ജനാഭിമുഖബലിയര്‍പ്പണം: പുതിയ നിയമത്തിനും രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനും അനുസൃതം

ജനാഭിമുഖബലിയര്‍പ്പണം: പുതിയ നിയമത്തിനും രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനും അനുസൃതം

(അസ്സോ. പ്രൊഫ. (റിട്ട.), ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ്, സെന്റ് പീറ്റേഴ്‌സ് കോളേജ്, കോലഞ്ചേരി)

ബൈബിളില്‍ ഈശോ രണ്ടു പ്രാവശ്യം വി. കുര്‍ബാന അര്‍പ്പിക്കുന്ന വിവരണമുണ്ട്. ഒന്ന്, അന്ത്യ അത്താഴവേള. അവിടെ ഈശോ അത്താഴമേശയാണ് ബലിപീഠമായി ഉപയോഗിക്കുക. അത്താഴമേശയില്‍ മുഖാഭിമുഖമിരുന്ന് ആദ്യകുര്‍ബാന ഈശോ സ്ഥാപിച്ചു. അവര്‍ പരസ്പരം മുഖത്തോടു മുഖം നോക്കി, ഉള്ളറിഞ്ഞു, സ്‌നേഹം പങ്കുവച്ചു. അങ്ങനെയാണ് ഈശോ വി. കുര്‍ബാന സ്ഥാപിച്ചത്.

വി. യോഹന്നാന്റെ സുവിശേഷം ഇരുപത്തിനാലാമദ്ധ്യായം: എമ്മാവൂസിലേയ്ക്കു പോയ രണ്ടു ശിഷ്യന്മാരുടെ കൂടെ ഈശോ താമസിക്കാന്‍ കയറിയപ്പോള്‍ നേരം വൈകുകയും അത്താഴത്തിനു സമയമാകുകയും ചെയ്തു. അവിടെയും അത്താഴ മേശയില്‍ മുഖാഭിമുഖം നോക്കിയിരുന്നപ്പോള്‍ ഈശോ അപ്പമെടുത്ത് ആശീര്‍വദിച്ചു മുറിച്ച് അവര്‍ക്കു കൊടുത്തു. അതും ഒരു ജനാഭിമുഖ ബലിയര്‍പ്പണമായിരുന്നു.

ബൈബിളില്‍ ഈശോ നിര്‍വഹിച്ചതായി കാണാന്‍ സാധിക്കുന്ന കൗദാശികമായ രണ്ട് ബലിയര്‍പ്പണങ്ങളും ജനാഭിമുഖമായിരുന്നു, പരസ്പരാഭിമുഖമായിരുന്നു, ബലിപീഠാഭിമുഖവുമായിരുന്നു. പഴയനിയമകാലത്തെ ബലിയര്‍പ്പണം തികച്ചും വ്യത്യസ്തമാണ്. അവിടെ പ്രധാന പുരോഹിതനു മാത്രം കടന്നു ചെല്ലാന്‍ സാധിക്കുന്ന അതിവിശുദ്ധ സ്ഥലമുണ്ട്, പുരോഹിതന്മാര്‍ക്കു കടന്നു ചെല്ലാന്‍ സാധിക്കുന്ന ഇടമുണ്ട്, ജനത്തിനു നില്‍ക്കാനുള്ള ഇടമുണ്ട്. ഇതെല്ലാം തിരശ്ശീലയിട്ടു തിരിച്ചിരുന്നു.

ഈശോയുടെ കുരിശുമരണത്തിന്റെ സമയത്ത് നടന്നതായി ബൈബിളില്‍ എഴുതി വച്ചിരിക്കുന്ന ഒരു കാര്യം ജറുസലേം ദേവാലയത്തിലെ തിരശീല നടുവേ കീറിപ്പോയി എന്നതാണ്. അന്നുവരെ ജനത്തെ അകറ്റി നിറുത്തിയിരുന്ന തടസ്സങ്ങളെയൊക്കെ നിര്‍മ്മാര്‍ ജനം ചെയ്ത്, വേലിക്കെട്ടുകളെയെല്ലാം ഒഴിവാക്കി, ജനത്തെ ബലിപീഠത്തോടു ചേര്‍ക്കുന്ന ഒരു പ്രവൃത്തി. പഴയനിയമകാലങ്ങളില്‍ ജനത്തെ മാറ്റി നിറുത്തിയിരുന്നെങ്കില്‍, ജനം മാറ്റി നിറുത്തപ്പെടേണ്ടവരല്ല, ജനമാണ് പ്രധാനം, ജനത്തിനു വേണ്ടിയാണു ശുശ്രൂഷ, ജനങ്ങള്‍ക്കാണു പ്രാമുഖ്യം കൊടുക്കേണ്ടത് എന്നു യേശു പഠിപ്പിച്ചു.

