എം.പി. തൃപ്പൂണിത്തുറ
മാനവരാശിയൊന്നാകെയും, അതിലുമുപരിയായി സമസ്തവും ക്രിസ്തുവില്‍ ഒന്നെന്ന ബോധത്തി ലേക്കും, അതിനു വിഘാതമായി നമ്മിലുള്ള അഹംബോധത്തിന്റെ നീരസത്തിലേക്കും ആധുനിക മനുഷ്യനെ നയിക്കാനുള്ള ആത്മീയ വിമോചനമാര്‍ഗമായി ലോകത്തിനു മുന്നില്‍ ക്രൈസ്തവ വിശ്വാസം തെളിയേണ്ട കാലത്താണ് നാം ജീവിക്കുന്നത്.
എന്തെന്നാല്‍ ആധുനിക വല്‍ക്കരിക്കപ്പെടുന്തോറും കൂടുതല്‍ കൂടുതലായി നാം അന്യവല്‍ക്കരിക്കപ്പെട്ടു കൊണ്ടേയിരിക്കുന്നു. അതിനു പരിഹാരം പഴയതിലേക്ക് മടങ്ങലല്ല. പ്രകൃതി പ്രകൃതിവിഭവങ്ങളായും, മനുഷ്യത്വം പൗരത്വമായും, മനുഷ്യര്‍ ജനസംഖ്യയായും, അറിവ് വൈദഗ്ധ്യമായും മാറുന്ന വസ്തു വല്‍ക്കരിക്കപ്പെടുന്ന ലോകത്ത് വിശ്വാസം പ്രവര്‍ത്തിക്കേണ്ടത് അന്യവല്‍കൃതമല്ലാത്ത ജീവിത ത്തിലേക്കുള്ള വഴിയായിട്ടാണ്. ദൈവവുമായും അതുവഴി സമസ്തവുമായും ക്രിസ്തുവില്‍ നാം അനുരഞ്ജിതരാവുകയും അപരോന്മുഖരായി ഭൂമിയില്‍ വച്ചു തന്നെ ദൈവരാജ്യാനുഭവത്തിലേക്ക് പ്രവേശിക്കുകയും ചെയ്യണം.
സ്ത്രീപുരുഷ, ജാതിമത, വര്‍ണ്ണവര്‍ഗ, ഭാഷദേശ ഭേദങ്ങളെയെല്ലാം മറികടക്കുന്ന സാര്‍വത്രിക സ്‌നേഹത്തിന് ആധാരമായ ഒരു പാരത്രികബന്ധത്തെ ക്രിസ്തുവില്‍ പ്രഘോഷിക്കുകയാണ് നമ്മുടെ ആനുകാലിക ദൗത്യം. ഇങ്ങനെ ദൈവം ഏകമെന്ന സത്യത്തില്‍ നിന്ന് ദൈവത്തില്‍ നാം അഥവാ അഖിലവും ഒന്നെന്ന പരമാര്‍ഥത്തിലേക്ക് നാം എത്തിച്ചേരണം. അതിന്റെ അടയാളമായിട്ടാണ് വൈവിധ്യങ്ങളേറുന്ന സഭാകൂട്ടായ്മയുടെ ഏകാത്മകമായ സ്വരൂപത്തില്‍ നാം വിളക്കിച്ചേര്‍ക്കപ്പെടുന്നത്. അവിടെയാണ് ഈ വിശ്വാസത്തെ അടയാളപ്പെടുത്തുന്ന ദീപസ്തംഭമായി സഭ പ്രകാശിക്കേണ്ടതിന്റെ പ്രസക്തി.
ആരാധനക്രമത്തില്‍ ആരാധനയെക്കാള്‍ പ്രധാനം ക്രമമായി മാറുന്നു. ക്രമത്തെപ്രതി അക്രമങ്ങള്‍ക്ക് അധികാരികള്‍ തന്നെ കളമൊരുക്കുന്നു.
