വചനമനസ്‌കാരം

വചനമനസ്‌കാരം: No.166

എസ്. പാറേക്കാട്ടില്‍
നശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കാതെ മനുഷ്യപുത്രന്‍ തരുന്ന നിത്യജീവന്റെ അനശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കുവിന്‍.
യോഹന്നാന്‍ 6:27

അമ്പതുനോമ്പിനെക്കുറിച്ച് എഴുതണമെന്ന് നോമ്പ് തുടങ്ങിയപ്പോള്‍ തന്നെ കരുതിയതാണ്. ചാക്കുടുത്ത് ചാരം പൂശിയ നിനവെക്കാരും യേശുവിന്റെ മരുഭൂമിയിലെ പരീക്ഷകളും കുരിശിന്റെ വഴിയിലെ നിണമണിഞ്ഞ കാല്‍പാടുകളും വിങ്ങിപ്പൊട്ടുന്ന ഹൃദയങ്ങളും കവിഞ്ഞൊഴുകുന്ന കണ്ണുകളും 'എലോയ്, എലോയ്' എന്നാരംഭിക്കുന്ന ഒടുവിലത്തെ നിലവിളിയുമെല്ലാം സമ്മേളിക്കുന്ന സാന്ദ്രമായ ആ വികാരമണ്ഡലത്തെ എപ്രകാരം സമീപിക്കുമെന്ന സന്ദേഹമുണ്ടായിരുന്നു.

കഴിഞ്ഞ ദിവസവും ഈ ചിന്തയോടെ ഓഫീസില്‍ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്നു. പെട്ടെന്ന് ഒരു 'ഫ്രീക്കന്‍' ബൈക്കില്‍ അതിവേഗത്തില്‍ മറികടന്നുപോയി. അയാള്‍ ധരിച്ചിരുന്ന കറുത്ത ടീഷര്‍ട്ടിന്റെ പിന്നില്‍ വെളുത്ത അക്ഷരത്തില്‍ എഴുതിയിരുന്നത് ശ്രദ്ധിച്ചു, Feed your Soul. എത്ര ധന്യമായ ആശയം! ആത്മാവിനെ പോഷിപ്പിക്കുക - നോമ്പിന്റെ കാതലും അതുതന്നെയാണ്.

Feed എന്ന വാക്കിന് ഊട്ടുക, തീറ്റുക, വിശപ്പുതീര്‍ക്കുക, തീറ്റിപ്പോറ്റുക, ഭുജിക്കുക, ആഹാരം കഴിപ്പിക്കുക, ആഹാരമാവുക, പോഷിപ്പിക്കുക, പുഷ്ടിവയ്ക്കുക, തടിക്കുക, തിന്നു കൊഴുപ്പിക്കുക, ഇന്ധനം കൊടുക്കുക, ഒഴുകിച്ചേരുക, തൃപ്തിപ്പെടുത്തുക എന്നിങ്ങനെ ഒട്ടേറെ അര്‍ഥങ്ങളുണ്ട്. ഏത് അര്‍ഥത്തിലാ യാലും നോമ്പ്, ശരീരത്തേക്കാള്‍ ബാധകമായിരിക്കുന്നത് ആത്മാവിനാണ്.

ഇഷ്ടപ്പെട്ട ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതും ശരീരത്തിന്റെ ആഹ്ലാദങ്ങളില്‍ നിന്ന് തല്‍ക്കാലത്തേക്ക് പിന്‍വാങ്ങുന്നതുമല്ല നോമ്പ്; ആഹാര നിയന്ത്രണം അഥവാ diet എന്നതിന് പകരവുമല്ല. യഥാര്‍ഥത്തില്‍, ഇരുപത്തഞ്ചോ അമ്പതോ ദിവസങ്ങളിലേക്കുള്ള ക്രമീകരണമല്ല നോമ്പ്; പിന്നെയോ ആത്മാവിനെക്കുറിച്ച് അനുനിമിഷമുള്ള കരുതലാണ്.

സുഖാസക്തമായ ഈ ലോകജീവിതത്തില്‍ ശരീരത്തെ ആഹ്ലാദിപ്പിക്കാനും പരിപോഷിപ്പിക്കാനും ഒട്ടേറെ സാധ്യതകള്‍ ഉണ്ടായിരിക്കെ, അവയെ പിഞ്ചെല്ലാതെ ആത്മാവിനെ ആഹ്ലാദിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നവ കണ്ടെത്തി; അവയില്‍ സര്‍വാത്മനാ മുഴുകുന്ന പ്രക്രിയയാണ് നോമ്പ്.

