചെയ്താല്‍ അവര്‍ അതില്‍ ഉറച്ചു നല്ല ക്രിസ്ത്യാനികളും, മിശിഹായുടെ വിശ്വസ്ത ശിഷ്യരും ആയിത്തീരും. ബാലന്മാരുടെ ഹൃദയം പടര്‍ന്നു കയറുവാന്‍ തുടങ്ങുന്ന ഇളവള്ളികള്‍പോലെ ആയിരിക്കുന്നു. ആയതുകൊണ്ട് അവയെ ഏതു മാര്‍ഗത്തിലേക്കു തിരിച്ചുകൊടുക്കുമോ അതില്‍ അവര്‍ പ്രവേശിക്കയും അതില്‍ ഉറെക്കയും ചെയ്യും. ംരം (ഈ) കാരണത്താലാണ് കുഞ്ഞുങ്ങള്‍ക്കായി എല്ലാ പള്ളികളിലും പള്ളിസ്‌കൂള്‍ ഉണ്ടാക്കിയിരിക്കുന്നത്. കുഞ്ഞുങ്ങളെ അതില്‍ വേദോപദേശം മുതലായതും സന്മാര്‍ഗജീവിതത്തിനു വേണ്ടുന്ന മറ്റുള്ളവയൊക്കയും പഠിപ്പിക്കുവാന്‍ താല്‍പര്യം വയ്‌ക്കേണ്ടതു ബ. വികാരിമാരുടെ മുഖ്യമായ ചുമതലയും കുട്ടികളെ സ്‌കൂളില്‍ അയയ്‌ക്കേണ്ടത് മാതാപിതാക്കന്മാരുടെ പ്രധാന കടമകളില്‍ ഒന്നുമാകുന്നു. ഒരു ഇടവകയില്‍ കുട്ടികള്‍ ഏതുപ്രകാരമായിരിക്കുമോ അപ്രകാരമായിരിക്കും ആ ഇടവകയുടെ സ്ഥിതിയും. കുട്ടികള്‍ കൊള്ളരുതാത്തവരായിരുന്നാല്‍ ആ ഇടവകയും അപ്രകാരമാകുന്നു. അല്ലെങ്കില്‍ കാലതാമസം കൂടാതെ അപ്രകാരമാകും. കുട്ടികള്‍ നല്ലവരായിരുന്നാല്‍ ആ ഇടവകയും നല്ലതായിരിക്കും....''.

