വരികള്‍ക്കിടയില്‍

എം ടി എന്ന രണ്ടക്ഷരങ്ങള്‍ നിറച്ച ഭാഷാ സംസ്‌കൃതി

മുണ്ടാടന്‍ കെ.
  • മുണ്ടാടന്‍

മലയാളത്തെ ഉപാസന ചെയ്ത് മലയാളത്തെ മലയോളം വളര്‍ത്തി, ഭാഷ തന്നെ ജീവിതവും ജീവിതത്തെ ഭാഷയുമാക്കിയ മലയാളത്തിന്റെ മഹനായ എഴുത്തുകാരനാണ് എം ടി.

എം ടി യുടെ ഭാഷ സ്പര്‍ശിക്കാത്ത മലയാളികള്‍ ചുരുക്കമായിരിക്കും. അഭ്രപാളികളില്‍ മലയാളിയെ കരയിപ്പിക്കുകയും ചിന്തിപ്പിക്കുകയും മലയാള ഭാഷയെ അതിന്റെ പ്രാദേശിക രുചിയില്‍ വിളമ്പി മലയാളിയുടെ ആത്മാഭിമാനത്തെ വാനോളം ഉയര്‍ത്തുകയും ചെയ്ത

ഒരു തിരക്കഥാകൃത്തിനെ ഇനി മലയാള ഭൂമികയ്ക്കു ലഭിക്കുമോ എന്ന് അത്ഭുതത്തോടെ ചിന്തിച്ചുപോകയാണ്. അത്രയ്ക്കു ഉയരത്തിലാണ് മലയാളിയുടെ സ്വന്തം എം ടി.

ക്ലാസ്സിലെ കുട്ടികള്‍ക്കായി ബോര്‍ഡില്‍ എം ടി കുറിച്ച വരികള്‍ ഇന്നും മലയാളത്തെ സ്‌നേഹിക്കുന്നവരുടെ ചുണ്ടിലും ഹൃദയത്തിലും മധുപകരുന്ന തേന്‍തുള്ളികളാണ്. ''എന്റെ ഭാഷ എന്റെ വീടാണ്. എന്റെ ആകാശമാണ്. ഞാന്‍ കാണുന്ന നക്ഷത്രമാണ്. എന്നെ തഴുകുന്ന കാറ്റാണ്. എന്റെ ദാഹം ശമിപ്പിക്കുന്ന കുളിര്‍ വെള്ളമാണ്. എന്റെ അമ്മയുടെ തലോടലും ശാസനയുമാണ്. എന്റെ ഭാഷ ഞാന്‍ തന്നെയാണ്. ഏതു നാട്ടിലെത്തിയാലും ഞാന്‍ സ്വപ്നം കാണുന്നത്

എന്റെ ഭാഷയിലാണ്. എന്റെ ഭാഷ ഞാന്‍ തന്നെയാണ്.'' മാതൃഭാഷയെ തന്റെ അസ്തിത്വത്തിന്റെ ഉണ്മയോട് ലയിപ്പിച്ച വ്യക്തിക്കു മാത്രമേ തന്റെ ഭാഷയെക്കുറിച്ച് ഇത്ര മനോജ്ഞമായ രീതിയില്‍ കുറിക്കാനാവുകയുള്ളൂ. കുട്ടികള്‍ക്കുവേണ്ടി എന്താണ് തന്റെ ഭാഷ എന്ന് ഇത്ര ലളിതമായും ഇത്ര അര്‍ഥവത്തായും ഇത്ര വ്യക്തമായും ഇത്ര സമ്യക്കായും വിശകലനം ചെയ്യാന്‍ എം ടി ക്കു മാത്രമേ സാധിക്കുകയുള്ളൂ.

