സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവവും സമഗ്രാധിപത്യത്തിന്റെ തളിരിടലും

സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവവും സമഗ്രാധിപത്യത്തിന്റെ തളിരിടലും
ഫാസിസം എന്ന ചെന്നായ കുഞ്ഞാടിന്റെ രൂപത്തില്‍ ഭരണ വ്യവസ്ഥിതിയുടെ ഉള്ളില്‍ കയറിക്കൂടി കഴിഞ്ഞിരിക്കുന്നു. ഈയൊരു പശ്ചാത്തലത്തില്‍ ഉയരേണ്ടത് ചെറുത്തു നില്‍പ്പിന്റെ ശബ്ദങ്ങളാണ്.

ആമുഖം

സ്വാതന്ത്ര്യത്തിന്റെ 74 വര്‍ഷങ്ങള്‍ ഒരു ധൂമകേതു എന്ന പോലെ കടന്നുപോയിരിക്കുന്നു. എല്ലാ കടന്നുപോകലുകളും നിസ്സഹായരായി നില്‍ക്കുന്ന ചില കാഴ്ചക്കാരെ സൃഷ്ടിക്കാറുണ്ട്. അതുപോലെ സ്വാതന്ത്ര്യത്തിന്റെ സ്മരണയും ചില നിസ്സഹായരെ അവശേഷിപ്പിക്കുന്നുണ്ട്. അതിന്റെ തെളിവാണ് നിസ്സംഗമായ ഒരു നിശബ്ദത മുമ്പില്ലാത്തതുപോലെ രാജ്യത്താകമാനം പടര്‍ന്നിരിക്കുന്നത്. ഹിമാലയത്തിനോളം മഹിമയുണ്ടായിരുന്ന ഭാരതത്തിന്റെ ഭരണഘടനാധിഷ്ഠിതമായ ജനാധിപത്യം ഊര്‍ദ്ധ്വശ്വാസം വലിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ പിന്നില്‍ നിന്നും കുത്തി വീഴ്ത്തുന്ന 'ഓപ്പറേഷന്‍ താമരകള്‍' നിത്യസംഭവമാകുന്നു.

സമഗ്രാധിപത്യത്തിന്റെ (Totalitarianism) അതീവമാരകമായ വൈറസാണ് ഇന്ത്യയെ ബാധിച്ചിരിക്കുന്നത്. ഭരണഘടനയുടെ ആ ദര്‍ശങ്ങളും വ്യവസ്ഥയും ചേര്‍ന്ന റിപ്പബ്ലിക്കിന്റെ പ്രതിരോധശക്തി അതിനു മുമ്പില്‍ ദുര്‍ബലമായിരിക്കുന്നു. ഫാസിസം എന്ന ചെന്നായ കുഞ്ഞാടിന്റെ രൂപത്തില്‍ ഭരണവ്യവസ്ഥിതിയുടെ ഉള്ളില്‍ കയറിക്കൂടി കഴിഞ്ഞിരിക്കുന്നു. ഈയൊരു പശ്ചാത്തലത്തില്‍ ഉയരേണ്ടത് ചെറുത്തുനില്‍പ്പിന്റെ ശബ്ദങ്ങളാണ്.

ക്രൈസ്തവീകതയും സമഗ്രാധിപത്യവും

ക്രൈസ്തവികതയ്ക്ക് ഒരിക്കലും സ്വേച്ഛാധിപത്യവുമായി സൗഹൃദം സ്ഥാപിക്കാന്‍ സാധിക്കില്ല. കാരണം, വിശുദ്ധഗ്രന്ഥത്തിലെ വെളിപാട് പുസ്തകംതന്നെ സ്വേച്ഛാധിപത്യത്തിനെതിരെയുള്ള ഒരു തുറന്ന നിലപാടാണ്, അതിന്റെ ഭാഷ പ്രതീകാത്മകമാണെങ്കില്‍ പോലും.

