Todays_saint

വിശുദ്ധ ബനഡിക്ട് ബിസ്‌കോപ്പ്  (628-690) : ജനുവരി 12

Sathyadeepam
ഇംഗ്ലണ്ടിലെ നോര്‍ത്തുമ്പ്രിയയില്‍ ജനിച്ച ബനഡിക്ട്, യുവാവായിരുന്നപ്പോള്‍ രാജാവായ ഓസ്വേയുടെ സേവകനായിരുന്നു. 653-ലാണ് ബനഡിക്ട് ആദ്യത്തെ റോമായാത്ര നടത്തിയത്. അദ്ദേഹം തിരിച്ചുവന്ന് ഇംഗ്ലണ്ടില്‍ റോമന്‍ ആരാധനക്രമം അവതരിപ്പിച്ചു. 12 വര്‍ഷത്തിനുശേഷമായിരുന്നു രണ്ടാമത്തെ റോമായാത്ര. ഇപ്രാവശ്യം ബനഡിക്ട് ബനഡിക്‌ടൈന്‍ സന്യാസിയായാണ് തിരിച്ചുപോന്നത്. വഴിക്ക് മൂന്നുവര്‍ഷം ഫ്രാന്‍സില്‍ തങ്ങി. ഈ സമയത്ത്, വി. തിയഡോറിനെ കാന്റര്‍ബറി ആര്‍ച്ചുബിഷപ്പായി തിരഞ്ഞെടുക്കാനുള്ള ചുമതല ബനഡിക്ടിനെയും വി. ആഡ്രിയനെയും മാര്‍പാപ്പ ഏല്‍പിച്ചു.അധികം വൈകാതെ ബനഡിക്ട് കാന്റര്‍ബറിയിലെ സെന്റ് പീറ്റേഴ്‌സ് മൊണാസ്റ്ററിയുടെ ആബട്ട് ആയി നിയമിതനായി.

675-ല്‍ നോര്‍ത്തുമ്പ്രിയയുടെ ചക്രവര്‍ത്തി നല്‍കിയ സ്ഥലത്ത് മഹത്തായ ഒരു ആശ്രമം ബനഡിക്ട് പടുത്തുയര്‍ത്തി. അഞ്ചുപ്രാവശ്യം റോമാ സന്ദര്‍ശനം നടത്തിയ അദ്ദേഹം ധാരാളം വിലപിടിപ്പുള്ള ഗ്രന്ഥങ്ങളും കലാസൃഷ്ടികളുമായിട്ടാണ് താന്‍ സ്ഥാപിച്ച ആശ്രമങ്ങളില്‍ തിരിച്ചെത്തിയത്. റോമന്‍ സ്തുതിഗീതങ്ങള്‍ ബ്രിട്ടനിലുളള തന്റെ സന്യാസിമാരെ പരിശീലിപ്പിക്കാനായി സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍നിന്നുതന്നെ ഒരു വിദഗ്ദ്ധനെ അദ്ദേഹം ബ്രിട്ടനില്‍ വിളിച്ചുവരുത്തി.
ബ്രിട്ടനില്‍ ആദ്യമായി കരിങ്കല്ലുകൊണ്ട് പള്ളി പണിയിപ്പിച്ചതും ഗ്ലാസ് ജനാലകള്‍ സ്ഥാപിച്ചതും വി. ബനഡിക്ടാണ്.
മൂന്നുവര്‍ഷം രോഗശയ്യയിലായിപ്പോയ അദ്ദേഹത്തിന്റെ ഓരോ അവയവവും ഒന്നൊന്നായി തളര്‍ന്ന്, 690 ജനുവരി 12ന് ഇഹലോകവാസം വെടിഞ്ഞു. എങ്കിലും അദ്ദേഹം സ്ഥാപിച്ച ആശ്രമങ്ങളെല്ലാം മതത്തിന്റെയും സംസ്‌കാരത്തിന്റെയും പ്രധാന കേന്ദ്രങ്ങളായി 200 വര്‍ഷത്തോളം നിലനിന്നു.
സന്ന്യാസിയായിരുന്നെങ്കിലും ലോകത്തിലെ മൂല്യങ്ങള്‍ക്കുനേരെ അദ്ദേഹം കണ്ണടച്ചില്ല. ദൈവം സൃഷ്ടിച്ചവയുടെ നന്മയും സൗന്ദര്യവും കണ്ടെത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. മനസ്സിന് ആനന്ദം നല്‍കുന്നതെല്ലാം നന്മയാണ്. നന്മ തിരിച്ചറിയുക; തിന്മ തിരസ്‌കരിക്കുക.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം