എല്ലാം പരിശോധിച്ചു നോക്കുവിൻ. നല്ലവയെ മുറുകെപ്പിടിക്കുവിൻ. എല്ലാത്തരം തിൻമയിലും നിന്ന് അകന്നു നിൽക്കുകയും ചെയ്യുവിൻ.1 തെസലോണിക്കാ 5 : 21, 22
പത്താം ക്ലാസിലെ വിശ്വാസ പരിശീലന വിദ്യാർത്ഥികൾക്ക് ‘പ്രേഷിതപ്രവർത്തനത്തിന്റെ നൂതനാഭിമുഖ്യങ്ങൾ’ എന്ന പാഠം എടുക്കുകയായിരുന്നു. വിദ്യാഭ്യാസ പ്രേഷിതത്വം വിവരിക്കുന്ന ഭാഗത്ത്; സ്നേഹം, സത്യം, നീതി, സാഹോദര്യം, സമാധാനം തുടങ്ങിയ മൂല്യങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ വിദ്യാഭ്യാസം ലക്ഷ്യം വയ്ക്കണം എന്നും തിന്മകൾ വർജിക്കാനും നന്മകൾ സ്വീകരിക്കാനും വ്യക്തികളെ വിദ്യാഭ്യാസം സഹായിക്കണം എന്നുമുള്ള വാചകങ്ങൾ വിശദീകരിക്കവെ, ഭദ്രകീർത്തി ആരാണ് എന്ന് കുട്ടികളോടു ചോദിച്ചു. ഒരാൾ ഒഴികെ മറ്റാരും അങ്ങനെയൊരാളെ കേട്ടിട്ടുപോലുമില്ല എന്നാണ് മറുപടി നല്കിയത്. കേട്ടിട്ടുണ്ട് എന്നു പറഞ്ഞ കുട്ടിക്കാകട്ടെ കാര്യം എന്തെന്നു വിശദീകരിക്കാനും കഴിഞ്ഞില്ല. ഒരാളുടേത് ഒഴികെ എല്ലാവരുടെയും വീട്ടിൽ പത്രം വരുത്തുന്നുണ്ട്. എന്നാൽ അത് വായിക്കാറുണ്ട് എന്ന് ഒരാൾ പോലും പറഞ്ഞില്ല! മിക്കവരും സോഷ്യൽമീഡിയ ഉപയോഗിക്കുന്നവരുമാണ്. പത്രം വായിക്കുന്നില്ലെങ്കിലും സോഷ്യൽ മീഡിയയിൽ നിങ്ങൾ എന്താണ് ശ്രദ്ധിക്കുന്നതെന്ന് ചോദിച്ചു. മൗനമായിരുന്നു എല്ലാവരുടെയും ഉത്തരം! കടുത്ത നിരാശ തോന്നി.
പണ്ട് കാറ്റെക്കിസം അസംബ്ലിയിൽ സഭാവാർത്തകൾക്കൊപ്പം പത്രവാർത്തകളും വായിക്കുന്ന പതിവുണ്ടായിരുന്നു. ചുരുങ്ങിയ പക്ഷം, വാർത്തകൾ എഴുതുന്ന കുട്ടിയെങ്കിലും പത്രം വായിക്കും എന്നതായിരുന്നു അതിന് പിന്നിലുള്ള ലളിതയുക്തി. ഇന്ന് സഭാവാർത്തകൾ തന്നെ വായിക്കുന്നതു കുറവായിരിക്കും. കിംഗ്ഡം ഓഫ് ഇൻസ്റ്റഗ്രാമിലെ പ്രജകൾ ആയിരിക്കുന്നത് നല്ലതു തന്നെ. എന്നാൽ, നാട്ടിലെ പ്രധാന സംഭവങ്ങൾ പോലും അറിയാതെ കൊറിയയിലെ പാട്ടും ഡ്രാമയും മാത്രം അറിഞ്ഞിട്ട് എന്ത് പ്രയോജനം? റിപ്പബ്ലിക് ഓഫ് റീൽസിലെ പൗരന്മാരായിരിക്കുന്നത് നല്ലതു തന്നെ. എന്നാൽ, ചുറ്റിലുമുള്ള മനുഷ്യരുടെ വേദനകൾ മനസ്സിലാക്കാനും കഴിയുന്ന വിധത്തിൽ അവരെ സഹായിക്കാനും ശ്രമിക്കുന്നില്ലെങ്കിൽ അതുകൊണ്ട് എന്ത് പ്രയോജനം?
