യാക്കോബിന്റെ ഭവനത്തിൻമേൽ അവൻ എന്നേക്കും ഭരണം നടത്തും. അവന്റെ രാജ്യത്തിന് അവസാനം ഉണ്ടാകയില്ല.ലൂക്കാ 1 : 33
‘ഓ ! ഗബ്രിയേൽ, അങ്ങ് വീണ്ടും വന്നുവോ ? വർഷങ്ങൾക്ക് മുമ്പ് നസറത്തിലെ എന്റെ ഭവനത്തിൽ വന്ന് അങ്ങ് പറഞ്ഞ വാക്കുകൾ ഇന്നും ഞാൻ ഓർക്കുന്നുണ്ട്. അവൻ വലിയവനായിരിക്കുമെന്നും യാക്കോബിന്റെ ഭവനത്തിൻമേൽ അവൻ എന്നേക്കും ഭരണം നടത്തുമെന്നും അവന്റെ രാജ്യത്തിന് അവസാനം ഉണ്ടാകയില്ല എന്നും അന്ന് എന്നോട് പറഞ്ഞിരുന്നല്ലോ! പക്ഷേ, ഇതാ നോക്കൂ! എന്റെ മകൻ പിടഞ്ഞ് മരിച്ച് എന്റെ മടിയിൽ കിടക്കുന്നു.’
‘മറിയം! നിന്റെ നെഞ്ചിലെ സങ്കടം എനിക്ക് മനസിലാകും. ഒരമ്മയ്ക്കും ഈ കാഴ്ച കണ്ടുനിൽക്കാൻ കഴിയില്ല. പക്ഷേ, അന്ന് ഞാൻ പറഞ്ഞതൊന്നും തെറ്റായിരുന്നില്ല. ദൈവത്തിന്റെ വഴികൾ മനുഷ്യരുടെ ചിന്തകൾക്കും അപ്പുറമാണ്.’
‘എങ്കിലും ഗബ്രിയേൽ, എന്റെ കുഞ്ഞിന്റെ വേദന എനിക്ക് താങ്ങാവുന്നതിനും അപ്പുറമാണ്. പണ്ട് എന്റെ മാറിൽ ശയിച്ചതുപോലെയാണ്, ‘എല്ലാം പൂർത്തിയായിരിക്കുന്നു’ എന്നും ‘പിതാവേ അങ്ങയുടെ കരങ്ങളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു’ എന്നും പറഞ്ഞ് അവൻ ജീവൻ വെടിഞ്ഞത്.’
‘മറിയം ! ലോകത്തിന്റെ മുഴുവൻ പാപങ്ങളും തോളിലേറ്റിയാണ് നിന്റെ മകൻ മരിച്ചത്. അവൻ ഉയിർത്തെഴുന്നേൽക്കും. ഈ കുരിശ് അവസാനമല്ല; പുതിയൊരു തുടക്കമാണ്.’
‘അവൻ നടന്നുതീർത്ത വഴികളിലും പറഞ്ഞ വാക്കുകളിലും അവന്റെ അമ്മയായി തുടർന്നും സഞ്ചരിക്കുക എന്നത് മാത്രമാണ് ഇനി എനിക്ക് ചെയ്യാനുള്ളത്. ദൈവത്തിന്റെ ഇഷ്ടം എന്താണോ അത് നിറവേറട്ടെ.’
‘മറിയം ! ദൈവത്തോടുളള നിന്റെ ഈ സ്നേഹവും അചഞ്ചലമായ വിശ്വാസവും ലോകമുള്ളിടത്തോളം കാലം വാഴ്ത്തപ്പെടും. ദൈവം നിന്നോടു കൂടെയുണ്ട്.’
(2)
‘ദൈവകൃപ നിറഞ്ഞ മറിയമേ, സ്വസ്തി!’
‘അങ്ങ് തന്നെയല്ലേ അന്ന് ആ വാർത്ത നൽകാൻ വന്നത്?’
‘അതെ.’
‘അങ്ങ് ഇതിനു വേണ്ടിയായിരുന്നോ അത് എന്നെ അറിയിച്ചത്?’
‘മറിയം ! നിന്നെ ഏൽപ്പിച്ച ദൗത്യം നീ നിർവഹിച്ചു. നീ അനുഭവിക്കുന്ന വേദനയുടെ ആഴം ഞാൻ തിരിച്ചറിയുന്നു. എന്നാൽ, ഇത് ദൈവഹിതമാണ്.’
‘അവൻ ദൈവപുത്രനായിരിക്കാം. എങ്കിലും, ഞാൻ ഗർഭം ധരിച്ചു ജൻമം കൊടുത്ത എന്റെ പുത്രനാണ്!’
