മാത്സര്യത്തില്‍ നഷ്ടമാക്കുന്ന ആത്മചൈതന്യം

മാത്സര്യത്തില്‍ നഷ്ടമാക്കുന്ന ആത്മചൈതന്യം
പ്രത്യേക കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന എണ്ണ, മെഴുകുതിരി മാത്രം ഉപയോഗിക്കുക എന്നതു കടന്ന് പ്രത്യേക 'അനുഗ്രഹങ്ങള്‍ക്കായി' 'ഞങ്ങളുടെ ചാനലിലുള്ള' കുര്‍ബാനയിലും ആരാധനയിലും പങ്കുചേരുക എന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു.

മത്സരങ്ങളാണ് മതങ്ങള്‍ക്കുള്ളിലെ സാമൂഹ്യസമ്പര്‍ക്കങ്ങളില്‍ ഉയര്‍ന്നു നില്‍ക്കുന്നതെന്ന് (Un) Believing in Modern Socitey എന്ന ഗവേഷണ ഗ്രന്ഥം അവതരിപ്പിക്കുന്നു. സംഘടനാ സംവിധാനമുള്ളതും അല്ലാതെ സെക്ടുകളായവയും വ്യത്യസ്തമായ തലങ്ങളില്‍ ഈ മത്സരത്തില്‍ ഏര്‍പ്പെടുന്നു. ഒരു പരസ്യത്തിന് ഉപഭോക്താവിന്റെ വിശ്വാസം നേടിയെടുക്കാനാവുന്നതുപോലെ മതങ്ങളും അത്തരം തന്ത്രങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുന്നു. ശാസ്ത്രവുമായും മാര്‍ക്കറ്റുമായും പോലും മത്സരിക്കാന്‍ കഴിഞ്ഞെങ്കിലേ നില നില്‍ക്കാന്‍ കഴിയൂ എന്ന കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് ഭക്തിയെയും വിശ്വാസത്തെയും ഈ മത്സരരംഗത്തേക്ക് മതങ്ങള്‍ കൊണ്ടുവന്നു കഴിഞ്ഞു. താന്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന സമൂഹമെന്നതിനേക്കാള്‍, ഏറ്റവും നല്ല 'religious-spiritual' ഉത്പന്നങ്ങള്‍ ലഭ്യമാക്കാന്‍ കഴിയുന്ന ബ്രാന്റുകളെ ആശ്രയിക്കുംവിധം ഭക്തിയും വിശ്വാസവും മാറ്റപ്പെടുകയാണ്.

ബ്രാന്‍ഡുകളായി സ്വന്തം നിലനില്പ് ഉറപ്പിക്കുന്ന സ്ഥാപനങ്ങളും ഭക്തിപ്രസ്ഥാനങ്ങളും മതങ്ങള്‍ക്കുള്ളില്‍ തന്നെ പരസ്പരം മത്സരിക്കുന്നുമുണ്ട്. ചിലത് ആത്മീയതയുടെ വസ്ത്രങ്ങള്‍ അണിയുമ്പോള്‍ ചിലവ രാഷ്ട്രീയസമീപനം സ്വീകരിക്കുന്നു. ഇത്തരം പല ഗ്രൂപ്പുകള്‍ക്കിടയിലുള്ള മത്സരങ്ങള്‍ വിശ്വാസികള്‍ക്കിടയില്‍ വേര്‍തിരിവുകള്‍ സൃഷ്ടിക്കുക മാത്രമല്ല, ഈ ഗ്രൂപ്പുകളില്‍നിന്ന് വരുന്ന ആശയങ്ങള്‍ മാത്രമാണ് വിശ്വാസമെന്ന് തെറ്റിദ്ധരിക്കുന്ന അവസ്ഥയിലേക്ക് മാറിയിരിക്കുന്നു. അങ്ങനെ, ഒരു ഇടവകയിലോ, സംഘടനയിലോ, യുവജനമുന്നേറ്റത്തിലോ, എന്തിന്, ഒരു കുടുംബത്തില്‍ തന്നെ അസ്വസ്ഥതകള്‍ക്ക് കാരണമാകുന്നു. ഇവര്‍ ആരും യഥാര്‍ത്ഥ വിശ്വാസത്തെക്കുറിച്ചോ മതത്തെക്കുറിച്ചു തന്നെയോ ശ്രദ്ധാലുക്കളല്ല എന്നതാണ് സത്യം. എന്നിരുന്നാലും പൊതുധാരയില്‍ നേതൃത്വത്തിന് ആധികാരികത നഷ്ടപ്പെട്ടിരിക്കുന്നത്, വിശ്വാസികള്‍ ഇത്തരം പ്രസ്ഥാനങ്ങളെ ആശ്രയിക്കുന്നതിനും അവരുടെ തെറ്റായ സമീപനങ്ങളെ തിരുത്താന്‍ സാധിക്കാതിരിക്കുകയും ചെയ്യുന്നതിന് കാരണമായിട്ടുണ്ട്. അധികാരികള്‍ മൗനത്തിലാവുകയും മേല്പറഞ്ഞവിധം ഗ്രൂപ്പുകള്‍ ക്രിസ്ത്യാനികളുടെ 'ശബ്ദമാവുകയും' ചെയ്യുമ്പോള്‍ സാധാരണ വിശ്വാസികള്‍ക്ക് 'സത്യമാകുന്നത്' അവര്‍ക്ക് ലഭ്യമാകുന്ന അസത്യങ്ങളാണ്.

