കച്ചവടക്കാർ രാഷ്ട്രീയക്കാരാകുമ്പോൾ

കച്ചവടക്കാർ 
രാഷ്ട്രീയക്കാരാകുമ്പോൾ
Published on

വാണിജ്യത്തിന്റെ സ്വാഭാവിക ഫലം സമാധാനം കൊണ്ടുവരിക എന്നതാണെന്ന കാഴ്ചപ്പാട് മുതലാളിത്ത വ്യവസ്ഥിതിയെ അനുകൂലിക്കുന്നവരുടെ ഒരു മുദ്രാവാക്യമാണ്. ഒരു റിയൽ എസ്റ്റേറ്റ് മുതലാളിയായിരുന്ന ഡൊണാൾഡ് ട്രംപിന്റെ ഒന്നാം ഭരണത്തെ ചൂണ്ടിക്കാണിച്ച് പലരും കവിതകൾ എഴുതിയത് ആ കച്ചവടക്കാരന്റെ സമാധാനത്തെക്കുറിച്ചായിരുന്നു. പലരും പറഞ്ഞു ട്രംപ് വീണ്ടും വന്നാൽ യുദ്ധമില്ലാതെയാകുമെന്നും റഷ്യ-ഉക്രെയിൻ യുദ്ധം ഒരാഴ്ച കൊണ്ട് അവസാനിക്കുമെന്നും. പിന്നീടാണ് നമ്മൾ അറിഞ്ഞത് അയാൾ വെറുമൊരു കച്ചവടക്കാരൻ മാത്രമാണെന്ന്. സമാധാനം മാത്രമല്ല യുദ്ധവും വാണിജ്യത്തിന് ആവശ്യമാണെന്ന കാര്യം അപ്പോഴാണ് നമ്മൾ മനസ്സിലാക്കിയത്. എങ്കിലും, ചരിത്രത്തെ സൂക്ഷ്മമായി പരിശോധിച്ചാൽ നമുക്ക് മനസ്സിലാകും കോർപ്പറേറ്റുകൾ എന്നും ജനാധിപത്യം, സമാധാനം, സ്വതന്ത്രവിപണി എന്നിവയുമായി ഒരു അവിശുദ്ധ ബന്ധം പുലർത്തിയിരുന്നുവെന്ന കാര്യം.

ആ അവിശുദ്ധ ബന്ധത്തിന്റെ വക്താക്കളാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത് എന്നു പറഞ്ഞാൽ അതിശയോക്തിയാകില്ല. കാരണം, മുതലാളിത്തത്തിന്റെ ആത്മാവായ വാണിജ്യമാണ് ഇന്നത്തെ ഇന്ത്യയുടെ ജനാധിപത്യ ഭരണകൂടത്തിന്റെ തലപ്പത്തിരിക്കുന്നത്. ഓർക്കുക, വാണിജ്യത്തിന്റെ ആത്മാവ് വിജയത്തിന്റെ ആത്മാവാണ്. അതിനാൽ ഏതു ചതിയിലൂടെയും അവർ വിജയിക്കും; അത് തിരഞ്ഞെടുപ്പായാലും തീരുമാനമായാലും. വാണിജ്യത്തിൽ പ്രതിഷേധത്തിന് സ്ഥാനമില്ല. പ്രതിപക്ഷം എന്ന സങ്കല്പം തന്നെ അവിടെ അപ്രസക്തമാണ്. അവർക്ക് ഭരണം കച്ചവടവും പൗരന്മാരുമായുള്ള ബന്ധം വെറും ഉപഭോക്തൃബന്ധവുമാണ്. അവർ വികസനം പറയും, പക്ഷേ ധാർമ്മികതയും നൈതികതയും ഉണ്ടാകില്ല. വർഗീയതകൊണ്ട് അവർ അനുയായികളെ സൃഷ്ടിക്കുകയും ചെറിയൊരു കൂട്ടത്തെ നിരന്തരം രാജ്യത്തിന്റെ ശത്രുവായി ചിത്രീകരിക്കുകയും ചെയ്യും.

സമാധാനം, ജനാധിപത്യം, ന്യൂനപക്ഷങ്ങളുടെ നിലനിൽപ്പ് എന്നിവയെ വിലമതിക്കുന്നവർ പ്രയാസകരമായ വർഷങ്ങളെ നേരിടാൻ തയ്യാറായിരിക്കുക. കാരണം, കാവിവൽക്കരിക്കപ്പെട്ട ഫാസിസത്തെ കോർപ്പറേറ്റുകൾ കയ്യടക്കി കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടാണ് കച്ചവടക്കാർ രാഷ്ട്രീയക്കാരാവുകയും രാഷ്ട്രീയക്കാർ കച്ചവടക്കാരായി മാറുകയും ചെയ്യുന്നത്.