സമഗ്രാധിപത്യത്തിന്റെ നീചമുഖം തുറന്നു കാണിക്കുന്ന കൃതിയാണ് യോഹന്നാന്‍ എഴുതിയ വെളിപാട്. പ്രവചനത്തിലെ വാക്കുകളാണത് (വെളി. 1:3). കാരണം, യോഹന്നാന്‍ ഒരു സാക്ഷി മാത്രമല്ല, പ്രവാചകന്‍ കൂടിയാണ്; വ്യക്തമായ ഉദ്ദേശത്തോടുകൂടി കാര്യങ്ങള്‍ നടത്തുന്നവന്‍. അങ്ങനെയാണ് അവന്‍ ചരിത്രത്തിന്റെ മൂടുപടം മാറ്റുന്നത്. വെളിപാട് () എന്ന ഗ്രീക്ക് പദത്തിന് 'മൂടുപടം മാറ്റുക' എന്നും അര്‍ത്ഥമുണ്ട്. ഇന്നലെയുടെതല്ല, ഇന്നിന്റെ മൂടുപടമാണ് യോഹന്നാന്‍ അഴിച്ചു മാറ്റുന്നത്. വര്‍ത്തമാന ചരിത്രത്തിനുള്ളിലെ ദൈവിക പ്രവൃത്തികളെ അവന്‍ തുറന്നു കാണിക്കുന്നു. ഒരു പ്രവചനമാണ് അവന്‍ കൈമാറുന്നത്. അത് നമ്മുടെ ഭാവിയെക്കുറിച്ചല്ല, വര്‍ത്തമാനത്തെ കുറിച്ചാണ്. വര്‍ത്തമാനത്തില്‍ അവന്‍ ഭാവി കാണുന്നു, നമ്മള്‍ സഞ്ചരിക്കുന്ന ദിശയെ ദര്‍ശിക്കുന്നു.

'ചെവിയുള്ളവന്‍ കേള്‍ക്കട്ടെ' (13:9) എന്ന് പറഞ്ഞുകൊണ്ടാണ് യോഹന്നാന്‍ സമഗ്രാധിപത്യത്തിന്റെ രഹസ്യം പതിമൂന്നാം അധ്യായത്തില്‍ വെളിപ്പെടുത്തുന്നത്. തിന്മയുടെ സാന്നിധ്യമാണ് അത്. അതിന്റെ മൂടുപടം നീക്കാനാണ് അവന്‍ ശ്രമിക്കുന്നത്. ചരിത്രത്തില്‍ രാഷ്ട്രീയശക്തി എന്തായിരിക്കുമെന്നും മനുഷ്യര്‍ എങ്ങനെ ഈ ശക്തിയുടെ ഇരകളും കൂട്ടാളികളുമായി മാറുമെന്നും പ്രതീകാത്മകമായ ഭാഷയിലൂടെ അവന്‍ പ്രവചിക്കുന്നു. അടയാളങ്ങളാണ് അവന്‍ നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുന്നത്. അതായത്, അവന്‍ ചില ചിത്രങ്ങള്‍ അവതരിപ്പിക്കുന്നു. അവയെ വിവരിക്കുന്നു. എന്നിട്ട് അവയെ 'സിഗ്‌നലുകള്‍' ആയി ചിത്രീകരിക്കുന്നു. ആ സിഗ്‌നലുകള്‍ നമ്മള്‍ എങ്ങോട്ട് നോക്കണമെന്നും എങ്ങോട്ട് പോകണമെന്നും പറയുന്ന താക്കീതുകളും ദിശാസൂചികകളുമാണ്.

സമഗ്രാധിപത്യം എന്ന തിന്മയെ മനസ്സിലാക്കണമെങ്കില്‍ ആദ്യം നമ്മള്‍ വെളിപാടിന്റെ പുസ്തകം പന്ത്രണ്ടാം അദ്ധ്യായത്തിലൂടെ കടന്നുപോകണം.