ആത്മീയതയെ ഒരു ഭക്തക്രിയയാക്കി ഒരു മായികലോകത്ത് ജീവിക്കുന്ന അവസ്ഥയിലേക്ക് നിര്‍വചിക്കപ്പെടുകയുണ്ടായി. പ്രതിഫല ദൈവശാസ്ത്രവും ഉന്നതിയുടെ സുവിശേഷവും ഈ ആത്മീയതയ്ക്ക് ഊര്‍ജ്ജം പകര്‍ന്നു. വിചിത്രമായ മാനവശാസ്ത്രങ്ങളും ആചാരങ്ങളും ഉടമ്പടികളും എളുപ്പവിദ്യകളും പ്രചാരത്തിലായി മേല്പറഞ്ഞ മത്സരത്തിന് മൂലധനമായി മാറി. പരിശുദ്ധാത്മാവിനെയും ക്രിസ്തുവിനെയും പേരിനു വിളിക്കുമ്പോഴും ക്രിസ്തു ചൈതന്യമോ, പരിശുദ്ധാത്മാവിലുള്ള വ്യക്തിയുടെ വളര്‍ച്ചയോ സാധ്യമാകാത്ത ആത്മീയ ശൂന്യത വളര്‍ത്തിയത് കരിസ്മയില്ലാത്ത pseudo കരിസ്മാറ്റിക്കുകളാണ്. വചനപ്രഘോഷണമെന്ന പേരില്‍, ജനപ്രിയതയും മത്സരവിജയസാധ്യതയുമുള്ള സകലതും സുവിശേഷത്തിന്റെ പേരില്‍ 'വില്‍ക്കപ്പെട്ടു.' You Tube ചാനലുകളിലെ esay tools നും try it once നും സമാനമായ ഭക്ത ആചാരങ്ങള്‍ എങ്ങനെ ശൂന്യത സൃഷ്ടിക്കാതിരിക്കും?

കപടഭക്തി പ്രചരിപ്പിക്കുന്ന യാതൊന്നും, വിദ്വേഷവും ശത്രുതയും പ്രോത്സാഹിപ്പിക്കുന്ന യാതൊന്നും, സുവിശേഷ മൂല്യങ്ങളായ സ്‌നേഹം, സാഹോദര്യം, സഹവര്‍ത്തിത്വം, കരുണ, ഒരുമ, നീതി എന്നിവ ഉള്‍ക്കൊള്ളാത്ത ഒന്നും, സഭയെന്നോ സഭയുടേതെന്നോ അവകാശപ്പെടുന്ന സ്ഥാപനങ്ങളോ വ്യക്തികളോ ആവട്ടെ, വിശ്വാസികളെ സംബന്ധിച്ചിടത്തോളം, സഭയായോ ക്രിസ്തീയ വിശ്വാസമായോ കാണപ്പെടരുത്.

പ്രസിദ്ധരായ tele evangelists ആശയങ്ങളിലും ശൈലികളിലും അനുകരിക്കപ്പെട്ടപ്പോഴും അപാകതയൊന്നും കാണാതെ പ്രോത്സാഹിപ്പിക്കപ്പെട്ടു. അതിതീവ്രമായ ആചാരനിഷ്ഠയും ഭക്തിതീക്ഷ്ണതയും ഉയര്‍ത്തിപ്പിടിക്കുകയും അതിനെ സഭയോടുള്ള സ്‌നേഹമായും ദൈവബന്ധത്തിലെ വിശ്വസ്തതയായും അവതരിപ്പിക്കുകയും ചെയ്യുന്നു. "Salvation Goods' വസ്തുക്കളായും പ്രസിദ്ധീകരണങ്ങളായും, പിന്നീട് ഡിജിറ്റല്‍ രൂപങ്ങളിലും നല്‍കപ്പെടുന്നു. അതോടൊപ്പം പുതിയ ഡിജിറ്റല്‍ ഭക്താചാരങ്ങള്‍ക്ക് സാധുത നല്‍കപ്പെടുകയും ചെയ്യുന്നു. പ്രത്യേക കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന എണ്ണ, മെഴുകുതിരി മാത്രം ഉപയോഗിക്കുക എന്നതു കടന്ന് പ്രത്യേക 'അനുഗ്രഹങ്ങള്‍ക്കായി' 'ഞങ്ങളുടെ ചാനലിലുള്ള' കുര്‍ബാനയിലും ആരാധനയിലും പങ്കുചേരുക എന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു.

