

ടോം കെ. ജോസ്
അധ്യായം : പതിനാല്
നടക്കാൻ തുടങ്ങിയിട്ട് ഇത്രയും നേരമായിട്ടും ഷെറിൻ ഒന്നും മിണ്ടിയില്ല എന്നുള്ളത് അയാളെ ഒട്ടും അതിശയപ്പെടുത്തിയില്ല. അവനങ്ങനെയാണ്. ഗൗരവതരമമായതെന്തെ ങ്കിലും സംഭവിച്ചാൽ പിന്നെ മൗനഗൗരവമാണ് എല്ലാം അങ്ങോട്ട് പറയണം.
എന്ത് പറഞ്ഞു തുടങ്ങണം? എവിടെ തുടങ്ങണം? പറഞ്ഞാൽ ഷെറിന് പോലും മനസ്സിലാ വില്ലെന്നു ഭയപ്പെടുന്ന ഈ അവസ്ഥയിൽ എങ്ങനെ കാര്യം അവതരിപ്പിക്കാ നാണ്.
അയാൾക്കും വ്യക്തമായ ഒരു രൂപമില്ലായിരുന്നു.
“ഷെറിൻ...”
അയാൾ പതിയെ വിളിച്ചു. ഷെറിൻ പതിയെ ഒന്നു തിരിഞ്ഞു. വീണ്ടും നടപ്പു തുടർന്നു.
അയാൾ അല്പം വേഗം നടന്ന് ഷെറിനൊപ്പമെത്തി.
“ഫിലിപ്പിന്റെ മെസേജ് വന്നു.”
ഷെറിൻ കേൾക്കാത്തതുപോലെ നടക്കുകയാണ്.
“റെഡിയായിക്കോളാൻ പറഞ്ഞു.”
“എന്നിട്ട് റെഡിയായോ.”
“പിതാവിനെ കണ്ട കാര്യം ഞാൻ പറഞ്ഞാരുന്നല്ലോ.”
“പിതാവിനെ മാത്രമല്ലല്ലോ. വികാരി ജനറാളിനെ കൂടി കണ്ടില്ലേ.”
“അതും ഞാൻ.”
“അതും പറഞ്ഞിരുന്നു. പോയി വന്നതിനുശേഷം.”
ഷെറിന്റെ വാക്കുകളിൽ പരിഭവം.
“നീ പോകുന്നതിനു മുമ്പ് എന്നെ വിളിച്ചിരു ന്നേൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു.”
“എന്റെ മാനസികാവസ്ഥ. അത് പറഞ്ഞാലാർക്കും...”
ഷെറിൻ പൂർത്തീകരിക്കാൻ സമ്മതിച്ചില്ല.
“മനസ്സിലാവില്ല എന്നല്ലേ. എനിക്കല്ല ജോണീ നിനക്കാ മനസ്സിലാകാത്തത്.”
“ഇവിടെ എന്താ കുഴപ്പം. നല്ല മനുഷ്യരല്ലേ ഇവിടെ. പഴയതൊക്കെ മറന്ന് ഈ നാട്ടിൽ നിൽക്കുന്നതിനു പകരം നീ എന്തൊക്കെയാ ഒപ്പിച്ചോണ്ടു വരുന്നത്. വിവരങ്ങൾ നീ പറയാതെതന്നെ ഞാൻ അറിയുന്നുണ്ട്.”
“ഇങ്ങനെ ഒളിച്ചോടാൻ തുടങ്ങിയാൽ നീ എവിടം വരെ ഓടും.”
ഷെറിൻ നടപ്പു തുടർ ന്നത് നന്നായി. ഗൗരവ ത്തിൽ സംസാരിക്കു മ്പോൾ ഷെറിന്റെ മുഖം കാണാതിരിക്കുന്നതാണ് നല്ലത്.
“പഴയതെല്ലാം ഓർമ്മകളിലേ ഉള്ളൂ. പക്ഷേ അതൊന്നും മറക്കാനാവുന്നില്ല. ഇവിടെ വന്നിട്ടും മനസ്സിന് യാതൊരു സ്വസ്ഥതയുമില്ല. എല്ലാം പുറമേ ഭംഗിയായി ചെയ്തുപോകുന്നുണ്ട്. പക്ഷേ ഒരു സന്തോഷമില്ല. ഇവിടേം കുറേ മനുഷ്യ രുണ്ട് ജീവിതം നിറയെ പ്രശ്നങ്ങളുമായി. എന്റെ കൈയ്യിൽ അതിനൊന്നും പരിഹാരവുമില്ല.”
