നിശ്ചയദാര്‍ഢ്യത്തോടെയും പ്രവാചകധീരതയോടെയും നീങ്ങുക

മണിപ്പൂര്‍ കലാപത്തിന്റെയും ക്രൈസ്തവവിരുദ്ധ അക്രമങ്ങളുടെയും പശ്ചാത്തലത്തില്‍, ഫാ. സെദ്രിക് പ്രകാശ് എസ് ജെ ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്മാര്‍ക്ക് എഴുതുന്ന തുറന്ന കത്ത്
നിശ്ചയദാര്‍ഢ്യത്തോടെയും പ്രവാചകധീരതയോടെയും നീങ്ങുക

പ്രിയ പിതാക്കന്മാരേ,

എന്റെ പ്രിയപ്പെട്ട കര്‍ദിനാള്‍മാരേ, മെത്രാന്മാരേ, ഇന്ത്യയിലെ ജനങ്ങള്‍: തിരസ്‌കൃതരും ചൂഷണം ചെയ്യപ്പെടുന്നവരും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും, ന്യൂനപക്ഷങ്ങളും, പ്രത്യേകിച്ച് ക്രിസ്ത്യാനികളും - നിങ്ങളുടെ മുമ്പാകെ വിലപിക്കുകയാണ്, അവര്‍ക്ക് നിങ്ങളുടെ പ്രവാചക ശബ്ദം ആവശ്യമാണ്, സത്യത്തിനും നീതിക്കും വേണ്ടി നിങ്ങള്‍ നിലപാടെടുക്കണമെന്നും യേശുവിനെപ്പോലെ ജീവന്‍ ത്യജിക്കാന്‍ പോലും തയ്യാറുള്ള ശരിയായ നല്ലിടയരായിരിക്കണമെന്നും അവരാഗ്രഹിക്കുന്നു!

മണിപ്പൂരില്‍, ഒരു മാസത്തിലേറെയായി, ആദിവാസികള്‍ക്കും പ്രത്യേകിച്ച് അവിടത്തെ ക്രിസ്ത്യാനികള്‍ക്കുമെതിരെ നടക്കുന്നത് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമാണ്. ഗോത്രവര്‍ഗക്കാരെയും ക്രിസ്ത്യാനികളെയും ആസൂത്രിതമായി ലക്ഷ്യംവച്ചു കൊല്ലുന്നതും പള്ളികളും ക്രിസ്ത്യന്‍ സ്ഥാപനങ്ങളും തകര്‍ക്കുന്നതും പ്രാകൃതമാണ്; വസ്തുതകളും കണക്കുകളും സ്വയം സംസാരിക്കുന്നവയാണ്. മണിപ്പൂരിലെ മലയോര മേഖലകളില്‍ താമസിക്കുന്ന ആയിരക്കണക്കിന് ആളുകള്‍ വീടും സ്ഥലവും ഉപേക്ഷിച്ച് താല്‍ക്കാലിക അഭയകേന്ദ്രങ്ങളില്‍ അഭയം പ്രാപിച്ചു. 2002 ഫെബ്രുവരിയില്‍ ആരംഭിച്ച് മാസങ്ങളോളം നീണ്ടുനിന്ന ഗുജറാത്ത് വംശഹത്യയ്ക്ക് (മുസ്ലിംകള്‍ ഇരകളായത്) സമാനമാണ് അധികാരത്തിലിരിക്കുന്നവരുടെ പൂര്‍ണ്ണമായ ഒത്താശയോടെ ഇപ്പോള്‍ നടക്കുന്ന വംശീയ ഉന്മൂലനം. മണിപ്പൂരിലെ ഗോത്രവര്‍ഗക്കാരും ക്രിസ്ത്യാനികളും തങ്ങളുടെ ന്യായമായ ആവശ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള സുസ്ഥിര സമാധാനത്തിനായി ആഗ്രഹിക്കുന്നു. എന്തുകൊണ്ടാണ് ഈ അക്രമം നടക്കുന്നതെന്നും ആരാണ് ഇതിന് പിന്നിലെന്നും അറിയാനും മനസ്സിലാക്കാനും ഒരാള്‍ റോക്കറ്റ് ശാസ്ത്രജ്ഞനാകണമെന്നില്ല!