സ്ത്രീയും മഹാവ്യാളിയും

പന്ത്രണ്ടാം അധ്യായത്തില്‍ യോഹന്നാന്‍ സൂര്യനെ ഉടയാടയാക്കിയ ഒരു സ്ത്രീയെയും തീ നിറമുള്ള ഒരു മഹാവ്യാളിയെയും ചിത്രീകരിക്കുന്നുണ്ട്. സ്ത്രീ ഇസ്രായേലാണ്; സീയോന്‍ പുത്രി. അവള്‍ ഒരു കുഞ്ഞിനെ പ്രസവിക്കുന്നു. പക്ഷേ ആ കുഞ്ഞിനെ തകര്‍ക്കാന്‍ ഒരു വ്യാളി വ്യര്‍ത്ഥമായി ശ്രമിക്കുന്നു. കാരണം, ആ കുഞ്ഞിനെ ദൈവം സ്വര്‍ഗ്ഗത്തിലേക്ക് ഉയര്‍ത്തുകയും കര്‍ത്താവായി മഹത്വപ്പെടുത്തുകയും ചെയ്തിരിക്കുന്നു. പക്ഷേ കൊലപാതകിയായ ആ മഹാവ്യാളി ഭൂമിയിലും മനുഷ്യചരിത്രത്തിലും ഇപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്: 'അപ്പോള്‍ വ്യാളി സ്ത്രീയുടെ നേരേ കോപിച്ചു. ദൈവകല്‍പനകള്‍ പാലിക്കുന്നവരും യേശുവിന്റെ സാക്ഷ്യം വഹിക്കുന്നവരുമായി അവളുടെ സന്താനങ്ങളില്‍ ശേഷിച്ചിരുന്നവരോടു യുദ്ധം ചെയ്യാന്‍ അതു പുറപ്പെട്ടു' (12:17).

യോഹന്നാന്റെ ഭാഷ പ്രതീകാത്മകമാണ്. ആ പ്രതീകാത്മകതയിലൂടെ അവന്‍ പറയുന്ന ഒരു കാര്യമുണ്ട്: മനുഷ്യരാശിയുടെ ചരിത്രത്തിനുമേല്‍ മാരകവും ഹിംസാത്മകവുമായ ഒരു ശക്തി പ്രവര്‍ത്തിക്കുന്നുണ്ട്. അത് ഭൂമിയില്‍ നാശവും യുദ്ധവും വിതയ്ക്കും. അനീതിയെയും അടിമത്തത്തെയും അന്യവല്‍ക്കരണത്തെയും അടിച്ചമര്‍ത്തലിനെയും അത് പോഷിപ്പിക്കും. സൂര്യനെ ഉടയാടയാക്കിയ സ്ത്രീയുടെ പലായനം ചരിത്രത്തിന്റെ സംഗ്രഹമാണ്. അത് രക്ഷയുടെ ചരിത്രമാണ്, പോരാട്ടത്തിന്റെ ചരിത്രമാണ്: നന്മയും തിന്മയും തമ്മിലുള്ള പോരാട്ടം, ദൈവവും സാത്താനും തമ്മിലുള്ള പോരാട്ടം, ക്രിസ്തുവും എതിര്‍ക്രിസ്തുവും തമ്മിലുള്ള പോരാട്ടം, വിമോചകനും അടിച്ചമര്‍ത്തുന്നവനും തമ്മിലുള്ള പോരാട്ടം. ഈ പോരാട്ടമാണ് മനുഷ്യചരിത്രത്തിന്റെ നിഗൂഢത. അപ്പോള്‍ ചോദിക്കാം; ഈ നിഗൂഢതയുടെ പിന്നിലുള്ള ശക്തി എന്താണ്? തിന്മയാണെങ്കില്‍, ആരാണ് ആ തിന്മയുടെ അവതാരം? പാത്മോസ് കടല്‍ത്തീരത്തിരുന്ന് യോഹന്നാനും ചിന്തിച്ചിട്ടുണ്ടാകണം ഇതേ ചോദ്യങ്ങള്‍. അങ്ങനെയാണ് രണ്ടു മൃഗങ്ങളെക്കുറിച്ച് അവന്‍ പ്രവചിക്കുന്നത്.

കടലില്‍നിന്നു കയറിവരുന്ന മൃഗം

'കടലില്‍നിന്നു കയറിവരുന്ന ഒരു മൃഗത്തെ ഞാന്‍ കണ്ടു. അതിനു പത്തു കൊമ്പും ഏഴു തലയും കൊമ്പുകളില്‍ പത്തു രത്‌നങ്ങളും തലകളില്‍ ദൈവദൂഷണപരമായ ഒരു നാമവുമുണ്ടായിരുന്നു' (13:1).

