
സ്വകുടുംബത്തിനും സമൂഹത്തിനും വേണ്ടി അത്യധ്വാനം ചെയ്ത്, അര്‍ഹമായ അംഗീകാരമോ പരിഗണനയോ ലഭിക്കാതെ വിസ്മൃതിയിലാഴുന്ന ലോകത്തെ ആയിരകണക്കിനുവരുന്ന വിശുദ്ധാത്മാക്കളുടെ പ്രതിനിധിയാണ് വിശുദ്ധ യൗസേപ്പിതാവ്.
വിശുദ്ധ യൗസേപ്പിതാവിനെ ആഗോളസഭയുടെ മധ്യസ്ഥനായി പ്രഖ്യാപിച്ചതിന്റെ നൂറ്റിയമ്പതാം വാര്‍ഷികം നാം ആഘോഷിച്ചത് 2020-ലാണ്. യൗസേപ്പിതാവിനെ 'തിരുസഭയുടെ കാവല്‍ക്കാരന്‍' എന്ന് പീയൂസ് ഒമ്പതാമന്‍ മാര്‍പാപ്പ പ്രഖ്യാപിച്ചതിന്റ 150-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ പുറത്തിറക്കിയ, 'ഒരു പിതാവിന്റെ ഹൃദയത്തോടെ' എന്ന അപ്പസ്‌തോലിക ലേഖനത്തില്‍. യൗസേപ്പിതാവിനെ വിശേഷിപ്പിച്ചത്, 'വിശ്വസ്തനായ പിതാവ്, വാത്സല്യസ്‌നേഹനിധിയായ പിതാവ്, അനുസരണയുള്ള പിതാവ്, സ്വീകരിക്കുന്ന പിതാവ്, ധൈര്യശാലിയായ പിതാവ്, പണിയെടുക്കുന്ന പിതാവ്, നിഴലില്‍ ജീവിച്ച പിതാവ്' എന്നിവയായിരുന്നു. പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ അത്രതന്നെ പെടാതെ പ്രത്യാശയില്‍ വിശ്വാസമര്‍പ്പിച്ച്, ക്ഷമയോടെ ജീവിക്കുന്ന സാധാരണക്കാരന്റെ പ്രതിനിധിയായി നമുക്ക് യൗസേപ്പിതാവിനെ കാണാം. വി. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ, യൗസേപ്പിതാവിനെ അനുസ്മരിക്കുന്നതിങ്ങനെയാണ്, 'നിശ്ശബ്ദതയില്‍ ജീവിക്കുന്ന ദൈവത്തിന്റെ വാക്കുകളില്‍ അടങ്ങിയിട്ടുള്ള സത്യത്തെ സ്വീകരിക്കുവാന്‍ അദ്ദേഹത്തിന്റെ ഹൃദയം സദാ സന്നദ്ധമായിരുന്നു.'
ആരായിരുന്നു; യൗസേപ്പിതാവ്
സഭാപരമായ ചരിത്രരേഖകള്‍ പരിശോധിച്ചാല്‍, യൗസേപ്പിതാവിന്റെ ജീവിതത്തെ വലിയ രീതിയാലൊന്നും പരാമര്‍ശിച്ചു കാണുന്നില്ല.
യേശുവിന്റെ വളര്‍ത്തച്ഛന്‍, ഒരു മരാശാരി, ദരിദ്രനായ ഒരു മനുഷ്യന്‍ എന്നതിനൊക്കെയപ്പുറം, പരിശുദ്ധ മറിയത്തോടൊപ്പം തന്നെ വിശുദ്ധിയുള്ളവനായിരുന്നു വി. യൗസേപ്പ്. ദാരിദ്ര്യത്തോട് താദാത്മ്യംപ്രാപിച്ച യൗസേപ്പിതാവ്, തൊഴിലിനു ലഭിക്കുന്ന നിത്യകൂലികൊണ്ട് ഏറെ തൃപ്തനുമായിരുന്നു. അന്നന്നത്തെ അന്നത്തിനായി കഠിനാധ്വാനം ചെയ്തു കൊണ്ടു തന്നെയാണ്, യൗസേപ്പിതാവ് കുടുംബനാഥന്മാരുടെയും തൊഴിലാളികളുടെയും പ്രതിനിധിയായി വിശേഷിപ്പിക്കപ്പെട്ടത്. ദരിദ്രനായി ജനിച്ച്, ദരിദ്രനായി ജീവിച്ച യൗസേപ്പിതാവിന് തൊഴിലാളികളോടും ദരിദ്രരോടും അനതി സാധാരണമായ അഭിവാഞ്ഛയുണ്ടായത്, സ്വാഭാവികം മാത്രം.