ആ ന്യൂനപക്ഷം ഒന്നുകിൽ രാജ്യത്തിന് പുറത്തുള്ളവരായിരിക്കാം, അല്ലെങ്കിൽ രാജ്യത്തിന് അകത്തുതന്നെ ഉള്ളവരുമാകാം. അങ്ങനെയാണ് മുതലാളിത്തം ഫാസിസത്തിന്റെ രൂപം സ്വീകരിക്കുന്നത്. ഇന്ത്യയിൽ പൊതുശത്രുവായി ചിത്രീകരിക്കപ്പെട്ട ആ ന്യൂനപക്ഷത്തിൽ കുറെനാൾ വരെ ഇടം പിടിച്ചിരുന്നത് മുസ്ലീങ്ങൾ മാത്രമായിരുന്നെങ്കിൽ, കുറച്ചുനാളായി ക്രിസ്ത്യാനികളുടെ പേരും കേൾക്കാൻ തുടങ്ങിയിട്ടുണ്ട്. വ്യക്തമായ രീതിയിൽ അവർ ക്രൈസ്തവരെ ലക്ഷ്യംവയ്ക്കാൻ തുടങ്ങിയിരിക്കുന്നു. ആദ്യം അവർ ചെയ്തത് സാമൂഹ്യനീതിയെ മതാത്മകമായി വ്യാഖ്യാനിച്ചു എന്നതാണ്.

അങ്ങനെ ദളിത് ക്രൈസ്തവരെ സ്വത്വാത്മകമായ പ്രതിസന്ധിയിലേക്ക് തള്ളിയിടാൻ അവർക്ക് സാധിച്ചു. ഇപ്പോഴിതാ, വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ പരിഷ്കരണത്തിലൂടെ ക്രൈസ്തവ സ്ഥാപനങ്ങളെയും അവർ ഉന്നം വയ്ക്കുന്നു. ലക്ഷ്യം ആ സ്ഥാപനങ്ങളെ വരിഞ്ഞുമുറുക്കി സ്വന്തമാക്കുക എന്നതാണ്. ഇത് വർഗീയതയെയും മതഭ്രാന്തിനെയും കൂട്ടുപിടിച്ചുള്ള ഇന്ത്യൻ മുതലാളിത്ത വ്യവസ്ഥിതിയുടെ വ്യക്തമായ മുഖമാണ്. ഈ ഫാസിസ്റ്റ് മുതലാളിത്തം യഥാർത്ഥത്തിൽ വെടിവെച്ച് തകർക്കാൻ ശ്രമിക്കുന്നത് സമാധാനത്തിന്റെയും ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ചിറകുകളെയാണ്. അല്ലാതെ സ്വസ്ഥമായ ഒരു ക്രമവൽക്കരണമല്ല അത് ലക്ഷ്യം വയ്ക്കുന്നത്; അങ്ങനെയാണെന്ന് അവർ പറയുന്നുണ്ടെങ്കിൽ തന്നെയും.

മുതലാളിത്തത്തിന്റെ ആത്മാവായ വാണിജ്യമാണ് ഇന്നത്തെ ഇന്ത്യയുടെ ജനാധിപത്യ ഭരണകൂടത്തിന്റെ തലപ്പത്തിരിക്കുന്നത്. വാണിജ്യത്തിൽ പ്രതിഷേധത്തിനു സ്ഥാനമില്ല. പ്രതിപക്ഷം എന്ന സങ്കല്പം തന്നെ അവിടെ അപ്രസക്തമാണ്. അവര്‍ക്ക് ഭരണം കച്ചവടവും പൗരന്മാരുമായുള്ള ബന്ധം വെറും ഉപഭോക്തൃബന്ധവുമാണ്.

2014 മുതൽ ബിജെപി ഇന്ത്യയിൽ വളർത്തിക്കൊണ്ടുവരുന്ന ഫാസിസ്റ്റ് മുതലാളിത്തത്തിന്റെ സവിശേഷത കോർപ്പറേറ്റ് രൂപങ്ങളുടെയും സംസ്കാരങ്ങളുടെയും ശ്രദ്ധേയമായ ജൈവവൈവിധ്യമാണ്. നോട്ട് നിരോധനത്തിലൂടെ ചെറുകിട ബിസിനസുകൾ മുതൽ ബഹുരാഷ്ട്ര കോർപ്പറേറ്റുകൾ വരെയുള്ള സാമ്പത്തിക സ്ഥാപനങ്ങളുടെമേൽ ഒരു കാവിപുകമറ സൃഷ്ടിക്കാൻ അവർക്ക് സാധിച്ചു.