കൊളോസോസ് 2:14-15 തിരുവചനങ്ങള്‍ പറയുന്നു, ''നമുക്കു ദോഷകരമായിരുന്ന ലിഖിതനിയമങ്ങളെ അവന്‍ മായിച്ചു കളയുകയും അവയെ കുരിശില്‍ തറച്ചു നിഷ്‌കാസനം ചെയ്യുകയും ചെയ്തു. ആധിപത്യങ്ങളെയും അധികാരങ്ങളെയും അവന്‍ നിരായുധമാക്കി. അവന്‍ കുരിശില്‍ അവയുടെ മേല്‍ വിജയമാഘോഷിച്ചുകൊണ്ട് അവരെ പരസ്യമായി അവഹേളനാപാത്രങ്ങളാക്കി.''

ജനത്തെ സഭയിലേയ്ക്ക്, ഉണ്മയിലേയ്ക്കു കടന്നുവരാന്‍ ഉണ്ടാക്കിയിരുന്ന തടസ്സങ്ങളെയെല്ലാം അവന്‍ കുരിശില്‍ അവഹേളനാപാത്രങ്ങളാക്കി. ആദിമ സഭയുടെ ജീവിതത്തെ നന്നായി വരച്ചു വച്ചിരിക്കുന്ന ഈശോ പഠിപ്പിച്ചതെല്ലാം ശിഷ്യരെങ്ങനെ ഉള്‍ക്കൊണ്ടു ജീവിച്ചു എന്നത് അപ്പസ്‌തോല പ്രവര്‍ത്തനങ്ങളില്‍ വളരെ മനോഹരമായി വിവരിക്കുന്നുണ്ട്. അവിടെയും ബലിയര്‍പ്പണത്തെക്കുറിച്ചു പറയുന്നുണ്ട്. അതെല്ലാം ഒരു ഭക്ഷണമേശയിലാണ്. ഭക്ഷണമേശയിലാണ് അപ്പംമുറിക്കല്‍ നടക്കുക, വിശുദ്ധകുര്‍ബാനയര്‍പ്പിക്കുക. അപ്പമെടുത്തു വാഴ്ത്തി മുറിച്ചു കൊടുക്കുന്നത് ജനാഭിമുഖമാണ്. പുറം തിരിഞ്ഞു നില്‍ക്കുന്ന രീതി ഇല്ല. പരസ്പരം മുഖം കണ്ട് ഉള്ളു മനസ്സിലാക്കി സ്‌നേഹം പങ്കുവച്ചുകൊണ്ടാണു ബലിയര്‍പ്പണം. ആ സ്‌നേഹത്തിന്റെ കൂട്ടായ്മയില്‍ മാത്രമേ ബലിയര്‍പ്പണം സാദ്ധ്യമാകൂ. യഥാര്‍ത്ഥ ബലിയര്‍പ്പണം. എന്നാല്‍ കാലങ്ങള്‍ മുന്നോട്ടു പോയപ്പോള്‍ എങ്ങനെയൊക്കെയോ ഈ ആദിമസഭയുടെ ചൈതന്യം ചോര്‍ന്നുപോയി. വീണ്ടും തിരശ്ശീലകള്‍ കടന്നുവന്നു, വീണ്ടും തടസ്സങ്ങളുണ്ടായി. ദൈവജനത്തെ മാറ്റി നിറുത്തുന്ന അവസരങ്ങളുണ്ടായി. നൂറ്റാണ്ടുകളങ്ങനെ കടന്നുപോയി.

