വചനമനസ്‌കാരം

വചനമനസ്‌കാരം: No.244

എസ്. പാറേക്കാട്ടില്‍
അവനു മേലങ്കിയിലും തുടയിലും എഴുതപ്പെട്ട ഒരു നാമമുണ്ട്‌: രാജാക്കന്‍മാരുടെ രാജാവും നാഥന്‍മാരുടെ നാഥനും.
വെളിപാട്‌ 19 : 16

ലോക ചെസ് ചാമ്പ്യൻഷിപ്പ് നവംബർ 24-ന് സ്വിറ്റ്സർലൻഡിലെ ജനീവയിൽ ആരംഭിച്ചു. നിലവിലെ ലോകചാമ്പ്യൻ ഇന്ത്യയുടെ ഡി. ഗുകേഷ് ചാമ്പ്യൻ പട്ടം നിലനിർത്തുമോ അതോ ഉസ്ബെക്കിസ്ഥാനിൽ നിന്നുള്ള ജാവോഖിർ സിന്ദറോവ് പുതിയ ചാമ്പ്യനാകുമോ എന്നറിയാൻ ഡിസംബർ 12 വരെ കാത്തിരിക്കണം. ചെസ് പ്രഭുക്കൻമാരുടെ കളിയായിരുന്നു. ബുദ്ധിയുള്ള പ്രഭുക്കന്മാരുടെ കളി ! വെറും വിനോദം എന്നതിനപ്പുറം അവരുടെ ആഢ്യത്വവും അധിനിവേശങ്ങളും അഭിനിവേശങ്ങളുമെല്ലാം അതിൽ ഉൾച്ചേർന്നിരുന്നു. ചതുരംഗം കളി ധ്യാനാത്മകമാണ്. കറുപ്പിലും വെളുപ്പിലുമായി 64 കളങ്ങളുള്ള പലകയിൽ കറുത്തതും വെളുത്തതുമായ 16 വീതം കരുക്കളുമായി നടത്തുന്ന പോരാട്ടം. മന്ത്രിയും തേരും കുതിരയും ആനയും കാലാളുമെല്ലാം ഉണ്ടെങ്കിലും കളിയുടെ കേന്ദ്രം രാജാവാണ്. കളിക്കുന്നതു മുഴുവൻ മറ്റുളളവരാണെങ്കിലും കളി മുഴുവൻ രാജാവിനുവേണ്ടിയാണ്. കൊന്നും ചത്തും മറ്റുള്ളവർ കളിക്കുന്നതു രാജാവിനുവേണ്ടിയാണ്; സ്വന്തം രാജാവിനെ സംരക്ഷിക്കാനും എതിരാളിയുടെ രാജാവിനെ വീഴ്ത്താനുമാണ്. ലോകത്തിലും ചതുരംഗത്തിലെ രീതികളാണ് നിലനിൽക്കുന്നത്. എല്ലാ കളികളുടെയും കേന്ദ്രം അധികാരവും പണവും പദവിയും പ്രതാപവുമുള്ള അഭിനവരാജാക്കൻമാരാണ്. കളികളെല്ലാം അവർക്കു വേണ്ടിയാണ്. കളിനിയമങ്ങൾ നിർമ്മിക്കുന്നതും കളി നിയന്ത്രിക്കുന്നതുമെല്ലാം അവരാണ്. ജനാധിപത്യം, ഏകാധിപത്യം, രാജഭരണം, പട്ടാളഭരണം, ഏകപാർട്ടി ഭരണം എന്നിങ്ങനെ വ്യവസ്ഥിതിയുടെ പേരുകളിൽ മാറ്റമുണ്ടെങ്കിലും ഫലത്തിൽ എല്ലാം ഒന്നു തന്നെ. അധികാരമുള്ളവരാണ് രാജാക്കൻമാർ. അവരുടെ കോപവും പ്രസാദവുമാണ് പ്രജകളുടെ ജീവനും ജീവിതവും നിർണ്ണയിക്കുന്നത്. അധികാരഗർവ്വിന്റെ വാൾ ചുഴറ്റി മറ്റുള്ളവരിൽ ഭയം വിതച്ച് അവർ ആനന്ദം കൊയ്യുന്നു.