കുട്ടികളെ സ്‌കൂളില്‍ വിട്ടു പഠിപ്പിക്കേണ്ടതിന്റെ ആവശ്യകത കാണിച്ചുകൊണ്ടു 1920 ആഗസ്റ്റ് 14-നു മാര്‍ അഗസ്റ്റിന്‍ കണ്ടത്തില്‍ മെത്രാപ്പോലീത്ത നല്കിയ കല്പനയില്‍ പറയുന്നു: ''1. കത്തോലിക്ക കുട്ടികളെ എഴുത്തും വായനയും പരിശീലിപ്പിക്കുന്നതിനായി ഓരോ ഇടവകയിലും ആവശ്യമുള്ളിടത്തോളം സ്‌കൂളുകള്‍ (കുടിപ്പള്ളിക്കൂടങ്ങള്‍ എങ്കിലും) ഉണ്ടായിരിക്കാന്‍ ബഹു. വികാരിമാര്‍ പ്രത്യേക ശുഷ്‌കാന്തിയുള്ളവരായിരിക്കയും, ജനങ്ങളെ ഇതിന് ഉത്സാഹിപ്പിക്കുകയും വേണം. കത്തോലിക്ക കുട്ടികള്‍ക്കു വേദകാര്യങ്ങളും പഠിക്കേണ്ട ആവശ്യമുള്ളതുകൊണ്ട് അവരെ കത്തോലിക്കാ സ്‌കൂളില്‍ തന്നെ അയയ്ക്കുവാന്‍ വേണ്ടുന്ന ശ്രമങ്ങള്‍ ചെയ്യേണ്ടതും, വേദോപദേശം പഠിപ്പിക്കുന്നതിനു നല്ല കത്തോലിക്കരെ നിയമിക്കേണ്ടതുമാകുന്നു. 2. ഗ്രാന്റു സ്‌കൂളുകളില്‍ അരമണിക്കൂറില്‍ കുറയാതെയും കുടിപ്പള്ളിക്കൂടങ്ങളില്‍ അതില്‍കൂടുതല്‍ സമയത്തേക്കും എല്ലാ ദിവസവും വേദോപദേശം പഠിപ്പിക്കണം. 3. കത്തോലിക്കരല്ലാത്തവര്‍ നടത്തുന്ന സ്‌കൂളുകളില്‍ നമ്മുടെ കുട്ടികള്‍ പഠിക്കുന്നുണ്ടെങ്കില്‍ അവരുടെ പേരുകള്‍ ഒരു പുസ്തകം ഉണ്ടാക്കി അതില്‍ ബഹു. വികാരി എഴുതി സൂക്ഷിക്കണം. ആ കുട്ടികളുടെ വിശ്വാസത്തിനോ, സന്മാര്‍ഗത്തിനോ ഹാനികരമായി വല്ലതും സംഭവിക്കുന്നുണ്ടോ എന്നു കൂടെക്കൂടെ അന്വേഷിക്കുകയും, അങ്ങനെ വല്ലതുമുണ്ടെന്നറിഞ്ഞാലുടനെ തക്ക പ്രതിവിധി പ്രയോഗിക്കയും ചെയ്യുന്നതിനും അവര്‍ക്കു പ്രത്യേകം ചുമതലയുണ്ടെന്നു ഓര്‍ത്തുകൊള്ളണം. കൂടാതെയും, അങ്ങനെയുള്ള സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ കുമ്പസാരം, കുര്‍ബാന മുതലായ വേദകൃത്യങ്ങള്‍ കൂടെക്കൂടെ നടത്തിവരുന്നുണ്ടോ എന്നും പ്രത്യേകം ശ്രദ്ധിക്കുകയും ഇതിന് അവരെ ഉത്സാഹിപ്പിക്കുകയും ചെയ്യണം. 4. മക്കളെ വേദകാര്യങ്ങള്‍ പഠിപ്പിക്കുന്നതില്‍ ഉപേക്ഷ കാണിക്കുന്ന കാരണവന്മാര്‍ അവരുടെ ഘനമായ കടമയെ നിറവേറ്റായ്കകൊണ്ടു വിശുദ്ധ കൂദാശകള്‍ കൈക്കൊള്ളുവാന്‍ അയോഗ്യരാണെന്നു ഓര്‍മ്മയുണ്ടായിരിക്കുകയും കാരണവന്മാരെ ഓര്‍പ്പിക്കയും ചെയ്യണം. 5. ഏഴുവയസ്സിനുമേല്‍ പതിനാറുവയസ്സുവരെയുള്ള എല്ലാവരും വേദോപദേശ പഠനത്തിനു ഹാജരാകേണ്ടതാണ്'' (എറണാകുളം മിസ്സം, Vol. III, No. 4, p. 90).