വീണ്ടും സഭയിലൊരു വസന്തം വിരിഞ്ഞു. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഒരു പന്തക്കുസ്താ അനുഭവം സഭയ്ക്കു നല്‍കി. അതുവരെ മാറാല പിടിച്ചു കിടന്ന സഭയുടെ ഉള്‍ത്തലങ്ങളെ പരിശുദ്ധാത്മാവിന്റെ കാറ്റ് ശുദ്ധീകരിച്ചു. അന്നുവരെ അറിയില്ലാതിരുന്ന ഒരു ഉള്‍ക്കാഴ്ചയും കാഴ്ചപ്പാടും വലിയ തിരിച്ചറിവും രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ പങ്കെടുത്ത പിതാക്കന്മാര്‍ക്കും അതുവഴിയായി സഭ മുഴുവനും പരിശുദ്ധാത്മാവ് കൊടുത്തു. ഈശോ കാണിച്ചു തന്ന മാര്‍ഗത്തിലേയ്ക്ക് വീണ്ടുമൊരു തിരിച്ചുനടത്തമാണ് അവിടെയുണ്ടായത്.

സഭയെന്നു പറയുന്നത് ഹൈരാര്‍ക്കിയല്ല, പുരോഹിതരല്ല, ദൈവജനം മുഴുവനുമാണെന്ന വലിയ വിപ്ലവാത്മകമായ കാഴ്ചപ്പാടാണത്. ജനത്തെ അകറ്റി നിറുത്തിക്കൊണ്ടും മാറ്റിനിറുത്തിക്കൊണ്ടും നടത്തുന്നതൊന്നും ദൈവത്തിനു മുമ്പില്‍ സ്വീകാര്യമായ കാര്യമല്ലെന്ന തിരിച്ചറിവില്‍ പിതാക്കന്മാര്‍ ഈശോ അര്‍പ്പിച്ച ബലിയുടെ മാതൃകയിലേയ്ക്ക് മടക്കയാത്ര നടത്തുകയാണ്. അന്നുവരെ ഭിത്തിയോടു ചേര്‍ത്തിട്ടിരുന്ന ബലിപീഠത്തെ അവിടെ നിന്ന് അടര്‍ത്തിമാറ്റി, ആ ബലിപീഠത്തിനു ചുറ്റും ഒരേ ആത്മാവിനാല്‍ അയക്കപ്പെടുന്നവരായി ഒരുമിച്ചു കൂടി, വാഗ്ദാനപ്രകാരം അങ്ങനെ ഒന്നിച്ചു കൂടുന്നവരുടെ മദ്ധ്യേ സന്നിഹിതനാകുന്ന ഈശോയെ അനുഭവിച്ച്, പരസ്പരം കണ്ട്, ബലിപീഠാഭിമുഖമായി, പരസ്പരം അഭിമുഖമായി, ജനാഭിമുഖമായി ബലിയര്‍പ്പിക്കാന്‍ തുടങ്ങി. ആ ബലിയര്‍പ്പണം ലോകമെമ്പാടും സ്വീകാര്യമായി.

പുണ്യശ്ലോകനായ പാറേക്കാട്ടില്‍ പിതാവിന്റെ പ്രശംസനീയമായ നേതൃത്വത്തില്‍ കേരളസഭ അതേറ്റെടുത്തു. നമ്മുടെ രൂപതകളിലെല്ലാം ജനാഭിമുഖ കുര്‍ബാന നടപ്പായി. ജനാഭിമുഖ കുര്‍ബാനയെന്നു പറയുമ്പോള്‍ അത് അള്‍ത്താരാഭിമുഖവും ബലിപീഠാഭിമുഖവും ദൈവാഭിമുഖവുമാണ്. ആ കുര്‍ബാന നിലവില്‍ വന്നു. നമ്മളെല്ലാം ചെറുപ്പകാലം മുതല്‍ അതനുഭവിച്ചു പോന്നതാണ്. വത്തിക്കാന്‍ കൗണ്‍സിലിന്റെ ആരാധനാക്രമ പ്രമാണരേഖയില്‍ നാം വായിക്കുന്നു, ''ആരാധനാക്രമങ്ങളില്‍ പൂര്‍ണവും ബോധപൂര്‍വകവും കര്‍മ്മോത്സുകവുമായ ഭാഗഭാഗിത്വത്തിലേയ്ക്ക് എല്ലാ വിശ്വാസികളേയും നയിക്കണമെന്നു സഭാമാതാവ് തീവ്രമായി അഭിലഷിക്കുന്നു.'' ആരാധനാക്രമത്തിന്റെ പൂര്‍ണവും ബോധപൂര്‍വകവും കര്‍മ്മോത്സുകവുമായ ഭാഗഭാഗിത്വം.

