വചനമനസ്‌കാരം

വചനമനസ്‌കാരം: No.225

എസ്. പാറേക്കാട്ടില്‍
ശൈശവത്തിൽത്തന്നെ നടക്കേണ്ട വഴി പരിശീലിപ്പിക്കുക; വാർധക്യത്തിലും അതിൽ നിന്നു വ്യതിചലിക്കുകയില്ല.
സുഭാഷിതങ്ങൾ 22 : 6

സ്വീകരണമുറിയിലേക്ക് കയറിച്ചെന്നപ്പോൾ വരവേറ്റത് നവവൃന്ദം മാലാഖമാരാണ് ! ആദ്യം സ്രാഫേൻമാരാണ്. സ്‌തുതിപ്പിന്റെ കൃപ നൽകുന്നത് അവരാണ്. അവരെ കണ്ടപ്പോൾ ‘അങ്ങയെ സ്‌തുതിക്കാൻവേണ്ടി ഞാൻ ജീവിക്കട്ടെ’ എന്ന ദാവീദിന്റെ വാക്കുകൾ ഓർമ്മയിലെത്തി (സങ്കീ. 119:175). രണ്ടാമത്തേത് ക്രോവേൻമാരാണ്. അവരാണ് പരിശുദ്ധിയിലേക്ക് നയിക്കുന്നത്. പരിശുദ്ധിയിലേക്ക് എന്നാൽ പരമപരിശുദ്ധനായ ദൈവത്തിലേക്ക് എന്നാണർഥം. പ്രിയ ക്രോവേൻമാർക്ക് നന്ദി! മൂന്നാമത്തേത് ഭദ്രാസനന്മാർ. ദൈവികശ്രവണം നൽകുന്നത് അവരാണ്. അവരുമായി കൂട്ടില്ലാത്തതു കൊണ്ടാകും ഈ അണ്ഡകടാഹത്തിലെ കഠോരശബ്ദങ്ങൾക്കിടയിൽ ദൈവത്തിന്റെ മൃദുസ്വരം കേൾക്കാതെ പോകുന്നത്. നാലാമത്തെ കൂട്ടരാണ് അധികാരികൾ. അവരാണ് ദൈവിക അധികാരം പ്രതിഫലിപ്പിക്കുന്നത്.

ഓ, ദൈവമേ! എല്ലാ അധികാരങ്ങളുടെയും ഉറവിടം അങ്ങാണെന്ന് ഓർമ്മിപ്പിക്കുന്നത് അവരാണല്ലോ. അഞ്ചാമത്തേത് തത്വകന്മാരാണ്. അവരാണ് ദൈവിക തത്വങ്ങൾ വെളിപ്പെടുത്തുന്നത്. ആ തത്വങ്ങൾക്കുവേണ്ടി വിശക്കാനും ദാഹിക്കാനും കഴിഞ്ഞിരുന്നെങ്കിൽ! ആറാമത്തേത് ബലവാന്മാരാണ്. ദൈവകല്പനകൾ നിറവേറ്റാൻ ബലം നൽകുന്നത് അവരത്രെ. എന്റെ കർത്താവേ! മറ്റാരുമില്ലെങ്കിലും അവരെ കൂട്ടിന് കിട്ടിയാൽ മതിയായിരുന്നു! ഏഴാമത്തെ കൂട്ടർ പ്രാഥമികന്മാർ. അവരത്രെ ദൈവരാജ്യം സംരക്ഷിക്കുന്നത്. അവർക്കിപ്പോൾ പിടിപ്പത് പണിയായിരിക്കും! എട്ടാമത്തേത് മുഖ്യദൂതന്മാരാണ്. ദുഷ്ടാരൂപികൾക്കെതിരെ പ്രവർത്തിക്കുന്നത് അവരാണ്. സ്വർഗീയ സൈന്യങ്ങളുടെ അധിപനായ മിഖായേലിനും കൂട്ടുകാർക്കും നന്ദി. ഒമ്പതാമത്തേത് ദൈവദൂതന്മാരാണ്. അവർ ദൈവമക്കളെ സംരക്ഷിക്കുന്നവരാണ്. എന്നും അവരുടെ കരവലയത്തിനുള്ളിൽ നിൽക്കാൻ കഴിഞ്ഞിരുന്നെങ്കിൽ!

