വചനമനസ്‌കാരം

വചനമനസ്‌കാരം: No.198

എസ്. പാറേക്കാട്ടില്‍
എന്റെ ആത്മാവേ, നീ എന്തിനു വിഷാദിക്കുന്നു, നീ എന്തിനു നെടുവീര്‍പ്പിടുന്നു? ദൈവത്തില്‍ പ്രത്യാശ വയ്ക്കുക. എന്റെ സഹായവും ദൈവവുമായ അവിടുത്തെ ഞാന്‍ വീണ്ടും പുകഴ്ത്തും.
സങ്കീര്‍ത്തനങ്ങള്‍ 43:5

'ഏറ്റവും പ്രിയപ്പെട്ട എന്റെ ആത്മാവേ,

നമ്മള്‍ ഒരുമിച്ചായിട്ട് ഏതാണ്ട് 15 വര്‍ഷമാകുന്നു. എന്റെ കൂടെ നീ ഓരോ നിമിഷവുമുണ്ട്. എന്നെ ഏറ്റവും നന്നായി അറിയുന്നതും മനസ്സിലാക്കുന്നതും നീയാണ്. എന്റെ മാതാപിതാക്കളോ സുഹൃത്തുക്കളോ ആരും എന്നെ മനസ്സിലാക്കാതിരുന്നപ്പോഴും നീ എന്നെ താങ്ങിനിര്‍ത്തി. കണ്ണാടി പ്രതിഫലിപ്പിക്കുന്നതു പോലെ എന്റെ തെറ്റുകളെ നീ ചൂണ്ടിക്കാണിച്ചു. എന്റെ വിശ്വാസജീവിതത്തില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ നീ അതിന് ഉത്തരം നല്‍കി. എന്നെ എന്റെ ഈശോയോട് ചേര്‍ത്തുനിര്‍ത്താന്‍ നീ എപ്പോഴും ശ്രദ്ധിച്ചു. ഈശോയുടെ പാത പിന്തുടരുവാന്‍ എന്നെ നീ ഉത്തേജിപ്പിച്ചു. പലപ്പോഴും പല സാഹചര്യത്തിലും എനിക്ക് തിന്മ ചെയ്യാന്‍ കഴിയുമായിരുന്നു; നീ ഇല്ലായിരുന്നെങ്കില്‍. പലപ്പോഴും എന്റെ സുഹൃത്തുക്കള്‍ ഒരു കൊച്ചു നിമിഷത്തിന്റെ സന്തോഷത്തിന് വേണ്ടി തിന്മകള്‍ പ്രവര്‍ത്തിച്ചത് ഞാന്‍ കണ്ടിരുന്നു.

അപ്പോഴൊക്കെ ഞാന്‍ അവരുടെ പാതയല്ല പിന്തുടരേണ്ടതെന്നും എന്റെ മാതാപിതാക്കള്‍, ഉത്തരവാദിത്വങ്ങള്‍, ലക്ഷ്യങ്ങള്‍ എന്നിവയാണ് ഓര്‍ക്കേണ്ടതെന്നുമുള്ള ധാരണ നീ എന്നില്‍ ഉളവാക്കി. ഞാന്‍ പല സാഹചര്യങ്ങളിലും തകര്‍ന്നു പോയിട്ടുണ്ട്. അപ്പോഴെല്ലാം നീ എന്നെ ചേര്‍ത്തുപിടിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. നീ ഒരു മനുഷ്യനെപ്പോലെ ആയിരുന്നെങ്കില്‍ എന്ന് പലപ്പോഴും ഞാന്‍ ആഗ്രഹിച്ചു പോയിട്ടുണ്ട്! എന്റെ എല്ലാ വിചാരങ്ങളും വികാരങ്ങളും അറിയുന്ന എന്റെ ആത്മാവ് മനുഷ്യനായിരുന്നെങ്കില്‍ എത്ര മനോഹരമായിരുന്നേനെ! പക്ഷേ, അങ്ങനെ ഒരിക്കലും ആകില്ലെന്ന് എനിക്കറിയാം.

