മിഴിവട്ടത്തിലെ മൊഴിവെട്ടം

മനുഷ്യകുലത്തിന്റെ ശുശ്രൂഷകന്‍

എം.പി. തൃപ്പൂണിത്തുറ

ലോകമോ വിശ്വാസ സമൂഹത്തില്‍ ചിലരോ തീരെ പ്രതീക്ഷിച്ചതല്ല ഈ പുതിയ മാര്‍പാപ്പയുടെ വരവ്. സഭയ്ക്കകത്തും പുറത്തുമുള്ളവര്‍ പല പേരുകളും ഉയര്‍ത്തി അഭ്യൂഹങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. അവരെ സംബന്ധിച്ച് പാപ്പായുടെ തിരഞ്ഞെടുപ്പ് കേവലം ഒരു മാനുഷിക പ്രവര്‍ത്തിയാണ്. കാലഘട്ടത്തിന്റെ വ്യവസ്ഥിതി സന്ദര്‍ഭങ്ങളില്‍ സഭയുടെ പ്രയോഗസാധ്യതകളെ പരിശുദ്ധാത്മാവില്‍ തിരിച്ചറിഞ്ഞ് ലോകത്തിന് മനഃസാക്ഷി യുടെ സ്വരവും വിശ്വാസസമൂഹത്തിന് ശുശ്രൂഷിയുമായി വര്‍ത്തിക്കാന്‍ ദൈവം നല്‍കുന്നതാണ് 'പാപ്പാസ്ഥാന'മെന്ന കാര്യം മാനുഷിക ചിന്തകളാലും താല്‍പര്യങ്ങളാലും തമസ്‌കരിക്കപ്പെടുകയാണ്.

നമുക്ക് അറിയാവുന്ന പാപ്പ അമേരിക്കയില്‍ നിന്നാണ്. സാമാന്യേന ശരിയാണ് ഈ പ്രസ്താവം. പക്ഷേ സാര്‍വത്രിക സഭയിലെ ഒരു അംഗമെന്ന നിലയില്‍ ദേശകാല പരിഗണനകള്‍ക്ക് അതീതനായ ഒരാളായി ലിയോ പതിനാലാമന്‍ മാര്‍പാപ്പയെ വിശ്വാസികളായ നാമെങ്കിലും തിരിച്ചറിയണം.

അമേരിക്കയിലെ ഷിക്കാഗോയില്‍ നിന്ന് പെറുവിലേക്ക് മിഷനറിയായും അവിടുത്തെ പൗരനും ഇടയനുമായി മാറുന്ന പാപ്പ ദേശപരിമിതികളെ ലംഘിക്കുന്നുണ്ട്. ദേശകാലങ്ങളെ ലംഘിക്കുന്ന പാപ്പ ഒരു ഭൂപ്രദേശത്തിന്റെ പ്രതിനിധിയോ ഏതെങ്കിലും ദേശീയതയുടെയോ ഭാഗമല്ല. സാര്‍വത്രിക സഭയുടെ ഇടയന്‍ മനുഷ്യകുലത്തിന്റെ മുഴുവന്‍ ശുശ്രൂഷകനാണ്.

ഒരു വ്യക്തിയെന്ന നിലയ്ക്ക് മാര്‍പാപ്പ ഏതു ദേശക്കാരനെന്നതും ഏതു സാംസ്‌കാരികമായ പൈതൃകം പേറുന്നു എന്നതും സാധാരണഗതിയില്‍ ചിന്തയ്ക്ക് വിധേയപ്പെടാവുന്ന കാര്യമാണ്. അങ്ങനെ ചിന്തിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പിതാവ് ഇറ്റാലിയന്‍ ഫ്രഞ്ച് വേരുകളുള്ള ഒരാളാണ്. അമ്മയാകട്ടെ അമേരിക്കന്‍ ഐക്യനാടുകളിലെ ന്യൂ ഓര്‍ലിന്‍സില്‍ നിന്ന് വരുന്നു. അമേരിക്കന്‍ പൗരത്വമുള്ള ഒരാളായിരുന്നു പാപ്പ. പക്ഷേ അഗസ്റ്റീനിയന്‍ സമൂഹത്തിന്റെ ഭാഗമായി മാറുമ്പോള്‍ അദ്ദേഹം തന്റെ കുടുംബം, ദേശം എന്നീ പരിമിതികളെ ലംഘിച്ചു കൊണ്ടാണ് ഒരു മിഷണറിയായി സ്വയം തിരിച്ചറിയുന്നത്.

