ദൈവത്തിന്റെ മഹത്വം, മഹത്വത്തെ സംബന്ധിച്ച നമ്മുടെ ലൗകികമായ ആശയങ്ങളില്‍ നിന്ന് തികച്ചും വിഭിന്നമാണ്. നാം ആഗ്രഹിക്കുന്നത് വിജയത്തിന്റെ ദൈവത്തെയാണ്, പീഡാനുഭവത്തിന്റെ ദൈവത്തെ അല്ല. വിജയവും പ്രയോജനവും നല്‍കുന്ന ഒരു ദൈവത്തെ തേടാനാണ് മനുഷ്യര്‍ പ്രലോഭിപ്പിക്കപ്പെടുന്നത്. വിനീതമായ സേവനത്തില്‍ വെളിപ്പെടുന്ന ദൈവിക ശക്തിയെ തിരിച്ചറിയുന്നതിനേക്കാള്‍ സമ്പത്തും അധികാരവും നല്‍കുന്ന ദൈവത്തെയാണ് നാം അന്വേഷിക്കുന്നത്.
ആധിപത്യം ചെലുത്തുമ്പോള്‍ നാം ശക്തരാണെന്നും തുല്യരെ നശിപ്പിക്കുമ്പോള്‍ വിജയികളാണെന്നും ഭയം ജനിപ്പിക്കുമ്പോള്‍ മഹത്തുക്കള്‍ ആണെന്നും നാം സ്വയം സങ്കല്‍പ്പിക്കുന്നു. യഥാര്‍ത്ഥ ദൈവവും യഥാര്‍ത്ഥ മനുഷ്യനുമായ ക്രിസ്തു സമ്മാനിക്കുന്നത്, തന്നെത്തന്നെ നല്‍കുകയും സേവിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന ഒരു മാതൃകയാണ്.
ക്രിസ്തുവിനെ അനുകരിച്ച് പരസ്പരം സേവിച്ചുകൊണ്ട് ജീവിക്കാന്‍ ക്രൈസ്തവര്‍ക്ക് സാധിക്കണം. താന്‍ നല്‍കിയതിന് പകരം കൊടുക്കാനല്ല മറിച്ച് തന്റെ ദാനം നമുക്കിടയില്‍ പങ്കുവെക്കാനാണ് ക്രിസ്തു ആവശ്യപ്പെട്ടിട്ടുള്ളത്. പരസ്പരം പാദങ്ങള്‍ കഴുകുക എന്നാണല്ലോ അവിടുന്ന് പറഞ്ഞത്.
ദൈവത്താല്‍ സേവിക്കപ്പെടണമെങ്കില്‍ നാം മറ്റുള്ളവരെ സേവിക്കണം. നമ്മുടെ ശരീരങ്ങളെ കഴുകി കൊണ്ട് ആത്മാക്കളെ വിശദീകരിക്കുകയാണ് യേശു ചെയ്തത്. ആധിപത്യം ചെലുത്താതെ വിമോചിപ്പിക്കുന്നത് എങ്ങനെയെന്നും ജീവന്‍ നശിപ്പിക്കാതെ അത് നല്‍കുന്നത് എങ്ങനെ എന്നും ദൈവം ക്രിസ്തുവിലൂടെ നമുക്ക് കാണിച്ചു തന്നു.
ക്രൂരതയുടെ അനേകം പ്രവര്‍ത്തികള്‍ മാനവരാശിയെ ഇന്ന് കീഴ്‌പ്പെടുത്തിയിരിക്കുകയാണ്. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് ഒപ്പം സഹോദരങ്ങള്‍ എന്ന നിലയില്‍ നമുക്കും മുട്ടുകുത്താം.
(പെസഹാ വ്യാഴാഴ്ച റോമിലെ സെന്റ് ജോണ്‍ ലാറ്ററന്‍ ബസിലിക്കയില്‍ ദിവ്യബലി അര്‍പ്പിച്ച് നല്‍കിയ സന്ദേശത്തില്‍ നിന്നും.)