ചതുരംഗം കളിയെയും രാജാക്കൻമാരെയും ഇപ്പോൾ പ്രത്യേകമായി ഓർക്കാൻ കാരണം മറ്റൊരു രാജാവാണ്. ചതുരംഗത്തിലെയും ലോകത്തിലെയും രാജാക്കൻമാരിൽ നിന്ന് തീർത്തും വ്യത്യസ്തനായ ഒരു രാജാവ് ! പിറക്കുന്നതിനു മുമ്പേ രാജാവായി അവരോധിക്കപ്പെട്ടവൻ. സഹസ്രാബ്ദങ്ങളായി രാജാവായി തുടരുന്നവൻ. ‘അവന്റെ രാജ്യത്തിന് അവസാനം ഉണ്ടാകയില്ല’ എന്ന് പിറവിക്കു മുമ്പേ വെളിപ്പെടുത്തപ്പെട്ടവൻ. മരണഫലകത്തിൽ ശത്രുക്കൾ പോലും രാജത്വം എഴുതിയുറപ്പിച്ചവൻ. സത്യം വിതച്ച് സത്യവും, നീതി വിതച്ച് നീതിയും, സ്നേഹം വിതച്ച് സ്‌നേഹവും, സമാധാനം വിതച്ച് ആനന്ദവും കൊയ്തെടുക്കുന്നവൻ. മറ്റുള്ളവരുടെ കളിയുടെ തണലിൽ മറഞ്ഞിരിക്കാത്തവൻ. മറ്റുളളവർക്കുവേണ്ടി കളിക്കാൻ സ്വയം മുന്നിട്ടിറങ്ങുന്നവൻ. തനിക്കുവേണ്ടി ആരെയും കുരുതി കൊടുക്കാത്തവൻ. സകലർക്കും വേണ്ടി തന്നെത്തന്നെ കുരുതി കൊടുക്കുന്നവൻ. പിറക്കാൻ കൊട്ടാരമോ കുടിലോ കിട്ടാത്തവൻ. വിശന്നും ദാഹിച്ചും തെരുവിൽ അലഞ്ഞവൻ. മരിക്കാൻ ആകാശമോ ഭൂമിയോ ലഭിക്കാത്തവൻ. കടംകൊണ്ട കല്ലറയിൽ അടക്കപ്പെട്ടവൻ. മരിച്ചിട്ടും ജീവിക്കുന്നവൻ. തന്റെ മരണത്താൽ മരണത്തെത്തന്നെ തോല്പിച്ചവൻ. അശുദ്ധിയുടെ തിരശ്ശീല കീറി ദേവാലയത്തെ പോലും വീണ്ടെടുത്തവൻ. കൽപ്പലകയിൽ എഴുതപ്പെട്ട ഒരു ജനതയുടെ മതാത്മകതയെ മനുഷ്യഹൃദയങ്ങളിൽ പുതുക്കി എഴുതിയവൻ. നിലംപറ്റെ താണ് അനുചരരുടെ പാദങ്ങൾ കഴുകി ചുംബിച്ചവൻ. പാപങ്ങൾ പൊറുക്കുന്നവൻ. മനുഷ്യരെ രക്ഷിക്കുന്നവൻ. മരണത്തിൽ നിന്ന് ഉയിർപ്പിക്കുന്നവൻ. ദൈവത്തെ അപ്പാ എന്ന് വിളിക്കാൻ പഠിപ്പിച്ചവൻ. അനാഥരാകാതിരിക്കാൻ ആത്മനെ തന്നവൻ. അപ്പമായി കൂടെ വസിക്കുന്നവൻ. തന്റെ ശരീരത്തിലൂടെ പിതാവിലേക്ക് വഴിവെട്ടിയവൻ. മുമ്പേ പോയി വാസസ്ഥലമൊരുക്കി മനുഷ്യവംശത്തെ കാത്തിരിക്കുന്നവൻ. മിന്നൽപ്പിണർ പോലെ വീണ്ടും വരുമെന്നുറപ്പിച്ചവൻ. നവംബർ 22 ആ രാജാവിന്റെ രാജത്വത്തിന്റെ സ്മൃതിദിനമായിരുന്നു.

ജീവിതം ഒരു ചതുരംഗക്കളിയാണ്. എല്ലാത്തരം കരുക്കളും അവിടെ കളിക്കുന്നുണ്ട്. കൊണ്ടും കൊടുത്തും മുന്നേറുമ്പോൾ ചോദ്യം ഒന്നു മാത്രമാണ് : ആർക്കുവേണ്ടിയാണ് നിങ്ങൾ കളിക്കുന്നത് ? ആരാണ് നിങ്ങളുടെ കളി നിയന്ത്രിക്കുന്നത് ? ആരാണ് നിങ്ങളുടെ രാജാവ് ? ആരെയാണ് നിങ്ങൾ ആരാധിക്കുന്നത് ? അനാർക്കി (anarchy) എന്ന വാക്കിന് നിഘണ്ടു നല്കുന്ന പല അർത്ഥങ്ങളിൽ ഒന്ന് അനീശ്വരത എന്നാണ്. ഹൃദയം ഒരു സാമാജ്രമാണ്. അതിർത്തികൾ ഇല്ലാത്തതും അദൃശ്യമായതുമായ ആ സാമ്രാജ്യത്തിൽ രാജാവായി പ്രതിഷ്ഠിച്ച് ആരാധിക്കാൻ ഈശ്വരൻ ഇല്ലാതിരിക്കുന്നതാണ് സത്യത്തിൽ അരാജകത്വം. ആരാധിക്കാൻ ഒരു രാജാവില്ലാതെ ജീവിതം എന്ന ചതുരംഗക്കളിയിൽ മുന്നേറാൻ കഴിയില്ല. അങ്ങനെയെങ്കിൽ അത് ദൈവവചനം എന്ന അപരനാമമുള്ള യേശുക്രിസ്തു ആയിരിക്കട്ടെ. ആരാധകരെ രക്ഷിക്കാൻ കഴിയുന്നത് യുഗങ്ങളുടെ രാജാവായ അവനു മാത്രമാണല്ലോ.

“നീ ശരിക്കും ഒരു സയന്റിസ്റ്റല്ല, ബയോളജിസ്റ്റാണ്!”

ഡിജിറ്റൽ വെൽനസിലേക്ക് ഒരു സ്റ്റെപ്പ്! [No. 9]

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 97]

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 96]

“കുർബാനയാണ് എന്റെ ശക്തി!”