അമേരിക്കയില്‍ നിന്ന് പെറുവിലേക്ക് സഞ്ചരിച്ച പാപ്പ ദേശപരിമിതികളെ ലംഘിക്കുന്നുണ്ട്. ദേശകാലങ്ങളെ ലംഘിക്കുന്ന പാപ്പ ഒരു ഭൂപ്രദേശത്തിന്റെ പ്രതിനിധിയോ ഏതെങ്കിലും ദേശീയതയുടെയോ ഭാഗമല്ല. സാര്‍വത്രിക സഭയുടെ ഇടയന്‍ മനുഷ്യകുലത്തിന്റെ മുഴുവന്‍ ശുശ്രൂഷകനാണ്.

ഒരു മാര്‍പാപ്പയും തന്റെ ഇടയധര്‍മ്മം നിര്‍വഹിക്കുന്നത് വ്യക്തിപരമായ താല്‍പര്യങ്ങളിലല്ല. സഭയുടെ സനാതനമായ വിശ്വാസബോധ്യങ്ങളെയോ നിലപാടുകളെയോ ലംഘിക്കാന്‍ ഒരു മാര്‍പാപ്പയ്ക്കും ആവില്ല. പാവങ്ങളോടു പക്ഷം ചേരുക എന്നതും അരികുവല്‍ക്കരിക്കപ്പെടുന്നവരോടു ചേര്‍ന്നു നില്‍ക്കുന്നതും സഭയുടെ അടിസ്ഥാനപരമായ സാമൂഹ്യ നിലപാടാണ്. പുതിയ പാപ്പ പാരമ്പര്യവാദിയായിരിക്കുമോ പുരോഗമനവാദിയായിരിക്കുമോ എന്ന സാധാരണമായ ഉല്‍ക്കണ്ഠകള്‍ തികച്ചും അസ്ഥാനത്താണ്. വിശുദ്ധ പാരമ്പര്യങ്ങളെ തള്ളിക്കളയാനോ ആധുനിക ലോകത്ത് പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന സഭയെ പരിവര്‍ത്തനോന്മുഖമായി നയിക്കാതിരിക്കാനോ ഒരു ഇടയന് സാധ്യമല്ല.

മാര്‍പാപ്പയുടെ മുന്‍കാല ജീവിതത്തെ മുന്‍നിര്‍ത്തിയും പരമാചാര്യപദത്തിലേക്ക് പ്രവേശിക്കുമ്പോള്‍ സ്വീകരിക്കുന്ന നാമത്തെ മുന്‍നിര്‍ത്തിയും മാത്രമേ പാപ്പ ഏതു തരത്തില്‍ ആയിരിക്കും മുന്നോട്ടു നീങ്ങുക എന്ന് നമുക്ക് സാധാരണമായി മനസ്സിലാക്കാനാവൂ.

ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പ സാമൂഹ്യരാഷ്ട്രീയ ആശയലോകത്ത് വലിയ മാറ്റങ്ങളുടെ കാലത്ത് ആചാര്യപദത്തില്‍ ശുശ്രൂഷ നിര്‍വഹിച്ച മഹാനാണ്. അദ്ദേഹം സാമൂഹ്യ സമസ്യകള്‍ക്ക് സഭയുടെ പ്രതികരണം രൂപപ്പെടുത്തിയതില്‍ പ്രധാനമായ പങ്കു വഹിച്ചു എന്ന കാര്യം വിസ്മരിക്കാവുന്നതല്ല. 'റേരും നൊവേരും' എന്ന ചാക്രിക ലേഖനം തൊഴിലാളികളുടെ അവകാശങ്ങള്‍, സാമൂഹ്യനീതി, മൂലധനവും തൊഴിലാളി വര്‍ഗവും തമ്മിലുള്ള സംഘര്‍ഷം എന്നിവയെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതായിരുന്നു. കത്തോലിക്ക സാമൂഹ്യപഠനത്തിന്റെ അടിത്തറ എന്നു വിശേഷിപ്പിക്കപ്പെട്ട ഈ ചാക്രിക ലേഖനം കാലത്തിന്റെ ദിശാസൂചികയായിരുന്നു. ശാസ്ത്രവും വിശ്വാസവും തമ്മിലുള്ള ബന്ധം വിശദീകരിക്കാന്‍ ലെയോ പതിമൂന്നാമന്‍ ശ്രമിച്ചു. 'സര്‍വപരിപാലകനായ ദൈവം' എന്ന ചാക്രികലേഖനത്തില്‍ ബൈബിള്‍ പഠനത്തിനും ശാസ്ത്രീയ ഗവേഷണത്തിനും ഇടയിലുള്ള യോജിപ്പ് പറയുന്നുണ്ട്. യൂറോപ്പിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ മധ്യസ്ഥത വഹിച്ചു.