നവവൃന്ദം മാലാഖമാർക്കുശേഷം സ്വീകരിക്കുന്നത് ഏഴ് മുഖ്യദൂതന്മാർ ചേർന്നാണ്. സ്വർഗീയ സൈന്യങ്ങളുടെ അധിപനായ മിഖായേൽ; ദൈവത്തിന്റെ മുഖ്യസന്ദേശവാഹകനായ ഗബ്രിയേൽ; സൗഖ്യത്തിന്റെ മുഖ്യദൂതനായ റഫായേൽ; ജ്ഞാനം, പ്രകാശം, ഉൾക്കാഴ്ച എന്നിവയുടെ മുഖ്യദൂതനായ ഉറീയേൽ; സമാധാനം, നിരുപാധിക സ്‌നേഹം എന്നിവയുടെ ചുമതലക്കാരനായ ഷമുവേൽ; സൗന്ദര്യം, സർഗാത്മകത, ആനന്ദം എന്നിവ ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്ന ജോഫിയേൽ; കരുണ, ക്ഷമ, നെഗറ്റീവ് എനർജിയുടെ പരിവർത്തനം എന്നിവയുടെ ചുമതലയുള്ള സദെക്കിയേൽ എന്നിവർ അഭിവാദനം ചെയ്തു. അടുത്തത് പന്ത്രണ്ട് അപ്പസ്‌തോലന്മാരാണ്. ശേഷം വിശുദ്ധരുടെ നീണ്ട നിരയുണ്ട്. നമ്മുടെ ഭാഷ സംസാരിച്ചിരുന്ന വിശുദ്ധർക്കും വാഴ്ത്തപ്പെട്ടവർക്കും പ്രത്യേക സ്‌ഥാനമുണ്ട്. അൽഫോൻസാമ്മയും ചാവറ പിതാവും മറിയം ത്രേസ്യാമ്മയും എവുപ്രാസ്യാമ്മയും സ്നേഹപൂർവം കടാക്ഷിച്ചു. തൊട്ടടുത്തായി രാമപുരം കുഞ്ഞച്ചനും സിസ്റ്റർ റാണി മരിയയും ഉണ്ട്. അടുത്ത ഊഴം മാർപാപ്പമാരുടേതാണ്. പോൾ ആറാമനും വിശുദ്ധ ജോൺ പോൾ രണ്ടാമനും ബെനഡിക്ട് പതിനാറാമനും പോപ്പ് ഫ്രാൻസിസും ലെയോ മാർപാപ്പയുമെല്ലാം വശ്യമായ പുഞ്ചിരിയോടെ ആശീർവദിക്കുന്നു.

പ്രാർത്ഥനാമുറി മറ്റൊരു പ്രപഞ്ചമാണ്. അവിടേക്ക് സ്വാഗതം ചെയ്യുന്നത് പരിശുദ്ധ കന്യകാമറിയത്തിന്റെ വേരിയന്റുകളാണ് ! പച്ചയും നീലയും സ്വർണ്ണനിറമാർന്നതുമായ ചേലകളിൽ തിളങ്ങുന്ന അമലോത്ഭവയും നിത്യകന്യകയും ദൈവമാതാവും സ്വർഗരാജ്ഞിയുമായ മറിയം! റോസ മിസ്‌റ്റിക്കയും മോൺതിലീജിയൻ മാതാവും മുതൽ നിത്യസഹായനാഥയും കർമ്മലമാതാവും വരെയുള്ള മരിയൻ ചിത്രങ്ങൾ. അതിനടുത്തായി വെളുത്ത കുഞ്ഞാടിനെ മാറോടു ചേർത്തു നിൽക്കുന്ന നമ്മുടെ കർത്താവിന്റെ വശ്യമായ ചിത്രം. കരുണയുടെ ചിത്രത്തിലെ അതേ കണ്ണുകൾ! അതിനടുത്തായി കിരീടം ധരിച്ചിരിക്കുന്ന ദൈവപിതാവിന്റെ ചിത്രം. മുടിയും താടിയുമൊക്കെ നന്നായി വെളുത്തിട്ടുണ്ട്! കരുണ വഴിഞ്ഞൊഴുകുന്ന മുഖം. പശ്ചാത്തലത്തിൽ ചിറക് വിരിച്ച് താഴേക്ക് പറന്നിറങ്ങുന്ന ഒരു വലിയ പ്രാവ്. അത് പരിശുദ്ധാരൂപി തന്നെ.

ഏതെങ്കിലും തീർഥകേന്ദ്രത്തിലെ പ്രദർശനാലയ ത്തിന്റെയോ ഭക്തവസ്തുക്കൾ വില്ക്കുന്ന കടയുടെയോ വിവരണമാണെന്ന് കരുതിയെങ്കിൽ തെറ്റി. ഇത് എലിസബത്തിന്റെയും ക്രിസ്‌റ്റഫറിന്റെയും വീടാണ്. ആറിൽ പഠിക്കുന്ന എലിസബത്തും മൂന്നാം ക്ലാസുകാരനായ ക്രിസ്‌റ്റഫറും ഇത്രയും പേരുടെ സ്നേഹത്തിലും സൗഹൃദത്തിലുമാണ് വളരുന്നത്. അടുത്ത ലക്കത്തിൽ വിശദീകരിക്കാം.

  • (തുടരും)

നിലാവിന്റെ വീട് - 14

മുറിവേറ്റ ലോകത്തില്‍ യുവജനങ്ങള്‍ സമാധാനപ്രവര്‍ത്തകരാകുക

നമ്മുടെ സെക്കുലർ ഭരണം

ലൂമെൻ 2026' യുവജനദിനാഘോഷം

യേശുവിന് പണസഞ്ചി ഉണ്ടായിരുന്നോ?: ദരിദ്രരുടെ സഭയുടെ നാനാർത്ഥങ്ങൾ!