മഹിതവാര്‍ദ്ധക്യം: വിളിയും വെല്ലുവിളിയും

മഹിതവാര്‍ദ്ധക്യം: വിളിയും വെല്ലുവിളിയും
നമ്മുടെ സ്വന്തം വീട്ടില്‍, നല്ലൊരു ജീവിതത്തിനുവേണ്ടിയുള്ള നമ്മുടെ പ്രതിദിന പോരാട്ടത്തില്‍ നമുക്കുമുന്‍പേ വന്ന സ്ത്രീപുരുഷന്‍മാരാണ്, മാതാപിതാക്കന്‍മാരാണ് വൃദ്ധജനങ്ങള്‍.
AL.191

അതീവ ലാളിത്യത്തോടെ തന്നെപ്പറ്റിത്തന്നെ പറയാന്‍ ധൈര്യം കാട്ടിയിരുന്ന വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ നമ്മുടെ കാലഘട്ടത്തിന് ഒരു പ്രചോദനമാണ്. വാര്‍ദ്ധക്യത്തിന്റെ അവശതകളെ ഒളിച്ചുവയ്ക്കാതെ തികച്ചും സ്വാഭാവികമായ ജീവിതം നയിച്ചുകൊണ്ട് തന്റെ ഊന്നുവടിയെപ്പറ്റി പോലും തമാശ പറയുകയും ആ ഊന്നുവടികൊണ്ട് യുവജനങ്ങളെ ആശീര്‍വദിക്കുകയും ഒക്കെ ചെയ്തിരുന്ന പരിശുദ്ധപിതാവ് 'വേള്‍ഡ് യൂത്ത് ഡേ'യ്‌ക്കെത്തിയിരുന്ന യുവജനതയെപോലും ആവേശം കൊള്ളിച്ചിരുന്നു. ഐക്യരാഷ്ട്ര സംഘടന വാര്‍ദ്ധക്യത്തെ സംബന്ധിച്ചു നടത്തിയ സമ്മേളനത്തിന് അദ്ദേഹം നല്കിയ സന്ദേശത്തില്‍ ഇങ്ങനെ പറയുന്നു: ''സ്‌നേഹംമൂലം തന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ച മനുഷ്യനു ദൈവം നല്കിയ സമ്മാനമാണ് ജീവന്‍. ഒരു ശിശുവിന്റെ ജീവനെ അതിന്റെ ആരംഭം മുതല്‍ വിലമതിച്ചില്ലെങ്കില്‍ വാര്‍ദ്ധക്യത്തിലെത്തിയ വ്യക്തിയുടെ ജീവനെ വിലമതിക്കാനും സാധിക്കുകയില്ല.''

'പ്രോലൈഫ്' എന്ന പ്രയോഗം ജീവനുവേണ്ടിയുള്ള എല്ലാത്തിനെയും ഉള്‍ക്കൊള്ളുന്നതാകണം. ജീവസംസ്‌കാരം പ്രചരിപ്പിക്കുന്ന കൂട്ടായ്മകളെല്ലാം ജീവസമൃദ്ധിക്കായി നിലകൊള്ളുന്നവയാണ്. ഇത്തരം സമിതികളുടെ പ്രധാന പ്രവര്‍ത്തനങ്ങളെല്ലാം ജീവന്റെ ഉത്ഭവവുമായിട്ടാണ് ബന്ധപ്പെട്ടിരിക്കുന്നത്. കൂടുതല്‍ കുട്ടികള്‍ക്കുവേണ്ടി വാദിക്കുന്നതോടൊപ്പം മരണസംസ്‌കാരങ്ങളായ ഭ്രൂണഹത്യ, ദയാവധം തുടങ്ങിയ മാരക മനുഷ്യക്കുരുതികള്‍ക്കെതിരെ മുന്നണിപ്പോരാളികളായി നിന്ന് പട നയിക്കുന്നതും ഇവരാണ്. മനുഷ്യജീവന്റെ ഉത്ഭവം അരുണോദയം ആണെങ്കില്‍ സായന്തനമായ വാര്‍ദ്ധക്യകാലം കൂടി സുന്ദരമാകുമ്പോഴെ 'ജീവസമൃദ്ധി' എന്ന അഭിമാനസ്വപ്നം പൂര്‍ണതയിലെത്തുകയുള്ളൂ. അതിനായി സഭയുടെ സമസ്തമേഖലകളും ജാതിമതവര്‍ഗവര്‍ണ്ണഭേദമെന്യേ വൃദ്ധജനസൗഹൃദ ഇടങ്ങളായി മാറണം.

