കാരുണ്യം ആഘോഷമാക്കിയവന്‍: ധന്യന്‍ വര്‍ഗീസ് പയ്യപ്പിള്ളി

കാരുണ്യം ആഘോഷമാക്കിയവന്‍: ധന്യന്‍ വര്‍ഗീസ് പയ്യപ്പിള്ളി
Published on
  • സി. ലിസ് ഗ്രേസ് SD, സുപ്പീരിയര്‍ ജനറല്‍

പരിശുദ്ധ ത്രിത്വത്തിന്റെ പരമ രഹസ്യത്തെ വെളിപ്പെടുത്തുന്ന പദമാണ് കാരുണ്യം. ജീവിതത്തിന്റെ വഴിത്താരയില്‍ സ്വന്തം സഹോദരീ സഹോദരന്മാരുടെ കണ്ണുകളിലേക്ക് ആത്മാര്‍ത്ഥതയോടെ നോക്കുന്ന ഏതൊരു വ്യക്തിയുടെയും ഹൃദയത്തില്‍ വസിക്കുന്ന മൗലിക നിയമമാണ് കാരുണ്യം. (കാരുണ്യത്തിന്റെ മുഖം 2) ദൈവത്തെയും മനുഷ്യനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ പാലത്തിലൂടെ നടന്നുനീങ്ങിയ ധന്യന്‍ വര്‍ഗീസ് പയ്യപ്പിള്ളി കാരുണ്യം ആഘോഷമാക്കിയ വന്ദ്യദേഹമാണെന്ന് അനുഭവങ്ങള്‍ സാക്ഷിക്കുന്നു.

വര്‍ഗീസ് പയ്യപ്പിള്ളി അച്ചന്‍ ആലങ്ങാട് സെന്റ് മേരിസ് പള്ളിയില്‍ ആയിരിക്കുന്ന കാലഘട്ടം (1913-1920). പള്ളി സ്ഥലങ്ങള്‍ പാട്ടത്തിന് കൃഷി ചെയ്യാന്‍ ഇടവകക്കാര്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ ആ വര്‍ഷം കൃഷി മോശമാവുകയും വിളവ് ലഭിക്കാതെ വരികയും ചെയ്ത സാഹചര്യത്തില്‍ അവര്‍ക്ക് കുടിശ്ശിക തീര്‍ക്കാന്‍ പറ്റാത്ത സാഹചര്യം വന്നുചേര്‍ന്നു. അദ്ദേഹം രൂപതാകച്ചേരിക്ക് എഴുതി: 'ഈയാണ്ട് കുടിശ്ശികകള്‍ മാത്രമല്ല കഴിഞ്ഞ ആണ്ടിലെ കുടിശ്ശികകൂടി വാരം കാണുകയും ഇളവു ചെയ്തു കൊടുക്കുകയും വേണം. പള്ളിയില്‍ നിന്നും എന്തെങ്കിലും ഒരു ദയവു ചെയ്യാഞ്ഞാല്‍ പാട്ടക്കാര്‍ വളരെ ഞെരുങ്ങുന്നതും പാട്ടം അശ്ശേഷം കിട്ടുന്നതും അല്ല.' ഈ കത്ത് വായിക്കുമ്പോള്‍ നമുക്ക് മനസ്സിലാകും; അച്ചന്റെ ഉള്ളിലെ കാരുണ്യപ്രവാഹം.

ആരക്കുഴ പള്ളിയില്‍ ആയിരിക്കുന്ന കാലഘട്ടത്തില്‍ പള്ളിയെ നന്നായി സഹായിച്ചിട്ടുള്ള ചെറിയ കണ്ണീട്ടില്‍ എന്ന വ്യക്തിയെ മുന്‍നിര്‍ത്തി (1921-22) അദ്ദേഹം എഴുതിയ കത്തില്‍ പറയുന്നു, ''അവശതയിലായിരിക്കുന്ന ഇയാള്‍ക്ക് കഴിയാന്‍ മാര്‍ഗം ഒന്നുമില്ല. അതുകൊണ്ട് മാസംതോറും 10 പറ നെല്ല് അദ്ദേഹത്തിന്റെ മരണംവരെ കൊടുക്കുന്നതിനുള്ള അനുവാദം നല്‍കണം.'' ഇങ്ങനെ ജനങ്ങളുടെ ആവശ്യങ്ങളിലേക്ക്, അവര്‍ പറയാതെ തന്നെ കടന്നുചെന്ന് സഹായിക്കുന്ന വര്‍ഗീസ് അച്ചന്‍ ദൈവകരുണ ആഘോഷമാക്കിയവനാണ്.