മേല്പറഞ്ഞപ്രകാരം സ്ഥാപിതമായ വിദ്യാലയങ്ങളില്‍ വ്യത്യസ്ത രീതികളിലായിരുന്നു അധ്യാപകനു ശമ്പളം നല്‍കിയിരുന്നത്: 1. കുട്ടികളില്‍ നിന്നും പിരിക്കുന്ന ഫീസുമാത്രം അധ്യാപകനു ശമ്പളമായി നല്കുക. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ ഫീസുകൊടുക്കാന്‍ നിര്‍വാഹമില്ലാത്തവര്‍ തങ്ങളുടെ കുട്ടികളെ കുടിപ്പള്ളിക്കൂടങ്ങളില്‍ അയച്ചിരുന്നില്ല. 2. അധ്യാപകന്റെ ശമ്പളം പൂര്‍ണ്ണമായും പള്ളിയില്‍ നിന്നും നല്കുക. ഇങ്ങനെയുള്ള സ്ഥലങ്ങളില്‍ കുട്ടികളില്‍ നിന്നും പള്ളിയധികൃതര്‍ യാതൊരു ഫീസും ഈടാക്കിയിരുന്നില്ല. ഇവിടെ വിദ്യാഭ്യാസം പൂര്‍ണ്ണമായും സൗജന്യമായി നല്കിയിരുന്നു. 3. ചില പള്ളികളില്‍ ഫീസുകൊടുക്കാന്‍ സാധിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും ഫീസു പിരിച്ചെടുക്കുകയും തികയാതെ വരുന്ന തുക പള്ളിയില്‍ നിന്നും കൂട്ടിച്ചേര്‍ത്ത് അധ്യാപകനു ശമ്പളം നല്കുകയും ചെയ്തിരുന്നു. പള്ളിയില്‍ നിന്നുള്ള വിഹിതമാകട്ടെ തുകയായോ, നെല്ലായോ അധ്യാപകര്‍ക്കു നല്കിയിരുന്നു. പള്ളിയുടെ വരുമാനത്തില്‍നിന്നും കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി, സ്‌കൂളുകളുടെ നടത്തിപ്പിനുവേണ്ടി, തുക ചെലവു ചെയ്യുന്നതിനു പള്ളിപൊതുയോഗമോ മെത്രാപ്പോലീത്തായോ ഒരിക്കലും നിരുത്സാഹപ്പെടുത്തിയിരുന്നില്ല എന്നു മാത്രമല്ല, ഇക്കാര്യത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പള്ളിക്കുകീഴില്‍ സ്ഥാപിതമായ സ്‌കൂളുകളില്‍ ജാതിമത വ്യത്യാസങ്ങളില്ലാതെ, ഉച്ചനീചത്വങ്ങളില്ലാതെ, എല്ലാവര്‍ക്കും പ്രവേശനം നല്കിയിരുന്നു. സ്‌കൂളില്‍ കുട്ടികള്‍ക്കിടയില്‍ മേല്പറഞ്ഞ വ്യത്യാസങ്ങള്‍ പ്രകടിതമാകാതിരിക്കുവാന്‍ പള്ളിയധികൃതരും സ്‌കൂള്‍ അധ്യാപകരും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മേല്പറഞ്ഞ പശ്ചാത്തലത്തില്‍ ഓരോ ദേശത്തും ജാതിമത വ്യത്യാസങ്ങളില്ലാതെ എല്ലാവരുടെയും വളര്‍ച്ചയ്ക്കും നാടിന്റെ വികസനത്തിനും നാന്ദികുറിച്ച പ്രകാശഗോപുരങ്ങളായിരുന്നു ക്രൈസ്തവ പള്ളിക്കൂടങ്ങള്‍.

സുറിയാനി നസ്രാണികള്‍ പള്ളിയോടുചേര്‍ന്നു സ്‌കൂളുകള്‍ സ്ഥാപിച്ചപ്പോള്‍ ക്രൈസ്തവരായ അധ്യാപകര്‍ മാത്രമായിരുന്നില്ല പല വിദ്യാലയങ്ങളിലും പഠിപ്പിച്ചിരുന്നത്. അതായത്, ഹൈന്ദവരായ അധ്യാപകരും ഉണ്ടായിരുന്നുവെന്നു സാരം. എന്നാല്‍ ക്രൈസ്തവ പള്ളിക്കൂടങ്ങളിലും വിദ്യാലയങ്ങളിലും നിയമിതരായ ഹൈന്ദവാധ്യാപകര്‍ കത്തോലിക്ക കുട്ടികളെ വേദപാഠവും പഠിപ്പിച്ചിരുന്നു എന്ന് എറണാകുളം-അങ്കമാലി അതിരൂപത രേഖാലയത്തില്‍ സൂക്ഷിച്ചിരിക്കുന്ന രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. കത്തോലിക്ക വിദ്യാലയങ്ങളില്‍ നിയമിക്കപ്പെടുന്ന അധ്യാപകര്‍, ക്രിസ്ത്യാനികളായാലും അക്രൈസ്തവരായാലും കത്തോലിക്ക കുട്ടികളെ വേദപാഠം പഠിപ്പിക്കുക എന്നത് അവരുടെ ഉത്തരവാദിത്വമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തെ രണ്ടു ദശവത്സരങ്ങള്‍വരെ ഈ കീഴ്‌വക്കം തുടര്‍ന്നിരുന്നു; പ്രത്യേകിച്ചും പള്ളിയില്‍ നിന്നും അധ്യാപകര്‍ക്കു നേരിട്ടു ശമ്പളം കൊടുത്തിരുന്ന സാഹചര്യങ്ങളില്‍.