ബൈബിള്‍ ചരിത്രം പരിശോധിച്ചാല്‍, ക്രിസ്തുവിന്റെ രക്ഷാകര പദ്ധതിയില്‍ പരി. കന്യകാ മറിയത്തെപോലെ സജീവ സാന്നിധ്യമായിരുന്ന യൗസേപ്പിതാവിനെ നമുക്കു കാണാം. സ്വാഭാവികമായും അന്നത്തെ കാലഘട്ടത്തില്‍ യൗസേപ്പിതാവ് അഭിമുഖീകരിച്ച പ്രതിസന്ധികള്‍, ഇന്നുപോലും നമുക്കോര്‍ക്കാന്‍ ബുദ്ധിമുട്ടുള്ളതാണ്. കന്യകയായ മറിയത്തിന്റെ ഗര്‍ഭധാരണത്തിലും ശേഷമുണ്ടായ ക്രിസ്തുവിന്റെ മനുഷ്യാവതാരത്തിലും ഒരു തിരശ്ശീലയായി പ്രവര്‍ത്തിച്ചുകൊണ്ട് രക്ഷാകര ദൗത്യത്തില്‍ വി. യൗസേപ്പ് സുപ്രധാനമായ പങ്കുവഹിച്ചു. സമൂഹത്തിന്റെ വാക്കുകള്‍ക്കു ചെവി കൊടുക്കാതെ ദിവ്യകുമാരനെ സംരക്ഷിക്കുവാനും ദൈവഭയത്തോടെ വളര്‍ത്തുവാനും അദ്ദേഹം കഠിനാധ്വാനം ചെയ്തുവെന്നതിന്, തിരുലിഖിതം സാക്ഷി. ബാലനായ യേശുവിനെ നാം കണ്ടറിയുന്ന സമയംവരേക്കും ഉത്തമപിതാവായി പ്രതിപാദ്യമുള്ള യൗസേപ്പിതാവിനെ പിന്നീടുള്ള യേശുവിന്റെ പരസ്യജീവിത കാലത്തും, മരണസമയത്തും, ഉത്ഥാനസമയത്തും നാം കാണുന്നില്ല. അപ്പോഴേക്കും അദ്ദേഹം മരണത്തെ പുല്‍കിയെന്നാണ്, ചരിത്രകാരന്മാരുടെ നിഗമനം.
സ്വകുടുംബത്തിനും സമൂഹത്തിനുംവേണ്ടി അത്യധ്വാനം ചെയ്ത്, അര്‍ഹമായ അംഗീകാരമോ പരിഗണനയോ ലഭിക്കാതെ വി സ്മൃതിയിലാഴുന്ന ലോകത്തെ ആയിരകണക്കിനു വരുന്ന വിശുദ്ധാത്മാക്കളുടെ പ്രതിനിധികൂടിയാണ്, മറ്റൊരു തരത്തില്‍ യൗസേപ്പിതാവ്. അത്തരത്തിലുള്ള വിശുദ്ധാത്മാക്കള്‍ക്ക് എന്നും പ്രചോദനം കൂടിയാണ്, വി. ബൈബിള്‍ ആഖ്യാനം ചെയ്യുന്ന സഭാമധ്യസ്ഥന്റെ ചെറുജീവിതം.
യൗസേപ്പിതാവെന്ന കുടുംബസ്ഥന്‍
താന്‍ വളര്‍ത്തി പരിപാലിക്കുന്നത്, ലോകരക്ഷകനായ മിശിഹായെയാണെന്ന് അറിയാമായിരുന്നിട്ടും ആ പരിവേഷങ്ങളെയൊന്നും ഗൗനിക്കാതെ ഉത്തമ കുടുംബസ്ഥനായി ജീവിച്ചയാളായിരുന്നു, യൗസേപ്പിതാവ്. സിനഗോഗില്‍ വച്ചു കാണാതായ ബാലനായ യേശുക്രിസ്തുവിനെ തേടി, ആകുലനാകുന്ന യൗസേപ്പിതാവിന്റെ മനോവികാരങ്ങള്‍ സുവിശേഷകന്‍ വരച്ചുകാണിക്കുന്നുണ്ട്. ഒരു സാധാരണ മനുഷ്യന്റെ ഹൃദയവികാരത്തോടെ ഈ പ്രശ്‌നത്തെ അഭിമുഖീകരിച്ച അദ്ദേഹത്തിന്റെ പ്രശ്‌ന പരിഹാരമുണ്ടായപ്പോഴുള്ള സന്തോഷവും സര്‍വ സാധാരണക്കാരായ മനുഷ്യരുടേതിനു സമാനമായിരുന്നു.
