തീര്‍ത്ഥാടനം

ആദാം : ദൈവം കെട്ടിയ ചിറ

ഫാ. ഡോ. മൈക്കിള്‍ കാരിമറ്റം

ഇസ്രായേല്‍ ജനത്തിന് വാഗ്ദത്തഭൂമിയില്‍ പ്രവേശിക്കാന്‍ വേണ്ടി ദൈവം വലിയൊരത്ഭുതം പ്രവര്‍ത്തിച്ച സ്ഥലമാണ് ആദാം. ജെറീക്കോയില്‍നിന്ന് ഏകദേശം 25 കിലോമീറ്റര്‍ വടക്ക്, ജോര്‍ദാന്‍ നദീതീരത്തുള്ള ചെറിയ ഒരു പട്ടണമാണിത്. ഉടമ്പടിയുടെ പേടകം വഹിച്ച പുരോഹിതന്മാരുടെ പാദങ്ങള്‍ ജലത്തെ സ്പര്‍ശിച്ചപ്പോള്‍ ജോര്‍ദാന്‍നദിയുടെ ഒഴുക്കുനിലച്ചു. ''ആദാം പട്ടണത്തിനരികെ അതു ചിറപോലെ പൊങ്ങി. ആരാബാ ഉപ്പുകടലിലേക്ക് ഒഴുകിയ വെള്ളം നിശ്ശേഷം വാര്‍ന്നുപോയി. ജനം ജെറീക്കോയ്ക്കു നേരെ മറുകരകടന്നു'' (ജോഷ്വാ 3,16).

ചെങ്കടല്‍ വിഭജിച്ചതിനുസമാനമായൊരു അത്ഭുതമായിട്ടാണ് ബൈബിള്‍ ഈ സംഭവത്തെ അവതരിപ്പിക്കുന്നത്. ദൈവത്തിന്റെ ശക്തിയും ജനത്തോടുള്ള കരുതലും അത് പ്രകടമാക്കുന്നു. ദൈവത്തിലുള്ള വിശ്വാസവും നേതാവായ ജോഷ്വായോടുള്ള ആദരവും ജനഹൃദയത്തില്‍ വേരുറയ്ക്കാന്‍ അതു സഹായിച്ചു. ''നിങ്ങളെത്തന്നെ വിശുദ്ധീകരിക്കുവിന്‍. നാളെ നിങ്ങളുടെ ഇടയില്‍ കര്‍ത്താവ് അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും'' (ജോഷ്വാ 3,5) എന്ന ജോഷ്വായുടെ വാഗ്ദാനവും ''ഇന്ന് നിന്നെ ഞാന്‍ ഇസ്രായേല്‍ ജനത്തിന്റെ മുമ്പാകെ ഉന്നതനാക്കാന്‍ പോകുന്നു'' (ജോഷ്വാ 3,7) എന്നു ജോഷ്വായോടുള്ള കര്‍ത്താവിന്റെ പ്രഖ്യാപനവും അതിലൂടെ നിറവേറി.

വീണ്ടും രണ്ടുതവണ ജോര്‍ദാന്‍ നദിയുടെ ഒഴുക്കു നിലക്കുകയും വരണ്ട നിലത്തുകൂടെ നദി കടക്കാന്‍ കഴിയുകയും ചെയ്തതായി ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഏലിയാ തന്റെ മേലങ്കി ചുരുട്ടി നദിയില്‍ അടിച്ചപ്പോള്‍ നദിയില്‍ വഴി തെളിഞ്ഞു. ഏലിയായുടെ ശിഷ്യനും പിന്‍ഗാമിയുമായ ഏലീഷായും ഇതേ അത്ഭുതം ആവര്‍ത്തിച്ചു (2 രാജാ 2,8-14). അവര്‍ യഥാര്‍ത്ഥ പ്രവാചകന്മാരായിരന്നുവെന്ന് കര്‍ത്താവുതന്നെ സാക്ഷ്യം നല്കിയതാണ് ഈ അത്ഭുതങ്ങള്‍.

ചരിത്രത്തിലുള്ള ദൈവത്തിന്റെ അത്ഭുതകരമായ ഇടപെടലായി ബൈബിള്‍ അവതരിപ്പിക്കുന്ന ഈ സംഭവങ്ങള്‍ക്ക് സ്വാഭാവികമായ വിശദീകരണങ്ങള്‍ നല്കപ്പെടാറുണ്ട്. ജോര്‍ദാന്‍ കരകവിഞ്ഞൊഴുകുന്ന സമയത്താണ് ജോഷ്വായും സംഘവും അത്ഭുതകരമായി നദി കടന്നത്. അതു കൊയ്ത്തുകാലമായിരുന്നു, അതായത് പെസഹായ്ക്കു പന്തക്കുസ്തായ്ക്കും ഇടയിലുള്ള കാലം, ഏപ്രില്‍ മെയ്മാസങ്ങള്‍. മലകളിലെ മഞ്ഞുരുകിയും മഴപെയ്തുമാണ് ഈ കാലയളവില്‍ നദിയില്‍ വെള്ളപ്പൊക്കമുണ്ടാവുക.