കടല്‍ ബൈബിള്‍ ഭാഷ്യത്തില്‍ നിഷേധാത്മകതയുടെയും അരാജകത്വത്തിന്റെയും പ്രതീകവും പ്രതിനിധിയുമാണ്. മധ്യധരണ്യാഴിയാണ് ദര്‍ശനത്തിലെ കടല്‍. ഇതാ, പന്ത്രണ്ടാം അധ്യായത്തില്‍ പ്രതിപാദിക്കുന്ന വ്യാളിയെപോലെ ഏഴു തലകളുള്ള ഒരു മൃഗം ആ കടലില്‍നിന്നും കയറി വരുന്നു. അതിന്റെ പത്തു കൊമ്പുകളിലും കിരീടങ്ങളുണ്ട്. അവ ആ മൃഗത്തിന്റെ അധികാരത്തിന്റെയും ശക്തിയുടെയും ആധിപത്യത്തിന്റെയും പ്രതീകമാണ്. അതിന്റെ ഏഴ് തലകളിലും ശീര്‍ഷകങ്ങളായി പതിച്ചിരിക്കുന്നത് ദൈവദൂഷണങ്ങളാണ്. റോമന്‍ സാമ്രാജ്യത്തിന്റെ രാഷ്ട്രീയ അധികാരത്തേയും ശക്തിയേയുമാണ് വെളിപാട് ഗ്രന്ഥകാരന്‍ പ്രതീകാത്മകമായി കുറിക്കുന്നത്. ദാനിയേല്‍ പ്രവാചകന്റെ പുസ്തകത്തിലും ഇതേ കാഴ്ച നമുക്ക് കാണാവുന്നതാണ് (7:37). അവിടെ അവന്‍ ദര്‍ശിക്കുന്നത് നാലു മൃഗങ്ങളെയാണ്: ബാബിലോണ്‍, മേദിയ, പേര്‍ഷ്യ, ഗ്രീസ് എന്നീ സാമ്രാജ്യങ്ങളുടെ പ്രതീകങ്ങള്‍. എന്നാല്‍ യോഹന്നാന്‍ ദര്‍ശിക്കുന്നത് സകല ശക്തികളെയും ആവാഹിച്ച് കടന്നുവരുന്ന ഏഴ് തലകളുള്ള റോമന്‍ സാമ്രാജ്യത്തെയാണ്.

സമഗ്രാധിപത്യത്തിന്റെ ക്രൗര ഭാവത്തെ പ്രതീകാത്മകമായ ഭാഷയിലൂടെ വരയ്ക്കുകയാണ് ലേഖകന്‍. മൃഗീയവും മനുഷ്യത്വ രഹിതവുമാണത്. ദൈവദൂഷണമാണ് അതിന്റെ തലവാചകം. അത് ആദ്യം തിരിയുക ദൈവത്തിനെതിരെയായിരിക്കും. ദൈവത്തെയും മതത്തെയും നിഷേധിച്ചാല്‍ മനുഷ്യരെ അടിച്ചമര്‍ത്താന്‍ എളുപ്പമാണ്. അതുകൊണ്ടാണ് സര്‍വ്വ വ്യാപിയായ ദൈവത്തിനു പകരം ഭരിക്കുന്നവന്‍ എല്ലായിടത്തും നിറയുന്ന യാഥാര്‍ത്ഥ്യമാണ് ഏകാധിപത്യമെന്ന് പറയുന്നത്. ഭരണാധികാരി എല്ലാം വിഴുങ്ങുന്ന രാക്ഷസനായി മാറുന്ന അവസ്ഥ. അവനാകും പിന്നീട് ജീവന്റെയും മരണത്തിന്റെയും സമ്പൂര്‍ണ്ണ മധ്യസ്ഥന്‍. അങ്ങനെ നമ്മുടെ ഭരണാധികാരികള്‍ നന്മതിന്മയ്ക്ക് മുകളില്‍ സ്വയം പ്രതിഷ്ഠിക്കുന്ന വിധികര്‍ത്താക്കളാകുകയും അവരുടെ ക്രൂരതകള്‍ക്കെതിരെ ഒരു വാക്കുപോലും ഉരിയാടാന്‍ പറ്റാതെ നിശബ്ദതയുടെ കല്‍പ്പുറ്റിനുള്ളില്‍ കഴിയുന്നവരാകുകയും ചെയ്യും നമ്മള്‍.

