തീര്‍ത്ഥാടനം

ഏദോം : വഴിതടയുന്ന സഹോദരന്‍

ഫാ. ഡോ. മൈക്കിള്‍ കാരിമറ്റം

''അവന്‍ പറഞ്ഞു: നീ കടന്നുപോകാന്‍ പാടില്ല. ശക്തമായ സൈന്യവുമായി ഏദോം ഇസ്രായേലിനെതിരേ പുറപ്പെട്ടു. തന്റെ അതിര്‍ത്തിയിലൂടെ ഇസ്രായേല്‍ കടന്നുപോകുന്നത് ഏദോം തടഞ്ഞു. അതിനാല്‍, ഇസ്രായേല്‍ അവിടെനിന്നു തിരിച്ചുപോയി'' (സംഖ്യ 20:20-21).

ദൈവം തങ്ങള്‍ക്ക് അവകാശമായി നല്കിയിരിക്കുന്ന ഭൂമിയിലേക്കു കടന്നുപോകാനുള്ള അനുവാദം മാത്രമാണ് ഇസ്രായേല്‍ക്കാര്‍ ചോദിച്ചത്. ചെങ്കടലിന്റെ വടക്കുകിഴക്കെ മുനമ്പായ ഏലാത്തില്‍നിന്ന് വടക്കോട്ടുപോകുന്ന വിശാലമായ രാജപാതയിലൂടെ മാത്രമേ തങ്ങള്‍ കടന്നുപോകൂ; വഴിക്ക് ഒരു ഉപദ്രവവും ചെയ്യുകയില്ല. വെള്ളം കുടിച്ചാല്‍ അതിനു വില നല്കാം എന്നെല്ലാം പറഞ്ഞിട്ടും ഏദോം സമ്മതിച്ചില്ല.

അവരുടെ പ്രതിഷേധവും എതിര്‍പ്പും വകവയ്ക്കാതെ കടന്നുപോകാനും, വേണ്ടിവന്നാല്‍ യുദ്ധം ചെയ്ത് ആ ദേശം തന്നെ കീഴടക്കാനും മാത്രം ശക്തമായിരുന്നു ഇസ്രായേല്‍സൈന്യം. എന്നിട്ടും യുദ്ധം ചെയ്യാതെ അവര്‍ വഴിമാറിപ്പോയി. ആരാണ് ഏദോം. എന്താണ് ഇസ്രായേലുമായി അവര്‍ക്കുള്ള ബന്ധം എന്നറിഞ്ഞാലേ ഈ എതിര്‍പ്പിന്റെയും വഴിമാറലിന്റെയും അര്‍ഥം ഗ്രഹിക്കാന്‍ കഴിയൂ.

ഇസഹാക്കിന് റബേക്കായില്‍ ജനിച്ച ഇരട്ടക്കുട്ടികളാണ് ഏസാവും യാക്കോബും. വേട്ടയ്ക്കുപോയി വിശന്നുതളര്‍ന്ന ഏസാവ് തന്റെ കടിഞ്ഞൂലവകാശം വിറ്റ് യാക്കോബില്‍ നിന്ന് ഒരു പാത്രം പായസം വാങ്ങിക്കുടിച്ചു. ആ പായസത്തിന്റെ നിറം ചുവപ്പായിരുന്നു. ചുവന്ന പായസത്തിനുവേണ്ടി അവകാശം വിറ്റുതുലച്ചവനെ അവര്‍ ഏദോം എന്നു വിളിച്ചു (ഉല്‍പ. 25:30). പിന്നീട് ഏസാവ് വാസമുറപ്പിച്ച പ്രദേശത്തിന് ഏദോം എന്ന പേര് നിലനിന്നു.

തനിക്ക് അര്‍ഹമല്ലാത്ത ജ്യേഷ്ഠസ്ഥാനം കൗശലപൂര്‍വം തട്ടിയെടുത്തവനാണ് യാക്കോബ്. സ്ഥാനം കരസ്ഥമാക്കുന്നവന്‍, അഥവാ കാലുവാരുന്നവന്‍ എന്നാണ് പേരിന്റെ അര്‍ഥം. സഹോദരന്മാര്‍ തമ്മില്‍ നിലനിന്ന മത്സരത്തിന്റെയും വഞ്ചനയുടെയും ശത്രുതയുടെയും ഓര്‍മ്മ സൂക്ഷിക്കുന്നതാണ് ഏദോം എന്ന പേരുതന്നെ.