വാര്‍ദ്ധക്യം ഒരു ദൈവാനുഗ്രഹം

കത്തുന്ന മുള്‍പടര്‍പ്പില്‍ മോശയ്ക്ക് പ്രത്യക്ഷപ്പെട്ട ദൈവം ചരിത്രവുമായി ബന്ധിപ്പിച്ചുകൊണ്ട് തന്നെതന്നെ അവതരിപ്പിക്കുന്നതിപ്രകാരമാണ്: ''ഞാന്‍ നിന്റെ പിതാക്കന്മാരുടെ ദൈവമാണ്; അബ്രാഹത്തിന്റെ ദൈവം, ഇസഹാക്കിന്റെ ദൈവം, യാക്കോബിന്റെ ദൈവം'' (പുറ 3:6). ഓരോ പൂര്‍വ്വപിതാവിന്റെയും ദൈവം എന്നാല്‍ ഓരോരുത്തരും തന്റേതായ സ്വന്തം ദൈവാനുഭവം സ്വന്തമാക്കിയിരുന്നു എന്നര്‍ത്ഥം.

ഈ അനുഭവം അറിയാന്‍ അബ്രാഹത്തിന്റെ വിളിയിലേക്ക് നോക്കുക. അനുഗ്രഹമാകാനും അനുഗ്രഹമേകാനുമാണ് ദൈവം അബ്രാഹത്തെ വിളിക്കുന്നത്. കര്‍ത്താവ് അബ്രാഹമിനോടരുള്‍ചെയ്തു; ''നിന്റെ ദേശത്തെയും ബന്ധുക്കളെയും പിതൃഭവനത്തെയും വിട്ട്, ഞാന്‍ കാണിച്ചുതരുന്ന നാട്ടിലേക്ക് പോകുക... നീ ഒരനുഗ്രഹമായിരിക്കും. നിന്നെ അനുഗ്രഹിക്കുന്നവരെ ഞാന്‍ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാന്‍ ശപിക്കും. നിന്നിലൂടെ ഭൂമുഖത്തെ വംശങ്ങളെല്ലാം അനുഗൃഹീതമാകും'' (ഉത്പ. 12:1-3).

ലോകത്തിനു മുഴുവന്‍ അനുഗ്രഹമേകാന്‍ വിളിക്കപ്പെടുന്ന അബ്രാഹത്തോട് ഏതുദേശത്തേക്കാണ് പോകേണ്ടതെന്നുപോലൂം പറയുന്നില്ല. അനുസരിക്കാതിരിക്കാന്‍ അബ്രാഹത്തിന്റെ മുമ്പിലുള്ള ഏറ്റവും യുക്തിഭദ്രമായ കാരണം പ്രായാധിക്യം ആയിരിക്കണം. എന്നിട്ടും കര്‍ത്താവ് കല്പിച്ചതനുസരിച്ച് അബ്രാഹം യാത്ര പുറപ്പെട്ടു.

നൂറുവയസായ അബ്രാഹത്തിന്റെ ശരീരത്തില്‍നിന്നും സാറയുടെ വന്ധ്യമായ ഗര്‍ഭപാത്രത്തില്‍ നിന്നുമാണ് വാഗ്ദാന പൂര്‍ത്തീകരണമായ തിരഞ്ഞെടുക്കപ്പെട്ട ജനത്തിന്റെ ആദ്യജാതന്‍ ജനിച്ചത് (റോമാ 4:18-20). അതുപോലെതന്നെയാണ് വാര്‍ദ്ധക്യത്തിലെത്തിയ സഖറിയായില്‍ നിന്നും എലിസബത്തിന്റെ വന്ധ്യമായ ഗര്‍ഭപാത്രത്തിലൂടെ ക്രിസ്തുവിന്റെ മുന്നോടിയായ സ്‌നാപകയോഹന്നാന്‍ ജനിക്കുന്നതും (ലൂക്കാ 1: 5-25). വലിയ ജനതയിലേക്കു നയിക്കുന്ന നവജീവന്റെ മുകുളങ്ങള്‍ വിരിയിക്കുന്ന അനുഗൃഹീത വാര്‍ദ്ധക്യങ്ങള്‍.

