സാജൻ തിരുതനത്തിൽ
പശിയകറ്റാനുള്ള സഹനസമരത്തിൽ
പാർശ്വം പിടിക്കാതെ അണിചേരൂ
സമരദൈർഘ്യം സമരവീര്യം കെടുത്തുമോ?
‘സത്യ’ത്തിൻ കണ്ണാടി മറച്ചാലും, തിരിച്ചാലും
നിലനില്ക്കില്ല; സത്യം: സത്യമായി വാഴും
‘സത്യം’ ദൈവത്തിൻമുഖമാണെന്നോർക്കുക
വൈകിയാണെങ്കിലും തിരിച്ചറയൂ സഹജരേ!
അന്ധതമാറ്റി സത്യം കാണ്മൂ
‘സത്യമേ’ ‘ ജയ’ ഇതല്ലേ നാം
ആശയം വാക്കിലല്ല കർമ്മപഥത്തിലൂന്നണം
ആരോഗ്യകേരള പുനർനിർമ്മിതിയിൽ
‘ആശ’മാരുടെ ‘ആശ’ അറ്റുപോകരുത്
ഹാ സുന്ദരം! മനോഹരം! എന്നൊക്കെ
പാടാൻ എന്തെളുപ്പം! ആര് കൈപ്പിടിച്ചുയർത്തും?
എന്ന് ശങ്കിക്കാതെ അണിചേരുക നാം
സമരപരമ്പരയിലൂടെ നേടിയതല്ലേയെല്ലാം
കാലം തെളിയിച്ച സത്യത്തിനു നേരെമിഴിചിമ്മല്ലേ
തച്ചുടച്ചാലും ജയിലിലാക്കിയാലും
തകരില്ല, നശിക്കില്ല ‘ആശ’യും ‘ആശയ’വും
കാലത്തോടൊപ്പം പരിവർത്തനാകൃതിപൂണ്ട്
ഉജ്ജ്വലിക്കും ‘ആശ’യും ‘ആശയ’വും
ഇന്നലെകളെ ചേതോഹരമാക്കി
ഇന്നിനെ നേരെ നയിച്ച സുന്ദരികൾ
നാളെയും നിലനില്ക്കും പുത്തനുണർവായി
നശിക്കില്ല, മരിക്കില്ല പുത്തൻനാമ്പുകൾ
സ്ഫുടം ചെയ്ത മാനവരാശിയെ
പുത്തൻലോകനിറവിലേക്ക്, അറിവിലേക്ക്
നയിക്കും പുതിയ പന്ഥാവിലൂടെന്നും
ഇവരല്ലേ കാലത്തിൻ പോരാളികൾ
മനുഷ്യാകൃതിപൂണ്ട ഈശ്വരന്മാർ!