ജീവിതവും അനുഭവങ്ങളും ഒരുപാട് കാര്യങ്ങള്‍ ഈ ചെറിയ പ്രായത്തിനുള്ളില്‍ പഠിപ്പിച്ചു തന്നിട്ടുണ്ട്. അത് നന്മയായി എടുക്കണോ തിന്മയായി എടുക്കണോ എന്ന് തീരുമാനിച്ചത് നീ തന്നെയാണല്ലോ! അതിന് ഒരുപാട് നന്ദിയുണ്ട്. നന്ദി എന്ന വാക്കിന് ഇവിടെ ഒരു പ്രസക്തിയുമില്ലെന്ന് എനിക്കറിയാം. എങ്കിലും എന്റെ മനസമാധാനത്തിന് ആ വാക്ക് ഞാന്‍ പറയട്ടെ! 'ഒരുവന്‍ ലോകം മുഴുവനും നേടിയാലും തന്റെ ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ അതുകൊണ്ട് അവന് എന്തു പ്രയോജനം?' എന്ന തിരുവചനം എന്നെ നിന്നില്‍ കൂടുതല്‍ ചേര്‍ത്തു നിര്‍ത്തുന്നു. ഇനിയും ജീവിതം അങ്ങനെ നിരന്നു കിടക്കുകയാണ്. ഏതു പ്രതിസന്ധി വന്നാലും ഏതു പ്രതികൂല സാഹചര്യം വന്നാലും നമുക്കൊരുമിച്ച് നമ്മുടെ ഈ യാത്ര തുടരാം.'

കുറെ വര്‍ഷങ്ങളായി പത്താം ക്ലാസിലാണ് വിശ്വാസപരിശീലനം നല്‍കുന്നത്. നവംബര്‍ സവിശേഷമായ മാസമാണെന്നും സ്വന്തം ആത്മാവിനോട് പ്രത്യേകമായി സംസാരിക്കേണ്ട സന്ദര്‍ഭമാണെന്നും ആദ്യ ഞായറാഴ്ച കുട്ടികളോട് പറഞ്ഞു. ആത്മാവിന് ഒരു കത്തെഴുതാന്‍ അവരോട് ആവശ്യപ്പെട്ടു. ഒരു മാസത്തെ സമയം നല്‍കി. അഞ്ച് നിബന്ധനകളാണ് പറഞ്ഞത്. പരിശുദ്ധാരൂപിയുടെ സഹായം തേടി നന്നായി പ്രാര്‍ഥിച്ച് ഒരുങ്ങി വേണം കത്ത് എഴുതേണ്ടത്. പേടിയോ മടിയോ കൂടാതെ സത്യസന്ധമായി എഴുതണം. ഏറ്റവും മികച്ച രണ്ടു കത്തുകള്‍ക്ക് സമ്മാനം ഉണ്ടായിരിക്കും. സമ്മാനാര്‍ഹമായ കത്തുകള്‍ വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്താതെ പംക്തിയില്‍ പ്രസിദ്ധീകരിക്കും.

എ4 പേപ്പറിന്റെ രണ്ടു പുറത്തില്‍ കവിയാതെ തയ്യാറാക്കിയ കത്തുകള്‍ നവംബര്‍ 30 ഞായറാഴ്ച ക്ലാസില്‍ വരുമ്പോള്‍ ഏല്‍പ്പിക്കണം.

എല്ലാ കുട്ടികളും കൃത്യമായി കത്തുകള്‍ എഴുതി ഏല്‍പ്പിച്ചു. ഏറ്റവും മികച്ച രണ്ടു കത്തുകളില്‍ ഒന്നാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. എത്ര ഹൃദ്യമായാണ് ആ കുഞ്ഞ് സ്വന്തം ആത്മാവിനോട് സംവദിച്ചിരിക്കുന്നത്! വിശുദ്ധിയില്‍ വളരാനുള്ള തീവ്രമായ അഭിനിവേശവും അതിന് കഴിയാതെ പോകുമ്പോഴുള്ള നൊമ്പരവും എല്ലാ കത്തുകളിലുമുണ്ട്. പലരും സ്വന്തം ആത്മാവിനോട് മാപ്പ് ചോദിച്ചിട്ടുണ്ട്. കത്തുകളില്‍ വെളിപ്പെട്ട കുരുന്നുഹൃദയവ്യഥകളുടെ വ്യാഖ്യാനം അടുത്ത ലക്കത്തിലാകാം.

നാടകരചനയ്ക്കും കഥാരചനയ്ക്കും സാബു തോമസിന് ഒന്നാം സ്ഥാനം

കുട്ടികളെ കാണാതാകുന്ന സംഭവങ്ങളില്‍ ഉല്‍ക്കണ്ഠ രേഖപ്പെടുത്തി കെ സി ബി സി പ്രോലൈഫ് സംസ്ഥാന സമിതി

ബ്ര. ളൂയീസ് മഞ്ഞളി അനുസ്മരണം നടത്തി

പെറുവില്‍ ലിയോ XIV-ാമന്റെ പ്രതിമ സ്ഥാപിച്ചു

ഗാസ, ഉക്രെയിന്‍ വിഷയങ്ങള്‍ എര്‍ദോഗാനുമായി ചര്‍ച്ച ചെയ്തു മാര്‍പാപ്പ