എന്ത് പഠിക്കുന്നു എന്നതിനേക്കാൾ പ്രധാനം എന്തിനു പഠിക്കുന്നു എന്നതാണ്. പഠിക്കുന്നത് ജോലി ലഭിക്കാനും പണം സമ്പാദിച്ച് സുഖമായി ജീവിക്കാനും വേണ്ടി മാത്രമാണെന്നത് വികലമായ കാഴ്ചപ്പാടാണ്. പണത്തിന് എത്തിപ്പിടിക്കാൻ കഴിയാത്ത നിരവധി മൂല്യങ്ങളുണ്ടെന്നും അവ ആർജിക്കാനും പകരാനും കഴിയുമ്പോൾ മാത്രമാണ് മനുഷ്യൻ എന്ന ശബ്ദനാമത്തിന് അർഹതയുള്ളൂ എന്നും നമ്മുടെ കുട്ടികൾ മനസിലാക്കണം. കുടുംബം, മാതാപിതാക്കൾ, വിശ്വാസപരിശീലകർ, വിദ്യാലയങ്ങൾ, അധ്യാപകർ, മതങ്ങൾ, പൊതുസമൂഹം, സർക്കാർ എന്നിവയെല്ലാം ഉൾച്ചേരുന്ന സംവിധാനം ഒന്നാകെ പരാജയപ്പെടുമ്പോഴാണ് മനുഷ്യത്വമില്ലാത്ത മനുഷ്യർ ഉണ്ടാകുന്നത്.
വേദപുസ്തകം ദൈവത്തിന്റെ ചരിത്രഗ്രന്ഥമല്ല; ചരിത്രത്തിലൂടെ സഞ്ചരിക്കുന്ന ദൈവത്തിന്റെ സ്നേഹഗ്രന്ഥമാണ്. അത് നമ്മുടെ സമകാലിക ജീവിതപരിസരങ്ങളുമായി ബന്ധമില്ലാത്ത ഒരു നിർജ്ജീവ ഗ്രന്ഥമല്ല. പിന്നെയോ, യുഗാന്തം വരെ ഇവിടെ പിറവിയെടുക്കുന്ന ഓരോ മനുഷ്യരോടും അവരവരുടെ ജീവിതസാഹചര്യങ്ങളിലൂടെ സംവദിക്കുന്ന ഗ്രന്ഥമാണ്. സുവിശേഷങ്ങളിലെ സന്ദർഭങ്ങളും സംഭാഷണങ്ങളും ചുറ്റും നടക്കുന്ന സംഭവങ്ങളുമായി ബന്ധിപ്പിച്ച് വിലയിരുത്താനും കുട്ടികളെ പരിശീലിപ്പിക്കണം. യൂദാസ് എന്തുകൊണ്ട് പരാജയപ്പെട്ടു എന്നറിയുന്നതുപോലെ സുപ്രധാനമാണ് ഇടക്കാല തിരത്തെടുപ്പിൽ ട്രംപ് എന്തുകൊണ്ട് കനത്ത തോൽവി ഏറ്റുവാങ്ങി എന്നറിയേണ്ടതും. സക്കേവൂസ് എന്തിന് സിക്കമൂർ മരത്തിൽ ഓടിക്കയറി എന്നറിയുന്നതുപോലെ പ്രധാനമാണ് ന്യായാധിപൻ നീതിയും ന്യായവുമെല്ലാം മറന്ന് എന്തിന് പൊലീസ് സ്റ്റേഷനിൽ ഓടിയെത്തി എന്നറിയേണ്ടതും. നീതിമാൻ എന്ന് ബോധ്യപ്പെട്ടിട്ടും യേശുവിനെ മരണത്തിനു വിധിച്ചശേഷം പീലാത്തോസ് എന്തിന് കൈകഴുകി എന്നറിയുന്നതുപോലെ സുപ്രധാനമാണ് സത്യത്തെയും നീതിയെയും നിരന്തരം മരണത്തിനു വിധിച്ചതിനുശേഷം രാഷ്ട്രത്തിന്റെയും സഭയുടെയും അധികാരികൾ എന്തുകൊണ്ട് കൈകഴുകുന്നില്ല എന്നറിയേണ്ടതും. ദൈവം മനുഷ്യനെ ശിരസ്സുയർത്തി നില്ക്കാൻ കഴിയുംവിധം സൃഷ്ടിച്ചു. എന്നാൽ, സാങ്കേതികവിദ്യ ഇന്ന് മനുഷ്യരെ ശിരസ്സ് കുമ്പിട്ടവരാക്കി മാറ്റി. സ്ക്രീനിലേക്ക് കുനിഞ്ഞുപോയ നമ്മുടെ കുട്ടികളുടെ ശിരസ്സിനെ, വിശുദ്ധഗ്രന്ഥങ്ങളിലേക്കും സദ്ഗ്രന്ഥങ്ങളിലേക്കും പത്രങ്ങളിലേക്കും ചോദ്യങ്ങളിലേക്കും വസ്തുനിഷ്ഠമായ അപഗ്രഥനത്തിലേക്കും മൗലികമായ ചിന്തയിലേക്കും ഉയർത്തേണ്ടത് എല്ലാ മുതിർന്നവരുടെയും അടിയന്തര കർത്തവ്യമാണ്. വിസ്മയിപ്പിക്കുന്ന സൂപ്പർ ഹീറോകളെയല്ല, സത്യം, നീതി, സ്നേഹം, കരുണ എന്നിവയാൽ ഹൃദയം കവരുന്ന പച്ചമനുഷ്യരെയാണ് ഈ കഠിനകാലം ദാഹത്തോടെ തേടുന്നത്.