''തിരുക്കര്‍മ്മങ്ങളില്‍ വിശിഷ്ടമായ ലാളിത്യം തെളിഞ്ഞു നില്‍ക്കണം. അവ ഹ്രസ്വവും വ്യക്തവുമായിരിക്കണം. അനാവശ്യമായ ആവര്‍ത്തനങ്ങള്‍ ഉണ്ടാകുകയുമരുത്. വിശ്വാസികളുടെ ഗ്രഹണശക്തിയില്‍ അവ ഒതുങ്ങി നില്‍ക്കണം. സാധാരണഗതിയില്‍ അധികം വിശദീകരണം ആവശ്യപ്പെടാത്തതുമായിരിക്കണം. ആര്‍ക്കും മനസ്സിലാകുന്ന തരത്തിലായിരിക്കണം വിശദീകരണം.''

നമ്മളൊക്കെ ഇന്ദ്രിയങ്ങള്‍ കൊണ്ടാണ് എല്ലാം അറിയുന്നത്. കാണുകയും കേള്‍ക്കുകയും നമ്മുടെ അവകാശമാണ്. ഇന്ദ്രിയങ്ങള്‍ കൊണ്ടാണ് പൂര്‍ണമായ അനുഭവമുണ്ടാകുക. ഓരോ ആരാധനാക്രമത്തിലും തന്റെ മക്കളുടെ പൂര്‍ണമായ ബോധപൂര്‍വകമായ, കര്‍മ്മോത്സുകമായ ഭാഗഭാഗിത്വം ഉണ്ടാകണമെന്ന് സഭാമാതാവ് അഭിലഷിക്കുന്നു. ആരാധനാക്രമം പരിപൂര്‍ണമായ ഫലം ഉളവാക്കുവാന്‍ ഇത് അത്യന്താപേക്ഷിതമാണ്. ആരാധനാക്രമത്തിന്റെ സ്വഭാവം തന്നെ ഇതാവശ്യപ്പെടുന്നുണ്ട്. തിരഞ്ഞെടുക്കപ്പെട്ട വംശം, രാജകീയ പുരോഹിതഗണം, വിശുദ്ധജനപദം, ദൈവത്തിന്റെ സ്വന്തം ജനം (1 പത്രോസ് 2:9) എന്നീ നിലകളില്‍ ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്ക് അവരുടെ മാമോദീസ വഴി അതിനുള്ള അവകാശവും കടമയുമുണ്ട്. കുര്‍ബാന ഏറ്റവും യോഗ്യമായ രീതിയില്‍ അനുഭവിക്കുവാനും എല്ലാ അര്‍ത്ഥത്തിലും അതില്‍ ഉള്‍ച്ചേരുവാനും നമുക്ക് അവകാശവും കടമയുമുണ്ട് എന്നു വത്തിക്കാന്‍ കൗണ്‍സിലിലൂടെ പരിശുദ്ധാത്മാവ് പ്രഖ്യാപിക്കുകയാണ്. മറച്ചു വയ്ക്കപ്പെടേണ്ട ഒന്നല്ല വിശുദ്ധ കുര്‍ബാന. അതു ജനത്തിന്റെ മുമ്പില്‍ അര്‍പ്പിക്കപ്പെടേണ്ടതാണ്. ഇതെന്റെ ശരീരമാണ്, വാങ്ങി ഭക്ഷിക്കുവിനെന്നു മുഖത്തു നോക്കിയാണു പറയേണ്ടത്, ഒളിച്ചു നിന്നല്ല പറയേണ്ടത്. വളരെ വ്യക്തമാണ് സഭാമാതാവിന്റെ കാഴ്ചപ്പാടുകളും തിരുവെഴുത്തുകളും.

