നീതിബോധവും പരിമിതിയുടെ പരമാധികാരവും

നീതിബോധവും പരിമിതിയുടെ പരമാധികാരവും
നീതിയുടെ സ്വര്‍ഗത്തിനും ആര്‍ത്തിയുടെ നരകത്തിനും ഇടയിലുള്ള ഒരു ഉഷ്ണമേഖലയാണ് ഇന്ന് നിയമം. വാങ്ങിക്കപ്പെടുന്ന ഒരു യാഥാര്‍ത്ഥ്യമായത് ചുരുങ്ങിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ നീതി എന്നത് സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവര്‍ക്ക് ഒരു കിട്ടാക്കനിയാണ്. ഒരു മാറ്റം ആവശ്യമാണ്.

പരിമിതിയുടെ പരമാധികാരം (Sovereignty of the limit) എന്ന സങ്കല്പം സീമോണ്‍ വെയിലിന്റെ അവസാനത്തെ പുസ്തകമായ The Need for Roots ലെ ഒരു പ്രധാന ആശയമാണ്. 'എല്ലായിടത്തും ശക്തി വാഴുന്നു, ആധിപത്യം ബലഹീനതയില്‍ മാത്രം സ്ഥാപിക്കപ്പെടുന്നു' എന്ന ഹിറ്റ്‌ലറുടെ വാക്യത്തിന്റെ വിമര്‍ശനാത്മകമായ വായനയാണ് കൃതി. ഹിറ്റ്‌ലറുടെ ഈ വാചകം ഒറ്റപ്പെട്ട ഒരു ചിന്തയല്ല, പാശ്ചാത്യ നാഗരികതയില്‍ പരക്കെ അംഗീകരിക്കപ്പെട്ട ഒരു പരുക്കന്‍ വിശ്വാസം കൂടിയാണത്. അതിന് മറുപടിയെന്നപോലെയാണ് സീമോണ്‍ വെയില്‍ കുറിക്കുന്നത്; 'ക്രൂരമായ ശക്തി ഈ ലോകത്തില്‍ ഒരു പരമാധികാരമല്ല. അത് പ്രകൃത്യാ അന്ധവും അനിശ്ചിതവുമാണ്. ഇവിടെ പരമാധികാരം എന്നത് നിശ്ചയദാര്‍ഢ്യമാണ്, പരിമിതിയാണ്' (The Need for Roots. p. 259).

പരമാധികാരം ഒരു പരിമിതിയായി മാറും എന്ന ചിന്ത മുഖ്യധാര രാഷ്ട്രീയ താത്വിക സാമൂഹിക സാമ്പത്തിക ശാസ്ത്രങ്ങള്‍ ഇന്നും അവഗണിച്ചതുകൊണ്ടായിരിക്കണം സമഗ്രാധിപത്യത്തിന്റെ തന്മാത്രകള്‍ നമ്മുടെ ബന്ധങ്ങളില്‍പോലും കടന്നുകൂടിയതെന്ന് തോന്നുന്നു. എന്നും എപ്പോഴും എല്ലാവരെയും കീഴ്‌പ്പെടുത്തി നില്‍ക്കാം എന്ന് വിചാരിക്കരുത്. അങ്ങനെ ചിന്തിച്ചിരുന്ന ഒരു സ്വേച്ഛാധിപതിയുടെ കത്തിക്കരിഞ്ഞ ശരീരം 1945 ഏപ്രില്‍ 30-ന് ഒരു ബങ്കറില്‍ കണ്ടെത്തുകയാണുണ്ടായത്. പറഞ്ഞുവരുന്നത് ഹിറ്റ്‌ലറിനെക്കുറിച്ചാണ്. ആത്മ നിയന്ത്രണം ഇല്ലാത്ത അധികാരികള്‍ വിനാശകരമായ പരിമിതിയിലെത്താന്‍ വിധിക്കപ്പെട്ടവരാണെന്നാണ് അയാളുടെ അന്ത്യം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.