മധ്യപ്രദേശിലും (പ്രത്യേകിച്ച് സാഗറിലും ജബല്‍പൂരിലും), ഛത്തീസ്ഗഡിലും (ജൂണ്‍ 6ന് പുതുതായി വ്രതവാഗ്ദാനം നടത്തിയ ഒരു കത്തോലിക്ക കന്യാസ്ത്രീയും അമ്മയും മറ്റുള്ളവരും യഷ്പ്പൂരില്‍ കൃതജ്ഞതാദിവ്യബലി അര്‍പ്പിക്കുമ്പോള്‍ കള്ളക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടു, മതവികാരം വ്രണപ്പെടുത്തി എന്നായിരുന്നു അവര്‍ക്കെതിരായ കുറ്റം) ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും ക്രിസ്ത്യാനികള്‍ക്ക് നേരെ ആസൂത്രിതമായ ആക്രമണങ്ങളും വിഷലിപ്തമായ വിദ്വേഷ പ്രസംഗങ്ങളും നടന്നുവരുന്നുണ്ട്. ഭയപ്പെടുത്തുന്ന വിധത്തില്‍ നിരന്തരമായി നടന്നുവരികയാണ് ഈ അക്രമങ്ങള്‍. ഈ ഹീനമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന കുറ്റവാളികള്‍ക്ക് യാതൊരു ശിക്ഷയും ലഭിക്കുന്നില്ല. ഈ കുറ്റവാളികള്‍ കുറ്റകൃത്യങ്ങളെല്ലാം മുന്‍കൂട്ടി ആലോചിച്ചുറപ്പിച്ചു ചെയ്യുന്നതാണെന്നും രാജ്യത്തെ ഏറ്റവും ശക്തരായ ആളുകളുടെ സമ്മതവും സംരക്ഷണവും ഇവര്‍ക്കുണ്ടെന്നും മതിയായ തെളിവുകളോടെ, തികച്ചും വസ്തുനിഷ്ഠമായും പ്രൊഫഷണലായും വിവിധ വ്യക്തികളും ഗ്രൂപ്പുകളും അന്വേഷിച്ചു കണ്ടെത്തിയിട്ടുള്ളതാണ്. ഇത് തീര്‍ച്ചയായും 'രാജ്യരഹസ്യം' അല്ല! പല കേസുകളിലും, ഇരകളെ 'കുറ്റവാളികള്‍' ആക്കുകയും, അവരുടെ മേല്‍ കള്ളക്കേസുകള്‍ ചുമത്തുകയും തടവിലടക്കുകയും ചെയ്യുന്നു; ഉദാഹരണങ്ങള്‍ ധാരാളം.

കൂടാതെ, രാജ്യത്തിന്റെ ബഹുസ്വരവും ജനാധിപത്യപരവുമായ ഘടന എങ്ങനെ നശിപ്പിക്കപ്പെടുന്നു, നമ്മുടെ ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങള്‍ (യേശുവിന്റെ സുവിശേഷത്തില്‍ പ്രതിപാദിച്ചിരിക്കുന്ന മൂല്യങ്ങളും) എങ്ങനെയാണ് ചവിട്ടിമെതിക്കപ്പെടുന്നത്; സമൂഹത്തിലെ ഒരു ചെറിയ പ്രത്യേക വിഭാഗത്തിനു മാത്രം ഗുണകരമാകുന്ന ജനവിരുദ്ധ നയങ്ങളും നിയമങ്ങളും എപ്രകാരം നിര്‍മ്മിക്കപ്പെടുന്നു എന്നതിനെല്ലാം ധാരാളം ഉദാഹരണങ്ങളുണ്ട്. ദരിദ്രര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും അവരുടെ ന്യായമായ അവകാശങ്ങള്‍ എങ്ങനെ നിഷേധിക്കപ്പെടുന്നുവെന്ന് നമുക്കെല്ലാം അറിയാം; പരിസ്ഥിതിയും നമ്മുടെ ദുര്‍ബലമായ പാരിസ്ഥിതിക സംവിധാനങ്ങളും കുറച്ചുപേരുടെ ലാഭത്തിനായി എങ്ങനെ കൊള്ളയടിക്കുന്നു; ന്യൂനപക്ഷങ്ങളെ എങ്ങനെ അപകീര്‍ത്തിപ്പെടുത്തുന്നു, പൈശാചികവല്‍ക്കരിക്കുന്നു, വിവേചനം കാണിക്കുന്നു, എല്ലാറ്റിനുമുപരിയായി, അഴിമതിയും ചങ്ങാത്ത മുതലാളിത്തവും എങ്ങനെയാണ് രാജ്യത്തെ തളര്‍ത്തുന്നത് എന്നെല്ലാം. ഈ പട്ടിക അനന്തമാണ്.

