കര്‍ട്ടനിരുവശം വളരുന്ന ലിംഗ രാഷ്ട്രീയം

വേര്‍തിരിവുകളുടെ കര്‍ട്ടനുകളല്ല; പണിയേണ്ടത് സമത്വത്തിന്റെ പാലങ്ങള്‍
കര്‍ട്ടനിരുവശം വളരുന്ന ലിംഗ രാഷ്ട്രീയം

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടന്ന ലിംഗ രാഷ്ട്രീയത്തെ (Gender Politics) സംബന്ധിച്ചുള്ള സംവാദത്തിന്റെ ഫോട്ടോകള്‍, കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. സംഘാടകരുടെ സ്വാതന്ത്ര്യമെന്ന് അനുകൂലിച്ചും ഇതെന്താ വെള്ളരിക്കാ പട്ടണമാണോയെന്ന് പ്രതികൂലിച്ചുമുള്ള ചര്‍ച്ചകള്‍ അവിടെ അരങ്ങു തകര്‍ക്കുകയും ചെയ്യുന്നുണ്ട്. ഒരു സംശയവും വേണ്ട; സാമാന്യ യുക്തിയനുസരിച്ച് ലിംഗ രാഷ്ട്രീയത്തിന്റെ സാമാന്യ ചര്‍ച്ചയില്‍ സ്ത്രീപുരുഷ സമത്വത്തിന് വലിയ പ്രാമുഖ്യം ലഭിക്കേണ്ടതു കാലഘട്ടത്തിന്റെ ആവശ്യകത തന്നെയാണ്. പുറത്തുവന്ന ഫോട്ടോയുടെ മട്ടും ഭാവവും കണ്ട്, അതുണ്ടായിട്ടുണ്ടാകുമെന്ന് കരുതി മനോ നിര്‍വ്വൃതിയടയാമെന്നല്ലാതെ കാവ്യനീതിയായി വ്യാഖ്യാനിക്കപ്പെടാനിടയില്ല.

സ്ത്രീ ശാക്തീകരണ രംഗത്ത് വലിയ കുതിച്ചുചാട്ടം 2000 ത്തിനു ശേഷം, നമ്മുടെ രാജ്യത്ത് പ്രത്യേകിച്ച് കേരളത്തിലുണ്ടായിട്ടുണ്ടെന്നത്, ഇന്നിന്റെ പശ്ചാതലത്തില്‍ നാം കാണാതെ പോകരുത്. സംവരണക്രമത്തിനപ്പുറമുള്ള ഒരു വളര്‍ച്ച, സ്ത്രീകളുടെ സാമൂഹ്യരാഷ്ട്രീയവിദ്യാഭ്യാസ മുന്നേറ്റത്തില്‍ നമുക്ക് കാണാം. വിദ്യാഭ്യാസ മേഖല പരിശോധിച്ചാല്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പെണ്‍കുട്ടികളുടെ അനുപാതം ഇക്കാലയളവില്‍ വളരെ ഉയര്‍ന്നതാണ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബിരുദ വിദ്യാര്‍ത്ഥികളില്‍ 60% ല്‍ അധികവും ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളില്‍ 70% ല്‍ അധികവും പെണ്‍കുട്ടികളാണെന്നത്, ഇതിന്റെ നേര്‍ക്കാഴ്ച കൂടിയാണ്. ഏതെങ്കിലുമൊരു സംവരണക്രമത്തിന്റെ ഭാഗമായല്ല; മറിച്ച് യോഗ്യതാ മാനദണ്ഡങ്ങളില്‍ ഏറ്റവും മികവ് അവര്‍ പുലര്‍ത്തിയതു കൊണ്ട് തന്നെയാണ് അവര്‍ക്ക് പ്രവേശനം ലഭിച്ചതും ഉന്നത പഠനം തുടരുന്നതുമെന്നത് ഏറെ അഭിമാനകരം തന്നെ. സമൂഹത്തിലെ യാഥാസ്ഥിതിക ബോധം ഒന്നു കൊണ്ടു മാത്രം, കഴിഞ്ഞ നൂറ്റാണ്ടു വരെ അടുക്കളയുടെ ചുറ്റുവട്ടത്തില്‍ മാത്രം ഒതുങ്ങിക്കൂടിയിരുന്ന അവരുടെ മികവും കഴിവും തന്നെയാണ് നാം ഇന്ന് കാണുന്ന അവരുടെ ഔന്നത്യം.