ജോണീ ഞാൻ നിന്നോട് പണ്ടു മുതലേ പറയാറില്ലേ നിന്റെ അത്മാർത്ഥതക്കൂടുത ലിനേക്കുറിച്ച്. അത്രയൊന്നും ആരും പ്രതീക്ഷിക്കുന്നില്ല. നമുക്ക് പരിധികളും പരിമിതികളു മുണ്ടെന്ന് എല്ലാവർക്കു മറിയാം. നിന്റെ ഈ ആത്മാർത്ഥത ഒന്ന് കുറയ്ക്ക്. എല്ലാറ്റിനും പരിഹാരം കാണാൻ നമ്മൾ ദൈവം ഒന്നുമല്ലല്ലോ. അവരെ നീ കാണുന്നുണ്ട്; കേൾക്കു ന്നുണ്ട്. നിന്നാലാവുന്ന സഹായങ്ങളും ചെയ്യു ന്നുണ്ട്. ഇത്രയും മതിയെന്ന് വയ്ക്കണം.”
“നമ്മൾ ചെയ്തു കൊണ്ടിരിക്കുന്നതിൽ നമുക്ക് സംതൃപ്തി വേണ്ടേ. എന്തെങ്കിലും ചെയ്തെന്ന് തോന്നണ്ടേ.”
“ജോണീ. നിന്റെ അടുത്ത കുഴപ്പമിതാണ്. അമിതപ്രതീക്ഷ. ഇത്രയും തൃപ്തിയൊക്കെയേ നമുക്ക് പറഞ്ഞിട്ടുള്ളൂ. നൂറുമേനി ക്കു മുമ്പ് മുപ്പത് മേനിയും അറുപതുമേനിയും ഉണ്ട്. നീ എപ്പോഴും നുറുമേനി ക്കും മുകളിലാ പ്രതീക്ഷി ക്കുന്നത് സിനിയും അമ്പിളിക്കുട്ടനും സ്റ്റെഫിയും ഇവിടെ മാത്രമല്ല. ലോകത്ത് എല്ലായിടത്തുമുണ്ട്. നീ അവരേക്കുറിച്ച് കാണുന്ന സ്വപ്നങ്ങൾ അവർ ഒരിക്കൽ പോലും കണ്ടിട്ടുണ്ടാവില്ല. അത്രയും അവർ പ്രതീക്ഷിക്കുന്നുണ്ടാവില്ല. അപ്പോഴാണ് നിന്റെ ഈ സെന്റിമെന്റ്സ്.”
“ഇത് വെറും സെന്റിമെന്റ്സല്ല.”
“ആയിക്കോട്ടെ. അവരുടെ സ്ഥിതിയെക്കുറിച്ച് നിനക്ക് വല്ല്യ തൃപ്തിയില്ലെങ്കിലും അവർ നിന്നെ എങ്ങനെയാ കാണുന്നതെന്ന് നീ ചിന്തിച്ചിട്ടുണ്ടോ?”
“അതാണ് ഏറ്റവും വലിയ പ്രശ്നം. ഈ ബന്ധങ്ങളെല്ലാം പറിച്ചെറിഞ്ഞ് ഒന്ന് സ്വതന്ത്രമാകണം. അതിനാ ഒന്നുമാറി നിൽക്കാൻ തീരുമാനിച്ചത്.”
“നിനക്കതിനാവില്ല ജോണീ. ഏത് നാട്ടിൽ ചെന്നാലും നിനക്ക് ആരാധകരുണ്ടാകും. നീ ഒളിച്ചോടുന്തോറും അവ കൂടുതൽ ദൃഢമാകും. വീട്ടുകാരെ ഉപേക്ഷിച്ചിട്ടെന്തായി. നാട്ടുകാര് മുഴുവൻ വീട്ടുകാരായി എത്രനാളായി വീട്ടിൽ പോയിട്ട്. എന്നാ അവസാനം വീട്ടിലേക്ക് വിളിച്ചത്?”