അതുകാണ്ടാണ് മയ്യഴിയുടെ കഥാകാരനായ എം മുകുന്ദന്‍ തന്റെ ആദ്യ കഥകള്‍ എഡിറ്റു ചെയ്ത മാതൃഭൂമിയുടെ എഡിറ്ററായ എം ടി യെക്കുറിച്ച് ഇങ്ങനെ കുറിച്ചത്. ''എം ടി യുടെ സാഹിത്യമോ

എം ടി യോ വലുത്?'' അങ്ങനെയൊരു ചോദ്യം ആരെങ്കിലും ചോദിച്ചാല്‍ നമ്മള്‍ കുഴങ്ങും. ബഷീര്‍ വളര്‍ന്നുവളര്‍ന്ന് ബഷീറിന്റെ രചനകളെക്കാളും വലുതായി. ഒ വി വിജയന്‍ അതിന്റെ വിപരീതമാണ്.

ഒ വി വിജയന്റെ എഴുത്ത് വളര്‍ന്ന് വിജയനേക്കാളും വലുതായി.

എം ടിയുടെ എഴുത്തും എം ടി യും ഒരേ തട്ടിലാണെന്നാണ് എന്റെ അഭിപ്രായം.''

എം ടിയുടെ എഴുത്തും എം ടിയുടെ ജീവിതവും ഇഴപിരിക്കാനാവാത്ത വിധം പാരസ്പര്യത്തിലാണ്. സ്വന്തം അനുഭവങ്ങളെ ഇത്ര തീക്ഷ്ണതയോടെ ഭാഷയില്‍ വിന്യസിപ്പിക്കാനുള്ള കഴിവ് മലയാളത്തിലെ മറ്റൊരു എഴുത്തുകാരനും ഉണ്ടാകുമെന്ന് തോന്നുന്നില്ല.

ഭാഷയിലൂടെ മലയാളിയുടെ മനസ്സിനെ ഇത്രമാത്രം പ്രകാശിപ്പിച്ച മറ്റൊരു സാഹിത്യകാരനില്ല. അത്രമാത്രം തെളിമയാര്‍ന്ന എഴുത്തിന്റെ ഓളങ്ങളാണ് എം ടി എന്ന യുഗപ്രഭാവന്റെ ചിന്തയില്‍ നിന്നും അക്ഷരങ്ങളില്‍ നിന്നും മലയാളത്തിന്റെ മണ്ണിലേക്ക് അനര്‍ഗളം ഒഴുകിയെത്തിയത്. പ്രസിദ്ധ കവി കെ ജി എസ്, എം ടി യെ വിശേഷിപ്പിച്ചത് 'വെളിച്ചത്തിന്റെ പുഴ' എന്നാണ്.

എം ജി എസ് എഴുതുന്നു, ''ഒരു ഗ്രാമവും ഒരു പുഴയും കൊണ്ട് ഒരു ജനതയുടെ ഏകാന്തതയും മൗനവും ചരിത്രസാക്ഷ്യങ്ങളാക്കിയ അപൂര്‍വകഥാകാരനാണ് എം ടി. പുതുലോകത്തിനുവേണ്ടി പഴമയിലെ വിഷവും അമൃതും എം ടി യുടെ എഴുത്തില്‍ വെറുപ്പും നീതിയുമായി രണ്ട് ആഴക്കരകളായി പിരിഞ്ഞകന്നു. മാറുപിളര്‍ന്ന് കടല്‍ ഭാവിക്ക് വഴിതന്നമാതിരിയൊരു വെളിച്ചപുഴ. എം ടി സാഹിത്യത്തിന്റെ ആഴത്തില്‍ എന്നന്നേക്കുമായി നിറഞ്ഞൊഴുകുന്നു.''