യേശുക്രിസ്തുവിന്റെ പിതാവെന്ന ഔന്നത്യത്തിന്റെ നിഗളിപ്പില്‍പ്പെടാതെ, കുടുംബത്തിനു വേണ്ടി ജീവിച്ച യൗസേപ്പിതാവ്, കുടുംബത്തിനുവേണ്ടി എല്ലാം ത്യജിച്ച്, പിന്നീട് വിസ്മൃതിയിലാഴുന്ന എക്കാലത്തേയും കുടുംബ നാഥന്‍മാര്‍ക്ക്, പ്രാപ്യമാക്കാവുന്ന മാതൃക കൂടിയാണ്. കുടുംബങ്ങള്‍ നേരിടുന്ന ഏതു പ്രതിസന്ധിയിലും അന്തശ്ഛിദ്രങ്ങളിലും സഹായകന്‍ കൂടിയായാണ്, യൗസേപ്പിതാവിനെ സഭ പ്രതിഷ്ഠിച്ചിരിക്കുന്നത്. സാധാരണക്കാരന്റെ മനോധര്‍മ്മത്തോടെ ഹൃദയ മുറിവുകളെ നന്മയുടെ സുഗന്ധതൈലം വച്ചുണക്കുന്ന, കുടുംബത്തിന്റെ നിലനില്‍പ്പിനായി സ്വയം ഉരുകിയില്ലാതാകുന്ന, ഭാര്യാഭര്‍തൃബന്ധങ്ങളില്‍ സഹനത്തിന്റെ നെടും തൂണാകുന്ന ആ സഹായകനെ ആത്മീയമായി പുണരുകയെന്നതുതന്നെയാണ്, നല്ല കുടുംബങ്ങളുടെ സുസ്ഥിതിക്ക് ഇന്നത്തെ അനിവാര്യത.
യൗസേപ്പിതാവെന്ന തൊഴിലാളി
ജീവിത സന്ധാരണത്തിന് വേണ്ടി തൊഴില്‍ ചെയ്യുകയെന്ന അടിസ്ഥാന പാഠം കൂടി, മരാശാരിയായിരുന്ന യൗസേപ്പിതാവ് നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. തൊഴിലാളി വര്‍ഗ പ്രസ്ഥാനങ്ങളും അവയുടെ സ്വാധീനവും അനുദിനം വര്‍ധിച്ചു വരുന്ന ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ അവകാശബോധത്തോടൊപ്പം കര്‍ത്തവ്യബോധത്തോടെ തൊഴിലിടങ്ങളില്‍ വ്യാപരിക്കാന്‍ യൗസേപ്പിതാവിന്റെ മാതൃക നമുക്ക് പ്രചോദനമാകണം. കണ്ടുപരിചിതമായ ചിത്രങ്ങളിലെല്ലാം, യൗസേപ്പിതാവിനെ സഹായിക്കുന്ന ബാലനായ യേശു ക്രിസ്തുവിനെ നമുക്കു കാണാം. തന്റെ തൊഴിലിനെ കുടുംബത്തോടുചേര്‍ത്തു നിര്‍ത്താനും അതിന്റെ മാഹാത്മ്യം തൊട്ടറിഞ്ഞ് അടുത്ത തലമുറയെ അതിനെ മഹത്വം പഠിപ്പിക്കാനും ഉത്സുകത കാണിച്ചിരുന്ന അദ്ദേഹത്തിന്റെ തൊഴിലിനോടുള്ള മനോഭാവം പ്രത്യേകം പരാമര്‍ശവിധേയമാകേണ്ടതാണ്.
