വിശുദ്ധ മെല്‍റ്റിയാഡസ്  (314) : ഡിസംബര്‍ 10

വിശുദ്ധ മെല്‍റ്റിയാഡസ്  (314) : ഡിസംബര്‍ 10
Published on
മെല്‍റ്റിയാഡസ് എന്നും, മെല്‍ക്യാഡസ് എന്നും അറിയപ്പെട്ടിരുന്ന ഈ വിശുദ്ധന്‍ 32-ാമത്തെ മാര്‍പാപ്പയാണ്. വി. എവുസേബിയസിന്റെ മരണശേഷം രണ്ടു വര്‍ഷം കഴിഞ്ഞാണ് മെല്‍റ്റിയാഡസ് അധികാരമേറ്റത്.

ഇദ്ദേഹത്തിന്റെ ഭരണകാലത്താണ് (311-314) റോമിലെ മില്‍വിയന്‍ ബ്രിഡ്ജില്‍ ഒരു മഹായുദ്ധം അരങ്ങേറിയത്. ആ യുദ്ധത്തില്‍ വിജയശ്രീലാളിതനായ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി പാശ്ചാത്യദേശത്തെ സര്‍വ്വാധിപനായി. ഇതോടനുബന്ധിച്ച് അദ്ദേഹത്തിന്റെ പ്രസിദ്ധമായ "മിലാന്‍ വിളംബരം" (313) പുറത്തുവന്നു.

ക്രിസ്തുമതത്തെ സഹിഷ്ണുതയോടെ സമീപിക്കണമെന്നും സഭയുടെ സ്വത്തുക്കളെല്ലാം തിരിച്ചു നല്‍കണമെന്നും കല്പിക്കുന്നതായിരുന്നു മിലാന്‍ വിളംബരം. ചക്രവര്‍ത്തിയുടെ ലാറ്ററന്‍ പാലസ് പോപ്പിന്റെ ഔദ്യോഗിക വസതിയാക്കാന്‍ വിട്ടുകൊടുക്കുകയും ചെയ്തു. 1313 വരെ ഈ അവസ്ഥ തുടര്‍ന്നു.

മതപരിവര്‍ത്തനം ചെയ്ത കവി ലക്ടാന്തിയസ് അന്ന് ഇങ്ങനെ കുറിച്ചു: "മേച്ചില്‍സ്ഥലത്ത് അതിക്രമിച്ചു കടന്ന് ആടുകളെ കൊന്നൊടുക്കിയ കാട്ടുമൃഗത്തെ നശിപ്പിച്ച കര്‍ത്താവിന് നമുക്ക് നന്ദിപറയാം. ആര്‍ത്തട്ടഹസിച്ചു വന്ന ശത്രുപാളയം ഇന്നെവിടെ? ഡയക്ലീഷന്റെയും മാക്‌സിമിയന്റെയും ആരാച്ചാരന്മാര്‍ എവിടെ? ദൈവം അവരെയെല്ലാം ഭൂമിയില്‍നിന്നു തുടച്ചുനീക്കി.

അതുകൊണ്ട്, സ്തുതിഗീതങ്ങള്‍ ആലപിച്ചുകൊണ്ട് നമുക്ക് കര്‍ത്താവിന്റെ വിജയം ആഘോഷിക്കാം. രാപകലില്ലാതെ പ്രാര്‍ത്ഥനകള്‍ കൊണ്ട് നമുക്ക് അവിടുത്തെ ആരാധിക്കാം. പത്തുവര്‍ഷത്തെ കഷ്ടപ്പാടില്‍നിന്നു മോചിതരായ നമുക്കു ലഭിച്ച സമാധാനം അവിടുന്ന് കാത്തുസൂക്ഷിക്കട്ടെ."
മെല്‍റ്റിയാഡസിന്റേത് സ്വാഭാവിക മരണമായിരുന്നെങ്കിലും സഭയുടെ രക്തസാക്ഷികളുടെ കൂട്ടത്തിലാണ് അദ്ദേഹത്തെയും പെടുത്തിയിരിക്കുന്നത്.

സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ കരയുകയും വിലപിക്കുകയും ചെയ്യും; എന്നാല്‍, ലോകം സന്തോഷിക്കും. നിങ്ങള്‍ ദുഃഖിതരാകും; എന്നാല്‍, നിങ്ങളുടെ ദുഃഖം സന്തോഷമായി മാറും
യോഹ 16:20

മാക്‌സിമിയന്റെ മതപീഡനകാലത്ത് മെല്‍റ്റിയാഡസ് അനുഭവിച്ച നരകയാതനകളുടെ പേരിലാണ് അദ്ദേഹത്തെ രക്തസാക്ഷിയാക്കിയത്. വി. കല്ലിസ്റ്റസിന്റെ സെമിത്തേരിയിലാണ് വിശുദ്ധനെ അടക്കിയതെങ്കിലും കല്ലറയുടെ കൃത്യസ്ഥാനം അജ്ഞാതമാണ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org