സഭ ഏകമാകുന്നു എന്നത്, അവളുടെ രൂപപരമായ ഏകതയെക്കുറിച്ചല്ല, ഭൗതികതയെ മുഴുവനായും തന്നില്‍ ഉള്‍ച്ചേര്‍ക്കുകയും നാം തന്നെയും ക്രിസ്തുവില്‍ പിതാവിലെന്ന തിരിച്ചറിവില്‍, സമസ്തവും പിതാവിലെന്നും അതുവഴി സ്വര്‍ഗത്തിലെന്നുമുള്ള സത്യബോധവും ജീവിതംകൊണ്ട് നാം വെളിപ്പെടുത്തിയേ മതിയാകൂ.
ലോകത്തോട് സമസ്തവും ക്രിസ്തുവില്‍ ഒന്നെന്ന പരമമായ സത്യം പ്രഘോഷിക്കാന്‍ വിളിക്കപ്പെട്ട ശിഷ്യസമൂഹം തങ്ങളിലും ലോകത്തോടും പുലര്‍ത്തുന്ന പാരസ്പര്യത്തിലും സ്‌നേഹത്തിന്റെ ബന്ധത്തിലുമാണ് ഈ തത്വം കാണേണ്ടതും അനുഭവിക്കേണ്ടതും.
യേശുക്രിസ്തുവിലുള്ള വിശ്വാസം വഴി നാമെല്ലാം ദൈവപുത്രന്മാരാണ്. ഗലാത്തിയക്കാരെ വിശുദ്ധ പൗലോസ് ഓര്‍മ്മപ്പെടുത്തുന്ന കാര്യമാണത്. ക്രിസ്തുവില്‍ നാം ഐക്യപ്പെടുന്നു, ഒന്നായി ത്തീരുന്നു. വിവിധ ഭാഷകളും വേഷവും ആചാര രീതികളും ഉള്ളപ്പോള്‍ തന്നെ മനുഷ്യാവതാരം നമ്മെ ഏകശരീരമായി മാറ്റിത്തീര്‍ക്കുന്നു അഥവാ പൂര്‍ത്തീകരിക്കുന്നു.
എന്നാല്‍ അത് രൂപപരമായ ഏകതയല്ല, ആത്മാവിലും സത്യത്തിലുമുള്ള ഐക്യമാണ്. വിശ്വാസത്തിന്റെ ഹൃദയം ആരാധനക്രമമല്ല. അതിന്റെ നട്ടെല്ല് ആചാരങ്ങളല്ല. വിശ്വാസത്തിന്റെ തലചോറ് നിയമ വ്യവസ്ഥയല്ല.
നിയമത്തെ തലച്ചോറായി കരുതുകയും, നമ്മെ നിവര്‍ന്നു നില്ക്കാന്‍ സഹായിക്കുന്ന നട്ടെല്ലായി ആചാരത്തെ മനസിലാക്കുകയും, ക്രിസ്തുവിന്റെ സ്‌നേഹമൊഴുകുന്ന ഹൃദയത്തെ ആരാധനക്രമമായി തെറ്റിധരിക്കുകയും ചെയ്യുന്നതിന്റെ ഫലമായി വിഭജിതരാവുകയും വിഭാഗീയതയുടെ വിഭ്രമാത്മകമായ പോര്‍ക്കളമായി വിശ്വാസജീവിതം മാറിത്തീരുകയും ചെയ്യുന്നു.
ക്രിസ്തുവിന്റെ പ്രവര്‍ത്തിയെന്ന നിലയില്‍ ആരാധനക്രമം അവിടുത്തെ സഭയുടെയും പ്രവര്‍ത്തിയാണ്. ആരാധനക്രമത്തെ ആചാരപരത കീഴടക്കുകയും, സഭയും വിശ്വാസവും ആചാരമായി തെറ്റിദ്ധരിക്കപ്പെടുകയും ഏകാചാരം ഏകതയെന്ന് ഉറപ്പിക്കപ്പെടുന്നതിലൂടെ ക്രിസ്തുവില്‍ നാമെല്ലാവരും ഒന്നെന്ന സത്യം തമസ്‌ക്കരിക്കപ്പെടുകയും ചെയ്യുന്നു.