അവകാശമാണ്, ഒപ്പം കടമയുമാണ് എന്നാണു പറഞ്ഞിരിക്കുന്നത്. അവകാശങ്ങള്‍ ലഭിക്കണമെങ്കില്‍ അതിന്റെ പിന്നില്‍ കടമകളുണ്ട്. മോശയുടെ മരണത്തിനു ശേഷം ദൈവജനത്തെയും കൊണ്ടു വാഗ്ദാനനാട്ടിലേയ്ക്കു പോകുന്നത് ജോഷ്വയാണ്. ജോഷ്വ ഓരോ ഗോത്രത്തിനും ഭൂമിയെല്ലാം തിരിച്ചുകൊടുത്തു കഴിഞ്ഞപ്പോള്‍ ഏഴു ഗോത്രങ്ങള്‍ ബാക്കിയായി. ജോഷ്വായുടെ പുസ്തകം പതിനെട്ടാമദ്ധ്യായത്തില്‍ ഇപ്രകാരം പറയുന്നു, ''നിങ്ങളുടെ പിതാക്കന്മാരുടെ ദൈവം നിങ്ങള്‍ക്കു നല്‍കിയിരിക്കുന്ന ദേശം കൈവശപ്പെടുത്താതെ എത്ര നാള്‍ നിങ്ങള്‍ അലസരായിരിക്കും?'' ദൈവം കൊടുത്തിട്ടുണ്ട്, അവകാശമാണ്, കിട്ടും. പക്ഷേ അതു സ്വന്തമാക്കുക എന്ന കാര്യം ജനം ചെയ്യണം.

ജനാഭിമുഖകുര്‍ബാന വിശ്വാസികളുടെ അവകാശമാണ്. പക്ഷേ വേണ്ടതുപോലെ നല്‍കപ്പെടാതെ വരുമ്പോള്‍ ജോലി ചെയ്തു തന്നെ വീണ്ടെടുക്കേണ്ടിവരും. അതിനു സഭ ഉണരണം, ജനം ഉണരണം. പ്രവര്‍ത്തിക്കുകയും പ്രാര്‍ത്ഥിക്കുകയും വേണം.

ദൈവജനത്തിന്റെ അവകാശത്തെ പറ്റി പഠിപ്പിച്ച ശേഷം വത്തിക്കാന്‍ കൗണ്‍സില്‍ ആരാധനാക്രമപ്രമാണരേഖയില്‍ സഭ പറയുന്നു, ''തന്മൂലം ആത്മപാലകര്‍ ആരാധനാക്രമങ്ങള്‍ അനുഷ്ഠിക്കുമ്പോള്‍ അവ സാധുവായും നൈയാമികമായും പരികര്‍മ്മം ചെയ്താല്‍ മാത്രം പോരാ, വിശ്വാസികള്‍ അതില്‍ ബോധപൂര്‍വം സജീവവും ഫലപ്രദവുമായി പങ്കെടുക്കാന്‍ പര്യാപ്തമായ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ ശ്രദ്ധിക്കേണ്ടതുമാണ്.''

സാധുവായ കുര്‍ബാന അര്‍പ്പിച്ചാല്‍ മാത്രം പോരാ. അതില്‍ പങ്കെടുക്കുന്ന വിശ്വാസികള്‍ക്കു അതില്‍ സജീവവും ബോധപൂര്‍വകവും ഫലപ്രദവുമായ രീതിയില്‍ പങ്കെടുക്കാന്‍ പര്യാപ്തമായ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ ശ്രദ്ധിക്കേണ്ടതുമാണ്. ജനത്തിന് അനുഭവമാക്കാന്‍ തക്കവിധം അവരുടെ മുമ്പില്‍ ഇത് അര്‍പ്പിക്കുക. ജനാഭിമുഖകുര്‍ബാനയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത് ഇക്കാര്യമാണ്. വലിയൊരു ദൗത്യമാണിത്. സീറോ മലബാര്‍ സഭയ്ക്കു വേണ്ടി മുഴുവനുമാണ് ഈ പ്രവര്‍ത്തനം.

