

ആര്‍ച്ചുബിഷപ് പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍
യേശുവിന്റെ ജനനം യഥാര്‍ത്ഥ സമാധാനത്തിന്റെ ഒരു പുതിയ യുഗത്തിന് തുടക്കം കുറിച്ചു. യേശു ജനിച്ച അവസരത്തില്‍ സ്വര്‍ഗീയ സൈന്യം ഇടയന്മാരുടെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ട് ഇപ്രകാരം പാടി: 'അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം; ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്ക് സമാധാനം!' (ലൂക്കാ 2:14). യേശുവിന്റെ ജനനത്തി ലൂടെ ലോകത്തിന് കരഗതമാകുന്ന സമാധാനത്തിന്റെ സൂചനയാണ് ഇവിടെ കാണുന്നത്. വരാനിരിക്കുന്ന രക്ഷകന്‍ 'സമാധാനത്തിന്റെ രാജാവ്' എന്ന് വിളിക്കപ്പെടുമെന്ന് ഏശയ്യാ പ്രവാചകന്‍ അരുളി ച്ചെയ്തിരുന്നു (ഏശ 9:6). യേശുവിന്റെ ജനനം ആ പ്രവചനത്തിന്റെ പൂര്‍ത്തീകരണമായിരുന്നു. യേശു വാഗ്ദാനം ചെയ്യപ്പെട്ട സമാധാന ത്തിന്റെ മൂര്‍ത്തീരൂപമാണ്. അവന്റെ സാന്നിധ്യം ആ സമാധാന ത്തിന്റെ ഉറപ്പാണ്.
ശിശുവായ യേശുവിനെ ദേവാലയത്തില്‍ കണ്ടപ്പോള്‍ ശിമയോന്‍ പറഞ്ഞു, 'കര്‍ത്താവേ, അവിടുത്തെ വാഗ്ദാനമനുസരിച്ച് ഇപ്പോള്‍ ഈ ദാസനെ സമാധാനത്തില്‍ വിട്ടയയ്ക്കണമേ!' (ലൂക്കാ 2:29). യേശുവിന്റെ ദര്‍ശനം ശിമയോന് സമാധാനം നല്‍കിയതുകൊണ്ടാണ് ശിമയോന്‍ അങ്ങനെ പറഞ്ഞത്. യേശുവിന്റെ സാന്നിധ്യം സമാധാനം നല്‍കുന്നതാണ്.
പ്രതിസന്ധികള്‍ക്കും അസ്വസ്ഥതകള്‍ക്കുമിടയില്‍ യേശുവിന്റെ സാന്നിധ്യം അനുഭവിക്കാന്‍ സാധിക്കുന്നവര്‍ക്ക് സമാധാനം ലഭിക്കും. ഈ ക്രിസ്മസ് സന്ദര്‍ഭത്തില്‍ 'സമാധാനത്തിന്റെ കര്‍ത്താവുതന്നെ നിങ്ങള്‍ക്ക് എക്കാലത്തും എല്ലാവിധത്തിലും സമാധാനം നല്‍കട്ടെ. കര്‍ത്താവ് നിങ്ങളെല്ലാവരോടുംകൂടെ ഉണ്ടായിരിക്കട്ടെ.'
യേശു ലോകത്തിന് നല്‍കിയ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനങ്ങളില്‍ ഒന്നാണ് സമാധാനം. ലോകത്തിന് സമാധാനം വാഗ്ദാനം ചെയ്തുകൊണ്ട് യേശു ഇപ്രകാരം പറഞ്ഞു: 'ഞാന്‍ നിങ്ങള്‍ക്കു സമാധാനം തന്നിട്ടു പോകുന്നു. എന്റെ സമാധാനം നിങ്ങള്‍ക്കു ഞാന്‍ നല്‍കുന്നു. ലോകം നല്‍കുന്നതുപോലെയല്ല ഞാന്‍ നല്‍കുന്നത്. നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. നിങ്ങള്‍ ഭയപ്പെടുകയും വേണ്ടാ' (യോഹ 14:27). യേശു നല്‍കുന്ന സമാധാനം ലോകം നല്‍കുന്നത് പോലെയല്ല.
