കേള്‍ക്കാം ഹൃദയംകൊണ്ട് കേള്‍ക്കാം

കേള്‍ക്കാം ഹൃദയംകൊണ്ട് കേള്‍ക്കാം
ഏറ്റവും മികച്ച ദാനധര്‍മ്മം കേള്‍ക്കുന്നതാണ്. കേള്‍ക്കാന്‍ സമയം നല്കുക. കേള്‍ക്കാന്‍ വേഗതയും സംസാരിക്കാന്‍ അവധാനതയും ഉണ്ടാവട്ടെ.

2022 ജൂണ്‍ 5-ാം തീയതി 56-ാമത് ആഗോള മാധ്യമദിനം നാം ആചരിക്കുന്നു. 'ഹൃദയം കൊണ്ട് കേള്‍ക്കൂ' എന്നാണ് ഫ്രാന്‍സിസ് പാപ്പ ആവശ്യപ്പെടുന്നത്. 'വന്ന് കാണുവിന്‍' എന്നതായിരുന്നു കഴിഞ്ഞ വര്‍ഷത്തെ പ്രമേയം. ആശയവിനിമയ രംഗം വിപ്ലവകരമായ വികാസ പരിണാമങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന കാലമാണിത്. വ്യത്യസ്ത സാമൂഹിക മാധ്യമങ്ങളിലൂടെ മനുഷ്യര്‍ നിരന്തരം അവരവരെ അവതരിപ്പിച്ചു കൊണ്ടിരിക്കുന്നു. വാര്‍ത്തകളും വെളിപ്പെടുത്തലുകളും ഇത്തരം ഇടങ്ങളിലേക്ക് മാറിക്കഴിഞ്ഞു.

'കേള്‍ക്കപ്പെടണം' എന്ന ആഗ്രഹം മനുഷ്യനില്‍ അടിസ്ഥാനപരമായുണ്ട്. ഇക്കാര്യം അവതരിപ്പിച്ചുകൊണ്ടാണ് ഫ്രാന്‍സിസ് പാപ്പയുടെ സന്ദേശം ആരംഭിക്കുന്നത്. ഹൃദയബന്ധം സൃഷ്ടിക്കുന്നതില്‍ 'കേള്‍ക്കുക' എന്ന പ്രക്രിയയുടെ പ്രാധാന്യം ബൈബിള്‍ നിരവധി തവണ ചൂണ്ടിക്കാട്ടുന്നുണ്ട്. പഴയ നിയമ ജനതയോട് കേള്‍ക്കാന്‍ ആവശ്യപ്പെടുന്നത് ഉദാഹരണമാണ്. ഇസ്രായേലെ കേള്‍ക്കുക (നിയമ. 6:4) എന്ന് കര്‍ത്താവ് പറയുന്നു. കേള്‍ക്കാതെ വിശ്വാസത്തിലേക്ക് വരാന്‍ ഒരാള്‍ക്ക് എങ്ങനെ കഴിയും (റോമാ 10:17). ദൈവസ്വരത്തിന്റെ സഞ്ചാരം, ശബ്ദത്തിന്റെ തടസ്സമില്ലാത്ത കേള്‍വി ഇവ ദൈവമനുഷ്യബന്ധത്തിലെ അടിസ്ഥാനഘടകമാണല്ലോ. ചെവി കൊട്ടിയടച്ച് നില്‍ക്കുന്നത് മനുഷ്യന്റെ സ്വാഭാവികവും സത്യസന്ധവുമായ ജീവിതമല്ല. അത്തരക്കാര്‍ സത്യത്തിനെതിരെയാണ് നിലപാടെടുക്കുന്നത്. എന്നാല്‍ കേള്‍വിയില്‍ വിവേകപൂര്‍ണ്ണമായ നിലപാട് നമുക്കാവശ്യമാണ്. എങ്ങനെ കേള്‍ക്കുന്നു എന്ന് ശ്രദ്ധിച്ചു കൊള്‍വിന്‍ (ലൂക്കാ 8:18). അടുപ്പം സാധ്യമാക്കുന്ന ഹൃദയങ്ങളുടെ തുറവിയാണ് ആശയവിനിമയത്തില്‍ പ്രധാനം (സുവിശേഷത്തിന്റെ സന്തോഷം, 171 (2003)). ഇതുതന്നെയാണ് ജ്ഞാനിയായ സോളമന്റെയും പ്രാര്‍ത്ഥന. ശ്രവിക്കാന്‍ തയ്യാറുള്ള ഹൃദയം നല്കാനാണ് സോളമന്‍ ദൈവത്തോട് അപേക്ഷിക്കുന്നത് (1 രാജ. 3:9).