''ഈയാണ്ട് കുടിശ്ശികകള്‍ മാത്രമല്ല കഴിഞ്ഞ ആണ്ടിലെ കുടിശ്ശികകൂടി വാരം കാണുകയും ഇളവു ചെയ്തു കൊടുക്കുകയും വേണം. പള്ളിയില്‍ നിന്നും എന്തെങ്കിലും ഒരു ദയവു ചെയ്യാഞ്ഞാല്‍ പാട്ടക്കാര്‍ വളരെ ഞെരുങ്ങുന്നതും പാട്ടം അശ്ശേഷം കിട്ടുന്നതും അല്ല.'' ഈ കത്ത് വായിക്കുമ്പോള്‍ നമുക്ക് മനസ്സിലാകും; അച്ചന്റെ ഉള്ളിലെ കാരുണ്യപ്രവാഹം.

1924 ലെ ('99 ല്‍ നടന്ന വെള്ളപ്പൊക്കം) കേരളത്തെ നടുക്കിയ വെള്ളപ്പൊക്കത്തില്‍ സുമനസ്സുകളുടെ സഹായത്തോടെ ദുരിതമനുഭവിക്കുന്നവരുടെ പക്കലേക്ക് ജീവന്‍ പണയം വെച്ചും കടന്നു ചെല്ലാന്‍ സാധിച്ചത് ദൈവകരുണയുടെ ആഴം വര്‍ഗീസ് അച്ചന്‍ അനുഭവിച്ചതു കൊണ്ടാണെന്ന് നിസംശയം പറയാം.

ചുണങ്ങുംവേലിയില്‍ സാധു വൃദ്ധജനങ്ങള്‍ക്കുവേണ്ടി ഒരു അഗതിമന്ദിരവും അഗതികളുടെ സഹോദരിമാരുടെ സന്യാസ സമൂഹവും 1927 മാര്‍ച്ച് 19 ന് സ്ഥാപിച്ചതും അതിനെ ഏറെ ത്യാഗം ചെയ്ത് പരിപോഷിപ്പിച്ചതും ദൈവകരുണയുടെ നിദര്‍ശനമാണ്. സ്ത്രീപുരുഷ ഭേദമെന്യേ എല്ലാവരെയും ശുശ്രൂഷിക്കുന്ന ഈ സ്ഥാപനം കേരളത്തിന്റെ ചരിത്രത്തിലെ തന്നെ നാഴിക കല്ലായിരുന്നുവെന്ന് അന്ന് ഈ സ്ഥാപനം സന്ദര്‍ശിച്ചിരുന്ന മഹത് വ്യക്തികളുടെ വാക്കുകളില്‍ നിന്നും വ്യക്തമാണ്. 1927ല്‍ ഈ സ്ഥാപനം സന്ദര്‍ശിച്ച തോണ്ടന്‍കുളങ്ങര കൃഷ്ണന്‍, കൃഷ്ണവാര്യര്‍ എന്ന ഹിന്ദു എഴുത്തുകാരന്‍ വൃദ്ധമന്ദിരത്തെക്കുറിച്ച് സത്യദീപത്തില്‍ ഇങ്ങനെ എഴുതി: '....അഗതിയായി ആരുമില്ലാതെ ആശ്രമത്തിലെത്തുന്ന വൃദ്ധന്മാരും വൃദ്ധകളും അതേസമയത്തില്‍ തന്നെ സനാഥരായി ആനന്ദാനുഭൂതി അടയുന്നുണ്ടെന്നുള്ള വസ്തുത നേരിട്ട് കണ്ടറിയുവാന്‍ ഇടയായ എന്റെ കണ്ണുകള്‍ സഫലങ്ങള്‍ തന്നെ....

പ്രമുഖ മുസ്ലിം നേതാവും ആലുവ മുനിസിപ്പല്‍ ചെയര്‍മാനുമായ ശ്രീ കാദര്‍ പിള്ള എഴുതിയ അഭ്യര്‍ത്ഥനയില്‍ പറയുന്നു, ''ഇത്തരത്തിലുള്ള ഒരു സ്ഥാപനത്തിലൂടെ അഗതികളെ സംരക്ഷിക്കുക എന്നത് കേരളത്തില്‍ ആദ്യമായി തുടങ്ങിയിട്ടുള്ളത് ആണല്ലോ. അതുകൊണ്ട് ഞാന്‍ തന്നെ ഇത്തരത്തിലൊരു സ്ഥാപനം ഉണ്ടാകുന്നതിനുവേണ്ടി ഇതിന്റെ സ്ഥാപകന് ശക്തമായ ഒത്താശ നല്‍കിയിട്ടുള്ളതുകൊണ്ടും ഔദാര്യപൂര്‍വം ജാതിമതഭേദമെന്യേ ഈ സ്ഥാപനത്തെ സഹായിക്കണമെന്ന് മാന്യരായ നിങ്ങളോടഭ്യര്‍ത്ഥിക്കുന്നു....''