അധികാരത്തെ പരമാധികാരമായി ചിത്രീകരിക്കാന്‍ വെമ്പല്‍ കൊണ്ട ചിന്തകനാണ് കാള്‍ ഷ്മിറ്റ്. നാസി നിയമജ്ഞനായിരുന്നു അയാള്‍. അധികാരത്തിന് ഒരു ദൈവികപരിവേഷം നല്‍കി അതിനെ സര്‍വ്വശക്തിത്വമായി കരുതിയിരുന്ന മധ്യകാല ചിന്തകളിലേക്കുള്ള ഒരു തിരിച്ചുപോക്കാണ് അയാള്‍ നടത്തുന്നത്. അപ്പോഴും ഒരു കാര്യം ഓര്‍ക്കണം, മധ്യകാലഘട്ടത്തില്‍ ദൈവികമായ സര്‍വശക്തിത്വത്തെ (Divine Omnipotence) രണ്ട് രീതിയിലാണ് മനസ്സിലാക്കിയിരുന്നത്; സമ്പൂര്‍ണ്ണവും സാധാരണവും എന്ന രീതിയില്‍. ചിലരെ സംബന്ധിച്ച് ദൈവത്തിന്റെ സര്‍വ്വശക്തിത്വം സമ്പൂര്‍ണ്ണമാണ്. അങ്ങനെ വരുമ്പോള്‍ ലോകത്തിലുള്ള എല്ലാം ദൈവഹിതത്താല്‍ ക്രമപ്പെടുത്തിയിരിക്കുകയാണ് എന്ന ചിന്തയാണ് അതിലുള്ളത്. മറ്റു ചിലര്‍ക്ക് അത് സാധാരണമാണ്. അതായത്, എല്ലാ സൃഷ്ടികള്‍ക്കും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ഇടം നല്‍കുന്നതിനുവേണ്ടി ദൈവം സ്വയം പരിമിതപ്പെടുത്തിയിരിക്കുന്നു എന്നതാണത്. തന്റെ സൃഷ്ടികള്‍ക്കായി തന്റെ അധികാരത്തെ സ്വയം പരിമിതപ്പെടുത്തുന്ന ദൈവം എന്ന സങ്കല്പമാണിത്. ദൈവത്തിന്റെ അധികാരവും സര്‍വ്വ ശക്തിത്വവും ഒരു പരിമിതിയാണ്. അപ്പോള്‍ ഇവിടെ ഒരു ചോദ്യം ഉയരുന്നുണ്ട്: ആരാണ് പരമാധികാരി? സ്വന്തം ഇച്ഛയുടെ സര്‍വ്വാധികാരം സ്ഥിരീകരിക്കുന്നവനോ അതോ ഇച്ഛാ ശക്തിയുടെ പരിമിതികളെക്കുറിച്ച് ബോധമുള്ളവനോ? പരമാധികാരം എന്ന ആശയം നമ്മുടെ ഭരണാധികാരികള്‍ക്ക് കല്പിച്ചു കൊടുക്കുമ്പോള്‍ ഉയര്‍ന്നുവരേണ്ട ഒരു ചോദ്യം തന്നെയാണിത്.