ജര്‍മ്മനിയുമായുള്ള സംസ്‌കാരയുദ്ധം തീര്‍ക്കാനും ഫ്രാന്‍സിലെ കത്തോലിക്കാ റിപ്പബ്ലിക്കന്‍ സംഘര്‍ഷങ്ങള്‍ ശമിപ്പിക്കാനും അദ്ദേഹം ശ്രമിച്ചു. അമേരിക്ക ഏഷ്യ ആഫ്രിക്ക എന്നിവിടങ്ങളിലെ സഭാ മിഷനുകളെ അദ്ദേഹം ശക്തിപ്പെടുത്തി ബൈബിള്‍ പഠനം ശാസ്ത്രീയമായി സമീപിക്കാന്‍ പറഞ്ഞു. പരിശുദ്ധ കന്യകാമറിയത്തിന്റെ പ്രാധാന്യം പറയുകയും ജപമാല പ്രാര്‍ഥന പ്രോത്സാഹിപ്പിക്കുകയും മറിയത്തെക്കുറിച്ച് ചാക്രിക ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇത്തരത്തില്‍ സാമൂഹ്യനീതി, ശാസ്ത്ര വിശ്വാസ ബന്ധം, രാഷ്ട്രീയമായ ഡിപ്ലോമസി എന്നിവയില്‍ വലിയ സ്വാധീനം ചെലുത്തിയ ലെയോ പതിമൂന്നാമന്റെ പിന്തുടര്‍ച്ചക്കാരനാണെന്ന് പേര് സ്വീകരിക്കുന്നതിലൂടെ വെളിപ്പെടുത്തുന്ന പുതിയ മാര്‍പാപ്പ ഏതു വഴിക്ക് ആയിരിക്കും ലോകത്ത് ഇടപെടുക എന്ന് അതിലൂടെ തന്നെ വ്യക്തമാക്കുന്നുണ്ട്.

അദ്ദേഹം മെത്രാനായിട്ട് കേവലം 10 വര്‍ഷമേ ആകുന്നുള്ളൂ. ചുരുങ്ങിയ കാലം കൊണ്ട് പെറുവിലെ ബിഷപ്പുമാര്‍ വടക്കിന്റെ വിശുദ്ധന്‍ എന്ന് അദ്ദേഹത്തെ വിളിച്ചു. ജനങ്ങളോടൊപ്പം നടന്ന് അവര്‍ക്കായി ജീവിച്ച ഒരാളായിട്ടാണ് അക്കാലം പാപ്പയെ അടയാളപ്പെടുത്തുന്നത് 2022 പെറുവിലെ പ്രളയക്കെടുതിയില്‍ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് വീട് നഷ്ടപ്പെട്ടപ്പോള്‍ തന്റെ വാഹനമോടിച്ച് ഭക്ഷണവും മരുന്നും ബ്ലാങ്കറ്റുകളും മറ്റു ദുരിതാശ്വാസ സാധനങ്ങളുമായി വിദൂരമായ ആന്‍ഡിയന്‍ ഗ്രാമങ്ങളില്‍ എത്തി വിതരണം ചെയ്യുന്ന ഒരു ഇടയനെ നമുക്ക് അവിടെ കാണാം. പ്രളയബാധിതര്‍ താമസിച്ചിരുന്ന താല്‍ക്കാലിക കൂടാരങ്ങളില്‍ അവര്‍ക്കൊപ്പം കഴിഞ്ഞ് ചെളി നിറഞ്ഞതും ദുരിതബാധിതവുമായ പ്രദേശങ്ങളില്‍ അതിലൊന്നും പതറാതെ ആശ്വാസ സാന്നിധ്യമായിരുന്ന ഒരു ഇടയന്‍ അവിടെ തെളിഞ്ഞു നില്‍പ്പുണ്ട്.

