വിശദീകരണം തേടുന്ന വിശ്വാസം

ആത്മീയതയുടെ ജൈവസത്തയും ദൈവാശ്രയത്വവും പരസ്പരപൂരകങ്ങള്‍

Sathyadeepam

വിശദീകരണം തേടുന്ന വിശ്വാസം അധ്യായം-8

ബിനു തോമസ്, കിഴക്കമ്പലം

എങ്ങനെയാണ് ജൈവസത്തയായ ആദ്ധ്യാത്മികതയെ അഭൗതികമായ ദൈവസങ്കല്പ്പവുമായി കൂട്ടിയോജിപ്പിക്കുക? മനുഷ്യന്‍ എന്ന ജീവി പരിണാമത്തിലൂടെയാണ് ജൈവസത്ത കൈവരിച്ചത് എന്ന് ശാസ്ത്രം പഠിപ്പിക്കുന്നു. അങ്ങനെയെങ്കില്‍, ആദ്ധ്യാത്മികതയും പരിണാമത്തിലൂടെ ഉരുത്തിരിഞ്ഞതാവില്ലേ? പിന്നെ ദൈവം എന്നൊരു സങ്കല്പ്പത്തിന്ആദ്ധ്യാത്മികതയില്‍ എന്താണ് പ്രസക്തി?

പരസ്പരപൂരകങ്ങളായ വിശദീകരണങ്ങള്‍
ആദ്യമായി ഒരു യന്ത്രവിമാനം പറത്തിയത് റൈറ്റ് സഹോദരന്മാര്‍ ആണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ഒരു ചോദ്യം: റൈറ്റ് സഹോദരന്മാരുടെ ആദ്യവിമാനം ഓടിയത് ആ വിമാനത്തിലെ യന്ത്രോപകരണങ്ങളുടെ പ്രവര്‍ത്തനം കൊണ്ടോ, അതോ റൈറ്റ് സഹോദരന്മാരുടെ ബുദ്ധികൂര്‍മ്മത കൊണ്ടോ?

റൈറ്റ് സഹോദരന്മാരുടെ ബുദ്ധി എന്ന് ഉത്തരം പറഞ്ഞാല്‍, വി മാനത്തിന്‍റെ യാന്ത്രിക പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു സ്ഥാനവും ഇല്ലാതെയാകും. അതേ സമയം, വിമാനത്തിന്‍റെ യാന്ത്രികപ്രവര്‍ത്തനം എന്ന് പറഞ്ഞാല്‍ റൈറ്റ് സഹോദരന്മാരുടെ ബുദ്ധിക്ക് യാതൊരു വിലയും ഇല്ലാതെയുമാകും. അപ്പോള്‍, എന്ത് പറയും?

ഈ ആശയക്കുഴപ്പത്തിനു കാരണം, ഈ രണ്ട് ഉത്തരങ്ങളും ഒന്ന് മറ്റൊന്നിനു പകരം നില്ക്കുന്നതല്ല എന്ന് തിരിച്ചറിയാത്തതാണ്. ചോദ്യകര്‍ത്താവ് അറിയാന്‍ ആഗ്രഹിക്കുന്നത് വിമാനത്തിന്‍റെ യാന്ത്രികവശമാണെങ്കില്‍, ഒന്നാമത്തെ ഉത്തരമാണ് ശരിയായ ഉത്തരം. ചോദ്യകര്‍ത്താവിന് അറിയേണ്ടത് വിമാനത്തിന്‍റെ നിര്‍മ്മാതാവിനെ ആണെങ്കില്‍, രണ്ടാമത്തെ ഉത്തരമാണ് ശരി. ഇതിലെ ആദ്യത്തെ ഉത്തരത്തെ യാന്ത്രികവിശദീകരണമെന്നും രണ്ടാമത്തെ ഉത്തരത്തെ കര്‍ത്തൃത്വവിശദീകരണം എന്നും നമുക്ക് വിളിക്കാം.

ആദ്ധ്യാത്മികതയുടെ ഉറവിടം ജൈവപരിണാമം അല്ലെങ്കില്‍ ദൈവം എന്ന രീതിയില്‍ പരസ്പരനിഷേധം (mutually exclusive) ആയിട്ട് അവതരിപ്പിക്കുന്നവര്‍ ചെയ്യുന്നതും ഇതേ അബദ്ധമാണ്. ജൈവപരിണാമം എന്നത് ഒരു യാന്ത്രികവിശദീകരണമാണ്. ദൈവം എന്നത് ഒരു കര്‍തൃത്വവിശദീകരണവും.

ദൈവം എന്നത് സര്‍വ്വതിന്‍ യും പ്രഥമകാരണം (Primary Cause) ആണെന്നും, ഭൗതികനിയമങ്ങള്‍ ദ്വിതീയകാരണം (Secondary Cause) ആണെന്നതുമാണ് ദൈവസങ്കല്പ്പം. തോമസ് അക്വീനാസിന്‍റെ അഭിപ്രായത്തില്‍, പ്രഥമകാരണം സര്‍വ്വതിന്‍റെയും നില നില്പ്പിന് കാരണമാണ്. ദ്വിതീയ കാരണങ്ങള്‍ ഇപ്രകാരം പ്രഥമ കാരണത്തില്‍ നിലനില്ക്കുന്ന ഭൗതികപ്രപഞ്ചത്തില്‍ പ്രവര്‍ത്തിക്കുന്നു. ഈ ദ്വിതീയകാരണങ്ങളെ നാം ഇന്ന് കൂടുതലായും അറിയുന്നത് ശാസ്ത്രസിദ്ധാന്തങ്ങള്‍ ആയിട്ടാണ്.

ഈ രീതിയില്‍ ദൈവസങ്കല്പ്പം മനസ്സിലാക്കിയാല്‍, പരസ്പരം നിഷേധിക്കുന്ന വിശദീകരണങ്ങളെ ജൈവപരിണാമവും അല്ലെങ്കില്‍ മറ്റേതെങ്കിലും ശാസ്ത്രസത്യവും ദൈവസങ്കല്പ്പവും എന്നു കാണാന്‍ സാധിക്കും. ഇവ രണ്ടും പരസ്പരപൂരകങ്ങളായ വിശദീകരണങ്ങളാണ്.

രണ്ടു വിശദീകരണങ്ങളുടെ ആവശ്യകത
അറിഞ്ഞോ അറിയാതെയോ, എല്ലാ മനുഷ്യരും ഈ രണ്ട് വിശദീകരണങ്ങളും പല കാര്യങ്ങളിലും അംഗീകരിക്കുന്നു. റോഡിലൂടെ നടന്നുപോകുമ്പോള്‍ നിങ്ങളെ ഒരു കാര്‍ വന്നിടിച്ചു എന്നു കരുതുക. ന്യൂട്ടന്‍റെ ഒന്നാം ചലനനിയമം (ജഡത്വസിദ്ധാന്തം) മൂലമാണ് വണ്ടി നില്ക്കാത്തത് എന്ന് അതിന്‍റെ ഡ്രൈവര്‍ പറഞ്ഞാല്‍ നിങ്ങള്‍ അയാളെ വെറുതെ വിടുമോ? അത്, കാര്‍ നില്ക്കാത്തതിന്‍റെ യാന്ത്രികവിശദീകരണം മാത്രമാണ്. കുറ്റം ആരോപിക്കപ്പെടുന്നത് ഡ്രൈവര്‍ ബ്രേക്ക് ചവിട്ടിയില്ല എന്ന കര്‍തൃത്വവിശദീകരണത്തിന്മേല്‍ ആണ്.

യാന്ത്രികവിശദീകരണം മതിയായിരിക്കേ, ഒരു കര്‍തൃത്വവിശദീകരണം കൊണ്ടുവരുന്നത് അനാവശ്യമാണെന്നുള്ള ഒരു മറുവാദം ഇവിടെ ഉയരാം. വിശദീകരണങ്ങള്‍ ആവശ്യത്തിനധികം അംഗീകരിക്കാന്‍ പാടില്ല എന്നത് യുക്തിചിന്തയിലെ ഒരു പ്രധാനപ്പെട്ട തത്ത്വമാണ് ("ഓക്കാം'സ് റേസര്‍" എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. നിങ്ങള്‍ ഒരു കുഴിയില്‍ കാല് തെന്നി വീഴുന്നു എന്നു കരുതുക. അതിന്‍റെ ലളിതമായ വിശദീകരണം അവിടെ ഉണ്ടായിരുന്നു ഒരു കുഴിയില്‍ നിങ്ങള്‍ ചവിട്ടി എന്നതാണ്. ആ സമയത്ത് നിങ്ങളെ മറ്റൊരാള്‍ ശപിക്കുകയായിരുന്നു എന്നോ, മുഹൂര്‍ത്തം തെറ്റായിരുന്നു എന്നോ ഒക്കെ വിശദീകരണം കൊണ്ടുവരാം. അതൊക്കെ അനാവശ്യമായ വിശദീകരണങ്ങളാണ് എന്നതാണ് ഈ തത്ത്വം).

ഇതിനുള്ള ഉത്തരം ഒരു വിശ്വാസി കൊടുക്കേണ്ടത്, ദൈവമെന്ന ഒരു പ്രഥമകാരണം ഉണ്ട് എന്നു സ്ഥാപിക്കുന്നതിലൂടെയാണ്. ഏതെങ്കിലും രീതിയില്‍ പ്രഥമകാരണമായ ദൈവത്തില്‍ വിശ്വസിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം, ദൈവത്തില്‍ ഊന്നിയുള്ള വിശദീകരണവും ശാസ്ത്രതത്ത്വങ്ങളില്‍ ഊന്നിയുള്ള വിശദീകരണവും പൂരകങ്ങളാണ്. അവ തമ്മില്‍ ഒരു സംഘര്‍ഷമില്ല. ഇവ രണ്ടും ഒരു മുഴുവന്‍ വിശദീകരണത്തിന് അനിവാര്യമാണ്.