പരമാധികാരമല്ല, പരിമിതിയാണ് എല്ലാ അധികാരികള്‍ക്കും ഭരണഘടന കൊടുക്കേണ്ട ഉറപ്പ്. അധികാരം ദുരുപയോഗം ചെയ്യാതിരിക്കാന്‍ അധികാരത്തിനും ഒരു പരിധി വേണം. പരിമിതിയെ ആന്തരികവല്‍ക്കരിച്ചില്ലെങ്കില്‍ അധികാരികള്‍ക്ക് നിയമം ബാധകമല്ല എന്ന ചിന്ത കടന്നുവരും. അത് ഒരു പ്രത്യേകാനുകൂല്യത്തിന്റെ സംസ്‌കാരം (culture of privilege) നമ്മുടെയിടയില്‍ സൃഷ്ടിക്കും. അങ്ങനെ വരുമ്പോള്‍ നിയമം അവിടെ ഒരു നോക്കു കുത്തിയായി മാറും. ഉദാഹരണത്തിന്, അഭിപ്രായ സ്വാതന്ത്ര്യം എന്നത് ഭരണഘടന ഉറപ്പു നല്‍കുന്ന ഒരു അവകാശമാണ്. പക്ഷേ, ആ അവകാശം ഉപയോഗിക്കുമ്പോള്‍ നമ്മള്‍ ഭാഷയുടെ നിയമത്തിന് വിധേയപ്പെടണമെന്നത് അതിനു പിന്നിലുള്ള ഒരു വ്യവസ്ഥയാണ്. അതായത്, അസഭ്യം വിളിച്ചു പറയുകയെന്നത് അഭിപ്രായ സ്വാതന്ത്ര്യം അല്ല. അധികാരത്തിനും അവകാശത്തിനും പിന്നിലുള്ള പരിമിതിയെക്കുറിച്ചുള്ള അവബോധം നഷ്ടപ്പെടുമ്പോഴാണ് അധികാരികള്‍ പരമാധികാരികളായി മാറുന്നത്.

എന്തുകൊണ്ട് നമ്മള്‍ പരിമിതിയെ കുറിച്ച് ചിന്തിക്കണം? കാരണം, ഉത്തരാധുനികത കൊണ്ടുവന്ന നവലിബറലിസം അതിന്റെ വിനാശകരമായ അന്ത്യത്തില്‍ എത്തിക്കഴിഞ്ഞിരിക്കുന്നു. ഒരു പൊതു നിയമത്തിന്റെ കുടക്കീഴില്‍ നിന്നുകൊണ്ടാണ് ക്ലാസിക്കല്‍ ലിബറലിസം വ്യക്തികളുടെ പ്രയോജനകത്വത്തിന്റെ (utility of individuals) കണക്കൂട്ടലുകള്‍ നടത്തിയിരുന്നത്. പക്ഷേ, നവലിബറലിസം നിയമത്തെ തന്നെയാണ് പ്രയോജനകത്വത്തിന്റെ കുടക്കീഴില്‍ സ്ഥാപിക്കുന്നത്. നിയമം പോലും ലാഭത്തിന്റെ കണക്കുകൂട്ടലുകളില്‍ അകപ്പെടുന്നു. അങ്ങനെ വന്നതിലൂടെ നിയമം നീതിയുടെ അടിത്തറയില്‍ നിന്നും തെന്നിമാറാന്‍ തുടങ്ങിയിരിക്കുന്നു. സമ്പത്ത് അതിന്റെ അടിത്തറയാകുന്നു. ജനാധിപത്യം ഒരു പ്രഹസനമാകുകയും ചെയ്യുന്നു. പുരാതന ഗ്രീക്കുകാര്‍ക്ക് ഇതിനെക്കുറിച്ച് വ്യക്തമായി അറിയാമായിരുന്നു. അതുകൊണ്ടാണ് അവര്‍ സമ്പത്തിന്റെ പരിധിയില്ലാത്ത ശേഖരണത്തെ എതിര്‍ത്തിരുന്നത്. ഗ്രീക്ക് തത്വ ചിന്തയില്‍ അതിനെ പ്ലെയോനെക്‌സിയ (pleonexia) എന്നാണ് വിളിക്കുന്നത്. മറ്റുള്ളവര്‍ക്ക് അവകാശപ്പെട്ടത് സ്വന്തമാക്കാനുള്ള അടങ്ങാത്ത ആഗ്രഹം എന്നാണ് അതിന്റെ അര്‍ത്ഥം. പുതിയ നിയമത്തില്‍ അത്യാഗ്രഹമെന്നും ദ്രവ്യാസക്തിയെന്നുമാണ് അതിനെ വിവര്‍ത്തനം ചെയ്തിരിക്കുന്നത് (ലൂക്കാ 12:15, കൊളോ. 3:5). അത് സമൂഹത്തില്‍ നിന്നും സമാധാനത്തെ എടുത്തുമാറ്റുകയും അസമത്വത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. സാമ്പത്തിക പരമായിട്ടും പാരിസ്ഥിതികപരമായിട്ടും സാമൂഹികപരമായിട്ടും നമ്മള്‍ ഇപ്പോള്‍ ഏതെങ്കിലും തരത്തില്‍ തകര്‍ച്ചകളിലൂടെ കടന്നുപോകുന്നുണ്ടെങ്കില്‍, അതിന്റെ കാരണം നിയമവും സമ്പത്തും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് മാത്രമാണ്. ചില കോര്‍പ്പറേറ്റുകളുടെ ആര്‍ത്തിക്ക് കുടപിടിക്കുന്ന ഭരണാധികാരികളുടെ അധികാരത്തിന് പരിധി വന്നാല്‍ മാത്രമേ ഇവിടെ ഒരു മാറ്റം ഉണ്ടാകൂ.