ഐക്യരാഷ്ട്ര സഭയുടെ സു സ്ഥിര വികസന ലക്ഷ്യങ്ങളില്‍ (Sustainable Development Goal) 2030 ഓടെ നേടിയെടുക്കേണ്ട ലക്ഷ്യങ്ങളില്‍ സുപ്രധാനമായ ഒന്നാണ്, സമഗ്രമായ വിദ്യാഭ്യാസ പുരോഗതി. "Transform lives through education leaving no one behind' അഥവാ 'ആരും പിന്നിലല്ലാത്ത വിദ്യാഭ്യാസത്തിലൂടെ ജീവിതത്തെ പരിവര്‍ത്തനം ചെയ്യുക' എന്നതാണ് ഐക്യരാഷ്ട്ര സഭ അടിസ്ഥാന ലക്ഷ്യമായി കരുതുന്നത്. സമഗ്രവും തുല്യവും ഗുണ നിലവാരവുമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുകയും എല്ലാവര്‍ക്കും ആ ജീവനാന്ത പഠന അവസരങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന് ഐക്യരാഷ്ട്രസഭ വിലയിരുത്തുന്നു.ഇതിന്റെ ചുവടു പിടിച്ച് പ്രാഥമിക വിദ്യാഭ്യാസം സാര്‍വത്രികമാക്കുന്ന വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ (Right To Education Act-2009) പ്രായോഗിക ലക്ഷ്യം കൈവരിക്കുന്നതില്‍ നമ്മുടെ സംസ്ഥാനം മുന്‍പന്തിയില്‍ തന്നെയുണ്ട്. 2001 -ല്‍ നാം കൈവരിച്ച 90.86 ശതമാനത്തില്‍നിന്ന് സാക്ഷരതാ നിരക്ക് 2011-ല്‍ 93.91 ശതമാനമായി ഉയര്‍ന്നുവെന്നതും തുടര്‍ന്ന് മാറി മാറി വന്ന സര്‍ക്കാരുകള്‍ വലിയ പ്രാമുഖ്യം വിദ്യാഭ്യാസമേഖലയ്ക്കു നല്‍കിയതും നമ്മുടെ മലയാള നാടിന്റെ മേന്‍മയായി തന്നെ കാണണം. 100% പ്രാഥമിക വിദ്യാഭ്യാസം ആര്‍ജ്ജിച്ചെടുത്ത ആദ്യത്തെ ഇന്ത്യന്‍ സംസ്ഥാനമായി കേരളം മാറിയതിനു പിന്നിലും നമ്മുടെ നാടിന്റെ സാമൂഹ്യസാംസ്‌കാരിക വളര്‍ച്ചയുടെ നേരനുപാതം തന്നെയാണ്.

ആ സാക്ഷരകേരളത്തിലാണ്, കര്‍ട്ടനുകളുടെ സംസ്‌കാരത്തില്‍ പ്രഫഷണല്‍ വിദ്യാര്‍ത്ഥികളുടെ ഒരു സംവാദം, അതും ലിംഗ രാഷ്ട്രീയത്തെപ്പറ്റി നടന്നതെന്ന് മനസ്സിലാക്കണം. സംഘാടകരുടെ സ്വാതന്ത്ര്യമായി ഇതിനെ വ്യാഖ്യാനിക്കാമെങ്കിലും ഇത് പൊതു സമൂഹത്തിനു നല്‍കുന്ന ചിന്തയെന്താണ്? അടക്കത്തിന്റെയും ഒതുക്കത്തിന്റെയും സാമൂഹ്യസംസ്‌കൃതി കഴിഞ്ഞ നൂറ്റാണ്ടിലേതാണ്. ഈ നൂറ്റാണ്ട്, അവളുടേതും അവളുടെ മികവിന്റേതുമാണ്. വിമാനം പറത്തുന്ന, ബഹിരാകാശ പേടകത്തിലെ ഗവേഷകയായ, ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലും രാഷ്ട്രപതിപദത്തിലും വരെയെത്തിയ അവളെ, കര്‍ട്ടനു പുറകിലിരുത്തിക്കളയാമെന്നാണ്, വ്യാമോഹമെങ്കില്‍ അതു തീര്‍ത്തും അരോചകവും സാമൂഹ്യനീതിക്കു നിരക്കാത്തതുമാണ്. മതങ്ങളും ജാതികളും ഗോത്രങ്ങളും സംസ്‌കാരങ്ങളും അവയുടെ സംഹിതകളും തീര്‍ക്കുന്ന പരിമിതികള്‍ക്കും വേലിക്കെട്ടുകള്‍ക്കുമപ്പുറം വളര്‍ന്നപ്പോഴാണ്, ദ്രൌപദി മുര്‍മുവെന്ന സ്ത്രീ, ഇന്ത്യയിലെ വിജയമുറപ്പിച്ച രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായത്.

അപ്പോള്‍ ഇവിടെ നമുക്ക് വേണ്ടത് ഒരു രാഷ്ട്രീയ വിമര്‍ശനത്തേക്കാളുപരി സാമൂഹ്യ വിമര്‍ശനവും സ്വയം വിമര്‍ശനവുമാണ്. പൗരബോധവും സാമൂഹ്യബോധവും നീതിബോധവും വേണ്ടുവോളമുള്ള ഒരു നാട്ടില്‍, വേര്‍തിരിവുകളുടെ കര്‍ട്ടനുകളല്ല; മറിച്ച് സൗഹൃദത്തിന്റെയും സമത്വത്തിന്റേയും പാലങ്ങളാണ് നാം പണിയേണ്ടത്.

അവള്‍ വളരട്ടെ വിളങ്ങട്ടെ.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org