പ്രതിസന്ധികള്‍ക്കിടയിലും പ്രതീക്ഷകള്‍ അസ്തമിക്കാതിരിക്കട്ടെ

പ്രതിസന്ധികള്‍ക്കിടയിലും പ്രതീക്ഷകള്‍ അസ്തമിക്കാതിരിക്കട്ടെ

നമ്മുടെ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിന്റെ 76-ാം വാര്‍ഷികവും പരി. അമ്മയുടെ സ്വര്‍ഗാരോപണവും കൊണ്ടാടുന്ന മാസമാണല്ലോ, 2023 ആഗസ്റ്റ് മാസം. ദൈവപുത്രനെ സമൂഹത്തിനു നല്‍കി, ദൈവിക സ്വാതന്ത്ര്യത്തിന്റെ അനന്ത വിഹായസ്സിലേക്ക് ആരോപിതയായ ദൈവമാതാവും പതിറ്റാണ്ടുകള്‍ നീണ്ട പാരതന്ത്ര്യത്തില്‍ നിന്നും ജീവന്‍ വരെ ത്യജിച്ച് നമ്മുടെ നാടിനെ അടിമത്വത്തില്‍ നിന്നും സ്വതന്ത്രമാക്കിയ സമരസേനാനികളും നമ്മെ ഓര്‍മ്മിപ്പിക്കുന്നത്, ക്ഷമയുടെയും സഹനത്തിന്റേയും സഹവര്‍ത്തിത്വത്തിന്റേയും നിസ്വാര്‍ത്ഥസേവനത്തിന്റേയും അടിസ്ഥാന പാഠങ്ങള്‍ തന്നെയാണ്.

നമ്മുടെ രാജ്യവും സമൂഹവും നേരിടുന്ന ഭിന്നിപ്പിന്റെ ശബ്ദങ്ങളെ സമചിത്തതയോടെയും അഹിംസയിലൂടെയും നേരിടുമ്പോഴാണ്, സ്വാതന്ത്ര്യലബ്ധിയുടെ വാര്‍ഷികാഘോഷങ്ങള്‍ക്കു യഥാര്‍ത്ഥത്തില്‍ പ്രസക്തിയുണ്ടാകുകയുള്ളൂ. കത്തുന്ന മണിപ്പൂരും രാജ്യത്തിന്റെ പലകോണുകളില്‍ നിന്നും വരുന്ന അക്രമത്തിന്റേയും അരാജകത്വത്തിന്റേയും വാര്‍ത്തകളും നമ്മുടെ ബഹുസ്വരതയ്‌ക്കേല്‍പ്പിക്കുന്ന ആഘാതങ്ങളായി പരിണമിക്കുന്നത്, അത്യന്തം വേദനാജനകമാണ്. മനുഷ്യമനസ്സിനെ മലീമസമാക്കുന്ന നമ്മിലെ ശിഥില ചിന്തകളെ ഉന്‍മൂലനം ചെയ്യാനും നമ്മുടെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളെ പരിപൂര്‍ണ്ണമായും വെടിഞ്ഞ് പൊതുനന്മയോട് പക്ഷം ചേരാനുള്ള നന്മയാണ് രാജ്യവും സമൂഹവും നമ്മില്‍ നിന്നും ഇത്തരുണത്തില്‍ പ്രതീക്ഷിക്കുന്നത്. ആലങ്കാരികമായ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്കും സ്വര്‍ഗാരോപിത തിരുനാള്‍ ആശംസകള്‍ക്കുമപ്പുറം നമ്മുടെ ചിന്തകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും സ്വതസിദ്ധവും കര്‍മ്മോല്‍സുകവുമായ സാംഗത്യമുണ്ടാകേണ്ടിയിരിക്കുന്നു.