ഏഴു തലകളുള്ള ഈ മൃഗത്താല്‍ വശീകരിക്കപ്പെടുന്നവരിലും അതിനെ ഒരു വിസ്മയമായി കരുതുന്നവരിലും അത് കൊണ്ടു വരുന്ന തിന്മ പ്രവര്‍ത്തിക്കുന്നതായി യോഹന്നാന്‍ ദര്‍ശിക്കുന്നുണ്ട്. മുറിവേറ്റ ഒരു മൃഗമാണത്. എങ്കിലും മരണകാരണമായ ആ മുറിവ് സുഖമാക്കപ്പെട്ടു എന്ന് ലേഖകന്‍ കുറിക്കുന്നു (13:3). സമഗ്രാധിപത്യം തുടര്‍ന്നുകൊണ്ടിരിക്കുന്നു. അതിനെ പെട്ടെന്ന് കീഴ്‌പ്പെടുത്താന്‍ സാധിക്കില്ല. മുറിവേറ്റാല്‍ അത് സ്വയം സുഖപ്പെടുത്തും. അങ്ങനെ അത് തുടര്‍ച്ചയായി പുനര്‍ ജനിക്കും. ഭൂരിപക്ഷം ആ ഭരണത്തെ ആരാധിക്കും. അവര്‍ അതിനെ ആരാധിച്ചുകൊണ്ടു വിളിച്ചു പറയും: 'ഈ മൃഗത്തെപ്പോലെ ആരുണ്ട്? ഇതിനോടു പോരാടാന്‍ ആര്‍ക്കു കഴിയും?' (13:4). അങ്ങനെയാണ് സമഗ്രാധിപത്യം ഒരു മതമായി മാറുന്നത്.

സമഗ്രാധിപത്യം എന്ന മൃഗം നിഷ്‌ക്രിയമല്ല. അത് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. ദൈവനിന്ദ മാത്രമല്ല അത് ചെയ്യുക, തന്നെ എതിര്‍ക്കുന്നവരെ ഇല്ലായ്മ ചെയ്തുകൊണ്ടും ദരിദ്രരോടും യുവാക്കളോടും എതിരെ നിരന്തരം പോരാടിക്കൊണ്ടിരിക്കുകയുമാണ്. അങ്ങനെ അത് ഇരകളെയും അടിമകളെയും സൃഷ്ടിക്കുന്നു, അവരുടെ സ്വാതന്ത്ര്യം അപഹരിക്കുന്നു, അവരുടെ വിശപ്പിനെയും ദാഹത്തിനെയും അവഗണിക്കുന്നു. സമഗ്രാധിപത്യത്തിന് എന്തെങ്കിലും മഹത്ത്വമുണ്ടോ? സമ്പന്നരുടെ ഭവനങ്ങളില്‍ മാത്രം വസന്തം കൊണ്ടുവരുക എന്നതു മാത്രമാണ് അതിന്റെ ഏക 'മഹത്ത്വം.' അത് അവരുടെ ആഭരണങ്ങളില്‍ രത്‌നങ്ങള്‍ കൊണ്ടു നിറയ്ക്കും. എന്നിട്ട് 'ജീവിതാഹന്തയെ' സമൃദ്ധിയുടെ പര്യായമായി ചിത്രീകരിക്കും. അങ്ങനെയാണ് മൃഗം അതിന്റെ ലക്ഷ്യം കൈവരിക്കുക: 'വധിക്കപ്പെട്ട കുഞ്ഞാടിന്റെ ജീവഗ്രന്ഥത്തില്‍, ലോകസ്ഥാപനം മുതല്‍ പേരെഴുതപ്പെടാത്തവരായി ഭൂമിയില്‍ വസിക്കുന്ന സര്‍വരും അതിനെ ആരാധിക്കും' (13:8).

സമഗ്രാധിപത്യം എന്ന മൃഗം നിഷ്‌ക്രിയമല്ല. അത് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. ദൈവനിന്ദ മാത്രമല്ല അത് ചെയ്യുക, തന്നെ എതിര്‍ക്കുന്നവരെ ഇല്ലായ്മ ചെയ്തുകൊണ്ടും ദരിദ്രരോടും യുവാക്കളോടും എതിരെ നിരന്തരം പോരാടിക്കൊണ്ടിരിക്കുകയുമാണ്. അങ്ങനെ അത് ഇരകളെയും അടിമകളെയും സൃഷ്ടിക്കുന്നു, അവരുടെ സ്വാതന്ത്ര്യം അപഹരിക്കുന്നു, അവരുടെ വിശപ്പിനെയും ദാഹത്തിനെയും അവഗണിക്കുന്നു.