സ്വാഭാവികമായുണ്ടാകുന്ന തൊഴിലിടങ്ങളിലെ അസ്വാരസ്യങ്ങള്‍ക്കപ്പുറം, തൊഴിലിന്റെ മഹത്വം സ്വയം ബോധ്യപ്പെടാനും അതില്‍ സംതൃപ്തി കണ്ടെത്താനും നമുക്ക് സാധിക്കുമ്പോഴാണ്, യഥാര്‍ത്ഥ തൊഴിലാളി ചൈതന്യം നമുക്ക് അനുഭവവേദ്യമാകുകയെന്ന യാഥാര്‍ത്ഥ്യം നാം കാണാതെ പോകരുത്. മുതലാളിത്ത ചിന്തയിലും മനോഭാവത്തിലും ആഢംബര ഭ്രമങ്ങളിലും പുളകം കൊള്ളുന്ന നമുക്ക്, വിശപ്പിന്റെയും ദാരിദ്യത്തിന്റേയും വിലയറിയുന്ന തൊഴിലാളി മനസ്സ്, ഉണ്ടാകേണ്ടതിന്റെ ആവശ്യകത, യൗസേപ്പിതാവിന്റെ ചിന്തകളിലൂടെ ഉടലെടുക്കേണ്ടതുണ്ട്. വൈറ്റ്‌കോളര്‍ ജോലി മാത്രം തേടുന്ന, അതു മാത്രം സ്വപ്നം കാണുന്ന നമ്മുടെ പുതു തലമുറയ്ക്ക്, തൊഴിലിന്റെ മാഹാത്മ്യം ബോധ്യപ്പെടാനും പ്രായോഗികമാക്കാനുമുള്ള സാധ്യത കൂടി, യൗസേപ്പിതാവിന്റെ ജീവിതം അവശേഷിപ്പിക്കുന്നുണ്ടെന്നതാണ്, വാസ്തവം.
യൗസേപ്പിതാവെന്ന സഭാസ്‌നേഹി
ലോകം അന്നേവരെ കണ്ടിട്ടില്ലാത്ത ഒരു ശാസ്ത്ര സാഹചര്യത്തിലൂടെയാണ്, കന്യകയായ മറിയത്തിന്റെ പരിശുദ്ധാത്മാവിന്റെ നിറവാലുള്ള ഗര്‍ഭധാരണത്തിലൂടെ കടന്നുപോയത്. അത്തരമൊരു സാഹചര്യം 2000 വര്‍ഷങ്ങള്‍ക്കിപ്പുറവും വ്യക്തിപരമായി നമുക്കുള്‍ക്കൊള്ളാന്‍ പ്രയാസകരമാണെന്ന സത്യം ഇവിടെ മറച്ചു വയ്ക്കുന്നില്ല. മാത്രവുമല്ല; അക്കാരണത്തിന്റെ പേരില്‍ മറിയത്തെ ഉപേക്ഷിക്കേണ്ട സാഹചര്യമുണ്ടായാലും അക്കാലത്ത് യൗസേപ്പിതാവ് പ്രതിസ്ഥാനത്ത് നില്‍ക്കേണ്ടി വരില്ലായിരുന്നു. തിരുലിഖിതത്തിന്റെ പൂര്‍ത്തീകരണത്തിനും മറിയത്തിന്റെ സ്ത്രീത്വത്തിനു വില കല്‍പ്പിക്കാനും അദ്ദേഹം തയ്യാറായിയെന്നതാണ് വാസ്തവവും യൗസേപ്പിതാവിന്റെ നന്മയും. അവഹേളനങ്ങളും പരിഹാസങ്ങളും പൊതുയിടങ്ങളില്‍ നിന്ന് കേള്‍ക്കേണ്ടി വന്നപ്പോഴും ഇതിന്റെ പേരില്‍ സമൂഹത്തില്‍ ഒറ്റപ്പെടേണ്ടി വന്ന സാഹചര്യമുണ്ടായപ്പോഴും ദൈവഹിതമറിഞ്ഞ് അക്കാര്യം ഉള്‍ക്കൊള്ളാനും യാതൊരുവിധ മുന്‍വിധികളും കൂടാതെ മറിയത്തെ സംരക്ഷിക്കാനും യൗസേപ്പിതാവ് കാണിച്ച ആര്‍ജവം, അതൊന്നുമാത്രം മതി; അദ്ദേഹത്തിന്റെ ദൈവസ്‌നേഹത്തിനും ദൈവവിശ്വാസത്തിനുമുള്ള സാക്ഷ്യത്തിന്.