മറുവശത്ത്, സാമൂഹികവും രാഷ്ട്രീയവുമായ ധ്രുവീകരണം സാധ്യമാക്കും വിധം സാമൂഹികമായ ആശയധാരകള്‍ രൂപീകരിച്ച് ആളുകളുടെ വിശ്വാസ്യത നേടുന്ന ഗ്രൂപ്പുകളുണ്ടായി. രാഷ്ട്രീയവത്കരിക്കപ്പെടുന്ന ക്രിസ്തീയത മുന്നോട്ടു വയ്ക്കുന്ന ആശയങ്ങളെ നമുക്കിടയില്‍ വേര് പിടിപ്പിക്കുവാന്‍ അവര്‍ക്കു കഴിഞ്ഞു. ആത്മീയരും വിശ്വസ്തരുമെന്ന് അവകാശപ്പെട്ട വിഭാഗങ്ങള്‍ അവയെ വളം നല്‍കി പരിപോഷിപ്പിച്ചു. എന്നാല്‍, ക്രിസ്തുവാഴ്ച സങ്കല്പിക്കാവുന്ന മേല്‍ക്കോയ്മയിലല്ല, മറിച്ച് പരിശുദ്ധാത്മ പ്രവര്‍ത്തനവും ക്രിസ്തുചൈതന്യവും വ്യക്തിയിലെന്നപോലെ സമൂഹത്തിലും പ്രകടമാവുന്നതിലൂടെയാണ് ദൈവരാജ്യ അനുഭവവും നീതിയും സമാധാനവും യാഥാര്‍ത്ഥ്യമാകുന്നത്.

എന്നാല്‍ സുവിശേഷ മൂല്യങ്ങളെ പാടെ അവഗണിച്ചുകൊണ്ട് വെറുപ്പും വിദ്വേഷവും സംശയവും ശത്രുതയും പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകള്‍ എങ്ങനെയാണ് ക്രിസ്തീയസമൂഹത്തിന്റെ രാഷ്ട്രീയ നിലപാടുകളെ പ്രതിനിധീകരിക്കുന്നത്? ദൈവമക്കള്‍ക്കര്‍ഹമായ സ്വാതന്ത്ര്യം, നീതി, സമത്വം എന്നിവ, പ്രത്യേകിച്ച് അവ നിഷേധിക്കപ്പെട്ടവര്‍ക്ക്, ജാതിക്കോ മതത്തിനോ അതീതമായി ഉറപ്പാക്കാന്‍ ശ്രമിക്കുകയെന്നത് ദൈവ രാജ്യാനുഭവത്തിന്റെ ഭാഗമാണ്. പൊതുനന്മയ്‌ക്കോ സാമൂഹിക നീതിക്കോ വിരുദ്ധമായ എന്തെങ്കിലും മുമ്പില്‍ വന്നാല്‍, അത് സമൂഹത്തിനുള്ളില്‍ നിന്നുതന്നെയോ ഭരണകൂടത്തിന്റെ നയങ്ങളില്‍ നിന്നോ ആവട്ടെ, സുവിശേഷ മൂല്യങ്ങളില്‍ അധിഷ്ഠിതമാവാതെ എങ്ങനെയാണ് ക്രിസ്തീയമായി സമീപിക്കുകയും പ്രതികരിക്കുകയും ചെയ്യുക? വിഭാഗീയമായ സാമുദായിക ധ്രുവീകരണത്തിലൂടെ തീര്‍ച്ചയായും അത് അസാധ്യമാണ്. നിക്ഷിപ്ത താല്പര്യങ്ങള്‍ വെച്ചുകൊണ്ടുള്ള 'നീതിബോധം' ഫലത്തില്‍ അനീതിയേ സൃഷ്ടിക്കൂ.