ഈ അര്‍ഥത്തില്‍, അത് ജീവിതത്തെ സമ്പൂര്‍ണ്ണമായി സമാശ്ലേഷിക്കുന്നതാണ്. ദൈവത്തിന്റെ തിരുസാന്നിധ്യ ത്തിലുള്ള ജീവിതമാണ് നോമ്പ്. ആ തിരുസാന്നിധ്യത്തിന്റെ ശക്തിയും സൗന്ദര്യവും മഹിമയും മാധുര്യവും നുകര്‍ന്നുള്ള ജീവിതമാണ് നോമ്പ്. മറ്റൊരു വാക്കില്‍, നമ്മുടെ കൂടെ വസിക്കുന്ന 'എമ്മാനുവേല്‍' ആയ സര്‍വേശ്വരന്റെ കൂടെ വിശ്വസ്തതയോടെ വസിക്കാന്‍ കഴിയുന്നില്ലല്ലോ എന്ന നോവാണ് നോമ്പ്; അങ്ങനെ വസിക്കാനുള്ള ആഗ്രഹവും പരിശ്രമവുമാണ് നോമ്പ്.

സുവിശേഷത്തിലെ ഭോഷനായ ധനികന്‍, നോമ്പിന്റെ പശ്ചാത്തലത്തില്‍ മികച്ച ധ്യാനമാണ്. നിറഞ്ഞു കവിഞ്ഞ തന്റെ ധാന്യപ്പുരകളെക്കുറിച്ച് ചിന്തിച്ച് അയാള്‍ പറഞ്ഞ വാക്കുകള്‍ ഓര്‍മ്മിക്കുക. അയാളുടെ അറപ്പുരകളില്‍ നിറഞ്ഞിരുന്നത് ആത്മാവിന് ഉതകുന്ന ധാന്യങ്ങളായിരുന്നില്ല! എന്നിട്ടും, വിശ്രമിക്കാനും തിന്നുകുടിച്ച് ആനന്ദിക്കാനും അയാള്‍ പറയുന്നത് ആത്മാവിനോടാണ്.

ആത്മാവ് വിശന്ന് മരിക്കാറാകുമ്പോഴും ശരീരം വിഭവങ്ങളുടെ സമൃദ്ധിയില്‍ മുഴുകുന്നതാണ് യഥാര്‍ഥ trap അഥവാ കെണി. ഭോഷന്‍ എന്നു വിളിക്കപ്പെട്ടെങ്കിലും ഒരര്‍ഥത്തില്‍, അയാള്‍ പറഞ്ഞതില്‍ നമുക്ക് പാഠമാക്കാവുന്ന ഒരു പരമസത്യമുണ്ട്. അനേക വര്‍ഷത്തേക്കല്ല, നിത്യകാലത്തേക്ക് ആത്മാവിന് വിശ്രമിക്കാനും 'തിന്നുകുടിച്ച് ആനന്ദിക്കാനുമുള്ള' വിഭവങ്ങള്‍ സമാഹരിക്കുന്നതില്‍ നാം ഉത്സുകരായിരിക്കണം. എത്രയോ കാലമായി ശരീരത്തെ തീറ്റിപ്പോറ്റുന്നവരും ആനന്ദിപ്പിക്കുന്നവരുമാണ് നാം.

എന്നാല്‍, ആത്മാവിന് ആനന്ദിക്കാന്‍ ഉതകുന്നവ നാം സംഭരിച്ചിട്ടുണ്ടോ? യേശു പറഞ്ഞ 'പഴകിപ്പോകാത്ത പണസഞ്ചികള്‍' കരുതി വച്ചിട്ടുണ്ടോ? കള്ളന്‍മാര്‍ കടന്നുവരാത്തതും ചിതല്‍ നശിപ്പിക്കാത്തതുമായ നിക്ഷേപം നമുക്ക് സ്വന്തമായുണ്ടോ? നോമ്പ് ആത്മാവിന്റെ പരിപോഷണമാണെങ്കില്‍, അത് അവസാനിക്കുന്നത് ഇരുപത്തഞ്ചും അമ്പതും ദിവസങ്ങള്‍ കഴിയുമ്പോഴല്ല;

നിത്യതയില്‍ നാം ദൈവത്തെ മുഖാഭിമുഖം ദര്‍ശിക്കു മ്പോള്‍ മാത്രമാണ്. ശരീരത്തിനു മാത്രമല്ല; ആത്മാവിനും സ്വദനകോശങ്ങള്‍ അഥവാ രസമുകുളങ്ങള്‍ (taste buds) ഉണ്ടെന്നും അത് ദാഹാര്‍ത്തമായി കാത്തിരിക്കുന്നത് അനശ്വരതയുടെ അന്നപാനങ്ങള്‍ക്കാണെന്നും തിരിച്ചറിയുന്നത് ജീവിതത്തെ കൂടുതല്‍ ഏകാഗ്രവും സമ്പുഷ്ടവും ഫലദായകവുമാക്കും.

So, Feed your Soul!

🎯 THE HOLY FAMILY - HOPE ON THE റൺ! (Fleeing to Egypt)

വെർച്വൽ റിയാലിറ്റി [Virtual Reality]

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 69]

ക്രിസ്മസ് അവരോടൊപ്പം നമ്മള്‍

ഇന്നത്തെ ക്രിസ്തുമസ് വിപണിയിൽ ക്രിസ്തുവിനേക്കാൾ മാർക്കറ്റ് വാല്യൂ സാന്റാക്ലോസിനാണോ?