സ്വന്തം ഭാഷയില്‍ രചിച്ച കഥകളും നോവലുകളും അതിലേറെ തിരക്കഥകളുമായി എം ടി ഭാരതീയ സാഹിത്യത്തെയും ചലച്ചിത്രകലയെയും അതിസമ്പന്നമാക്കി. കേരളത്തിന്റെ കുഗ്രാമത്തിലെ ആചാരാനുഷ്ഠാനങ്ങളുടെ ജീര്‍ണ്ണതയെ വിവരിക്കുന്ന സിനിമകള്‍ എം ടി ഒരുക്കിയപ്പോള്‍ അതുപോലെ ഇന്ത്യയിലുടനീളം നിരവധി ഗ്രാമവീഥികളിലെ ആചാരങ്ങളില്‍ കുടുങ്ങി വേദനിക്കുന്നവരുടെ നേര്‍ച്ചിത്രങ്ങളായി അവ മാറി. താന്‍ ജീവിക്കുന്ന സമൂഹത്തിന്റെ പുഴുക്കുത്തുകളെ ഗ്രാമീണാനുഭവങ്ങളുടെ അഗ്നിയില്‍ ഉരുക്കി നിര്‍മ്മിച്ച 'നിര്‍മ്മാല്യം' പോലുള്ള സിനിമകള്‍ ഇന്നും കാണുമ്പോള്‍ നമ്മുടെ നെഞ്ചുപൊള്ളും. കാലം മാറിയാലും എം ടി എന്ന രണ്ടക്ഷരം നല്കിയ ഉള്‍ക്കരുത്ത് വാടില്ല. ഇന്ത്യയുടെ മതേതര സമൂഹ ജീവിതത്തില്‍ അന്നും ഇന്നും വൈരവും വെറുപ്പും സൃഷ്ടിച്ച് ഏകോദര സഹോദരങ്ങളെ പോലും ഇല്ലായ്മ ചെയ്യുന്ന മതജാതി ചിന്തകളെ ''അസുരവിത്ത്'' പോലുള്ള സിനിമകളിലൂടെ കത്തിച്ച് ചാരമാക്കിയതും എം ടി എന്ന നേരിന്റെ നെറിവിന്റെ രണ്ടക്ഷരങ്ങളാണ്.

  • ഫുള്‍സ്റ്റോപ്പ്

കാലം ഓര്‍മ്മകളുടെ ദിവ്യകൂടാരത്തിലേക്കു മാറ്റി പ്രതിഷ്ഠിച്ച എം ടി യെക്കുറിച്ച് ഈ ചെറിയ കുറിപ്പില്‍ കാര്യമായി എഴുതാനാവില്ല. മലയാളി മനസ്സിനു പരിചിതമായ പുരാണങ്ങളെ പോലും പുനര്‍വ്യാഖ്യാനം ചെയ്തതിനൊടൊപ്പം പഴയ കഥാപാത്രങ്ങള്‍ക്ക് പുതിയ രൂപവും മാനവും നല്‍കി പുനഃസൃഷ്ടിച്ച് മലയാളി മനസ്സുകളെ ഭാവനയുടെയും ഭാവുകത്വത്തിന്റെയും തീവ്രമായ തീരങ്ങളിലെത്തിച്ച എം ടി സ്മരണയ്ക്കു മുമ്പില്‍ ആദരാഞ്ജലികള്‍.

ജീവിതകഥ

ക്രിസ്തുവിന്റെ സുഹൃത്തുക്കളായതിനാല്‍ വൈദികര്‍ സന്തോഷമുള്ളവരായിരിക്കണം : ലിയോ മാര്‍പാപ്പ

ദമാസ്‌കസ്: കൂട്ട മൃതസംസ്‌കാരത്തിന് പാത്രിയര്‍ക്കീസുമാര്‍ നേതൃത്വം നല്‍കി

ക്ഷമയും പരസ്പര വിശ്വാസവും സഭയില്‍ ഐക്യം വളര്‍ത്തുന്നു

ഗ്രഹാം സ്റ്റെയിന്‍സ് കേസിലെ പ്രതി ക്രൈസ്തവവിശ്വാസം സ്വീകരിച്ചു