കിഴുക്കാംതൂക്കായ മലയിടുക്കിലൂടെ ഒഴുകിവരുന്ന നദിയിലേക്ക് ചിലപ്പോഴൊക്കെ മണ്ണിടിഞ്ഞു വീണ് ഒഴുക്ക് തടസ്സപ്പെടാറുണ്ട്. എന്നാല്‍ ഒഴിഞ്ഞുമാറാന്‍ വേറെ വഴിയില്ലാത്തതിനാല്‍ ഉയരുന്ന വെള്ളത്തിന്റെ സമ്മര്‍ദ്ദംമൂലം തടസ്സമായി നില്ക്കുന്ന കല്ലും മണ്ണും ഒഴുകിമാറുകയും നദി പ്രയാണം തുടരുകയും ചെയ്യും. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭകാലത്ത് ഏതാണ്ട് ഇരുപത്തിനാലു മണിക്കൂറോളം ഇപ്രകാരം ഒഴുക്ക് തടസ്സപ്പെട്ടിരുന്നു.

ഒരുപക്ഷേ ഇങ്ങനെ ഒരു മലയിടിച്ചില്‍ കാരണമായിരിക്കാം ഇസ്രായേല്‍ ജനത്തിന് നദി കടക്കാന്‍ കഴിഞ്ഞത്. ആദാമില്‍ ഉണ്ടായ ഈ സംഭവം 25 കിലോമീറ്റര്‍ അകലെനിന്നു ജനത്തിനു കാണാന്‍ കഴിഞ്ഞില്ല. അവരെ സംബന്ധിച്ച് ദൈവത്തിന്റെ പ്രത്യേക പരിപാലനയുടെ അനുഭവമായിരുന്നു നദി കടക്കല്‍. ദൈവമാണ് പ്രകൃതിയുടെ നാഥന്‍ എന്നും പ്രപഞ്ചശക്തികള്‍ അവിടുത്തെ കല്പന അനുസരിക്കുന്നെന്നും ഗ്രഹിക്കുമ്പോള്‍ സ്വാഭാവികം എന്നു വിശേഷിപ്പിക്കുന്ന സംഭവങ്ങളും ദൈവപരിപാലനയുടെ അത്ഭുതകരമായ അടയാളങ്ങളായേ കാണാന്‍ കഴിയൂ.

കരകവിഞ്ഞൊഴുകിയ നദിയിലേക്ക് പുരോഹിതര്‍ നിര്‍ഭയരായി ഇറങ്ങിയപ്പോഴാണ് ഒഴുക്കു നിലച്ചത്. അവര്‍ വഹിച്ചത് കര്‍ത്താവിന്റെ സാന്നിധ്യം വിളിച്ചറിയിക്കുന്ന ഉടമ്പടിയുടെ പേടകമായിരുന്നു. പ്രക്ഷുബ്ധമായ നദിയിലേക്കും അപകടം നിറഞ്ഞ ജീവിത സാഹചര്യങ്ങളിലേക്കും ഉറച്ച വിശ്വാസത്തോടെ ജനത്തിനുമുമ്പേ കര്‍ത്താവിനെയും വഹിച്ച് ഇറങ്ങാനും, ജനം അപകടം തരണം ചെയ്തു കഴിയുന്നതുവരെ അവിടെത്തന്നെ നില്ക്കാനുമുള്ള പൗരോഹിത്യത്തിന്റെ കടമയെയും ആദാമിലെ ചിറ അനുസ്മരിപ്പിക്കുന്നു.

വിശുദ്ധ പാദ്രെ പിയോ (1887-1968) : സെപ്തംബര്‍ 23

സഭയുടെ പ്രേക്ഷിത ദൗത്യത്തില്‍ സന്ന്യാസിനികളുടെ പങ്ക് നിസ്തുലം - മാര്‍ മാത്യു മൂലക്കാട്ട്

സൺഡേ സ്കൂൾ വാർഷികം

കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ മീറ്റ് ഒക്ടോബർ 20 മുതൽ റോമിൽ

അഭിവന്ദ്യ എബ്രഹാം മാര്‍ യൂലിയോസ് പിതാവിന് കെസിബിസിയുടെ പ്രണാമം