ആഗസ്റ്റ് മാസത്തിന്റെ ആത്മീയതയില്‍ നമുക്കേറെ പ്രാമുഖ്യമുള്ളതാണ് പരി. അമ്മയുടെ ചിന്തകള്‍. ത്യാഗത്തിന്റേയും സഹനത്തിന്റെയും ക്ഷമയുടേയും നിറകുടമായ പരി. അമ്മയുടെ പരിലാളന തന്നെയാണ്, ഇന്ന് ലോകമെമ്പാടും ഉച്ചൈസ്തരം ഘോഷിക്കുന്ന മരിയഭക്തിക്കാധാരം.

ഇനിയും പഠിക്കാനും അവതീര്‍ണ്ണമാകാനും ഗവേഷണം നടത്താനും സാധ്യതയുള്ള വലിയൊരു പാഠപുസ്തകമാണ്, പരി. അമ്മയെന്ന് നിസ്സംശയം പറയാം. ഈശോയുടെ ഗര്‍ഭാവസ്ഥ മുതല്‍ മരണം വരെ അവരനുഭവിച്ച മാനസിക സംഘര്‍ഷങ്ങള്‍, സാമാന്യമനുഷ്യന്റെ യുക്തിക്കപ്പുറത്താണ്.

ഇനിയും പഠിക്കാനും അവതീര്‍ണ്ണമാകാനും ഗവേഷണം നടത്താനും സാധ്യതയുള്ള വലിയൊരു പാഠപുസ്തകമാണ്, പരി. അമ്മയെന്ന് നിസ്സംശയം പറയാം. ഈശോയുടെ ഗര്‍ഭാവസ്ഥ മുതല്‍ മരണം വരെ അവരനുഭവിച്ച മാനസിക സംഘര്‍ഷങ്ങള്‍, സാമാന്യമനുഷ്യന്റെ യുക്തിക്കപ്പുറത്താണ്.

ദൈവപുത്രന്റെ പീഡാനുഭവ യാത്രയിലും തുടര്‍ന്നുണ്ടായ കുരിശു മരണത്തിലും നേര്‍സാക്ഷ്യമായ പരി. അമ്മയെ, കുരിശിന്റെ വഴിയുടെ ആത്മീയ പ്രയാണത്തില്‍ നാം വായിച്ചനുഭവിച്ചത്, നമ്മുടെ മനസ്സിലിപ്പോഴും ഒരു നൊമ്പരമായി അവശേഷിക്കുന്നുണ്ട്. അവരുടെ സ്‌നേഹത്തിന്റെയും സഹനത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും വികാരങ്ങള്‍, മൗനത്തിലൂടെ ശബ്ദിക്കപ്പെടുന്ന കാഴ്ച, നമ്മുടെ കണ്ണുകളില്‍ നിന്നിപ്പോഴും മാഞ്ഞുപോയിട്ടില്ല. പീഡാനുഭവയാത്രയിലുടനീളം, പ്രത്യേകിച്ച് പരി. അമ്മയുടെയും മകന്റെയും കണ്ടുമുട്ടലുള്‍പ്പെടെയുള്ള സന്ദര്‍ഭങ്ങളില്‍ അവരുടെ മനോവേദനകൊണ്ട് മനനം ചെയ്യപ്പെട്ട മൗനമായിരുന്നു, മറിയത്തിന്റേത്. സ്വപുത്രന്റെ പീഡാനുഭവത്തിലും കുരിശുമരണത്തിലും നാം കാണുന്ന മറിയത്തിന്റെ ഭാഷപോലും, നമ്മെ ആശ്ചര്യപെടുത്തുന്ന മൗനമായിരുന്നു. ആ മൗനത്തിന്റെ ഭാഷയും നാം പഠിക്കേണ്ടിയിരിക്കുന്നു. ഇന്ന് നാം നേരിടുന്ന പല പ്രതിസന്ധികളിലും നമുക്കില്ലാതെ പോകുന്നതും ഈ മൗനത്തിന്റെ ഭാഷ തന്നെയാണ്. തനിക്ക് പ്രിയങ്കരനും വിലപ്പെട്ടവനുമായ ഈശോയെ, യാതനകളേറ്റ് ലോകത്തിനു നല്‍കുമ്പോള്‍ പരി. മറിയം കാണിച്ച സമര്‍പ്പണം മാത്രം മതി; അവളിലെ സഭയുടെ മധ്യസ്ഥയെ കാണാന്‍. പരി മാതാവിന്റെ സ്വര്‍ഗാരോപണ ചിന്തകളില്‍ അഭിരമിക്കുമ്പോള്‍ അവളുടെ നന്മ നമ്മുടെ ജീവിതത്തിലും ഒരു പ്രതീകമായി നിലകൊള്ളേണ്ടിയിരിക്കുന്നു.