ഒറ്റക്കണ്ണന്മാര്‍
ജൈവപരിണാമത്തിലാണ് ആത്മീയതയുടെ ഉദയം എന്ന വാദം, ആത്മീയതയുടെ ദൈവാടിസ്ഥാനത്തെ ചോദ്യം ചെയ്യുന്നതല്ല എന്ന് നാം തിരിച്ചറിയണം. ഇതിലെ ദൈവികത തള്ളിക്കളയുന്നവര്‍ ഒരു കണ്ണുകൊണ്ട് കാണുന്നവരെപ്പോലെയാണ്. ദൈവം വിവിധങ്ങളായ ജീവജാലങ്ങളേയും മനുഷ്യരേയും സൃഷ്ടിക്കുവാന്‍ തിരഞ്ഞെടുത്ത സങ്കേതമാണ് പരിണാമം പോലുള്ള പ്രതിഭാസങ്ങള്‍ എന്നാണ് നാം മനസ്സിലാക്കേണ്ടത്. മനുഷ്യശരീരം അചേതനമായ പ്രകൃതിയില്‍ നിന്ന് പരിണാമത്തിലൂടെ മെനഞ്ഞെടുത്ത ദൈവം, തന്നിലേക്ക് മനുഷ്യന്‍റെ മുഖം തിരിക്കുന്ന ആത്മീയഭാവവും പരിണാമപ്രക്രിയയിലൂടെ മനുഷ്യനില്‍ രൂപപ്പെടുത്തിയെന്ന് കാണുന്നതിലെ യുക്തി ദൃഢമാണ്.

ആദ്ധ്യാത്മികതയുടെ കാര്യത്തില്‍ ദൈവത്തിന്‍റെ കര്‍തൃത്വവിശദീകരണം തള്ളിക്കളയുന്ന ഒരു യുക്തിവാദിയുടെ മറുപുറമാണ് ശാസ്ത്രീയവിശദീകരണത്തെ തള്ളിക്കളയുന്ന വിശ്വാസിയും മറ്റൊരു തരം ഒറ്റക്കണ്ണന്മാര്‍. വിശ്വാസി ഒരു കുരിശുരൂപത്തെ കാണുന്നതിന് ശാസ്ത്രീയമായ ഒരു വിശദീകരണമുണ്ട് ഏതെങ്കിലും പ്രകാശസ്രോതസ്സില്‍ നിന്ന് വരുന്ന പ്രകാശം കുരിശില്‍ തട്ടി, വിശ്വാസിയുടെ കണ്ണില്‍ പതിക്കുമ്പോഴാണ് കുരിശ് ദൃശ്യമാകുന്നത്. ഈ വിശദീകരണം അംഗീകരിക്കാത്ത വിശ്വാസികള്‍ ആരും തന്നെ കാണില്ല. അതിനര്‍ത്ഥം, കാഴ്ചയില്‍ ദൈവത്തിന് പങ്കില്ല എന്നാണെന്ന് ഏതെങ്കിലും ഒരു വിശ്വാസി പറയുമോ? ഒരിക്കലുമില്ല. ഇവിടെയും പ്രഥമകാരണവും ദ്വിതീയ കാരണവും യാന്ത്രികവിശദീകരണവും കര്‍തൃത്വവിശദീകരണവുമാണ് നാം കാണുന്നത്. കാഴ്ചയുടെ രണ്ടു തരം വിശദീകരണങ്ങളും അംഗീകരിക്കുന്ന ഒരു വിശ്വാസിക്ക്, ആത്മീയതയുടെ രണ്ടുതരം വിശദീകരണങ്ങളും അംഗീകരിക്കാന്‍ മടി തോന്നേണ്ട ആവശ്യമില്ല.

ദിവ്യവചന സഭയുടെ 150 വര്‍ഷത്തെ സേവനത്തിന്റെ സ്മരണയില്‍ കത്കരി ഗോത്രവര്‍ഗക്കാര്‍ക്കായി ജനസേവാ സൊസൈറ്റി വികസന കേന്ദ്രം തുറന്നു

ആയുര്‍വേദത്തിന് പ്രാധാന്യം നല്‍കണം : പ്രഫ. എം കെ സാനു

വിശുദ്ധ മരിയ ഗൊരേത്തി (1890-1902) : ജൂലൈ 6

മിസ്പാ : കാവല്‍ ഗോപുരം

സത്യദീപം-ലോഗോസ് ക്വിസ് 2025: [No.08]