പാറപോലെയുള്ള അചഞ്ചലമായ, ആ വിശ്വാസപ്രകടനം തന്നെയാണ് ഇന്നിന്റെ ജീവിക്കുന്ന സഭയുടെ നിലനില്‍പ്പിനാധാരം. ആ വിശ്വാസം കാത്തുസൂക്ഷിക്കാനും സ്വജീവിത മാതൃകയിലൂടെ കൈമാറ്റം ചെയ്യാനും ആത്യന്തം യൗസേപ്പിതാവിനായി എന്നത്, നിസ്തര്‍ക്കമായ വസ്തുതയാണ്. കളിയാക്കലുകളേയും അവഹേളനങ്ങളേയും ക്ഷമയോടെയും ദീര്‍ഘവീക്ഷണത്തോടെയും വകഞ്ഞുമാറ്റിയ അദ്ദേഹം, പില്‍ക്കാലത്തു തിരുസഭയുടെ തന്നെ മധ്യസ്ഥ പദവിയിലെത്തിയതിലും ഒട്ടും അതിശയോക്തിയില്ല.
യൗസേപ്പിതാവെന്ന മഹാത്യാഗി
ചരിത്ര സംഭവങ്ങളെ വിലയിരുത്തിയാല്‍ ത്യാഗം പൊതുവില്‍ സ്ത്രീകളുടെ കൂടപ്പിറപ്പായാണ്, വിശേഷിപ്പിക്കപ്പെടുന്നത്. ഇതില്‍ നിന്നും ഏറെ വ്യത്യാസപ്പെട്ട സാഹചര്യം യൗസേപ്പിതാവില്‍ നമുക്കു ദര്‍ശിക്കാം. മാതാവു സഹിച്ച ത്യാഗവും സഹനവും ഒരു പരിധിവരെ യൗസേപ്പിതാവിന്റെ കൂടെ മുഖമുദ്രയായിരുന്നു. ഒരുപക്ഷേ ചരിത്രതാളുകളില്‍ പരി. മാതാ വിന്റെയത്രയും അതിവിശേഷണങ്ങള്‍ക്കു സാഹചര്യമുണ്ടായിട്ടില്ലെങ്കിലും മാതാവുമൊത്തുള്ള വിവാഹനിശ്ചയം മുതലുള്ള അദ്ദേഹത്തിന്റെ ത്യാഗവും സഹനവും പ്രത്യേകം സ്മരിക്കപ്പെടേണ്ടതു തന്നെയാണ്. ചരിത്ര പൂര്‍ത്തീകരണത്തിനും തിരുലിഖിതങ്ങളുടെ പ്രായോഗികതയ്ക്കും വേണ്ടി, യൗസേപ്പിതാവ് കളമൊഴിയുകയായിരുന്നു. അതുകൊണ്ടു തന്നെയായിരിക്കണം, ഒരു ത്യാഗിയുടെ പരിവേഷം അദ്ദേഹം ആഗ്രഹിക്കാതെ പോയതും കിട്ടാതെ പോയതും.
തിരുക്കുമാരന്റെ ജനനത്തിനു വേണ്ടി, പരിശുദ്ധ അമ്മയുടെ കന്യകാത്വത്തിനു വേണ്ടി, തിരു കുടുംബത്തിന്റെ നിലനില്‍പ്പിനു വേണ്ടി, യേശുക്രിസ്തുവിന്റെ പരസ്യജീവിത കാലയളവിനു വേണ്ടി സ്വയം ത്യജിച്ച ആ മഹാ ത്യാഗിയെ സ്മരിക്കാനും സാധ്യതകളനുകരിക്കാനും നമുക്കു സാധിക്കുമ്പോഴാണ്, യഥാര്‍ത്ഥ യൗസേപ്പിന്റെ ചൈതന്യം നമുക്ക് കൈവരിക്കാനാകുക. സ്വന്തം കുടുംബത്തിനും സമൂഹത്തിനും വേണ്ടി ത്യാഗം ചെയ്ത് വേണ്ടത്ര ആദരവോ അംഗീകാരമോ ലഭിക്കാതെ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ അനവധി പൂര്‍വപിതാക്കന്മാര്‍, യൗസേപ്പിതാവിന്റെ ഇതേ ത്യാഗത്തിന്റെ ചൈതന്യം നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.