നീതിയുടെ സ്വര്‍ഗത്തിനും ആര്‍ത്തിയുടെ നരകത്തിനും ഇടയിലുള്ള ഒരു ഉഷ്ണ മേഖലയാണ് ഇന്ന് നിയമം. വാങ്ങിക്കപ്പെടുന്ന ഒരു യാഥാര്‍ത്ഥ്യമായത് ചുരുങ്ങിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ നീതി എന്നത് സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവര്‍ക്ക് ഒരു കിട്ടാക്കനിയാണ്. ഒരു മാറ്റം ആവശ്യമാണ്. ആഗോളവല്‍ക്കരണം തുടങ്ങിവച്ച അക്കങ്ങളുടെ ചട്ടക്കൂടുകളില്‍ നിന്നും നിയമവും ജനാധിപത്യവും ഭരണകൂടവും പുറത്തു കടക്കണം. സമൂഹത്തിന്റെ വ്യാകുലതകളെ അവഗണിക്കുന്ന മനോഭാവങ്ങളില്‍ നിന്നും അവ സ്വയം വിമുക്തമാകണം. അങ്ങനെ സംഭവിക്കുന്നില്ലെങ്കില്‍ അധികാരം എന്നത് വിശ്വസ്തതയുടെ ഒരു വിരോധാഭാസമായി മാറും. അവിടെ അധികാരം ഒരു ആധിപത്യമാകും, ആധിപത്യം മരണ സംസ്‌കാരത്തിന് തുടക്കമിടും. നിയമം എല്ലാവര്‍ക്കും തുല്യമായ സുരക്ഷ ഉറപ്പു നല്‍കാത്തതു കൊണ്ടാണ് നല്ല ശതമാനം ആള്‍ക്കാരും ശക്തരോട് കൂറുപുലര്‍ത്തുന്നത്. അതുകൊണ്ടാണ് വരാനിരിക്കുന്നത് നാശമാണെന്നറിഞ്ഞിട്ടും ചില കോര്‍പ്പറേറ്റുകളുടെ കുടില ചിന്തകളുടെ മുന്‍പില്‍ പോലും പലരും നിശ്ശബ്ദരാകുന്നത്. കാരണം, നിയമത്തില്‍ നിന്നും എപ്പോഴേ നീതി ദേവത ഇറങ്ങിപ്പോയി കഴിഞ്ഞിരിക്കുന്നു! അധികാരത്തെ എപ്പോഴേ പരമാധികാരമായി അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു! അപ്പോള്‍ പരിമിതിയോ? ആര്‍ക്കുവേണം പരിധിയുള്ള പരികല്പനകള്‍?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org