സ്വാതന്ത്ര്യമെന്നത് നന്മയിലേക്കും നവോത്ഥാനത്തിലേക്കുമുള്ള പാലങ്ങള്‍ കൂടിയാണ്. വി. ചാവറപിതാവും വി. മറിയം ത്രേസ്യയും കേരളക്കരയില്‍ അത്തരത്തില്‍ നവോത്ഥാനത്തിന്റെ പാലങ്ങള്‍ പണിതവരാണ്. വിശുദ്ധര്‍ അള്‍ത്താരയില്‍ വണങ്ങപ്പെടേണ്ടവര്‍ മാത്രമാകാതെ നമ്മുടെ ജീവിതചര്യയിലൂടെ പ്രസരിക്കപ്പെടുക കൂടി ചെയ്യുമ്പോഴാണ്, അവരുടെ ജീവിതവിശുദ്ധി നമുക്ക് അനുഭവവേദ്യമാകുക. അങ്ങനെ ജീവിക്കുന്ന ചുറ്റുപാടില്‍ നന്മയുടെയും സ്‌നേഹത്തിന്റേയും ധാര്‍മ്മികതയുടേയും പാലങ്ങള്‍ പണിയുന്നവരായി നാം മാറുമ്പോഴാണ്, സ്വാതന്ത്ര്യത്തിന്റെ നന്മ നമുക്കും സമൂഹത്തിനും അവകാശപ്പെടാനാകുകയുള്ളൂ. പരി. അമ്മയുടെ ചൈതന്യത്തോടും നമ്മുടെ മാതൃരാജ്യത്തിന്റെ ആശയ സംഹിതകളോടും സംസ്‌കാരങ്ങളോടും ഉള്‍ചേര്‍ന്ന്, നന്മയുടെ ഫലം വിളയിക്കുന്ന വടവൃക്ഷങ്ങളായി നമുക്കു വളരാം.

എത്രയോ ധീരരായ സമരസേനാനികളുടെ ആത്മസമര്‍പ്പണത്തിന്റെയും ത്യാഗോജ്ജ്വലമായ പോരാട്ട വീര്യത്തിന്റെയും ഫലമാണ്, നാമിന്നനുഭവിക്കുന്ന സ്വാതന്ത്ര്യമെന്നത് നാം കാണാതെ പോകരുത്. ഇന്ത്യന്‍ ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളില്‍ എഴുതപ്പെട്ട അവരുടെ പേരുകള്‍ അറിയാനും ചരിത്രം വായിക്കാനും അങ്ങനെ ദേശീയോദ്ഗ്രഥന ചിന്തകളില്‍ വ്യാപരിക്കാനുള്ള സാധ്യതകള്‍ കൂടിയാണ്, നമ്മുടെ സ്വാതന്ത്യ ദിനാഘോഷങ്ങള്‍. ഇന്ത്യ സ്വതന്ത്രമായി മാറുന്നതിന് പതിനായിരക്കണക്കിന് ആളുകളുടെ ജീവനാണ് ബലി നല്‍കേണ്ടി വന്നത്. കഴിഞ്ഞ 76 വര്‍ഷക്കാലം നാം താണ്ടിയ പുരോഗതിയുടെ പടവുകളില്‍ അവരുടെ ചോരപ്പാടുകളുണ്ടായിരുന്നു, അടിച്ചമര്‍ത്തപ്പെട്ടവരുടെയും രക്തസാക്ഷിത്വം വഹിച്ചവരുടേയും രോദനങ്ങളുണ്ടായിരുന്നു. ആ വേദനയുടേയും സഹനത്തിന്റെയും ത്യാഗത്തിന്റെയും ഫലം കൂടിയാണ്, നമ്മുടെ രാജ്യം കൈവരിച്ച നേട്ടങ്ങളൊക്കെയും. കാലമെത്ര മുന്നോട്ടു പോയാലും നമ്മള്‍ എത്ര പുരോഗതി കൈവരിച്ചാലും രാജ്യത്തെ സാമ്രാജ്യത്ത്വ ശക്തികളുടെ കൈകളില്‍ നിന്ന് തിരിച്ചുപിടിച്ച ധീര യോദ്ധാക്കളെ സ്മരിക്കാന്‍ മറക്കരുത്. സ്വാതന്ത്ര്യ സമരക്കാലയളവില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ ധീരരക്തസാക്ഷിത്വം വഹിച്ച എത്രയോ രാജ്യസ്‌നേഹികളുണ്ടായിരുന്നിരിക്കണം. അവരുടെ സഹനത്തിന്റെയും മൗനത്തിന്റെയും ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റേയും പരിണിത ഫലമാണ്, ഇന്ന് നമുക്ക് അനുഭവവേദ്യമാകുന്നതെന്ന് നാം മറന്നു കൂടാ. അതുകൊണ്ട് തന്നെയാണ്, 'ആഗസ്റ്റ് 15' ഇന്ത്യയുടെ ഇന്നലെകളെ പുല്‍കുകയും അഭിമാനം കൊള്ളുകയും ചെയ്യുന്ന ദിനം കൂടിയായി പരിണമിച്ചത്.