1911 ജൂണ്‍ മാസത്തില്‍ മാര്‍ ളൂയിസ് മെത്രാന്‍ നടത്തിയ വിദ്യാലയങ്ങളെ സംബന്ധിച്ച സര്‍വെയിലെ ചോദ്യങ്ങള്‍ക്കു 15-06-1911-ല്‍ അങ്കമാലി പള്ളിവികാരി നല്കിയ മറുപടിയില്‍ പറയുന്നു: ''ഈ പള്ളിക്കു കീഴില്‍ സര്‍ക്കാരില്‍നിന്നും പഠിപ്പിക്കുന്ന പള്ളിവക സ്‌കൂള്‍ ഒന്ന്. അതില്‍ പഠിക്കുന്ന ആകെ കുട്ടികള്‍ 172. അതില്‍ കത്തോലിക്ക ആണ്‍കുട്ടികള്‍ 54; കത്തോലിക്ക പെണ്‍കുട്ടികള്‍ 48. ഈ സ്‌കൂളിനു പുറമെ പള്ളിയുടെ കീഴുതന്നെ പഠിപ്പിക്കപ്പെടുന്ന പള്ളിസ്‌കൂളുകള്‍ ഏഴ്. അതുകളില്‍ പഠിക്കുന്ന കുട്ടികള്‍ ആകെ 283. അതില്‍ കത്തോലിക്ക ആണ്‍കുട്ടികള്‍ 149; കത്തോലിക്ക പെണ്‍കുട്ടികള്‍ 94''.

1913 ആഗസ്റ്റ് മാസത്തില്‍ നടത്തിയ സ്‌കൂളുകളെയും കുട്ടികളെയും സംബന്ധിച്ച സര്‍വെയില്‍ അങ്കമാലിപള്ളിവികാരി നല്കിയിരിക്കുന്ന മറുപടിയില്‍ പറയുന്നു: ''അങ്കമാലി ഇടവകയുടെ അതിര്‍ത്തിയില്‍ പള്ളിവകയും സര്‍ക്കാര്‍ വകയും മറ്റുള്ളവയുമായി ആകെ എട്ടു സ്‌കൂളുകളാണുള്ളത്. പടിഞ്ഞാറെ പള്ളിക്കടുത്ത് ഒരു സ്‌കൂളും കിഴക്കെ പള്ളിക്കടുത്ത് രണ്ടു സ്‌കൂളുമായി അങ്കമാലിയില്‍ ആകെ മൂന്നു സ്‌കൂളുകളാണുള്ളത്. കിഴക്കെ പള്ളിക്കടുത്തുള്ള ഒരു സ്‌കൂളില്‍ സര്‍ക്കാരില്‍നിന്നും പഠനം നടത്തുക മാത്രമാണു ചെയ്യുന്നത്. ആ സ്‌കൂളിനു വാടക കിട്ടുന്നുമില്ല. ഈ സ്‌കൂള്‍ സര്‍ക്കാരിലേക്കു എഴുതി കൊടുത്തിട്ടില്ല. കിഴക്കെ പള്ളിക്കടുത്തുള്ള സര്‍ക്കാര്‍ നടത്തുന്ന സ്‌കൂളില്‍ 4 ക്ലാസുകളും ശെഷം സ്‌കൂളുകളില്‍ രണ്ടു ക്ലാസു വീതവും ഉണ്ട്. അങ്കമാലിയിലെ രണ്ടു സ്‌കൂളുകള്‍ക്കും കരയാംപറമ്പ്, പീച്ചാനിക്കാട്, ചമ്പന്നൂര്‍ എന്നിവിടങ്ങളിലെ മൂന്നു സ്‌കൂളുകള്‍ക്കും, കിടങ്ങൂരിലെ രണ്ടു സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ അംഗീകാരം ലഭിച്ചിട്ടില്ല. സര്‍ക്കാര്‍ നടത്തുന്ന പള്ളിവക സ്‌കൂളിലെ നാല് അധ്യാപകരും ഹിന്ദുക്കളാണ്. മറ്റു സ്‌കൂളുകളിലെ അധ്യാപകര്‍ എല്ലാവരും കത്തോലിക്കരാണ്. സര്‍ക്കാര്‍ അംഗീകാരമുള്ളതും ഇല്ലാത്തതുമായ എല്ലാ സ്‌കൂളുകളുടെയും മാനേജര്‍ അങ്കമാലിപ്പള്ളി വികാരിയാണ്. പള്ളി നേരിട്ടു നടത്തിക്കൊണ്ടിരിക്കുന്ന ഏഴു സ്‌കൂളുകളും സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നതും പള്ളി സര്‍ക്കാരിലേക്കു എഴുതി കൊടുത്തിട്ടില്ലാത്തതുമായ കിഴക്കെപ്പള്ളിക്കടുത്തുള്ള ഒരു സ്‌കൂളും അല്ലാതെ മറ്റു യാതൊരു സ്‌കൂളുകളും അങ്കമാലി പള്ളിയുടെ ഇടവകാതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്നില്ല''.