സിനഡല്‍ പ്രക്രിയ നടന്നുകൊണ്ടിരിക്കുകയാണെങ്കിലും, ഇന്ത്യയിലെ സഭ വലിയതോതില്‍ ഇപ്പോഴും ശ്രേണീബദ്ധവും പുരുഷാധിപത്യപരവും പുരോഹിതാധിപത്യപരവുമാണ് എന്ന് നാം വിനയപൂര്‍വം സമ്മതിക്കേണ്ടതുണ്ട്. അതിനാല്‍, മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ കണക്കിലെടുത്ത്, വളരെ വേദനയോടെയാണ് ഞാന്‍ ഈ കത്ത് എഴുതുന്നത്, എന്റെ പ്രിയപ്പെട്ട പിതാക്കന്മാരേ, കൂടുതല്‍ വൈകിപ്പോകുന്നതിനു മുമ്പ് ഇപ്പോള്‍ പ്രവര്‍ത്തിക്കണം! തീര്‍ച്ചയായും, നാമെല്ലാവരും ഇടവിടാതെ പ്രാര്‍ത്ഥിക്കണം; എന്നാല്‍ 'കര്‍ത്താവേ, കര്‍ത്താവേ.... എന്ന് പറയുന്ന എല്ലാവരുമല്ല....' എന്ന് യേശു നമ്മെ ഓര്‍മ്മിപ്പിക്കുന്നു. നമ്മില്‍ നിന്നു പ്രതീക്ഷിക്കപ്പെടുന്നത് ചെയ്യാനുള്ള ബുദ്ധി നമുക്കെല്ലാവര്‍ക്കുമുണ്ട്. നിര്‍ഭാഗ്യവശാല്‍, നിങ്ങളുടെ കൂട്ടായ നിശബ്ദത, നിലവിളിക്കുന്നു! അത് എന്തുകൊണ്ടെന്ന് പലരും ആശ്ചര്യപ്പെടുന്നു! മണിപ്പൂരിലെ അക്രമം ഉള്‍പ്പെടെയുള്ള നിര്‍ണ്ണായക വിഷയങ്ങളില്‍ ചില പിതാക്കന്മാരും കത്തോലിക്ക മതനേതാക്കന്മാരും ചില അല്‍മായരും പ്രത്യക്ഷവും വാചാലവുമായ നിലപാടുകള്‍ സ്വീകരിച്ചുകൊണ്ട് പ്രവാചകധീരത പ്രകടമാക്കിയിട്ടുണ്ട്! അതിനെക്കുറിച്ച് യാതൊരു സംശയവുമില്ല: തീര്‍ച്ചയായും അവരെ അഭിവാദ്യം ചെയ്യേണ്ടതുണ്ട്, പ്രത്യേകിച്ചും ഇത്രവലിയ ശത്രുതയുടെ മുമ്പിലും അവര്‍ സ്വന്തം ജീവന്‍ പണയപ്പെടുത്തിയതിന്.

സഭാധികാരത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം പുനഃസ്ഥാപിക്കാനും മണിപ്പൂരിലെ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് അല്‍പ്പം സമാധാനം തിരികെ കൊണ്ടുവരാനും രാജ്യത്തെ ബാധിച്ചിരിക്കുന്ന ചില പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും സഹായിച്ചേക്കാവുന്ന ചില നിര്‍ദേശങ്ങള്‍ (അപകീര്‍ത്തികരമാണെന്ന് തോന്നിയേക്കാമെങ്കില്‍പ്പോലും) ഇവിടെ സമര്‍പ്പിക്കുകയാണ്.

1) ഉടന്‍ ഒരു മാധ്യമസമ്മേളനം വിളിക്കുക: ഇത് ദേശീയ തലസ്ഥാനമായ ഡല്‍ഹിയിലും എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ഒരേസമയം നടത്തേണ്ടതുണ്ട്. തലസ്ഥാനത്ത് നടക്കുന്ന മാധ്യമസമ്മേളനത്തെ സി ബി സി ഐ ഭാരവാഹികള്‍ അഭിസംബോധന ചെയ്യണം. അവിടെ താഴെ പറയുന്ന ആവശ്യങ്ങള്‍ ഉന്നയിക്കണം:

  • എ) മണിപ്പൂരില്‍ ഉടന്‍ സമാധാനം പുനഃസ്ഥാപിക്കുക;

  • ബി) സ്വന്തം ഭൂമിയില്‍ നിന്നും വീടുകളില്‍ നിന്നും പുറത്താക്കപ്പെട്ട എല്ലാ ഗോത്രവര്‍ഗക്കാരുടെയും/ക്രിസ്ത്യാനികളുടെയും സുരക്ഷിതമായ തിരിച്ചുവരവ്;

  • സി) തകര്‍ന്ന വീടുകള്‍, പള്ളികള്‍, സ്ഥാപനങ്ങള്‍ എന്നിവ പുനര്‍നിര്‍മിക്കുന്നതിന് മതിയായ സാമ്പത്തിക നഷ്ടപരിഹാരം;