കേവല ആഘോഷങ്ങള്‍ക്കുമപ്പുറം, ഈ സ്വതന്ത്ര്യ ദിനത്തില്‍ നാം വിദേശ ശക്തികള്‍ക്കും ആധിപത്യത്തിനുമെതിരെ നിലകൊള്ളണം. നാനാത്വത്തിലും ഏകത്വം നിലനില്‍ക്കുന്ന രാജ്യമാണ് നമ്മുടേത്. നമ്മുടെ സ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്ന ബാഹ്യശക്തികളെ നിലയ്ക്കു നിര്‍ത്താനും രാജ്യത്തിനകത്തു തന്നെ നമ്മെ ദുര്‍ബലപ്പെടുത്തുന്ന വിഘടനവാദികളെയും ഛിദ്രശക്തികളെയും നേരിടാനും നാം സുസജ്ജരാകേണ്ടതുണ്ട്. ജനപ്പെരുപ്പം, തൊഴിലില്ലായ്മ, വിലക്കയറ്റം, ഭക്ഷ്യദൗര്‍ലഭ്യം, ഇന്ധനപ്രതിസന്ധി തുടങ്ങിയ പ്രശ്‌നങ്ങളില്‍ ശാശ്വത പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ ഉണ്ടാകണം. ഇതിനൊക്കെ പരിഹാരം ചെയ്യേണ്ടത് സര്‍ക്കാരുകളാണെന്ന പ്രതിരോധ വാദം മുഴക്കാതെ, നമ്മുടെ കൂട്ടായ പരിശ്രമത്തെ കൂടിയുള്‍പ്പെടുത്തി, നമ്മുടെ കടമയും കര്‍ത്തവ്യവുമായി നാം കര്‍മ്മനിരതരാകേണ്ടതുണ്ട്. വ്യക്തിയിലൂടെയാണ്, സമൂഹവും സമൂഹത്തിലൂടെയാണ് രാജ്യവും പുരോഗതിയിലേക്ക് നടന്നടുക്കുകയെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കി, രാജ്യ പുരോഗതിക്കു കൈ കോര്‍ക്കാനുള്ള സാധ്യതകള്‍ കൂടി സാധൂകരിക്കപ്പെടണമെന്ന് ചുരുക്കം. 'ഇന്ത്യ' എന്ന ആശയത്തെയും അതുണ്ടാക്കുന്ന വികാരത്തേയും വിഭജിക്കാന്‍ ആരെയും അനുവദിക്കരുത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org