നോമ്പിലെ ആഗ്രഹങ്ങള്‍-1
ഫാ. വര്‍ഗ്ഗീസ് പെരുമായന്‍
"തന്‍റെ അഭീഷ്ടമനുസരിച്ച് ആഗ്രഹിക്കാനും പ്രവര്‍ത്തിക്കാനും നമ്മെ ഉത്തേജിപ്പിക്കുന്നതു ദൈവമാണ്" (ഫിലി. 2:13).
നമ്മിലെ നല്ല ആഗ്രഹങ്ങളുടെ ഉറവിടം ദൈവമാണ്. പാപത്തിലേക്കു നയിക്കുന്ന ആഗ്രഹങ്ങളില്‍നിന്നു വിടുതല്‍ ലഭിക്കാനുള്ള മാര്‍ഗം ദൈവിക ആഗ്രഹങ്ങള്‍ നമ്മില്‍ വളര്‍ത്തുകയാണ്. ക്രിസ്തു നമ്മില്‍ രൂപപ്പെടണമെന്ന ലക്ഷ്യത്തോടെ തിരുവചനത്തിന്‍റെ വെളിച്ചത്തില്‍ നോമ്പുകാല ധ്യാനത്തിനായി ചില നല്ല ആഗ്രഹങ്ങള്‍ ഇവിടെ പങ്കുവയ്ക്കപ്പെടുന്നു. എത്ര തീവ്രമാണോ നമ്മുടെ ആഗ്രഹങ്ങള്‍ അത്ര ശക്തമായിരിക്കും നമ്മുടെ ക്രിസ്ത്വാനുകരണം.
മാര്‍ഗമദ്ധ്യേയുണ്ടായ ചില തടസ്സങ്ങള്‍ മൂലം ട്രെയിന്‍ വൈകി ഓടുമ്പോള്‍ യാത്രക്കാര്‍ക്കു വലിയ അമര്‍ഷവും നിരാശയും അനുഭവപ്പെടും. എന്നാല്‍ ആ നിരാശയ്ക്കിടയില്‍ ഡ്രൈവറുടെ അറിയിപ്പു കേള്‍ക്കാം: ട്രെയിന്‍ കൃത്യസമയത്തുതന്നെ ലക്ഷ്യസ്ഥാനത്തെത്തും, ഓട്ടത്തിനിടയില്‍ വേഗത വീണ്ടെടുക്കും.
യേശുവിന്‍റെ പിന്നാലെയുള്ള നമ്മുടെ ശിഷ്യത്വയാത്രയെ മനസ്സിലാക്കാന്‍ "ഓട്ടത്തിനിടയില്‍ വേഗത വീണ്ടെടുക്കുന്ന ട്രെയിനിന്‍റെ പ്രതീകം സഹായകമാണ് പല തടസ്സങ്ങള്‍ മൂലം വൈകിയോടുന്ന ട്രെയിന്‍ പോലെയാകാം നമ്മുടെ ക്രിസ്തീയയാത്രയും. എന്നാല്‍ കൃത്യസമയത്തു ലക്ഷ്യത്തില്‍ എത്തുവാനുള്ള സാദ്ധ്യത നമുക്ക് ഇനിയുമുണ്ട്. പക്ഷേ, നഷ്ടപ്പെട്ട ദൂരം വീണ്ടെടുക്കാന്‍ തക്കവിധത്തില്‍ കൂടുതല്‍ വേഗത്തില്‍ ആയിരിക്കണം നമ്മുടെ ഇനിയുള്ള യാത്ര എന്നു മാത്രം.
ഓട്ടക്കളത്തില്‍ ഓടുന്നവരില്‍ ആദ്യമെത്തുന്ന ആള്‍ മാത്രമാണു വിജയിക്കുകയെന്ന തത്ത്വത്തേക്കാള്‍ നിശ്ചിതസമയത്തു ലക്ഷ്യസ്ഥാനത്ത് ഓടിയെത്തുന്നവരെല്ലാവരും വിജയികളാകും എന്ന കാഴ്ചപ്പാടാണ് ആത്മീയയാത്രയില്‍ നമ്മെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നത്. ആദ്യത്തെ കാഴ്ചപ്പാടിന്‍റെ വെളിച്ചത്തില്‍ വേഗത കുറഞ്ഞവരും തട്ടിവീണവരുമൊക്കെ ഓട്ടം ഇടയ്ക്കു നിര്‍ത്താനുള്ള സാദ്ധ്യത കൂടുതലാണ്. ജീവിതത്തില്‍ വന്നുപോയ ഒരു വീഴ്ചയുടെ പേരില്‍ യൂദാസ് സ്കറിയോത്തായെപ്പോലെ ഓട്ടംതന്നെ വേണ്ടെന്നു വച്ചവര്‍ നിരവധിയാണ്. നോമ്പുകാലത്തു വിശുദ്ധ ബലിക്കു മുടങ്ങാതെ വരുന്ന കുട്ടികള്‍ക്കു വികാരിയച്ചന്‍ വാഗ്ദാനം ചെയ്ത സമ്മാനവും പ്രതീക്ഷിച്ച്, 35 ദിവസവും കുര്‍ബാനയ്ക്കു വന്ന കുട്ടി 36-ാം ദിവസം മുടങ്ങിയതോടെ ഇനിയുള്ള ദിവസങ്ങളില്‍ കുര്‍ബാനയ്ക്കു പോയിട്ട് എന്തു കാര്യമെന്നു ചിന്തിക്കുന്നതുപോലെ.