ഭൂമിക്കുള്ളില്‍നിന്നു കയറിവരുന്ന മൃഗം

കടലില്‍നിന്നു കയറി വന്ന മൃഗത്തിന് ഒറ്റയ്ക്ക് ഭരിക്കാന്‍ സാധിക്കില്ല. അതിന് ചില സഹായങ്ങള്‍ വേണം. അതുകൊണ്ടാണ് വളരെ സൂക്ഷ്മമായ വിവേചനബുദ്ധിയോടെ ലേഖകന്‍ മറ്റൊരു മൃഗത്തെ ചിത്രീകരിക്കുന്നത്. ഈ മൃഗം ഭൂമിക്കുള്ളില്‍ നിന്നാണ് വരുന്നത് (13:11-15). ദശകങ്ങളായി സാമ്രാജ്യത്വം ഒരു കള്‍ട്ട് ആയി വ്യാപിച്ചിരുന്ന ഏഷ്യാമൈനറിന്റെ പ്രതീകവും പ്രതിനിധിയുമാണത്. റോമന്‍ ചക്രവര്‍ത്തിക്ക് വേണ്ടി ക്ഷേത്രങ്ങള്‍ പണിയുകയുകയും അയാളുടെ പ്രതിമയെ ആരാധിക്കുകയും ചെയ്തിരുന്ന ഏഷ്യാ മൈനര്‍.

ഈ മൃഗത്തിന് കുഞ്ഞാടിന്റെ രൂപമാണ്. അതിന് രണ്ടു കൊമ്പുകളുണ്ട്. അത് സംസാരിക്കുന്നത് പന്ത്രണ്ടാമത്തെ അധ്യായത്തില്‍ കാണുന്ന വ്യാളിയെ പോലെയാണ്. ആദ്യത്തെ മൃഗത്തില്‍ നിന്നും ഇതിനെ വേര്‍തിരിക്കാന്‍ സാധിക്കില്ല. ഈ മൃഗം ആദ്യത്തെ മൃഗമായ സമഗ്രാധിപത്യത്തിന്റെ ഉപജാപകനാണ്. ഇത് പ്രതിനിധീകരിക്കുന്നതും സംസാരിക്കുന്നതും ആദ്യത്തെ മൃഗത്തിന് വേണ്ടിയാണ്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ സമഗ്രാധിപത്യത്തിന്റെനാവാണ്, പ്രചാരകനാണ്, പ്രത്യയശാസ്ത്രമാണ് ഈ മൃഗം. സമഗ്രാധിപത്യത്തിന്റെ സ്തുതിപാടകനാണ്. അത് സ്വേച്ഛാധിപതിയെ ദൈവതുല്യനാക്കി നാടുമുഴുവന്‍ അയാളുടെ പ്രതിമകള്‍ സ്ഥാപിക്കും. പിന്നീട് ആ പ്രതിമയെ വണങ്ങാത്തവരെ വധിക്കും. കുഞ്ഞാടിന്റെ നിഷ്‌കളങ്കരൂപമുള്ള ഈ മൃഗം സ്വേച്ഛാധിപത്യശക്തികള്‍ക്കു വേണ്ടി ജനങ്ങളെ വശീകരിക്കുന്ന മാധ്യമജിഹ്വകളാണ്. അത് തിന്മയുടെ ശക്തികള്‍ക്ക് മനുഷ്യന്റെ പേര് നല്‍കുകയും അതിനെ ദൈവികമാക്കുകയും ചെയ്യും (13:18).

സ്വേച്ഛാധിപതിയുടെ കുടിലതകളെ തേന്‍പുരുട്ടി പ്രദര്‍ശിപ്പിച്ച് അവന്‍ വിഭാവനം ചെയ്യുന്ന അടിമത്വത്തിലേക്ക് ആകര്‍ഷിക്കുക എന്നതാണ് രണ്ടാമത്തെ മൃഗത്തിന്റെ പ്രധാന ദൗത്യം. അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ള ശക്തമായ ആശയവിനിമയ മാര്‍ഗ്ഗങ്ങള്‍ അതിനായി ഈ മൃഗം ഉപയോഗിക്കും. ഇങ്ങനെയുള്ള ആശയവിനിമയ മാര്‍ഗത്തിലൂടെ മാത്രമേ ആദ്യത്തെ മൃഗത്തിന് അതിന്റെ അധികാരം നിലനിര്‍ത്താന്‍ സാധിക്കൂ. അതിനായി ജനങ്ങളെരസിപ്പിക്കുന്നതും വശീകരിക്കുന്നതുമായ പ്രചരണങ്ങള്‍ രണ്ടാമത്തെ മൃഗം നടത്തും. അസത്യങ്ങള്‍കൊണ്ട് അത് ഒരു ആരാമം സൃഷ്ടിക്കും. അതില്‍ ആദ്യത്തെ മൃഗമായ ഏകാധിപതിയെ മഹാനായകനായി അഭിഷേകം ചെയ്യും. ആരാധിക്കാനായി അവന്റെ പ്രതിമകള്‍ നാടുനീളെ പ്രതിഷ്ഠിക്കും. അങ്ങനെ അധികാരത്തിന്റെ ഗംഭീരവല്‍ക്കരണം വ്യക്തിയാരാധനയിലൂടെ സാധ്യമാക്കും.