‘മറിയമേ , നീ ആകുലപ്പെടേണ്ട. നിന്റെ പുത്രൻ ഉയിർത്തെഴുന്നേൽക്കും. ഞാൻ അന്ന് പറഞ്ഞതുപോലെ , അവന്റെ രാജ്യത്തിന് അവസാനം ഉണ്ടാവുകയില്ല.’
‘ഞാൻ കർത്താവിന്റെ ദാസിയാണ്. അവിടുത്തെ ഹിതം എന്നിൽ മാത്രമല്ല; എല്ലാവരിലും നിറവേറട്ടെ!’
(3)
‘ഓ ! മറിയം. ഈ സ്ഥലം എത്ര ദുഃഖം നിറഞ്ഞതാണ്. ചുറ്റും നോക്കുമ്പോൾ ഹൃദയം തകരുന്നതുപോലെ തോന്നുന്നു.’
‘അതെ ഗബ്രിയേൽ ! എന്റെ ഹൃദയം വേദന കൊണ്ട് നിറയുന്നു. എങ്കിലും ദൈവത്തിന്റെ ഹിതത്തിൽ ഞാൻ വിശ്വസിക്കുന്നു.’
‘മറിയം ! മനുഷ്യരുടെ ക്രൂരത കണ്ടിട്ടും നിന്റെ വിശ്വാസത്തിന് ഒട്ടും കുറവില്ലല്ലോ!’
‘വിശ്വാസം തന്നെയാണ് ഇപ്പോഴും എന്റെ ശക്തി. സംഭവിക്കുന്നതെല്ലാം എനിക്ക് പൂർണ്ണമായി മനസ്സിലാകുന്നില്ലെങ്കിലും ദൈവത്തിന് എല്ലാം അറിയാം.’
‘മറിയം ! നിന്റെ വിശ്വാസത്തിൽ നിന്നുളവാകുന്ന ഈ ധൈര്യം സ്വർഗത്തിന് എപ്പോഴും അത്ഭുതമാണ്.’
‘ഗബ്രിയേൽ ! ദൈവത്തിന്റെ വഴികൾ പലപ്പോഴും നമ്മുടെ ചിന്തകൾക്കപ്പുറമാണ്. അതിനാൽ ഞാൻ പ്രാർത്ഥിച്ചു കൊണ്ടിരിക്കും!’
‘മറിയം ! നിന്റെ വിശ്വസം എല്ലാവർക്കും പ്രത്യാശയേകട്ടെ.’
‘ദൈവത്തിന്റെ സ്നേഹവും സമാധാനവും എല്ലാവരുടെയും ഹൃദയങ്ങളിൽ നിറയട്ടെ!’
ഒക്ടോബർ മാസത്തിന് മുന്നോടിയായി പത്താം ക്ലാസിലെ വിശ്വാസപരിശീലന വിദ്യാർത്ഥികൾക്ക് ഒരു പഠനപ്രവർത്തനം നൽകി. വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിലെ യേശുവിന്റെ ജനനത്തെക്കുറിച്ചുള്ള അറിയിപ്പ് വായിച്ചു ധ്യാനിക്കുക. ശേഷം ഈശോയുടെ തിരുശ്ശരീരം മാതാവിന്റെ മടിയിൽ കിടത്തുന്ന കുരിശിന്റെ വഴിയിലെ പതിമൂന്നാം സ്ഥലവും ധ്യാനിക്കുക. ഗൊൽഗോഥായിലെ കുരിശിൻ ചുവട്ടിൽ മുഖ്യദൂതനായ ഗബ്രിയേൽ മറിയത്തെ വീണ്ടും സന്ദർശിക്കുന്നതായി ഭാവനയിൽ കാണുക. അവരുടെ സാങ്കൽപിക സംഭാഷണം പ്രാർത്ഥനാപൂർവ്വം എഴുതുക. ലഭിച്ച രചനകളിലെ മികച്ച മൂന്നെണ്ണമാണ് ഇവിടെ ചേർത്തിരിക്കുന്നത്. മറിയത്തെ കുട്ടികൾക്ക് നല്ലതുപോലെ മനസ്സിലായിരിക്കുന്നു എന്ന് രചനകൾ സ്പഷ്ടമാക്കുന്നുണ്ട്. യേശുവിനെ മനസ്സിലാക്കുന്നതു പോലെ, യേശു സ്നേഹിച്ചവരെയും മനസ്സിലാക്കുക എന്നതും വിശ്വാസപരിശീലനത്തിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ്. വ്യാഖ്യാനം അടുത്ത ലക്കത്തിലാകാം.