ഈ ലേഖനത്തിന്റെ ആരംഭത്തില്‍ സൂചിപ്പിച്ചതുപോലെ ഇരുപതാംനൂറ്റാണ്ടിന്റെ ആരംഭത്തിലാണ് നസ്രാണി കത്തോലിക്കര്‍ കോേളജു വിദ്യാഭ്യാസത്തിനു പ്രാധാന്യം നല്‍കാന്‍ തുടങ്ങിയത്. എറണാകുളം വികാരിയാത്തില്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ ഉണ്ടായിരുന്ന കോളേജ് ഗ്രാഡ്ജുവേഴ്‌സ് അംഗുലീപരിമിതം മാത്രമായിരുന്നു. രണ്ടാം ദശകത്തിലും കാര്യമായ പുരോഗതി ഉണ്ടായില്ല. എന്നാല്‍ 1920-കളില്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവുണ്ടായി. 1930-ലെ എറണാകുളം അതിരൂപത (ഇന്നത്തെ എറണാകുളം-അങ്കമാലി അതിരൂപതയും കോതമംഗലം, ഇടുക്കി രൂപതകളും ചേര്‍ന്നത്) ഡയറക്ടറിയില്‍ അതിരൂപതയിലെ മുഴുവന്‍ കോളേജ് ഡിഗ്രിക്കാ രുടെയും പേരുകളും ഡിഗ്രികളും പ്രസിദ്ധീകരിച്ചിരുന്നു. B A, M A, M B B S തുടങ്ങിയ ഡിഗ്രികളാണു രേഖപ്പെടുത്തിയിരിക്കുന്നത്. 1930-ലെ ഡയറക്ടറി പ്രകാരം 105 പേരാണു ഡിഗ്രിക്കാരായി ഉണ്ടായിരുന്നത്. അതില്‍ ഒരു ഡസന്‍ സ്ത്രീകളും നാലു വൈദികരും ഉള്‍പ്പെടും. 1960-കള്‍ വരെ വിവിധ നസ്രാണി രൂപതകളുടെ ഡയറക്ടറികളില്‍ അതതു രൂപതകളിലെ ഡിഗ്രിക്കാരുടെ പേരു വിവരവും ഡിഗ്രികളും പ്രസിദ്ധീകരിച്ചിരുന്നു.