വടക്ക് ചാവുകടല്‍, തെക്ക് ചെങ്കടല്‍ - അഥവാ അക്കബാ ഉള്‍ക്കടല്‍, കിഴക്ക് അറേബിയന്‍ മരുഭൂമി, പടിഞ്ഞാറ് സീനായ് മരുഭൂമി. ഈ അതിരുകള്‍ക്കിടയിലുള്ള ഭൂപ്രദേശമാണ് ബൈബിളില്‍ ഏദോം എന്ന് അറിയപ്പെടുന്നത്. ആദ്യം അതിനെ സെയിര്‍ എന്നു വിളിച്ചിരുന്നു. ബൈബിള്‍ ഗ്രീക്കിലേക്കു വിവര്‍ത്തനം ചെയ്തവര്‍ ഏദോം എന്ന വാക്ക് ഇദുമെയാ എന്നു വിവര്‍ത്തനം ചെയ്തു. അങ്ങനെ ബി സി രണ്ടാം നൂറ്റാണ്ടു മുതല്‍ ഇദുമെയാ എന്ന പേര് നിലനിന്നു.

ചുവന്നത് എന്നാണ് ഏദോം എന്ന വാക്കിന്റെ അര്‍ഥം. യാക്കോബിന്റെ ചുവന്ന പായസവുമായി ബൈബിള്‍ അതിനെ ബന്ധിപ്പിക്കുന്നുണ്ടെങ്കിലും ആ ഭൂപ്രദേശത്തിന്റെ നിറം പൊതുവേ ചുവപ്പായതിനാലാണ് ഏദോം എന്ന പേരുണ്ടായതെന്ന് പണ്ഡിതമതം, ചെങ്കടല്‍ എന്ന പേരുപോലെ. വാഗ്ദത്തഭൂമിയിലേക്കുള്ള യാത്രാമധ്യേ വഴിതടഞ്ഞ ഏദോമ്യരെ ഇസ്രായേല്‍ ആക്രമിച്ചില്ല. കാരണം അവര്‍ തങ്ങളുടെ സഹോദരങ്ങളാണ് എന്ന് അവര്‍ അറിഞ്ഞിരുന്നു. അതിനാല്‍ത്തന്നെ ആക്രമിക്കാന്‍ ദൈവം അനുവദിച്ചതുമില്ല (നിയ. 2:2-8). കലഹിക്കരുത്, നമ്മള്‍ സഹോദരങ്ങളാണ് എന്നു അബ്രാഹം ലോത്തിനോടു പറഞ്ഞത് (ഉല്‍പ. 13:8) അനുസ്മരിപ്പിക്കുന്നതാണ് ഈ നിലപാട്. എന്നാല്‍ ഇത് അധികകാലം നിലനിന്നില്ല.