  • ഡി) അക്രമത്തിന് ഉത്തരവാദികളായ എല്ലാവരെയും കുറ്റം ചുമത്തി ശിക്ഷിക്കുക (അവര്‍ക്ക് ശക്തമായ സ്വാധീനമുണ്ടെങ്കില്‍ പോലും)

2) നിങ്ങളില്‍ കഴിയുന്നത്ര (100 പേരായാലും!) കര്‍ദിനാള്‍മാര്‍/ആര്‍ച്ച് ബിഷപ്പുമാര്‍/മെത്രാന്‍മാര്‍ മണിപ്പൂരിലേക്ക് പോകുക ജൂണ്‍ 25നു മുമ്പ് കുറഞ്ഞത് രണ്ട് ദിവസമെങ്കിലും. നിങ്ങളോടൊപ്പം ചേരാന്‍ മറ്റ് വിഭാഗങ്ങളിലെ ക്രിസ്ത്യന്‍ നേതാക്കളെ ക്ഷണിക്കുക. ആഭ്യന്തരമായി കുടിയിറക്കപ്പെട്ടവരുടെ നടുവില്‍ നില്‍ക്കുക; ഫ്രാന്‍സിസ് മാര്‍പാപ്പ നിരന്തരം നമ്മെ ഓര്‍മ്മിപ്പിക്കുന്നത് പോലെ 'ആടുകളുടെ മണം' ഉള്ളവരാകുക; എല്ലാത്തിനുമുപരി, യേശു ഒരു കാലിത്തൊഴുത്തില്‍ ജനിക്കുകയും കുരിശില്‍ മരിക്കുകയും ചെയ്തയാളാണല്ലോ. ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ നടുവിലുള്ള നിങ്ങളുടെ സാന്നിധ്യം എല്ലാവര്‍ക്കും ശക്തമായ സന്ദേശം നല്‍കും

3) ഈ ജൂണ്‍ മാസത്തില്‍ ഒരു ദേശീയ പ്രതിഷേധ ദിനം സംഘടിപ്പിക്കുക ന്യൂനപക്ഷങ്ങള്‍ക്കും ആദിവാസികള്‍ക്കും ദലിതര്‍ക്കും രാജ്യത്തെ മറ്റ് ദുര്‍ബല വിഭാഗങ്ങള്‍ക്കും എന്താണ് സംഭവിക്കുന്നതെന്ന് ഉയര്‍ത്തിക്കാട്ടുക. ന്യൂഡല്‍ഹിയിലെ ഒരു പൊതു മൈതാനിയില്‍ ഒരു വലിയ ഒത്തുചേരല്‍ നടത്തുക കഴിയുന്നത്ര മെത്രാന്മാരും രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും ഉള്ളവരും അതില്‍ പങ്കെടുക്കുക. മറ്റ് സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളോടും പ്രസ്ഥാനങ്ങളോടും ഇതില്‍ ചേരാന്‍ അഭ്യര്‍ത്ഥിക്കുക. ഈ ദേശീയ പ്രതിഷേധ ദിനത്തില്‍ രാജ്യത്തെ എല്ലാ രൂപതകളിലും പരസ്യപ്രതിധേഷപരിപാടികള്‍ നടക്കട്ടെ.

4) ക്രിസ്ത്യന്‍ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് ക്രിസ്ത്യന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കെട്ടിച്ചമച്ചതും അടിസ്ഥാനരഹിതവുമായ ആരോപണങ്ങള്‍ ഉന്നയിച്ചതിന് ദേശീയ ബാലാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ പ്രിയങ്ക് കനൂംഗോയെ ഉടന്‍ പുറത്താക്കണമെന്ന് ആവശ്യപ്പെടുക.

പ്രിയ പിതാക്കന്മാരേ, നിങ്ങള്‍ ഇപ്പോള്‍ നിശ്ചയദാര്‍ഢ്യത്തോടെയും യോജിപ്പോടെയും പ്രവര്‍ത്തിക്കുക സുപ്രധാനമാണ്; ഇന്നത്തെ നിര്‍ണ്ണായക പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതിന് ഇതു വളരെയധികം സഹായകരമാകും! ഇന്ന് നമ്മെ ഭരിക്കുന്നവരുമായി ചങ്ങാത്തം കാണിക്കുന്നത് എന്തെങ്കിലും ചില താത്കാലിക ലാഭങ്ങള്‍ സമ്മാനിച്ചേക്കാം. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍, സഭയ്ക്കും നമ്മുടെ രാജ്യത്തിന്റെ മതേതര, ജനാധിപത്യ സ്വഭാവത്തിനും ഗുരുതരമായ പ്രത്യാഘാതങ്ങളും നികത്താനാവാത്ത നാശനഷ്ടങ്ങളും അതുണ്ടാക്കും! ദയവായി വഞ്ചിക്കപ്പെടരുത്!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org