സുവിശേഷ മൂല്യങ്ങള്‍ മാറ്റി നിര്‍ത്തിക്കൊണ്ടുള്ള സമീപനങ്ങള്‍ സഭയെ, രാഷ്ട്രീയ അജണ്ടകളോടെ പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പുകളുടെ ഉപവിഭാഗങ്ങളാക്കി തീര്‍ക്കുകയേയുള്ളൂ. തുടക്കത്തില്‍ പറഞ്ഞ മത്സരത്തിന് യോഗ്യത നേടണമെങ്കില്‍ ക്രിസ്തുവിനെ മാറ്റി നിര്‍ത്തുന്ന ആത്മീയതയും രാഷ്ട്രീയവും കൂടിയേ തീരൂ. എന്നാല്‍, 'മാത്സര്യം മന്ത്രവാദം പോലെ പാപമാണ്.' വിശ്വാസത്തിന്റെയും മതത്തിന്റെയും പേരില്‍ സ്വയം നിലനിര്‍ത്താനും ജയിക്കാനും വിശുദ്ധി സ്ഥാപിക്കാനും ശ്രമിക്കുമ്പോള്‍ മാറ്റിനിര്‍ത്തുന്നത് ക്രിസ്തുവിനെയാണ്. പരിശുദ്ധാത്മാവും കൃപയുടെ പ്രവൃത്തികളുമൊക്കെ അപ്പോള്‍ എവിടെയോ പോയ്മറയുന്നു.

അപ്പോള്‍, ആത്മീയതയിലും രാഷ്ട്രീയത്തിലും വിശ്വാസികള്‍ ഉപയോഗിക്കപ്പെടാവുന്ന വസ്തുക്കളാക്കപ്പെടുകയാണ്. ഉപഭോഗ സംസ്‌കാരം ലാഭമുറപ്പാക്കുക മാത്രമല്ല ലക്ഷ്യം നേടിയാല്‍ ഉപഭോക്താവിനെ (ഇവിടെ വിശ്വാസിയെ) ഉപേക്ഷിച്ചു കളയുകയും ചെയ്യുന്നു. അത് വരെ മാര്‍ക്കറ്റ് 'നിങ്ങളുടെ സ്വന്തം സ്ഥാപന'മാണ്. 'അവര്‍' പറയുന്ന വിശേഷ ശക്തിയുള്ള പ്രാര്‍ത്ഥന ചൊല്ലിയും പരിഹാരങ്ങള്‍ ചെയ്തും വാങ്ങിയെടുക്കുന്ന ആത്മീയ ഉത്പന്നങ്ങളില്‍ ദൈവകൃപയുടെ ചാലകമാകുന്നവ ഒന്നുമില്ലെന്ന് തിരിച്ചറിയുന്നത് വൈകിയാവും. സമാനമായി, രാഷ്ട്രീയലാഭങ്ങള്‍ക്കു വേണ്ടി വിശ്വാസത്തെയും അതുമായി ബന്ധപ്പെട്ട വൈകാരികതയെയും ഉപയോഗിച്ച് സമൂഹത്തെ ചിതറിക്കുകയാണ്. സുരക്ഷയുടെയും നിലനില്പിന്റെയും പേരില്‍ വിശ്വാസി അടിമയാക്കപ്പെടുന്നു. മുന്‍വിധികളും അസത്യങ്ങളും പൊതുധാരയില്‍ വരുന്നത് വിശ്വാസത്തിന്റെ ഭാഗമായി കാണാന്‍ വിശ്വാസികള്‍ നിര്‍ബന്ധിതരാകുന്നു.

കപടഭക്തി പ്രചരിപ്പിക്കുന്ന യാതൊന്നും, വിദ്വേഷവും ശത്രുതയും പ്രോത്സാഹിപ്പിക്കുന്ന യാതൊന്നും, സുവിശേഷ മൂല്യങ്ങളായ സ്‌നേഹം, സാഹോദര്യം, സഹവര്‍ത്തിത്വം, കരുണ, ഒരുമ, നീതി എന്നിവ ഉള്‍ക്കൊള്ളാത്ത ഒന്നും, സഭയെന്നോ സഭയുടേതെന്നോ അവകാശപ്പെടുന്ന സ്ഥാപനങ്ങളോ വ്യക്തികളോ ആവട്ടെ, വിശ്വാസികളെ സംബന്ധിച്ചിടത്തോളം, സഭയായോ ക്രിസ്തീയ വിശ്വാസമായോ കാണപ്പെടരുത്.

Ref: Jorg Stolz, Judith Konemann, Mallory Schneuwly Purdie, Thomas Englberger, Michael Kroggeler (auths), (Un)Believing in Modern Socitey: Religion, Spiritualtiy, and Religious-Secular Competition, 2016

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org