സഹോദരങ്ങളായ ഇസ്രായേല്യരും ഏദോമ്യരും തമ്മില്‍ പലപ്പോഴും യുദ്ധമുണ്ടായി, ദാവീദ് അവരെ കീഴടക്കി; സൈന്യാധിപന്‍ യൊവാബ് അവരെ കൊന്നൊടുക്കി (2 സാമു. 8:12-14). സോളമന്‍ ഏദോമിലെ ഖനികളും തുറമുഖവും കൈയ്യടക്കി ഉപയോഗിച്ചു. സോളമനുശേഷം സ്വാതന്ത്ര്യം പ്രാപിച്ച ഏദോമ്യര്‍ വീണ്ടും പലതവണ ഇസ്രായേലിന്റെ ആധിപത്യത്തിലാവുകയും മോചനം നേടുകയും ചെയ്തിരുന്നു. ബി സി 125-ല്‍ ഹസ്‌മൊണേയ രാജാവായ ജോണ്‍ ഹിര്‍ക്കാനൂസ് അന്ന് ഇദുമെയാ എന്ന് അറിയപ്പെട്ടിരുന്ന ഏദോമിനെ കീഴടക്കി യൂദായോടു ചേര്‍ത്തു. ബി സി 63-ല്‍ പൊംപ ഏദോമിനെ യൂദായില്‍നിന്നു വേര്‍പെടുത്തി ഒരു പ്രത്യേക പ്രവിശ്യയാക്കി. ഹേറോദേസ് മഹാരാജാവ് ഇദുമേയക്കാരനായിരുന്നു - ഏസാവിന്റെ പിന്‍മുറക്കാരനായ ഏദോമ്യന്‍. എ ഡി 6-ല്‍ അര്‍ക്കെലാവോസിന്റെ മരണശേഷം സമറിയാ, യൂദയാ എന്നീ പ്രവിശ്യകളോടൊപ്പം ഇദുമെയായും റോമിന്റെ നേരിട്ടുള്ള ഭരണത്തിന്‍കീഴിലായി. ഇതായിരുന്നു പുതിയ നിയമകാലത്തെ ഏദോമിന്റെ അവസ്ഥ. ഇന്ന് ഏദോമിന്റെ അധികഭാഗവും ജോര്‍ദാന്റെ കീഴിലാണ്.

വഴിതടഞ്ഞ സഹോദരനെ എതിര്‍ക്കാതെ വഴിമാറിയതിലൂടെ നല്കുന്ന സാഹോദര്യത്തിന്റെ പാഠം മാത്രമല്ല ഏദോം പഠിപ്പിക്കുന്നത്. വഞ്ചനയിലൂടെ അവകാശം തട്ടിയെടുത്ത യാക്കോബ് ഹാരാനില്‍ പ്രവാസിയായി കഴിഞ്ഞപ്പോള്‍ ഏസാവ് സ്വന്തം നാട്ടില്‍ രാജാവിനെപ്പോലെ വസിച്ചു. യാക്കോബിന്റെ മക്കള്‍ ഈജിപ്തില്‍ അടിമകളായപ്പോള്‍ ഏസാവിന്റെ മക്കള്‍ സ്വന്തമായ ഒരു രാജ്യത്തിന്റെ ഉടമകളായിരുന്നു. അവര്‍ക്കു രാജാവും ഉണ്ടായിരുന്നു. ദൈവം തന്റെ അനുഗ്രഹം ആര്‍ക്കും നിഷേധിക്കുന്നില്ല. ഓരോരുത്തരെയും ഏല്‍പിക്കുന്ന ദൗത്യം നിര്‍വഹിക്കാന്‍ ആവശ്യമായ കൃപയും നല്കുന്നു. ഇസ്രായേല്യരെപ്പോലെതന്നെ ഏദോമ്യരും ദൈവമക്കളാണ്; അവരെയും ദൈവം സംരക്ഷിക്കുന്നു; ദൈവം തന്റെ അനുഗ്രഹം ആര്‍ക്കും നിഷേധിക്കുന്നില്ല. ഓരോരുത്തരെയും ഏല്‍പിക്കുന്ന ദൗത്യം നിര്‍വഹിക്കാന്‍ ആവശ്യമായ കൃപയും നല്കുന്നു. ഇസ്രായേല്യരെപ്പോലെതന്നെ ഏദോമ്യരും ദൈവമക്കളാണ്; അവരെയും ദൈവം സംരക്ഷിക്കുന്നു; അതുപോലെ എല്ലാ ജനതകളെയും. വഞ്ചനയിലൂടെയും വക്രതയിലൂടെയും നേടിയെടുക്കുന്നത് അനുഗ്രഹമായിരിക്കുകയില്ല എന്നും ഏദോം പഠിപ്പിക്കുന്നു.

അവകാശദിനാചരണവും ഭീമഹര്‍ജി ഒപ്പുശേഖരണവും നടത്തി

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി കത്തോലിക്ക കോണ്‍ഗ്രസ്

വ്യാകുലമാതാവ് (സെപ്തംബര്‍ 15)

128 കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ നൽകി