കഥകള്‍ / കവിതകള്‍

ബറാബാസിന്റെ മാനസാന്തരം

ജെർസൻ സെബാസ്റ്റ്യൻ

മെഡിറ്ററേറിയൻ കടലിനും ഗലീലി കടലിനും മദ്ധ്യേ കുന്നുകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന നസ്രത്ത്. അവിടെയാണ് പ്രശസ്തരായ മരപ്പണിക്കാരായ തച്ചനും മകനും ജീവിച്ചിരുന്നത്.

തച്ചനും മകനും നസ്രത്തിലെ ജനങ്ങൾക്ക് വേണ്ട തടി സാമഗ്രികൾ ചെയ്തു കൊടുത്തിരുന്നു.

ഒരു പ്രഭാതം

തടിപ്പണിയുടെ ശബ്ദത്തെ ഭേദിച്ച് റോമൻ കുതിരകളുടെ കുളമ്പടികൾ ആ പരിസരത്തെ ശബ്ദമുഖരിതമാക്കി.

റോമൻ പടയാളികളിലൊരുവൻ കുതിരപ്പുറത്തു നിന്നുമിറങ്ങി ഒരു ചോദ്യമെറിഞ്ഞു. “ഇത് തച്ചന്റെ വീടല്ലേ”?

മരപ്പണിക്കാർ രണ്ടു പേരും മൗനമായി പുഞ്ചിരിച്ചു. അല്ലെങ്കിലും അവർക്ക് പുഞ്ചിരിക്കാനേ അറിയുമായിരുന്നുള്ളു.

പടയാളി തന്റെ കയ്യിലിരുന്ന കുറിപ്പ് വായിച്ചു. “യൂദയായുടെ ഭരണാധികാരി മഹാനായ പന്തിയോസ് പീലാത്തോസിന്റെ കൽപ്പന പ്രകാരം എത്രയും വേഗം പന്ത്രണ്ടു കുരിശുകൾ നിങ്ങൾ ഉണ്ടാക്കണം. നല്ല ഉറപ്പുള്ളവയായിരിക്കണം കുരിശുകൾ.”

യൂദയായിലെയും സമരിയയിലെയും ഗലീലിയിലെയും തച്ചന്മാരെ കൊണ്ട് പരമാവധി മരക്കുരിശുകൾ ഉണ്ടാക്കി കൊട്ടാരത്തിൽ എത്തിക്കണമെന്നാണ് പീലാത്തോസിന്റെ കല്പന.

പുറത്തു നിന്നിരുന്ന നസ്രത്തിലെ ഗ്രാമവാസികൾ ഈ കൽപ്പന കേൾക്കുകയും പരസ്പരം നാട്ടു വർത്തമാനം പറയാനും തുടങ്ങി.

എന്തിനാണാവോ ഇത്രയും മരക്കുരിശുകൾ? ജറുസലേമിൽ ഈയിടെ കലാപം നടത്തിയവരെ തൂക്കിലേറ്റാനായിരിക്കും. കൂട്ടത്തിൽ ബറാബാസ് എന്നൊരുവന്റെ പേരും ഉയർന്നു കേൾക്കുന്നു. വളരെപ്പേർ ആ കലാപത്തിൽ ഉൾപ്പെട്ടല്ലോ?.

ഗലീലിയിലെ നസ്രത്തിൽ നിന്നും ജോർദാൻ നദി വഴി ജെറുസലേമിലേക്ക് ചങ്ങാടത്തിൽ ആയിരിക്കും ഇവ കൊണ്ട് പോകുന്നത്. സോളമൻ രാജാവിന് ദേവാലയം പണിയാനായി ടയിർ രാജാവ് ലെബനോനിൽ നിന്നും ദേവദാരു കൊണ്ട് വന്നത് ഈ വഴിയാണല്ലോ.

തച്ചൻ മകനോടായി പറഞ്ഞു, മകനേ നീ പോയി ആവശ്യത്തിനുള്ള തടി കണ്ടു പിടിച്ചു കൊണ്ട് വരിക. മകനാകട്ടെ ദിവസങ്ങളോളം അലഞ്ഞു തിരിഞ്ഞു പന്ത്രണ്ടു കുരിശുകൾക്കുള്ള തടി കണ്ടെത്തി.