സത്യസന്ധമല്ലാത്ത ഒരു തരം കേള്‍വിയെക്കുറിച്ച് പാപ്പ ലോകത്തെ ഓര്‍മ്മപ്പെടുത്തുന്നു. ഒളിഞ്ഞു കേള്‍ക്കുന്നതാണത്. അത് ചാരപ്രവര്‍ത്തിയാണ്. മറ്റുള്ളവരുടെ കാര്യങ്ങള്‍ രഹസ്യമായി അറിയാനും അവരെ ചൂഷണം ചെയ്യാനും തകര്‍ക്കാനും നടത്തുന്ന ശ്രമങ്ങള്‍ കേള്‍വിയുടെ ഭൂമികയ്ക്കു പുറത്താണ്. പെഗാസസ് പോലുള്ള വിവാദങ്ങള്‍ ആഗോളതലത്തിലും ഫോണ്‍ ചോര്‍ത്തലുകള്‍ നാട്ടിലും നന്മയില്ലാത്ത ഒളിഞ്ഞു നോട്ടങ്ങളാണ്. 'കേള്‍ക്കൂ' എന്ന് ഫ്രാന്‍സിസ് പറയുന്നതിന്റെ അര്‍ത്ഥം മറ്റൊന്നാണ്. ആത്മവിശ്വാസം, സത്യസന്ധത, ന്യായബോധം ഇവയാണ് കേള്‍വിയുടെ അടിസ്ഥാന ഘടകങ്ങള്‍.

ഇത്തരം സത്യസന്ധമായ കേള്‍വിയില്‍ നിന്നും മാറി നില്‍ക്കുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. അതേക്കുറിച്ചും പാപ്പ മാധ്യമ സന്ദേശത്തില്‍ മുന്നറിയിപ്പ് നല്കുന്നു. 'ഇന്ന് നടക്കുന്ന പല സംഭാഷണങ്ങളും നമ്മള്‍ സംവദിക്കുന്നേയില്ല. അപരന്‍ സംസാരിച്ച് കഴിഞ്ഞാല്‍ ഉടനെ നമ്മുടെ അഭിപ്രായം അവരില്‍ അടിച്ചേല്പിക്കാനാണ് കാത്തിരിക്കുന്നത്. ശ്രവിക്കുക എന്ന സംഭാഷണത്തിലെ അടിസ്ഥാന ആവശ്യത്തെ നമ്മള്‍ പലപ്പോഴും വിട്ടുകളയുന്നു. 'കേള്‍വി' ഇല്ലാതെ സംഭാഷണം സത്യസന്ധമാവില്ല. ഈ കേള്‍വി വ്യക്തിപരമായ ഇടങ്ങളില്‍ മാത്രം പരിമിതപ്പെടുന്ന ഒന്നല്ല. പരി. പിതാവ് പറയുന്നു, 'വലിയ മഹാമാരി കഴിഞ്ഞുവരുന്ന ഈ കാലഘട്ടത്തില്‍ സമൂഹത്തിനെയും ഇത്തരത്തില്‍ ശ്രവിക്കേണ്ടത് അത്യാവശ്യമാണ്.' ഒരുപക്ഷെ, നമ്മുടെ കാലത്തിന്റെ വളരെ പ്രധാനമായ ഒരാവശ്യം ഇതാണ്. വെറുമൊരു ശ്രവണമല്ല പാപ്പ ആവശ്യപ്പെടുന്നത്. ഗാഢമായി ശ്രവിക്കാന്‍ കഴിയണം. അതില്‍ അദ്ദേഹം എടുത്തു പറയുന്നത് പലായനം ചെയ്യുന്നവരെക്കുറിച്ചാണ്. ആര്‍ദ്രമായ ഹൃദയത്തോടെ പ്രവാസികളെ കേള്‍ക്കാനും അവരുടെ കഥകള്‍ റിപ്പോര്‍ട്ട് ചെയ്യാനും മാധ്യമങ്ങളോടും പാപ്പ ആവശ്യപ്പെടുന്നു.

മറ്റൊരു കാര്യം സഭയ്ക്കുള്ളില്‍ നടക്കേണ്ട ശ്രവണമാണ്. സഭയ്ക്കകത്തും പരസ്പരം ശ്രവിക്കേണ്ടതുണ്ട്. ബോനഫറിനെ എടുത്തുപറഞ്ഞുകൊണ്ടാണ് ഇക്കാര്യം അവതരിപ്പിക്കുന്നത്. നമ്മുടെ പ്രഥമ ദൗത്യവും കടമയും നമ്മുടെ സഹോദരന്മാരെ ശ്രവിക്കുക എന്നാണ്. സഹോദരീ സഹോദരന്മാരെ കേള്‍ക്കാന്‍ കഴിയാത്തവര്‍ എങ്ങനെ ദൈവത്തെ കേള്‍ക്കും? ഏറ്റവും മികച്ച ദാനധര്‍മ്മം കേള്‍ക്കുന്നതാണ്. കേള്‍ക്കാന്‍ സമയം നല്കുക. കേള്‍ക്കാന്‍ വേഗതയും സംസാരിക്കാന്‍ അവധാനതയും ഉണ്ടാവട്ടെ (വി. യാക്കോ. 1:19). ഇപ്പോള്‍ നടക്കുന്ന സിനഡല്‍ യാത്ര പരസ്പരം കേള്‍ക്കാനുള്ള നല്ല അവസരമാകട്ടെയെന്ന് പ്രാര്‍ത്ഥനാപൂര്‍വ്വം പരി. പിതാവ് ഓര്‍മ്മപ്പെടുത്തുന്നു. കാരണം പരസ്പരം ശ്രവിക്കുന്നതിലൂടെ നിര്‍മ്മിക്കപ്പെടുന്നതാണ് കൂട്ടായ്മ. കേള്‍ക്കാം, ഹൃദയംകൊണ്ട് കേള്‍ക്കാം. ഇതിലും പുണ്യം നമ്മുടെ ഈ കാലത്തില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org