1923-ല്‍ എറണാകുളം വികാരിയാത്ത് എറണാകുളം അതിരൂപതയായി ഉയര്‍ത്തപ്പെട്ട സമയത്ത് അതിരൂപതയില്‍ ആകെ സ്‌കൂളുകളുടെ എണ്ണം 233 ആയി ഉയര്‍ന്നിരുന്നു. 1956-ലാണ് എറണാകുളം അതിരൂപത വിഭജിച്ച് കോതമംഗലം രൂപത സ്ഥാപിച്ചത്. കോതമംഗലത്തെ വിഭജിക്കുന്നതിനു മുമ്പ് 1955-ല്‍ അതിരൂപതയില്‍ 2 കോളജുകളും അതില്‍ 1549 വിദ്യാര്‍ത്ഥികളും ഉണ്ടായിരുന്നു. 1953-ലാണ് മാര്‍ അഗസ്റ്റിന്‍ കണ്ടത്തില്‍ മെത്രാപ്പോലീത്ത മൂവാറ്റുപുഴ നിര്‍മ്മല കോളേജ് സ്ഥാപിച്ചു പ്രവര്‍ത്തം തുടങ്ങിയത്. ഇക്കാലത്ത് അതിരൂപതയില്‍ ആണ്‍കുട്ടികള്‍ക്കുള്ള 16 ഇംഗ്ലീഷ് ഹൈസ്‌കൂളുകളും (കുട്ടികള്‍ 6219) പെണ്‍കുട്ടികള്‍ക്കുള്ള 15 ഇംഗ്ലീഷ് ഹൈസ്‌കൂളുകളും (കുട്ടികള്‍ 5112) ആണ്‍കുട്ടികള്‍ക്കുള്ള 24 ഇംഗ്ലീഷ് മിഡില്‍ സ്‌കൂളുകളും (കുട്ടികള്‍ 7430) പെണ്‍കുട്ടികള്‍ക്കുള്ള 12 ഇംഗ്ലീഷ് മിഡില്‍ സ്‌കൂളുകളും (കുട്ടികള്‍ 3220) സര്‍ക്കാര്‍ ഗ്രാന്റ് ലഭിച്ചിരുന്ന 134 പ്രൈമറി സ്‌കൂളുകളും (കുട്ടികള്‍ 43288) ഗ്രാന്റില്ലാത്ത 132 പ്രൈമറി സ്‌കൂളുകളും (കുട്ടികള്‍ 4521) ഉണ്ടായിരുന്നു. ആകെ 71,339 കുട്ടികളാണ് പഠിച്ചിരുന്നത്. മേല്പറഞ്ഞ സ്‌കൂകളിലായി 1376 അധ്യാപകര്‍ ഉണ്ടായിരുന്നു. അവരില്‍ 58 പേര്‍ അകത്തോലിക്കരും 192 പേര്‍ ഹിന്ദുക്കളും ആയിരുന്നു. മേല്പറഞ്ഞ സ്‌കൂളുകള്‍ക്കു പുറമെ 5 ഇന്‍ഡസ്ട്രിയല്‍ സ്‌കൂളുകളും അവയില്‍ 108 വിദ്യാര്‍ത്ഥികളും ഉണ്ടായിരുന്നു. അതിരൂപതയില്‍ ഇക്കാലത്ത് രണ്ടു ടീച്ചേഴ്‌സ് ട്രെയ്‌നിംഗ് സ്‌കൂളുകളിലായി 115 പേര്‍ പരിശീലനം നേടുന്നുണ്ടായിരുന്നു.

1956-ല്‍ കോതമംഗലം എറണാകുളത്തു നിന്നും പിരിഞ്ഞതിനുശേഷം 1960-ല്‍ എറണാകുളം അതിരൂപതയില്‍ 2 കോളേജുകളും (രണ്ടിലും കൂടി കുട്ടികള്‍ 1131) ഒരു ട്രെയ്‌നിംഗ് സ്‌കൂളും (30 കുട്ടികള്‍) 18 ഹൈ സ്‌കൂളുകളും 46 അപ്പര്‍ പ്രൈമറി സ്‌കൂളുകളും ഗ്രാന്റുള്ള 92 പ്രൈമറി സ്‌കൂളുകളും ഗ്രാന്റില്ലാത്ത 68 പ്രൈമറി സ്‌കൂളുകളുമാണ് ഉണ്ടായിരുന്നത്. മേല്പറഞ്ഞ സ്‌കൂളുകളില്‍ 59,337 കുട്ടികളും 1678 അധ്യാപകരും ഉണ്ടായിരുന്നു. മേല്പറഞ്ഞ സ്‌കൂളുകള്‍ക്കു പുറമെ 7 ഇന്‍ഡസ്ട്രിയില്‍ സ്‌കൂളുകളും അവയില്‍ 197 കുട്ടികളും ഒരു ടെക്‌നിക്കല്‍ സ്‌കൂളും അതില്‍ 39 വിദ്യാര്‍ത്ഥികളും ഉണ്ടായിരുന്നു.