ജനത്തിന് ദിവ്യബലിയില്‍ സജീവമായി പങ്കെടുക്കാനാവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യണമെന്നു വത്തിക്കാന്‍ കൗണ്‍സില്‍ വ്യക്തമായി പറഞ്ഞിരിക്കുകയാണ്. അങ്ങനെ ചെയ്താല്‍ കൊള്ളാമെന്നോ, ചെയ്യുന്നതില്‍ കുഴപ്പമില്ലെന്നോ അല്ല. മറ്റൊരു വഴിയെ പറ്റി വത്തിക്കാന്‍ കൗണ്‍സില്‍ ചിന്തിക്കുന്നില്ല. ഈശോയുടെ ബലിയില്‍ സംബന്ധിച്ച് അതില്‍ നിന്നൂര്‍ജ്ജം സ്വീകരിച്ചു മാത്രമേ ദൈവികജീവനില്‍ വ്യാപരിക്കുന്നതിനും സ്വര്‍ഗോന്മുഖമായി യാത്ര ചെയ്യുന്നതിനും നമുക്കു സാധിക്കുകയുള്ളൂ. അതില്‍ നിന്നു നമ്മെ തടയുന്ന സകല ക്രമീകരണങ്ങളും നമുക്കു നിഷേധിക്കേണ്ടതുണ്ട്. അതൊന്നും ദൈവത്തില്‍ നിന്നുള്ളതല്ല എന്നതു വ്യക്തമാണ്. അതുകൊണ്ട് യോഗ്യമായ വഴികളിലൂടെ നമുക്ക് ഏറ്റവും ഉത്തമമായ അവസ്ഥയിലേയ്ക്കു കടന്നുവരേണ്ടതുണ്ട്.

ആരാധനാക്രമപ്രമാണരേഖയുടെ ഖണ്ഡിക 34-ല്‍ സഭ പഠിപ്പിക്കുന്നു, ''തിരുക്കര്‍മ്മങ്ങളില്‍ വിശിഷ്ടമായ ലാളിത്യം തെളിഞ്ഞു നില്‍ക്കണം. അവ ഹ്രസ്വവും വ്യക്തവുമായിരിക്കണം. അനാവശ്യമായ ആവര്‍ത്തനങ്ങള്‍ ഉണ്ടാകുകയുമരുത്. വിശ്വാസികളുടെ ഗ്രഹണശക്തിയില്‍ അവ ഒതുങ്ങി നില്‍ക്കണം. സാധാരണഗതിയില്‍ അധികം വിശദീകരണം ആവശ്യപ്പെടാത്തതുമായിരിക്കണം. ആര്‍ക്കും മനസ്സിലാകുന്ന തരത്തിലായിരിക്കണം വിശദീകരണം.'' മനിക്കേയന്‍ കുരിശു വച്ചിട്ട് ഇത് ഉത്ഥിതനായ ക്രിസ്തുവാണെന്നൊക്കെ പറയുന്നത് സഭാവിരുദ്ധം തന്നെയാണെന്നു പറയാതെ വയ്യ.

ജനാഭിമുഖകുര്‍ബാനയ്ക്കു വേണ്ടി വാദിക്കുന്നവര്‍ക്ക് ആരോടും വെറുപ്പില്ല, വഴക്കില്ല, വിദ്വേഷമില്ല. പക്ഷേ, ചെയ്യുന്ന തെറ്റു തെറ്റു തന്നെയാണെന്നു പറയാന്‍ മുതിരുകയാണ്. അതിനു മുതിര്‍ന്നില്ലെങ്കില്‍ ദൈവം നമ്മെ കുറ്റക്കാരായി കാണുമെന്നു ഞാന്‍ വിശ്വസിക്കുന്നു. അടുത്ത തലമുറ നമ്മെ പഴിക്കുമെന്നു ഞാന്‍ വിശ്വസിക്കുന്നു. കൃത്യമായും വ്യക്തമായും ഉള്ള കാര്യങ്ങള്‍ മറച്ചു, ആര്‍ക്കും മനസ്സിലാകാത്ത കാര്യങ്ങള്‍ കൊണ്ടുവന്ന്, അതിതാണ്, അതാണ് എന്നൊക്കെ പറയുന്നത് നമ്മെ ബുദ്ധിമുട്ടിക്കുന്ന കാര്യമാണ്. അതുകൊണ്ട് വളരെയേറെ ആത്മധൈര്യത്തോടെ ദൈവഹിതമാണ് ഇതെന്ന തിരിച്ചറിവോടെ, സഭയും ക്രിസ്തുവും മറ്റൊരു പോംവഴി നമുക്കു തരുന്നില്ല എന്ന തിരിച്ചറിവോടെ, ഈ പാതയില്‍ ഐക്യത്തോടെ മുന്നേറണം.