ഉത്തരം കൃത്യമായി അറിഞ്ഞിട്ടുള്ള ചോദ്യമാണ്. അതിന് ഉത്തരമില്ല. അയാൾ തലകുനിച്ചു.
“ഇപ്പോൾ സിനിയെ കാണാൻ പോകാറുണ്ടോ?”
“ചെറുതായിട്ട് നിർത്തിയിരുന്നു. ഇപ്പോൾ വീണ്ടും പോകാൻ തുടങ്ങി.”
“ജോണീ. വ്യക്തികളെയും പ്രശ്നങ്ങളെയും വേർതിരിച്ച് കാണാൻ ശീലിക്കണം. വ്യക്തികളെന്നാൽ അവരുടെ പ്രശ്നങ്ങൾ മാത്രമല്ല. സൗഹൃദമെന്നത് പ്രശ്നങ്ങൾ തീർക്കൽ മാത്രമല്ല. നിന്റെ വ്യഗ്രത മുഴുവൻ പ്രശ്നപരിഹാരം കണ്ടെത്താനാണ്. പണ്ട് നടത്താൻ പോയ വിപ്ലവം എന്തായി?”
“അതൊക്കെ മറക്കാനാണ് ഈ യാത്ര.”
“യാത്ര. യാത്രയല്ല ജോണീ ഇത് ഒളിച്ചോട്ടം.”
“ഒട്ടകപ്പക്ഷി അപകടം കാണുമ്പോൾ മണലിൽ തലയാഴ്ത്തുമെന്ന് പറയുന്നതുപോലെ. പ്രശ്നങ്ങൾ അവിടെത്തന്നെയുണ്ട്. പാവം പക്ഷി മാത്രം അത് കാണുന്നില്ലെന്നേയുള്ളൂ.”
“അതും ഒരു ആശ്വാസമാണ് ഷെറിൻ.”
“ഞാൻ നിർത്തി.” ഷെറിൻ കൈകൂപ്പി.
ആനക്കയത്തിന്റെ ഇരമ്പൽ അവരെ മാടി വിളിച്ചു.
ആനക്കയത്തിനുചുറ്റും പാറക്കെട്ടുകൾക്കിടയിൽ പുഴക്കരിമ്പിൻ കൂട്ടങ്ങൾ പൂത്തുനില്ക്കുന്നു. സാന്ധ്യശോഭയിൽ അവയുടെ വെൺമയ്ക്ക് മാറ്റു കൂടിയതു പോലെ. ഒരു കൊച്ചുകാറ്റ് അവയുടെ പരാഗങ്ങളെ വഹിച്ച് കടന്നുപോയി.
ഷെറിൻ ഏറെ നേരം ആ കാഴ്ച നോക്കി നിന്നു.
“ഈ പുഴയ്ക്ക് എന്നും പുതിയ ഭാവങ്ങളാ അല്ലേ.”
അയാൾ വെറുതേ തലയാട്ടി.
“അല്ലെങ്കിലും ആർക്കാണ് എന്നും ഒരേ ഭാവങ്ങൾ സൂക്ഷിക്കാൻ സാധിക്കുന്നത്. പ്രകൃതി അത് പൂർണ്ണമായും പ്രകടിപ്പിക്കുന്നു. മനുഷ്യൻ ബുദ്ധിപൂർവം അതെല്ലാം മറച്ചുപിടിക്കുന്നു. മാറ്റമില്ലാത്തവനായി നടിക്കുന്നു.”
“ഈ കരിമ്പിൻപൂക്കൾ കാണുമ്പോൾ ജോണീ എന്താ ഓർമ്മവരുന്നത്?”
“വെള്ള മേഘത്തുണ്ടുകൾ പെയ്തുകിടക്കുന്ന പോലെ.”
“ഏയ്...
“കുളികഴിഞ്ഞ് ധവളമായി വരുന്ന ഗിലയാദിലെ ചെമ്മരിയാട്ടിൻ കൂട്ടം.”
“ബൈബിൾ.”
“മണൽപ്പുറത്ത് മഞ്ഞുപോലെ പെയ്തുകിടന്ന മന്ന.”
“പിന്നേം ബൈബിൾ.”