പന്ത്രണ്ടാമത്തെ കുരിശിന്റെ താഴ്വശത്ത് ഉളിയുടെ മുന കൊണ്ട് ഒരു പോറൽ വീണെങ്കിലും കാഴ്ച്ചയിലും ഉറപ്പിലും ആ കുരിശ് വളരെ നല്ലതായിരുന്നു. മകൻ ആ കുരിശിനെ നോക്കി എന്തോ ഒരു ആത്മബന്ധം ഉള്ളത് പോലെ ഒന്ന് ഗാഢമായി പുഞ്ചിരിച്ചു.

കുറച്ചു ദിവസങ്ങൾക്കു ശേഷം റോമൻ കുതിരകളുടെ കുളമ്പടിശബ്ദം വീണ്ടും നസ്രത്തിൽ പ്രതിധ്വനിച്ചു. പടയാളികൾ തച്ചന്റെ വീട്ടിൽ വന്നു പന്ത്രണ്ടു കുരിശുകളും ഏറ്റു വാങ്ങി.

“പോറൽ വീണ കുരിശിലായിരിക്കും പ്രധാന വിപ്ലവകാരിയായ ബറാബാസിനെ ക്രൂശിലേറ്റുക” എന്ന് നസ്രത്തിലെ നാട്ടുകൂട്ടം പരസ്പരം മൊഴിഞ്ഞു. തച്ചന്റെ മകന്റെ പുഞ്ചിരി അകന്നു പോകുന്ന കുതിരക്കുളമ്പടികളെ നിശബ്ദമായി ഭേദിച്ചു.

മൂന്ന് വർഷങ്ങൾക്ക് ശേഷമുള്ള ഒരു രാത്രി പ്രധാന പുരോഹിതനായ കയ്യഫാസിന്റെ മുറ്റത്തു തച്ചന്റെ മകനായ യേശുവിനെ മൂന്നു പ്രാവശ്യം തള്ളി പറഞ്ഞ പത്രോസ് ഹൃദയം നൊന്തു കരഞ്ഞു കൊണ്ടിരുന്നു. മൂന്ന് വർഷം കൂടെ നടന്ന ഗുരുവിനെ മൂന്ന് പ്രാവശ്യം തള്ളി പറയണമായിരുന്നോ എന്ന ചിന്ത പത്രോസിനെ വേട്ടയാടിക്കൊണ്ടിരുന്നു.

പിറ്റേന്ന് പ്രഭാതത്തിൽ പ്രത്തോറിയത്തിനു നടുവിൽ ഗബ്ബാത്തയിൽ പീലാത്തോസ് ഇരുന്നു. മുന്നിൽ ജനക്കൂട്ടം, ഒരു വശത്തായി ഈശോ.

പീലാത്തോസ് മൂന്നാം പ്രാവശ്യം ജനക്കൂട്ടത്തോട് ചോദിച്ചു. അവൻ എന്ത് തിന്മ പ്രവർത്തിച്ചു? ഒരേ സ്വരത്തിൽ അവർ പറഞ്ഞു. അവനെ ക്രൂശിക്കുക. അവനെ ക്രൂശിക്കുക. അവനെ ക്രൂശിക്കുക.

പകരം അവർക്ക് കലാപത്തിനും കൊലപാതകത്തിനും കാരാഗൃഹത്തിൽ അടയ്ക്കപ്പെട്ടിരുന്ന ബറാബാസിനെ വിട്ടുകിട്ടണം. പെസഹായ്ക്ക് ഒരു തടവ് പുള്ളിയെ മോചിപ്പിക്കുന്ന ആചാരപ്രകാരമായിരുന്നു അത്.

ദൈവപുത്രന് പകരമായി ബറാബാസിന്റെ ചങ്ങലകൾ അഴിക്കപ്പെട്ടു. അട്ടഹസിക്കുന്ന ചിരിയോടെ ബറാബാസ് ഈശോയെ ഒന്ന് നോക്കി. ചോരയാൽ ഒട്ടിപ്പിടിച്ച പാതി അടഞ്ഞ മിഴികളുടെ ഇടയിലൂടെ ഒരു പുഞ്ചിരി ബറാബാസിന്റെ ഹൃദയത്തിൽ തറച്ചു. ബറാബാസിന് വേണ്ടി പണിയപ്പെട്ട കുരിശിൽ മൂന്നാണികളിന്മേൽ യേശു തൂങ്ങിമരിക്കും എന്ന സത്യം ബറാബാസിനെ വല്ലാതെ ഉലച്ചു.