വെളിപാട് ലേഖകന്റെ ദര്‍ശനം വളരെ കൃത്യമാണ്: നിര്‍ഗുണനല്ല ഈ മൃഗം. സ്വേച്ഛാധിപതിയെ ആരാധിക്കാന്‍ അത് നിരന്തരം എല്ലാവരെയും പ്രേരിപ്പിക്കുകയാണ്. ചെറിയവരും വലിയവരും ധനികരും ദരിദ്രരും സ്വതന്ത്രരും അടിമകളുമായ എല്ലാവരും അവനെ ആരാധിച്ചാല്‍ അവരുടെ വലംകൈയിലോ നെറ്റിയിലോ ഒരു അടയാളം ലഭിക്കും. ആ അടയാളം ഉള്ളവര്‍ക്ക് കൊടുക്കല്‍ വാങ്ങാല്‍ സാധ്യമാകും (13:16-17). ഇങ്ങനെയാണ് സ്വേച്ഛാധിപതിയെന്ന മൃഗം മനുഷ്യജീവിതത്തെ ചുരുക്കുന്നത്. സ്വേച്ഛാധിപതികളെ സംബന്ധിച്ച് മനുഷ്യന്‍ എന്നാല്‍ കൊടുക്കല്‍വാങ്ങലുകളുടെ ഉള്ളിലെ ഒരു സാധനം മാത്രമാണ്. വാങ്ങാനും വില്‍ക്കാനുള്ള അവകാശത്തെയാണ് അവര്‍ ജീവിതത്തിന്റെ നിര്‍വചനമായി കരുതുന്നത്. കച്ചവടത്തിന്റെ അളവുകോലിനെ ജീവിതമൂല്യങ്ങള്‍ അളക്കുന്ന മാപിനിയായി അവര്‍ ചിത്രീകരിക്കും.

സ്വേച്ഛാധിപത്യം നല്‍കുന്ന അടയാളം അടിമത്തത്തിന്റെ അടയാളമാണ്. അതു കൂട്ടായ്മയുടെ അടയാളമല്ല, അന്യവല്‍ക്കരണത്തിന്റെ അടയാളമാണ്. സംഘടിത സംവിധാനം നിലകൊള്ളുന്ന അസത്യത്തെയും അഴിമതി നിറഞ്ഞ പ്രത്യയശാസ്ത്രത്തെയും സ്വാംശീകരിക്കുന്ന കേവലം ഒരു വാണിജ്യമുദ്ര മാത്രമാണത്. മൃഗത്തിന്റെ അടിമകള്‍ക്കായി കരുതി വച്ചിരിക്കുന്ന സമൃദ്ധിയില്‍ പങ്കെടുക്കാന്‍ ഈ മുദ്രയില്ലാത്ത ആര്‍ക്കും സാധിക്കുകയില്ല എന്നാണ് വെളിപാട് ലേഖകന്‍ പറഞ്ഞുവയ്ക്കുന്നത്. അതുതന്നെയാണ് സമഗ്രാധിപത്യം എന്ന ഫാസിസം മനുഷ്യകുലത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുന്നതും. അത് ഇന്നലെകളില്‍ സംഭവിച്ചിട്ടുണ്ട്. ഇന്നും സംഭവിച്ചുകൊണ്ടിരിക്കുന്നു.