വൃദ്ധജനങ്ങളുടെ വെല്ലുവിളികള്‍

വിസ്മരിക്കപ്പടുകയും നിരാകരിക്കപ്പെടുകയും ചെയ്യുമെന്ന് ഭയപ്പെടുന്ന വൃദ്ധജനങ്ങളുടെ അഭ്യര്‍ത്ഥനയായി പരിശുദ്ധ ഫ്രാന്‍സീസ് പാപ്പ 'സ്‌നേഹത്തിന്റെ ആനന്ദ'ത്തില്‍ എടുത്തുപയോഗിക്കുന്ന സങ്കീര്‍ത്തനത്തില്‍നിന്നുളള പ്രാര്‍ത്ഥന ''വാര്‍ദ്ധക്യത്തില്‍ എന്നെ തള്ളിക്കളയരുതേ! ബലം ക്ഷയിക്കുമ്പോള്‍ എന്നെ ഉപേക്ഷിക്കരുതേ!'' (സങ്കീ. 71:9) എന്നതാണ്. വാര്‍ദ്ധക്യം ബലം ക്ഷയിച്ച ഒരവസ്ഥയാണെങ്കില്‍ വൃദ്ധജനങ്ങളുടെ നിലവിളി ശ്രദ്ധിക്കാനും ദൈവം നമ്മോടാവശ്യപ്പെടുന്നുണ്ട്. ഇതു കുടുംബങ്ങളും സമൂഹങ്ങളും നേരിടേണ്ട ഒരു വെല്ലുവിളിയാണ്.

ഈ പശ്ചാത്തലത്തില്‍ വൃദ്ധജനങ്ങള്‍ ആരാണെന്നതിന് പരിശുദ്ധ പിതാവ് സുന്ദരമായൊരു നിര്‍വചനം നല്കുന്നുണ്ട്: ''നമ്മുടെ സ്വന്തം വീട്ടില്‍, നല്ലൊരു ജീവിതത്തിനുവേണ്ടിയുള്ള നമ്മുടെ പ്രതിദിന പോരാട്ടത്തില്‍ നമുക്കുമുന്‍പേ വന്ന സ്ത്രീപുരുഷന്‍മാരാണ്, മാതാപിതാക്കന്‍മാരാണ് വൃദ്ധജനങ്ങള്‍'' (AL.191). അതുകൊണ്ടുതന്നെ സമൂഹത്തിന്റെ ഒരു സജീവ അംഗമാണ് താനെന്ന അനുഭവം ഉണ്ടാകുക ഓരോ വൃദ്ധജനത്തിന്റെയും അവകാശമാണ്; അതു നടത്തികൊടുക്കുക സമൂഹത്തിലെ മറ്റംഗങ്ങളുടെ കടമയുമാണ്.

ആധുനിക ഉപഭോഗസംസ്‌കാരം എല്ലാം ആവശ്യാനുസരണം ഉപയോഗിക്കുകയും ഉപയോഗമില്ലാതാകുന്നവ ഉപയോഗശേഷം വലിച്ചെറിയുകയും ചെയ്യുന്നതാകുമ്പോള്‍ ദൈവത്തിന്റെ ഛായാ സാദൃശ്യവാഹകരായ മനുഷ്യര്‍ പോലും ബലം ക്ഷയിച്ച അവസ്ഥയില്‍ ഉപയോഗശൂന്യരും വലിച്ചെറിയപ്പെടാവുന്നവരുമായിത്തീരാം. അത്തരം സാഹചര്യങ്ങളില്‍ ചെറുപ്പക്കാരും വൃദ്ധജനങ്ങളും തമ്മിലുള്ള പുതിയ ഒരാശ്ലേഷത്തിന്റെ കവിഞ്ഞൊഴുകുന്ന അനുഗ്രഹത്താല്‍ നിറഞ്ഞ ഒരു സഭയെയാണ് പരിശുദ്ധ പിതാവ് സ്വപ്നം കാണുന്നത്.

വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ ആവശ്യപ്പെടുന്നതുപോലെ കുടുംബങ്ങളില്‍ വൃദ്ധജനങ്ങള്‍ക്കുള്ള പങ്ക് നാം തിരിച്ചറിയണം. കാരണം ആധുനികകാല നഗരവത്കരണ പശ്ചാത്തലത്തില്‍ വൃദ്ധജനങ്ങളെ മാറ്റി നിര്‍ത്തുന്നതാണ് സംസ്‌കാരം (AL 27). ഫ്രാന്‍സിസ് പാപ്പയുടെ ഭാഷയില്‍ അവര്‍ വിടവു നികത്താന്‍ സിദ്ധിയുള്ളവരുംതലമുറകളുടെ തുടര്‍ച്ചയുമാണ്.

നമ്മളല്ല ചരിത്രത്തിന്റെ തുടക്കക്കാരെന്നും യുഗങ്ങള്‍ പഴക്കമുള്ള ഒരു തീര്‍ത്ഥാടനത്തിന്റെ ഭാഗം മാത്രമാണ് നാമെന്നും മുമ്പേ വന്നവരെയെല്ലാം ആദരിക്കേണ്ട ആവശ്യം നമുക്കുണ്ടെന്നും നമ്മുടെ കുട്ടികളെ ബോധ്യപ്പെടുത്തുന്നതാണ് നമ്മുടെ കുടുംബങ്ങളിലുള്ള വയോധികരുടെ സാന്നിധ്യം.

സഭാവേദികള്‍ വൃദ്ധജന സൗഹൃദമാകാന്‍

പരിശുദ്ധ ഫ്രാന്‍സിസ് പാപ്പയുടെ വീക്ഷണത്തിലെ വാര്‍ദ്ധക്യം എന്ന വിളിയും വൃദ്ധജനങ്ങളോടുണ്ടായിരിക്കേണ്ട കാഴ്ചപ്പാടും താഴെപറയുംവിധം സംഗ്രഹിക്കാം:

  1. ഏറ്റവും പ്രധാന മൂല്യങ്ങള്‍ പേരക്കുട്ടികള്‍ക്ക് പകര്‍ന്നു നല്കുന്നത് മുത്തശ്ശീമുത്തശ്ശന്‍മാരാണ്. അവരെ ആ വിധത്തില്‍ ആദരിച്ചല്ലാതെ ഉത്തമ ക്രൈസ്തവ മൂല്യങ്ങള്‍ വരുംതലമുറ സ്വായത്തമാക്കുകയില്ല (AL 192).

  2. ക്രൈസ്തവ ജീവിതത്തിലേക്കുള്ള പ്രവേശനത്തിന് നാം കടപ്പെട്ടിരിക്കുന്നത് മുത്തശ്ശീമുത്തശ്ശന്മാരോടാണ്. അതിനു നാം നന്ദിയുള്ളവരായിരിക്കണം.

  3. നമ്മളല്ല ചരിത്രത്തിന്റെ തുടക്കക്കാരെന്നും യുഗങ്ങള്‍ പഴക്കമുള്ള ഒരു തീര്‍ത്ഥാടനത്തിന്റെ ഭാഗം മാത്രമാണ് നാമെന്നും മുമ്പേ വന്നവരെയെല്ലാം ആദരിക്കേണ്ട ആവശ്യം നമുക്കുണ്ടെന്നും നമ്മുടെ കുട്ടികളെ ബോധ്യപ്പെടുത്തുന്നതാണ് നമ്മുടെ കുടുംബങ്ങളിലുള്ള വയോധികരുടെ സാന്നിധ്യം.

  4. വൃദ്ധജനങ്ങളെ മാറ്റി നിര്‍ത്തുന്നവര്‍ ഭൂതകാലവുമായുള്ള ബന്ധങ്ങള്‍ വേര്‍പെടുത്തുന്നവരാണ്. അത്തരക്കാര്‍ക്ക് സുസ്ഥിരമായ ബന്ധങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഒരിക്കും സാധിക്കുകയില്ല.

  5. വൃദ്ധരോടുള്ള ശ്രദ്ധ ഒരു സമൂഹത്തില്‍ വ്യത്യാസം ഉണ്ടാക്കുന്നു. അവരുടെ ജ്ഞാനത്തെ ആദരിക്കുന്ന സമൂഹം പുരോഗതി പ്രാപിക്കുന്നു.