കുരിശിന്റെ വഴിയിലൂടെ അനുഗമിക്കണമെന്നുണ്ട്. പക്ഷെ ജെറുസലേം ജനക്കൂട്ടം എന്ത് പറയും എന്ന ചിന്ത കുരിശ് പോവേണ്ട വഴിക്കു മുമ്പേ സഞ്ചരിച്ചു.

കുരിശ് പോകും വഴിക്കെതിരെ നടന്ന ജനക്കൂട്ടം ഗുരുവിനെ ദുഷിച്ചു പറഞ്ഞു. “ജെറുസലേം ദേവാലയം നശിപ്പിച്ചു മൂന്നു ദിവസം കൊണ്ട് വീണ്ടും പണിയുന്നവനേ നീ നിന്നെത്തന്നെ രക്ഷിക്കുക”.

ഇതേ ജനക്കൂട്ടമാണ് കഴിഞ്ഞ ദിവസം ഓശാന പാടിയത്.

ബറാബാസ് എന്ന തന്റെ പേരിന്റെ അർത്ഥം പിതാവിന്റെ മകനാണെന്നത്രേ. യഥാർത്ഥ പിതാവിന്റെ പുത്രൻ ഇതാ ആകാശവും ഭൂമിയും പാതാളവും സാക്ഷിയാക്കി തനിക്കും കൂടി വേണ്ടി ബലിയാവുന്നു.

യേശു എന്ന വാക്കിന്റെ അർത്ഥം രക്ഷകൻ എന്ന് എവിടെയോ കേട്ടിരിക്കുന്നു. ലോക പാപങ്ങൾക്ക് വേണ്ടി ഒരമ്മയുടെ ഹൃദയത്തിൽ തുളച്ചു കയറുന്ന വാൾ കണക്കെ കുരിശിൽ ഏൽപ്പിക്കപെടാൻ പോവുന്നു.

ഏതൊരമ്മ സഹിക്കും ഈ കാഴ്ച്ച. തനിക്കും ജന്മം തന്നൊരമ്മയുണ്ട്. താൻ മോചിപ്പിക്കപ്പെടുന്ന കാഴ്ച്ച തന്റെ അമ്മയ്ക്ക് എത്ര ആശ്വാസമായിരിക്കും. എന്നാൽ കന്യകാമറിയത്തെ നോക്കൂ. ദുഃഖം കടിച്ചമർത്തി കുരിശിന്റെ വഴിയിൽ കണ്ണും മനസ്സും ചേർത്തു വെച്ച് ആ കാലടികൾ വേച്ചു വേച്ചു പോകുന്നു.

പടയാളികൾ “യഹൂദരുടെ രാജാവേ സ്വസ്തി” എന്ന് പറഞ്ഞു അവന്റെ മേൽ തുപ്പുകയും വിവസ്ത്രനാക്കുകയും, ഞാങ്ങണ കൊണ്ടടിക്കുകയും ചെയ്തു. ഇതിനെല്ലാം മനസ്സ് കൊണ്ടല്ലെങ്കിലും കണ്ണ് കൊണ്ട് സാക്ഷിയാകേണ്ടി വന്നല്ലോ എന്നോർത്ത് ബറാബാസ് ഉള്ളിൽ ആരും കാണാതെ വിതുമ്പി.

കുരിശിനു മുകളിൽ ഹെബ്രായയിലും ലത്തീനിലും ഗ്രീക്കിലും എഴുതപ്പെട്ട ഒരു വാചകം ഉണ്ടായിരുന്നു. “നസ്രായനായ യേശു യഹൂദരുടെ രാജാവ്”.

ഇതെന്തൊരു ദൈവപുത്രൻ ആണ്. ഇത്രയും അവഹേളിക്കപ്പെട്ട മറ്റൊരു ദൈവപുത്രൻ ഇല്ലെന്നു തോന്നുന്നു. എല്ലാക്കാലവും മനുഷ്യരാശി മുഴുവൻ ഈ ഹീനകൃത്യത്തോടു മാപ്പിരക്കണം.

യഹൂദജനം മൊഴിയുന്നു. “അവന്റെ രക്തം ഞങ്ങളുടെ മേലും ഞങ്ങളുടെ സന്തതികളുടെ മേലും ആയിക്കൊള്ളട്ടെ” എന്ന്. ബറാബാസ് ആരും കാണാതെ ഹൃദയം കഴുകി പറഞ്ഞു. “ഈ നീതിമാന്റെ രക്തത്തിൽ എനിക്കും പങ്കില്ല”

വിപ്ലവകാരിയായ തനിക്കായ് സ്നേഹത്തിന്റെ വിപ്ലവം പ്രഘോഷിച്ച യേശു, മാംസത്തിൽ നിന്നും രക്തവും വെള്ളവും ഒഴുക്കി. പന്ത്രണ്ടു ശിഷ്യരുടെ കൂടെ നടന്ന അവൻ തനിക്കായി ഒരുക്കിയ കുരിശിൽ സ്വയം ബലിയായി.