വെനിസ്വേലയെ സാമ്പത്തിക തകര്‍ച്ച പിടിമുറുക്കിയപ്പോള്‍ പ്രവഹിച്ച വെനിസ്വേലന്‍ കുടിയേറ്റക്കാര്‍ക്ക് അദ്ദേഹം അഭയമായി. സ്വദേശം വെടിഞ്ഞെത്തി അഭയാര്‍ഥി ബോധത്തില്‍ വീര്‍പ്പുമുട്ടിയ ആ ജനത്തെ കരുതലോടെ ചേര്‍ത്തുനിര്‍ത്തി. ഒരു ദിവസം കുടിയേറ്റ കുടുംബങ്ങള്‍ക്കൊപ്പം ചെലവഴിച്ചപ്പോള്‍ അവരില്‍ ഒരാള്‍ തങ്ങള്‍ക്ക് അവിടെ നിലനില്‍പ്പ് ഉണ്ടാകുമോ എന്ന് സന്ദേഹിച്ചപ്പോള്‍ സ്‌നേഹം വീടുണ്ടാക്കുന്നു ഇവിടെ നിങ്ങള്‍ക്ക് ഒരു കുടുംബം ഉണ്ട് എന്ന് അദ്ദേഹം മറുപടി നല്‍കുന്നുണ്ട്. കുടിയേറ്റസമൂഹത്തിന് ക്രിസ്തുവിലും സുവിശേഷത്തിലും വലിയ സഭാ കുടുംബത്തിന്റെ നാഥനായി അദ്ദേഹം മാറുന്നു.

'മെത്രാന്മാര്‍ രാജാക്കന്മാരല്ല' എന്ന് അദ്ദേഹം തുറന്നുപറയുന്നു. ദരിദ്രര്‍ക്ക് നേരെ കണ്ണടച്ച ഭരണകൂടത്തെ അദ്ദേഹം കഠിനമായി വിമര്‍ശിക്കുന്നുണ്ട്. ജനങ്ങള്‍ക്കായുള്ള ഭരണമാണ് വേണ്ടതെന്ന് അദ്ദേഹം പറയുന്നു. മൂന്നാം ലോകത്തിന്റെ സാഹചര്യങ്ങളില്‍ ക്രിസ്തുവിന്റെ പ്രതിപുരുഷ നായി എപ്രകാരം വര്‍ത്തിക്കണം എന്നതിന് അദ്ദേഹത്തിന്റെ ഇടയ വഴികള്‍ സാക്ഷ്യം ആവുന്നു. ക്രിസ്തുവില്‍ തന്റെ കരമായി മാറാന്‍ അദ്ദേഹത്തിന് കഴിയുമെന്ന് തിരിച്ചറിഞ്ഞ് ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹത്തെ ചേര്‍ത്തുനിര്‍ത്തുന്നുണ്ട്.

ഇവയേക്കാള്‍ അധികമായി നമുക്ക് പരിശുദ്ധാത്മാവില്‍ പ്രത്യാശവയ്ക്കാം. ആധുനിക കാലത്ത് ലോകവും സഭയും നേരിടുന്ന വെല്ലുവിളികളില്‍ ലോകത്തിന്റെ മനസ്സാക്ഷിയായി പ്രവര്‍ത്തിക്കാന്‍ പരിശുദ്ധാത്മാവിനാല്‍ നിയുക്തനും നയിക്കപ്പെടുന്നവനുമായ മാര്‍പാപ്പയ്ക്ക് കഴിയുമെന്ന പ്രത്യാശ കാലഘട്ടത്തിന്റെ പ്രത്യാശയാണ്.

ജീവിതകഥ

ക്രിസ്തുവിന്റെ സുഹൃത്തുക്കളായതിനാല്‍ വൈദികര്‍ സന്തോഷമുള്ളവരായിരിക്കണം : ലിയോ മാര്‍പാപ്പ

ദമാസ്‌കസ്: കൂട്ട മൃതസംസ്‌കാരത്തിന് പാത്രിയര്‍ക്കീസുമാര്‍ നേതൃത്വം നല്‍കി

ക്ഷമയും പരസ്പര വിശ്വാസവും സഭയില്‍ ഐക്യം വളര്‍ത്തുന്നു

ഗ്രഹാം സ്റ്റെയിന്‍സ് കേസിലെ പ്രതി ക്രൈസ്തവവിശ്വാസം സ്വീകരിച്ചു