ഷെറിൻ നിഷേധഭാവത്തിൽ തലയാട്ടി.
“പിന്നെ?”
“പഥേർ പാഞ്ചാലിയിൽ അപ്പു തീവണ്ടി കാണാൻ ഓടുന്ന താഴ്‌വര. അപ്പുവും ദുർഗയും.”
ആ ദൃശ്യം മനസ്സിലേക്ക് ചൂളംവിളിച്ചെത്തി.
“നടന്നാലോ.” ഷെറിൻ ചിന്തകളിൽ നിന്നുണർത്തി.
പറുദീസയിലേക്ക് പാദങ്ങൾ ചലിച്ചു തുടങ്ങി.
“ജോണീ. ഇതു കണ്ടോ.” ഷെറിൻ ഒരിടത്ത് നിന്നു.
മണൽപ്പരപ്പിൽ കാലു കൊണ്ടുവരച്ച ഒരു വൃത്തം. ഒത്ത നടുക്ക് ഒരു മരക്കമ്പ് നാട്ടിയിരിക്കുന്നു.
“ഇതിവിടത്തെ ഒരു രീതിയാ. നല്ല മണൽ ആദ്യം കാണുന്നവർ ഇങ്ങനെ ബുക്ക് ചെയ്യും. ഈ അടയാളം കണ്ടാൽ അത് മറ്റുള്ളവർ വാരാൻ പാടില്ല.”
“കൊള്ളാം നിയമം ലംഘിക്കുന്നവർക്കിടയിലും എത്ര മനോഹരമായ നിയമങ്ങൾ നിലനിൽക്കുന്നു. നാട്ടിൻപുറം നന്മകളാൽ സമൃദ്ധം.” ഷെറിൻ പുഞ്ചിരിയോടെ പറഞ്ഞു.
“അടിച്ചേൽപ്പിക്കുന്ന നിയമങ്ങളേക്കാൾ നല്ലതല്ലേ നാം സ്വയം നിർമ്മിക്കുന്ന നിയമങ്ങൾ.”
“കാന്റിനെ ഇതുവരെ മറന്നില്ല അല്ലേ?” ഷെറിൻ കുസൃതിച്ചിരിയോടെ ചോദിച്ചു.
തത്ത്വശാസ്ത്രക്ലാസ്സുകളുടെ ഓർമ്മ മനസ്സിലേക്ക് പീലിവിരിച്ചെത്തി. ഇമ്മാനുവേൽ കാന്റും ഹൈഡഗറും മാർട്ടിൻ ബൂവറും...
പെട്ടെന്ന് ആറ്റുവഞ്ഞിപ്പടർപ്പുകൾ ക്കിടയിൽ നിന്ന് ഒരു മനുഷ്യൻ കയറിവന്നു.
“ഇത് കുഞ്ഞുഞ്ഞു ചേട്ടൻ. സ്റ്റെഫിടെ പപ്പ.” പരിചയപ്പെടുത്തി.
ഷെറിൻ പരിചിതഭാവത്തിൽ ചിരിച്ചു.
വെളളമിറങ്ങിയപ്പോ മണല് നോക്കാൻ പോയതാ.
“ഞങ്ങൾ പോരുന്നവഴിക്ക് അടയാളം കണ്ടാരുന്നു.”
“ഇല്ലേ. ആമ്പിള്ളേര് കൊണ്ടോവും.”
“ആൾക്ക് നിന്നോട് പിണക്കമൊന്നുമില്ലേ.” കുഞ്ഞുഞ്ഞു ചേട്ടൻ കാഴ്ചയിൽ നിന്ന് മറഞ്ഞപ്പോൾ ഷെറിൻ ചോദിച്ചു.
“ഓർക്കാൻ സമയമുള്ളവർക്കല്ലേ പിണക്കം.”
“ഓർമ്മകൾ സൂക്ഷിച്ച് വയ്ക്കുന്നവർക്കാ പിണക്കം.” ഷെറിൻ തിരുത്തി.
പിണക്കമില്ലാത്ത ഓർമ്മകൾ പോലെ ഒരു പറ്റം വെള്ള കൊക്കുകൾ ചക്രവാളത്തിലേക്ക് പറന്നു.
(തുടരും)