വർഗീയത, മതഭ്രാന്ത് തുടങ്ങിയ വിവാദങ്ങൾ ഉണ്ടാക്കി അതിന്റെ പിന്നിലൂടെ കോർപ്പറേറ്റുകളെ വളർത്തുക എന്ന ഏക ലക്ഷ്യം മാത്രമേ ബിജെപിക്ക് ഉള്ളൂ. കോടീശ്വരന്മാരുടെ വളർച്ചയെയാണ് ഇന്ത്യയുടെ ജിഡിപിയുടെ വളർച്ചയായി അവർ ചിത്രീകരിക്കുന്നത്. ഇതാണ് ഇന്ത്യൻ മുതലാളിത്തത്തെ മുന്നോട്ട് നയിക്കുന്ന കാതൽ. ഇത് കാവിവൽക്കരിച്ച മുതലാളിത്തമാണ്. ഈ മുതലാളിത്തം ഒരു ധാർമ്മികത മാത്രമേ അംഗീകരിക്കുന്നുള്ളൂ: സാമ്പത്തിക പ്രവാഹങ്ങളുടെയും ആസ്തികളുടെയും വികാസം; മറ്റെല്ലാം ഈ ഏക ലക്ഷ്യത്തെ സേവിക്കാനുള്ള മാർഗം മാത്രമാണ്.

ആധുനിക മുതലാളിത്തത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന് ഏത് അവസ്ഥയുമായി പൊരുത്തപ്പെടാനും പ്രായോഗികമാകാനും സാധിക്കും എന്നതാണ്. സമാധാനമുള്ള ദേശത്ത് സമാധാനത്തെ അവർ കച്ചവടമാക്കും. സംഘർഷമുള്ളിടത്ത് സംഘർഷത്തെയും. അതുപോലെതന്നെ ദേശത്ത് രാഷ്ട്രീയ കാലാവസ്ഥ മാറുന്ന നിമിഷം, അവർ അവരുടെ വാചാടോപങ്ങളുടെയും കണക്കുകളുടെയും രീതികളെ മാറ്റി, യുദ്ധങ്ങൾ, സ്വേച്ഛാധിപത്യങ്ങൾ, താരിഫുകൾ, പോപ്പുലിസ്റ്റ് പ്രസ്ഥാനങ്ങൾ എന്നിവ ഉപയോഗിച്ച് അവരുടെ ലക്ഷ്യം പിന്തുടരും.

ഇന്ത്യയിലെ കാവിമുതലാളിത്തം മോദിയുടെ സ്വേച്ഛാധിപത്യത്തെ കൂടുതൽ സാമ്പത്തിക നേട്ടത്തിനുള്ള അവസരമായി കണ്ടതുകൊണ്ടാണ് ട്വൻറി ട്വൻറി പോലുള്ള കച്ചവടരാഷ്ട്രീയങ്ങൾ ബിജെപിയുമായി സഖ്യം കൂടിയത്. അത്തരമൊരു പരിവർത്തനവും സഖ്യവും സജീവമായി വളർത്തുന്നതിൽ ബിജെപി ഒരു മടിയും കാണിക്കില്ല. കാരണം, അവരുടെ അടിത്തറ രാജ്യസ്നേഹമല്ല, വെറും കച്ചവടം മാത്രമാണ്. അതുകൊണ്ടുതന്നെ ഈ കാവിമുതലാളിത്തത്തിന്റെ സ്വഭാവം സമാധാനമോ ജനാധിപത്യമോ സ്വതന്ത്ര വിപണിയോ അല്ല, മറിച്ച് ലാഭവും വാടകയും മാത്രമാണ്.

1920 കാലങ്ങളിൽ ഇറ്റലിയിൽ ഫാസിസം ആവിർഭവിച്ചപ്പോൾ ഇറ്റലിയെ കമ്മ്യൂണിസ്റ്റുകളിൽ നിന്നും രക്ഷിക്കുന്നതിനുവേണ്ടി മുസ്സോളിനിക്ക് സകല പിന്തുണയും നൽകിയത് അന്നത്തെ വ്യവസായിക, സാമ്പത്തിക ഉന്നതർ ആയിരുന്നു. കമ്മ്യൂണിസം വന്നാൽ തങ്ങളുടെ സമ്പത്തും പദവികളും നഷ്ടപ്പെടുമെന്ന ഭയത്താൽ അന്നത്തെ മുതലാളിമാർ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ഉദയത്തിന് സഹായകമാകുന്നതിനായി ജനാധിപത്യം, സ്വാതന്ത്ര്യം, സ്വതന്ത്ര വിപണി എന്നിവ ഉപേക്ഷിക്കുന്നതിൽ പോലും യാതൊരു മടിയും കാണിച്ചില്ല. അന്നത്തെ ഫാസിസ്റ്റ് കോർപ്പറേറ്റ് സമ്പദ്‌വ്യവസ്ഥ നിരവധി ഇറ്റാലിയൻ കത്തോലിക്കാ സാമ്പത്തിക വിദഗ്ധരെ ആകർഷിക്കുകയും ചെയ്തിരുന്നു.