ഉപസംഹാരം

വെളിപാടിന്റെ പുസ്തകം പതിമൂന്നാം അധ്യായം നമ്മുടെ ചിന്തകളെ കീഴ്‌മേല്‍മറിക്കും. ഒരു സന്ദേശമോ ദര്‍ശനമോ മാത്രമല്ല ഈ അധ്യായം, പ്രവചനം കൂടിയാണ്. സമഗ്രാധിപത്യത്തിന്റെ നീണ്ടകരങ്ങള്‍ എല്ലാ തലങ്ങളിലേക്കും ആഴ്ന്നിറങ്ങുമ്പോള്‍ അലസതയില്‍ നിന്നും ഉണരാനും നമ്മുടെ ഉള്‍നേത്രങ്ങളുടെ കാഴ്ചകള്‍ക്ക് ശക്തി പകരാനും അധികാര ശക്തികളുടെ മുഖത്തേക്ക് വ്യക്തതയോടെ നോക്കാനുമുള്ള ഒരു മുന്നറിയിപ്പാണിത്.

ഭരണകൂടത്തിനുള്ളിലെ വിശ്വസ്ത പൗരന്‍ എന്ന നിലയില്‍ എല്ലാ ക്രൈസ്തവരും നിരന്തരം മനനം ചെയ്യേണ്ട വചനഭാഗമാണിത്. മാനുഷികതയ്ക്ക് വിപരീതമായ നിയമങ്ങള്‍ കൊണ്ടുവരുകയും മനുഷ്യരെ വെറും ചരക്കുകളായി മാത്രം ദര്‍ശിക്കുന്ന സംവിധാനങ്ങള്‍ കെട്ടിപ്പടുക്കുകയും ചെയ്യുമ്പോള്‍ മുഖത്തുനോക്കി നമുക്കും പറയാന്‍ സാധിക്കണം നിങ്ങള്‍ അനുഗമിക്കുന്നത് മൃഗത്തിന്റെ യുക്തിയാണെന്നും കെട്ടിപ്പടുക്കുന്നത് വലിയൊരു കാഴ്ചബംഗ്ലാവുമാണെന്നും. സ്വേച്ഛാധിപത്യം മനുഷ്യന്റെ തനിമയെ അവനില്‍ നിന്നും അന്യവല്‍ക്കരിക്കും. അങ്ങനെയുള്ള പ്രവര്‍ത്തികള്‍ വ്യവസ്ഥിതമായി അധികാരിവര്‍ഗ്ഗങ്ങള്‍ ചെയ്യുമ്പോള്‍ നിശബ്ദരാകേണ്ടവരല്ല ക്രൈസ്തവര്‍. സമഗ്രാധിപത്യത്തെ സഹായിക്കുന്ന കുപ്രചാരണങ്ങളുടെ കപടതകളെ ചെറുത്തുനില്‍ക്കുക എന്നതാണ് യഥാര്‍ത്ഥമായ ക്രൈസ്തവ രാഷ്ട്രീയ ധര്‍മ്മവും ഉത്തരവാദിത്വവും.

എല്ലാ തലമുറയ്ക്കും ഒരു പൈതൃകമുണ്ട്. നമ്മുടെ പിതാക്കന്മാര്‍ നമുക്ക് കൈമാറിയ പാരമ്പര്യം ആണത്. വെളിപാടിന്റെ പുസ്തകവും നമുക്ക് ഒരു പൈതൃകം കൈമാറുന്നുണ്ട്: അധികാരത്തെക്കുറിച്ച് അവബോധമുണ്ടാകുക. കാരണം, അത് ഒരു മനുഷ്യ പ്രതിഭാസം മാത്രമാണ്. അധികാരത്തിന്റെ ഗുണമേന്മ അതിനെ നമ്മള്‍ എങ്ങനെ കെട്ടിച്ചമയ്ക്കുകയും പ്രകടിപ്പിക്കുകയും ചെയ്യുന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. 'ഇവിടെയാണ് ജ്ഞാനത്തിന്റെ ആവശ്യം' (13:18). സമഗ്രാധിപത്യം എന്ന മുള്‍പടര്‍പ്പിനെ ബുദ്ധിയുള്ളവര്‍ തിരിച്ചറിയണം. ആ തിരിച്ചറിവ് രാജ്യത്തെ നന്മയുടെ പാതയിലേക്ക് നയിക്കും, ഭൂമിയെ കൂടുതല്‍ വാസയോഗ്യമാക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org