  6. നമ്മുടെ സമൂഹത്തിലെ ഗൗരവമുള്ള ഒരു ന്യൂനതയാണ് ചരിത്രബോധം ഇല്ലായ്മ. കഴിഞ്ഞകാല സംഭവങ്ങള്‍ അറിയുകയും അവയെ വിലയിരുത്തുകയും ചെയ്യാതെ അര്‍ത്ഥപൂര്‍ണമായ ഭാവി സൃഷ്ടിക്കാനാവില്ല. 'കഴിഞ്ഞകാലങ്ങള്‍ ഓര്‍മിക്കുവിന്‍' എന്നാണ് ഹെബ്രായ ഗ്രന്ഥകാരന്‍ പഠിപ്പിക്കുന്നത് (ഹെബ്രാ 10:32). കഴിഞ്ഞകാലങ്ങളുടെ സ്മരണ വളര്‍ച്ചയ്ക്ക് അനിവാര്യമാണ്. വൃദ്ധജനങ്ങള്‍ നമ്മെ കഴിഞ്ഞകാല ചരിത്രവുമായി ബന്ധിപ്പിക്കുന്നു.

  7. പരിശുദ്ധ പിതാവിന്റെ വാക്കുകളില്‍ 'വൃദ്ധജനങ്ങള്‍ക്ക് ഇടമില്ലാത്തതോ, അവര്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതുകൊണ്ട് അവരെ തള്ളികളയുന്നതോ ആയ സമൂഹം മാരകമായ രോഗാവസ്ഥയിലാണ്' (AL 193). വൃദ്ധജനങ്ങള്‍ പറയുന്ന കഥകള്‍ കുട്ടികളും യുവജനങ്ങളും കേള്‍ക്കണം. അതിലൂടെ അവര്‍ സജീവ ചരിത്രവുമായി ബന്ധപ്പെടുന്നു. അതില്ലാത്ത കുടുംബങ്ങള്‍ അധഃപതനത്തിലാണ്. അത്തരം കുടുംബങ്ങളിലെ മക്കള്‍ തങ്ങളുടെ വേരുകളില്‍ നിന്ന് പിഴുതെറിയപ്പെട്ടിരിക്കുന്നു. സാംസ്‌കാരികമായ തുടര്‍ച്ചയില്ലായ്മ നമ്മെ അനാഥരാക്കും. കൂട്ടായ ഒരു ചരിത്രത്തിന്റെ സമ്പന്നമായ മണ്ണില്‍ നമ്മുടെ കുട്ടികള്‍ക്ക് വേരുറപ്പിക്കാന്‍ പറ്റുന്ന ഇടങ്ങളായി നമ്മുടെ കുടുംബങ്ങള്‍ മാറണം.

അവസാനമായി മനുഷ്യാസ്തിത്വവുമായി ബന്ധപ്പെട്ട അതിപ്രധാന യാഥാര്‍ത്ഥ്യമായ മരണത്തെപ്പറ്റി കൂടി ചിന്തിക്കണം. തന്നില്‍ വിശ്വസിക്കുന്നവര്‍ക്ക് പ്രത്യാശയുടെ വാതില്‍ തുറന്നിട്ടുകൊണ്ട് മനുഷ്യനായിത്തീര്‍ന്ന ദൈവപുത്രന്‍ മരണത്തിന് പുതിയ അര്‍ത്ഥം നല്കി: ''ഞാനാണ് പുനരുത്ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും'' (യോഹ. 11:26). അബ്രാഹത്തിന്റെ മരണത്തെപ്പറ്റി ദൈവവചനം പൊന്‍ലിപികളില്‍ കുറിച്ചുവയ്ക്കുന്നു: ''തന്റെ വര്‍ഷങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ തികഞ്ഞ വാര്‍ദ്ധക്യത്തില്‍ അബ്രാഹം അന്ത്യശ്വാസം വലിക്കുകയും തന്റെ ജനത്തോടു ചേരുകയും ചെയ്തു'' (ഉല്പ. 25:8). നമ്മുടെ പ്രായം ചെന്നവര്‍ മരിക്കേണ്ടത് മാനുഷിക സമൂഹങ്ങളില്‍നിന്നും വേര്‍തിരിക്കപ്പെട്ട ആശുപത്രികളിലോ, സ്ഥാപനങ്ങളിലോ കിടന്നാണോ? നമ്മുടെ വൃദ്ധജനങ്ങളെ അവരുടെ എല്ലാ സാഹചര്യങ്ങളോടും കൂടെ നമുക്കു നമ്മുടെ ഹൃദയങ്ങളില്‍ കുടിയിരുത്താം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org