യൗസേപ്പിതാവിന്റെ തിരുനാളുകള്‍
തിരുസഭയുടെ ആരാധനക്രമ സൂചികയില്‍ വിശുദ്ധ യൗസേപ്പിന്റെ പേരില്‍ രണ്ട് തിരുനാളുകള്‍ നാം ആചരിക്കുന്നുണ്ട്. ഒന്നാമത്തേത്, പരിശുദ്ധ മറിയത്തിന്റെ ഭര്‍ത്താവെന്ന നിലയില്‍ മാര്‍ച്ച് 19 നും (മരണത്തിരുനാള്‍) രണ്ടാമത്തേത് മേയ് 1-ന് (മേയ് ദിനം) തൊഴിലാളിയെന്ന നിലയിലും തിരുനാള്‍ ആഘോഷിക്കുന്നു. കാലാകാലങ്ങളായി 'മേയ് ദിനം' അധ്വാനിക്കുന്നവര്‍ക്കും, പണിയെടുക്കുന്നവര്‍ക്കുമായി പ്രത്യേകം സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ യൗസേപ്പിതാവിന്റെ ഈ തിരുനാള്‍ തൊഴിലിന്റെ അന്തസ്സിനെ ഊന്നിപ്പറയുകയും, തൊഴിലാളികള്‍ക്ക് പൊതുസമൂഹം കൊടുക്കേണ്ട മാന്യതയേയും ന്യായമായ വേതനം ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകത നമ്മെ ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നു.
മാര്‍പാപ്പമാരായ ജോണ്‍ തതകകക, പോള്‍ ഢക, ജോണ്‍ പോള്‍ കക എന്നിവര്‍ പുറത്തിറക്കിയ രേഖകളിലും, രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ രേഖകളിലും, വിശുദ്ധ യൗസേപ്പിന്റെ മാതൃകയെ അവലംബിച്ച് ഒരാളുടെ തൊഴിലിലും അതു നല്‍കുന്ന ഔന്നത്യത്തിലും അടിസ്ഥാനപരമായുണ്ടാകേണ്ട ആത്മീയതയെക്കുറിച്ച് ആധികാരികമായി തന്നെ എടുത്തു പറയുന്നുണ്ട്. കുടുംബ സംരക്ഷണത്തിനും അതിന്റെ നിലനില്‍പിനും വേണ്ടി തൊഴില്‍ ചെയ്യുന്നത് ഔന്നത്യവും അന്തസ്സും കൂടിയാണെന്നും അവരുടെ വരികളിലൂടെ വായിക്കാം.
യൗസേപ്പിതാവിന്റെ തിരുനാളിന് വേണ്ടിയുള്ള ആരാധനക്രമങ്ങള്‍, ജോലി ചെയ്യുവാനുള്ള അവകാശത്തെ സമര്‍ത്ഥിക്കുന്നവയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
തൊഴിലാളി സംഘടനകള്‍ക്ക്, അവകാശബോധത്തോടൊപ്പം വേണ്ട ആത്മീയബോധവും സാമൂഹ്യബോധവും അവര്‍ ഉറപ്പു വരുത്തണമെന്ന്, പിയൂസ് പന്ത്രണ്ടാമന്‍ പാപ്പ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. യേശുവിന്റെ വളര്‍ത്തപ്പനായി, സഭയുടെ ചെറു പതിപ്പായ കുടുംബത്തെ സംരക്ഷിച്ചതുകൊണ്ടു തന്നെയാകണം, ആഗോള സഭയുടെ തന്നെ മധ്യസ്ഥനായി അദ്ദേഹത്തെ സഭ വണങ്ങുന്നത്. വി. തോമസ് അക്വീനാസിന്റെ വാക്കുകളില്‍, 'ചില വിശുദ്ധര്‍ ചില ആവശ്യങ്ങളില്‍ നമ്മെ സഹായിക്കുന്നു. എന്നാല്‍ യൗസേപ്പിതാവ്, എല്ലാ കാര്യങ്ങളിലും എല്ലാ ആവശ്യങ്ങളിലും നമ്മെ സഹായിക്കുന്നു.'
കത്തോലിക്കാ സഭയിലെ നമുക്ക് അത്ര തന്നെ പരിചയമില്ലാത്ത നൂറുകണക്കിനു വരുന്ന വിശുദ്ധ ഗണത്തിനപ്പുറം ഈ ലോകത്തിലെ മുഴുവനാളുകള്‍ക്കും പ്രാപ്യനായ വിശുദ്ധനാണ്, യൗസേപ്പിതാവ്. യൗസേപ്പിതാവിന്റെ പടങ്ങളോ രൂപങ്ങളോ ഇല്ലാത്ത ഒരൊറ്റ വീടു പോലും നമ്മുടെ നാട്ടിലുണ്ടാകാനിടയില്ല. അത്രമാത്രം നമ്മുടെ നാട്, നെഞ്ചേറ്റിയ വിശുദ്ധനാണ് യൗസേപ്പിതാവ്.