“എലോയ് എലോയ് ലാമ സബക് താനി” ഈ വാക്കുകൾ ബറാബാസിന്റെ ഹൃദയത്തിൽ ആഞ്ഞു തറക്കുന്നതായി തോന്നി. രണ്ടു കള്ളന്മാരുടെ നടുവിൽ ഒരു കള്ളനെ പോലെ അവർ ക്രിസ്തുവിനെ ക്രൂശിലേറ്റി. കാൽവരിയുടെ നെറുകയിൽ സൂര്യൻ അണഞ്ഞു. ലോകത്തിന്റെ പ്രകാശമായി വന്ന യേശു ഈ ലോകത്തിൽ നിന്നും അകന്നപ്പോൾ മൂന്ന് മണിക്കൂർ നേരം ഭൂമി മുഴുവൻ അന്ധകാരം വ്യാപിച്ചു. സൂര്യൻ ഇരുണ്ടു.

“പിതാവേ അങ്ങയുടെ കരങ്ങളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു” അന്തരീക്ഷത്തിൽ അലിഞ്ഞില്ലാതായി അവസാന വാക്കുകൾ. നല്ല കള്ളനെ പോലെ തനിക്കും പറുദീസ വേണം. ലോകത്തിന്റെ പ്രകാശമായ ഗുരുവിനു വേണ്ടി ലോകത്തിൽ സുവിശേഷമായി തനിക്ക് ജീവിക്കണം. ബറാബാസിന്റെ ചിന്തകൾ മുന്നോട്ട് സഞ്ചരിച്ചു തുടങ്ങി.

ക്രിസ്തുവിന്റെ കരുണയുള്ള നോട്ടം മതി മുന്നോട്ട് ജീവിക്കാൻ എന്നാരോ ഉള്ളിൽ മന്ത്രിക്കുന്നു.

അവനവന്റെ മനസ്സാണ് ഏറ്റവും അധികം കുമ്പസാരം നടക്കുന്ന കൂട്. അവിടെ നടക്കുന്ന മാനസാന്തരം അറിയുന്നത് ഹൃദയത്തിലേക്ക് കണ്ണ് നട്ടിരിക്കുന്ന ക്രിസ്തു മാത്രമാണെന്ന് അവനറിയാൻ തുടങ്ങി.

ക്രിസ്തുവിന്റെ മരണത്തിനും തന്റെ പുനർജീവിതത്തിനും ഇടയിലൊരു കല്ലറയുണ്ട്. അവിടെ തന്റെ പാപങ്ങളെ അടക്കണം. എന്നിട്ട് ലാസറെ പോലെ ഉയിർത്തെഴു ന്നേൽക്കണം.

ബറാബാസിന്റെ ചിന്തകൾ മരവിച്ചു തുടങ്ങി. വിപ്ലവം തലയ്ക്കു പിടിച്ച തന്റെ തലയ്ക്ക് ഇതെന്തു പറ്റി? എന്റെ ദൈവമേ എന്റെ ദൈവമേ എന്ത് കൊണ്ട് എന്നെ നീ ഉപേക്ഷിച്ചില്ല എന്ന മറുചോദ്യവുമായി ബറാബാസ് കല്ലറയുടെ വാതിൽക്കൽ നിന്നും മടങ്ങി..

വിശുദ്ധ ബനഡിക്ട് ജോസഫ് ലാബ്രെ (1748-1783) : ഏപ്രില്‍ 15

അധികാരത്തിന്റെ വാളും സമാധാനത്തിന്റെ കുരിശും: ട്രംപിന്റെ വിദ്വേഷ രാഷ്ട്രീയത്തിന് ഒരു ധാർമ്മിക വിശകലനം

ക്യൂബയില്‍ രണ്ടായിരം തടവുകാര്‍ മോചിതരായി

ട്രമ്പിനെതിരെ അമേരിക്കന്‍ കത്തോലിക്കാ മെത്രാന്മാര്‍

പൂർവ്വവിദ്യാർഥി സംഗമം