അവിടുന്നു നല്‍കുന്ന സമാധാനത്തിന്റെ സവിശേഷതയെ ലോകം നല്‍കുന്ന താല്‍ക്കാലികമായ സുരക്ഷിതത്വത്തില്‍ നിന്ന് യേശു ഇവിടെ വേര്‍തിരിച്ചു കാണിക്കുന്നു. ലോകം സമാധാനത്തെ കാണുന്നത് പ്രശ്‌നങ്ങളുടെ അഭാവമായോ അല്ലെങ്കില്‍ താല്‍ക്കാലികമായ ഒരു ആശ്വാസമായോ ആണ്; എന്നാല്‍ യേശു നല്‍കുന്ന സമാധാനം ബാഹ്യമായ എല്ലാ പ്രതിസന്ധികളെയും അതിജീവിക്കുന്ന ആന്തരികമായ ഒന്നാണ്. അത് ആന്തരികമായ സുരക്ഷിതത്വവും, ആത്മധൈര്യവും, ദൈവവുമായുള്ള അനുരഞ്ജനവുമാണ്. അത് അസ്വസ്ഥതകള്‍ക്കും ഭയത്തിനും ഇടയിലും ഉറച്ചുനില്‍ക്കുന്നു. അതുകൊണ്ടാണ് 'നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ.
നിങ്ങള്‍ ഭയപ്പെടുകയും വേണ്ടാ' എന്ന് യേശു പറഞ്ഞത്.
ഉയിര്‍ത്തെഴുന്നേല്‍പ്പിനുശേഷം, ഭയചകിതരായ തന്റെ ശിഷ്യന്മാരുടെ ഇടയില്‍ പ്രത്യക്ഷപ്പെട്ട് 'നിങ്ങള്‍ക്ക് സമാധാനം' എന്ന് അരുളിചെയ്തുകൊണ്ട് യേശു ഈ സമാധാനം അവര്‍ക്ക് പകര്‍ന്നുനല്‍കി (യോഹ 20:19, 21, 26). യേശു നല്‍കിയ സമാധാനം ഭയത്തില്‍ നിന്നും അസ്വസ്ഥതയില്‍ നിന്നും മോചനം നേടാനും പ്രതിസന്ധികളെ അതിജീവിക്കാനും ശിഷ്യര്‍ക്ക് ശക്തി പകര്‍ന്നു. ചുരുക്കത്തില്‍, യേശു തന്നെയാണ് സമാധാനത്തിന്റെ ആത്യന്തികമായ അടിസ്ഥാനം. പൗലോസ് അപ്പസ്‌തോലന്‍ പ്രസ്താവിക്കുന്നതുപോലെ, 'അവന്‍ നമ്മുടെ സമാധാനമാണ്' (എഫേ 2:14). യേശു മനുഷ്യരുടെ ഇടയിലുള്ള ശത്രുതയുടെ മതിലുകള്‍ തകര്‍ക്കുകയും അവരെ ഒന്നിപ്പിക്കുകയും ചെയ്തു.
ജനങ്ങള്‍ തമ്മിലും ജനങ്ങള്‍ക്ക് ദൈവത്തോടും അനുരഞ്ജനവും ഐക്യവും സാധിച്ചത് യേശുവിലൂടെയാണ്. അതുകൊണ്ട് യേശു നമ്മുടെ സമാധാനമാണ്. യേശുവിന്റെ ജനനം സമാധാനയുഗത്തിന്റെ ആരംഭമാണ്. യേശു ഇന്നും നമ്മോടൊപ്പമുണ്ട്. അവന്‍ പറഞ്ഞു, 'യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും' (മത്താ 28:20). പ്രതിസന്ധികള്‍ക്കും അസ്വസ്ഥതകള്‍ക്കുമിടയില്‍ യേശുവിന്റെ സാന്നിധ്യം അനുഭവിക്കാന്‍ സാധിക്കുന്നവര്‍ക്ക് സമാധാനം ലഭിക്കും. ഈ ക്രിസ്മസ് സന്ദര്‍ഭത്തില്‍ 'സമാധാനത്തിന്റെ കര്‍ത്താവുതന്നെ നിങ്ങള്‍ക്ക് എക്കാലത്തും എല്ലാവിധത്തിലും സമാധാനം നല്‍കട്ടെ. കര്‍ത്താവ് നിങ്ങളെല്ലാവരോടുംകൂടെ ഉണ്ടായിരിക്കട്ടെ' (2 തെസ 3:16).