നിയമാവര്‍ത്തനം 23:9 ല്‍ പറയുന്നു, ''ശത്രുക്കള്‍ക്കെതിരായി പാളയമടിക്കുമ്പോള്‍ നിങ്ങള്‍ എല്ലാ തിന്മകളില്‍ നിന്നും വിമുക്തരായിരിക്കണം.'' ഇവിടെ ശത്രു പിശാചാണ്, മറ്റാരുമല്ല. ഈ പിശാചിനെതിരായ പോരാട്ടത്തില്‍ നാം ഏര്‍പ്പെട്ടിരിക്കുകയാണ്. ഇതില്‍ വിജയിക്കണമെന്നുണ്ടെങ്കില്‍ ദൈവത്തിന്റെ ശക്തി വേണം. നമ്മുടെ സംഘബലം കൊണ്ടോ തന്ത്രങ്ങള്‍ കൊണ്ടോ വിജയിക്കുകയില്ല. ദൈവം കൂടെയില്ലെങ്കില്‍ വിജയിക്കുകയില്ല. ദൈവം കൂടെയുണ്ടാകണമെങ്കില്‍ എല്ലാ തിന്മകളില്‍ നിന്നും നാം വിമുക്തരായിരിക്കണം. അതാണു ജോഷ്വാ പറഞ്ഞത്, ''ഇന്നു നിങ്ങള്‍ നിങ്ങളെ തന്നെ ശുദ്ധീകരിച്ചാല്‍ നാളെ ദൈവം നിങ്ങളുടെ മദ്ധ്യേ അത്ഭുതം പ്രവര്‍ത്തിക്കും.'' നമ്മുടെ മനസ്സില്‍ വെറുപ്പും വിദ്വേഷവും ശത്രുതയും കയറിയാല്‍ നമ്മള്‍ ദൈവത്തിന്റെ പക്കല്‍ നിന്നു പടിയിറങ്ങുകയാണ്. പിന്നെ നമുക്കു ദൈവത്തിന്റെ സഹായം ഉണ്ടാകുകയില്ല. പ്രവര്‍ത്തിക്കുന്നവര്‍ കൂടുതല്‍ പ്രാര്‍ത്ഥിക്കുകയും കൂടുതല്‍ സമയം കര്‍ത്താവിനോടു സംസാരിക്കുകയും ചെയ്യണം. ഇതൊരു ധര്‍മ്മസമരമാണ്. ഇതില്‍ വിജയം നമുക്ക് ദൈവം കണ്ടുവച്ചിട്ടുണ്ട്. ഉറപ്പാണത്. കാരണം നമ്മളൊരന്യായത്തിനുമല്ല. നമുക്കു വേണ്ടിയും തലമുറകള്‍ക്കു വേണ്ടിയും സഭ മുഴുവനു വേണ്ടിയും സാര്‍വത്രികസഭയോടു ചേര്‍ന്നു നാം നില്‍ക്കുകയാണ്. സാര്‍വത്രികസഭയ്ക്കു പരിശുദ്ധാത്മാവു കൊടുത്ത ആ വെളിച്ചത്തെ നമുക്കു മാറ്റിക്കളയാനാവില്ല. അതിനുള്ള അവകാശം നമുക്കില്ല. അതുകൊണ്ടു നാം ഉറച്ചു നില്‍ക്കുകയാണ്. പക്ഷേ, നിരന്തരമായ പ്രാര്‍ത്ഥനയുടെ വഴിയാണു നമ്മുടെ വഴി. ഓരോ വാക്കു പറയുമ്പോഴും ശ്രദ്ധിക്കണം. ദൈവം തന്ന സുബോധവും നന്മയുടെ ചിന്തകളും ധാര്‍മ്മികനിലവാരവും പുലര്‍ത്തി മാത്രമേ സംസാരിക്കാവൂ, പ്രവര്‍ത്തിക്കാവൂ. അവിടെ ദൈവം കൂടെയുണ്ടാകും. പ്രതീക്ഷിക്കുന്നതിനുമപ്പുറം വേഗത്തില്‍ വിജയം നമ്മുടെ പക്കലെത്തിച്ചേരും.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org