ഈ സമ്പദ് വ്യവസ്ഥയാണ് യഥാർത്ഥ ലത്തീൻ സ്പിരിറ്റ് എന്നുപോലും ചില ദൈവശാസ്ത്രജ്ഞർ വ്യാഖ്യാനിച്ചിരുന്നു എന്നത് ചരിത്രമാണ്. അങ്ങനെ ഫാസിസ്റ്റ് മുതലാളിത്തത്തിന് ഇറ്റലിയിൽ സാംസ്കാരിക, ആത്മീയ വ്യാഖ്യാനങ്ങൾ ലഭിക്കുകയുണ്ടായി. ചരിത്രം ആവർത്തിക്കുന്നു. ഇറ്റലിയിൽ എന്താണ് സംഭവിച്ചത് അതുതന്നെയാണ് ഇന്ത്യയിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്. കാവിവൽക്കരിച്ച ഫാസിസം മുതലാളിത്തത്തിന്റെ രൂപം സ്വീകരിച്ച്, വികസനം പറഞ്ഞുകൊണ്ട് പാവങ്ങളെ ഞെരുക്കികൊണ്ടിരിക്കുന്നു.

ഫാസിസത്തിന്റെ തുടക്കത്തിൽ മാത്രമാണ് മുസ്സോളിനി മുതലാളിത്തത്തെ അംഗീകരിച്ചിരുന്നത്. ഫാസിസം എല്ലായിടത്തേക്കും പന്തൽ വിരിച്ചു കഴിഞ്ഞപ്പോൾ മുസ്സോളിനിക്ക് മുതലാളിമാർ ഒരു ഭാരമായി മാറി എന്നതാണ് ചരിത്രം. ഫാസിസത്തെ സംബന്ധിച്ച് മുതലാളിത്തം എല്ലാം വെട്ടിപ്പിടിക്കുന്നതിനു വേണ്ടിയുള്ള വെറുമൊരു ഉപകരണം മാത്രമാണ്. ഫാസിസവും മുതലാളിത്തവും ഒരിക്കലും ദീർഘകാലം ഒന്നിച്ച് സഞ്ചരിക്കില്ല. കാരണം, രണ്ടിന്റെയും സ്വഭാവം കീഴടക്കലിന്റേതും വെട്ടിപ്പിടിക്കലിന്റേതുമാണ്. ഇന്ത്യയിലെ മുതലാളിത്ത മനോഭാവം കാവിവൽക്കരിച്ച ഫാസിസ്റ്റ് സഖ്യവുമായാണ് സഞ്ചരിക്കുന്നത്.

ആധുനിക മുതലാളിത്തത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന് ഏത് അവസ്ഥയുമായി പൊരുത്തപ്പെടാനും പ്രായോഗികമാകാനും സാധിക്കും എന്നതാണ്. സമാധാനമുള്ള ദേശത്ത് സമാധാനത്തെ അവർ കച്ചവടമാക്കും.

നമ്മുടെ ജനാധിപത്യത്തെ ദേശീയവാദം, സംരക്ഷണവാദം, "നേതൃത്വ-രാഷ്ട്രീയത" എന്നീ തലങ്ങളിലേക്ക് വഴിമാറ്റി വിട്ടത് കോർപ്പറേറ്റുകൾ ആണ്. ഇന്നലെ, നമ്മുടെ അധികാരികളുടെ ഭയങ്ങൾ ചില പ്രത്യയശാസ്ത്രങ്ങളായിരുന്നെങ്കിൽ ഇന്ന്, കുടിയേറ്റം, മധ്യവർഗത്തിന്റെ ദാരിദ്ര്യം, ന്യൂനപക്ഷങ്ങളുടെ സ്വത്വാത്മകമായ ഉയിർപ്പ് എന്നിവയാണ്. സമാധാനം, ജനാധിപത്യം, ന്യൂനപക്ഷങ്ങളുടെ നിലനിൽപ്പ് എന്നിവയെ വിലമതിക്കുന്നവർ പ്രയാസകരമായ വർഷങ്ങളെ നേരിടാൻ തയ്യാറായിരിക്കുക. കാരണം, കാവിവൽക്കരിക്കപ്പെട്ട ഫാസിസത്തെ കോർപ്പറേറ്റുകൾ കയ്യടക്കി കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടാണ് കച്ചവടക്കാർ രാഷ്ട്രീയക്കാരാവുകയും രാഷ്ട്രീയക്കാർ കച്ചവടക്കാരായി മാറുകയും ചെയ്യുന്നത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org