വീണ്ടും അറുപതു വര്‍ഷങ്ങള്‍ പിന്നിട്ട് 2023 ആയപ്പോള്‍ കോേളജുകളുടെ എണ്ണം 15 ആയി ഉയര്‍ന്നു. കൂടാതെ 10 പാരലല്‍ കോളേജുകളും (പാരലല്‍ കോളേജുകളില്‍ പലതും അടച്ചുപൂട്ടലിന്റെ വക്കിലാണ് എന്നതിനാല്‍ ഭാവി അനിശ്ചിതത്വത്തിലാണ്). 10 നഴ്‌സിംഗ് കോളേജുകളും 9 നഴ്‌സിംഗ് സ്‌കൂളുകളും 2 ടീച്ചേഴ്‌സ് ട്രൈനിംഗ് സ്‌കൂളുകളും 21 ഹയര്‍ സെക്കന്ററി സ്‌കൂളുകളും 68 ഹൈസ്‌കൂളുകളും 76 അപ്പര്‍ പ്രൈമറി സ്‌കൂളുകളും 133 ലോവര്‍ പ്രൈമറി സ്‌കൂളുകളും 174 നഴ്‌സറികളും മെന്റലി ചലഞ്ച്ഡ് കുട്ടികള്‍ക്കുള്ള 11 സ്‌കൂളുകളും എറണാകുളം-അങ്കമാലി അതിരൂപതയില്‍ സുറിയാനി നസ്രാണികളുടേതായിട്ടുണ്ട്. മേല്പറഞ്ഞ സ്ഥാപനങ്ങള്‍ക്കു പുറമെ ലത്തീന്‍-മലങ്കര കത്തോലിക്കരുടെയും അകത്തോലിക്കരുടെയും വളരെയധികം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എറണാകുളം-അങ്കമാലി അതിരൂപതയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സുറിയാനി കത്തോലിക്കരുടെ സ്ഥാപനങ്ങളില്‍ അതിരൂപതയില്‍നിന്നും നേരിട്ടു നടത്തുന്നവയും സന്യസ്തര്‍ നടത്തുന്നവയും പള്ളികള്‍ക്കു കീഴിലുള്ളവയും ഉള്‍പ്പെടുന്നു.

1956-ല്‍ നിന്നും 2023 ആയപ്പോള്‍ അതിരൂപതയുടെ വിസ്തൃതിയില്‍ മാറ്റം സംഭവിച്ചില്ലെങ്കിലും പള്ളികളുടെയും സ്ഥാപനങ്ങളുടെയും സര്‍വോപരി ദൈവജനത്തിന്റെയും സംഖ്യ അതിശയകരമാംവിധം ഉയര്‍ന്നു. അതിന്റെ പ്രധാന കാരണങ്ങളിലൊന്ന് തുറമുഖ പട്ടണമായ കൊച്ചിയുടെ ആസ്ഥാനമായ എറണാകുളം പട്ടണത്തിന്റെയും പരിസരപ്രദേശങ്ങളുടെയും വളര്‍ച്ചയിലുണ്ടായ മാറ്റങ്ങളായിരുന്നു. മെട്രോപ്പോളിറ്റന്‍ നഗരമായ എറണാകുളവും സമീപപ്രദേശങ്ങളും കൈവരിച്ച സാമ്പത്തിക വളര്‍ച്ച വളരെ വലുതാണ്. കൊച്ചി (എറണാകുളം) കേരളത്തിന്റെ സാമ്പത്തിക തലസ്ഥാനമായി മാറി. വ്യവസായവല്‍ക്കരണം എറണാകുളത്തിന്റെ പ്രസക്തിയും പ്രശസ്തിയും വര്‍ധിപ്പിച്ചു. നാട്ടിന്‍പുറങ്ങളില്‍നിന്നും ജോലിക്കും ബിസിനസ്സിനുമായി എറണാകുളം പട്ടണത്തിലേക്കും സമീപപ്രദേശങ്ങളിലേക്കും ഉണ്ടായതും ഉണ്ടായിക്കൊണ്ടിരിക്കുന്നതുമായ കുടിയേറ്റം സഭയുടെയും മുഖഛായ മാറ്റുകയും ജനസംഖ്യ വര്‍ധിപ്പിക്കുകയും ചെയ്തു. അതോടൊപ്പം ക്രൈസ്തവദേവാലയങ്ങളും സ്ഥാപനങ്ങളും ഒന്നിനു പുറകെ മറ്റൊന്നായി പടുത്തുയര്‍ത്തപ്പെട്ടു. ഇപ്പോള്‍ 220 സ്വതന്ത്ര ഇടവകകളും വൈദികര്‍ താമസിക്കുന്നതും താമസിക്കാത്തതുമായ 115 കുരിശുപള്ളികളും ആറു ലക്ഷം കത്തോലിക്കരും 460 അതിരൂപത വൈദികരും ഇവിടെയുണ്ട്.

  • [അവസാനിച്ചു]

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം [3]
നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം [2]

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org