വീഴ്ചകളില്‍ നിന്നും പാഠം പഠിച്ചു തുടര്‍ന്നു യാത്രയുടെ വേഗത കൂട്ടിയവര്‍ നിരവധിയാണ്. സമ്പത്തിനോടുള്ള ആര്‍ത്തിയാല്‍ ജീവിതവേഗത കുറഞ്ഞുപോയ സക്കേവൂസ് യേശുവിനെ കണ്ടുമുട്ടിയപ്പോള്‍ വിളിച്ചു പറഞ്ഞു: "എന്‍റെ സ്വത്തില്‍ പകുതി ഞാന്‍ ദരിദ്രര്‍ക്കു കൊടുക്കുന്നു. ആരുടെയെങ്കിലും വക വഞ്ചിച്ചെടുത്തിട്ടുണ്ടെങ്കില്‍ നാലിരട്ടിയായി തിരിച്ചുകൊടുക്കുന്നു" (ലൂക്കാ 19:8). വലിയ വേഗതയില്‍ യേശുവിനെ അനുഗമിച്ചിരുന്ന പത്രോസ് മൂന്നു പ്രാവശ്യം ഗുരുവിനെ തള്ളിപ്പറഞ്ഞതിലൂടെ ഉളവാക്കിയ നിശ്ചലത പരിഹരിക്കുവാന്‍ ഒരുങ്ങുന്നതു "പുറത്തു പോയി മനംനൊന്തു കരഞ്ഞാണ്" (ലൂക്കാ 22:62). എതിര്‍ ദിശയില്‍ അതിവേഗത്തില്‍ സഞ്ചരിച്ചിരുന്ന സാവൂള്‍, ക്രിസ്തുവാകുന്ന ശരിയായ ദിശ തിരിച്ചറിഞ്ഞതിനുശേഷം സ്വീകരിക്കുന്ന മിഷനറി വേഗത ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.
എല്ലാ മാനസാന്തര കഥകളിലും നാം കാണുന്ന ഈ വേഗത വീണ്ടെടുക്കുകയാണ് ഓരോരുത്തരുടെയും കടമ. സാദ്ധ്യതകള്‍ക്കനുസൃതമായി ഒരു നിശ്ചിത സമയത്തു ലക്ഷ്യസ്ഥാനത്ത് എത്തേണ്ട കടമയുണ്ട്. നമ്മുടേതായ കാരണങ്ങളാല്‍ ആത്മീയയാത്രയുടെ വേഗത കുറഞ്ഞുപോയെങ്കില്‍ ഇനിയുള്ള ദൂരത്തിനിടയില്‍ നമ്മുടെ ക്രിസ്ത്വാനുകരണത്തിന്‍റെ വേഗത കൂട്ടേണ്ടിയിരിക്കുന്നു. വേഗത കൂട്ടാന്‍ തയ്യാറാകുന്നില്ലെങ്കില്‍ കൃത്യസമയത്താണ് ഓടുന്നതെന്നു നാം കരുതുന്ന ട്രെയിന്‍, തലേദിവസമായിരുന്നു ആ സമയത്ത് എത്തിച്ചേരേണ്ടിയിരുന്നതെന്നു നമ്മള്‍ തിരിച്ചറിയുന്നതു വളരെ വൈകിയായിരിക്കും.
ഈ നോമ്പുകാലത്തെ നമ്മുടെ ആദ്യ ആഗ്രഹം ഇതാണ്: യേശുവിനെ അനുഗമിക്കുന്നതിനിടെ പാപങ്ങള്‍ മൂലം നഷ്ടമായ ദൂരം 'വേഗത്തിലോടി' വീണ്ടെടുക്കണം.
യേശുവേ, എന്‍റെ പാപങ്ങള്‍ എന്നിലുളവാക്കിയിരിക്കുന്നവേ ഗതക്കുറവുമൂലം ഞാന്‍ എവിടെ ആയിരിക്കണമെന്നു നീ ആഗ്രഹിക്കുന്നുവോ അവിടെനിന്നും ഏറെ അകലെയാണ് ഇപ്പോള്‍ ഞാന്‍ എന്നു തിരിച്ചറിയുന്നു. ഈ നോമ്പുകാലത്ത്, പ്രാര്‍ത്ഥനയിലൂടെയും പ്രായശ്ചിത്തത്തിലൂടെയും എന്‍റെ ശിഷ്യത്വയാത്രയുടെ വേഗത കൂട്ടിക്കൊണ്ടു നഷ്ടപ്പെട്ട ദൂരം വീണ്ടെടുക്കാന്‍ എന്നെ അനുഗ്രഹിക്കണമേ.
– jensonms@gmail.com