തന്റെ അന്തിമവിനാഴികയിലും ഈ കാരുണ്യം ആഘോഷിക്കുവാന്‍ അദ്ദേഹം മറന്നില്ല. മരണം ആസന്നമായി എന്നറിഞ്ഞിട്ടും ആ കാരുണ്യപ്രവാഹത്തിന് ഒരു കുറവും വന്നില്ല. സെപ്റ്റംബര്‍ അവസാനത്തില്‍ സെന്റ് മേരിസ് സ്‌കൂളിലെ അധ്യാപകര്‍ക്ക് ശമ്പളം കൊടുക്കുവാനുള്ള ഇടപാടുകള്‍ തന്റെ കൂടെ നിന്ന പ്യൂണിനെ പറഞ്ഞേല്‍പ്പിച്ചു. മരണത്തിന് തലേനാള്‍ വേദനയുടെയും മരണത്തിന്റെയും ഇടയില്‍ നിലവിളിക്കുന്ന സഹോദരനെ തൊട്ടടുത്ത കട്ടിലില്‍ അദ്ദേഹം കണ്ടു. ദൈവകാരുണ്യം അണപൊട്ടിയൊഴുകി. അച്ചന്റെ ആവശ്യപ്രകാരം കട്ടില്‍ ആ രോഗിയുടെ അടുത്തേക്ക് അടുപ്പിച്ചിട്ട് ആ രോഗിക്കുവേണ്ടി പ്രാര്‍ത്ഥിച്ചു. അയാള്‍ ശാന്തനായി. അധികം താമസിയാതെ ആ മകന്റെ ആത്മാവ് ശാന്തമായി പറന്നുയര്‍ന്നു. പിറ്റെ ദിവസം അതായത്, 1929 ഒക്‌ടോബര്‍ 5-ാം തീയതി വര്‍ഗീസ് പയ്യപ്പിള്ളി അച്ചനും നിത്യഗേഹം പൂകി.

'തന്റെ മരണത്തിന്റെ തലേനാള്‍ നിലവിളിക്കുന്ന സഹോദരനെ തൊട്ടടുത്ത കട്ടിലില്‍ അദ്ദേഹം കണ്ടു. അച്ചന്റെ ആവശ്യപ്രകാരം തന്റെ കട്ടില്‍ ആ രോഗിയുടെ അടുത്തേക്ക് അടുപ്പിച്ചിട്ട് ആ രോഗിക്കു വേണ്ടി പ്രാര്‍ത്ഥിച്ചു. അയാള്‍ ശാന്തനായി.'

53 വര്‍ഷം ഏറെ തീക്ഷ്ണതയോടെ കാരുണ്യം ആഘോഷമാക്കിയ ഈ ധന്യാത്മാവ് 1876 ഓഗസ്റ്റ് എട്ടിന് എറണാകുളം അതിരൂപതയില്‍ പെരുമാനൂര്‍ ദേശത്ത് കോന്തുരുത്തി ഇടവകയില്‍ പയ്യപ്പിള്ളി പാലക്കാപ്പിള്ളി ലോനന്‍ കുഞ്ഞു മറിയം ദമ്പതികളുടെ നാലാമത്തെ മകനായി ഭൂജാതനായി. എറണാകുളം അതിരൂപതയിലെ പല ഉന്നതപദവികളും അലങ്കരിച്ച അദ്ദേഹം കോന്തുരുത്തി സെന്റ് നെപുംസ്യാനോസ് ഇടവക ദേവാലയത്തില്‍ അന്ത്യവിശ്രമം കൊള്ളുന്നു. 2018 ഏപ്രില്‍ 14-ാം തീയതി പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പ അദ്ദേഹത്തെ ധന്യനായി പ്രഖ്യാപിച്ചു. ഇദ്ദേഹം വാഴ്ത്തപ്പെട്ടവനായി വേഗം ഉയര്‍ത്തപ്പെടുവാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം. ധന്യന്‍ വര്‍ഗീസ് പയ്യപ്പിള്ളി അച്ചന്‍ സ്ഥാപിച്ച എസ് ഡി സന്യാസമൂഹത്തിന്റെ ജനറലേറ്റു ഭവനം തോട്ടു മുഖത്ത് സ്ഥിതി ചെയ്യുന്നു. 1850 അംഗങ്ങളുള്ള ഈ സന്യാസസമൂഹം 13 രാജ്യങ്ങളിലായി കാരുണ്യ ശുശ്രൂഷ തുടരുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org