കത്തോലിക്കാസഭയുടെ മതബോധനം 1072 ല്‍ പഠിപ്പിക്കുന്നു, ആരാധനക്രമം സഭയുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളെയും ഉള്‍ക്കൊള്ളുന്നില്ല. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രബോധനത്തെ അടിസ്ഥാനപ്പെടുത്തിയാണ് വേദോപദേശം ഇങ്ങനെ പറയുന്നത്. അതിന്റെ കാരണം വേദോപദേശം തുടര്‍ന്ന് വ്യക്തമാക്കുന്നുണ്ട്.
റോമാ പ്രീഫെക്ടിന്റെ മുന്നില്‍ സഭയുടെ സമ്പത്ത് ഹാജരാക്കാന്‍ വി. ലോറന്‍സിനോട് പറയുമ്പോള്‍. സഭയില്‍ അന്നുണ്ടായിരുന്ന തിരിക്കാലുകള്‍ വിറ്റ് സഭയിലെ ദരിദ്രര്‍ക്ക് വീതിച്ചുകൊടുത്ത്, പ്രീഫെക്ടിന്റെ മുന്നില്‍ സഭാ സമൂഹത്തെ നിരത്തിനിറുത്തി ഇവരാണ് സഭയുടെ സമ്പത്തെന്നു പറയാന്‍ വി. ലോറന്‍സിനു കഴിയുന്നുണ്ട്.
അതിനുമുമ്പേ, സുവിശേഷവല്‍ക്കരണവും വിശ്വാസവും മാനസാന്തരവുമുണ്ടായിരിക്കണം. അപ്പോള്‍ മാത്രമേ, ആരാധനക്രമത്തിന് വിശ്വാസികളുടെ ജീവിതത്തില്‍ അതിന്റേതായ ഫലങ്ങള്‍ പുറപ്പെടുവിക്കാന്‍ കഴിയൂ. ആത്മാവിലുള്ള നവജീവന്‍, സഭയുടെ ദൗത്യത്തിലുള്ള പങ്കുചേരല്‍, അവളുടെ ഐക്യത്തിനുവേണ്ടിയുള്ള ശുശ്രൂഷ എന്നിവയാണ് ഈ ഫലങ്ങള്‍.
സഭയുടെ സ്വത്തിന്റെ ക്രയവിക്രയം, ആചാരപരമായ വൈവിധ്യം, ആരാധനക്രമത്തിന്റെ രൂപപരായ ഏകത എന്നിവ ക്രിസ്തുവില്‍ ഒന്നെന്ന സനാതന ഭാവത്തെ അപ്രസക്തമാക്കുകയും ഈ ഫലങ്ങളെയാകെ വിശ്വാസാന്തരീക്ഷത്തില്‍ നിന്ന് തുടച്ചുമാറ്റുകയും ചെയ്യുന്നതിന്റെ പ്രവര്‍ത്തനങ്ങളാണ് നാമിന്ന് മിഴിവട്ടത്തില്‍ കണ്ടുകൊണ്ടിരിക്കുന്നത്.
റോമാ പ്രീഫെക്ടിന്റെ മുന്നില്‍ സഭയുടെ സമ്പത്ത് ഹാജരാക്കാന്‍ വി. ലോറന്‍സിനോട് പറയുമ്പോള്‍. സഭയില്‍ അന്നുണ്ടായിരുന്ന തിരിക്കാലുകള്‍ വിറ്റ് സഭയിലെ ദരിദ്രര്‍ക്ക് വീതിച്ചുകൊടുത്ത്, പ്രീഫെക്ടിന്റെ മുന്നില്‍ സഭാ സമൂഹത്തെ നിരത്തിനിറുത്തി ഇവരാണ് സഭയുടെ സമ്പത്തെന്നു പറയാന്‍ വി. ലോറന്‍സിനു കഴിയുന്നുണ്ട്. സമ്പത്തിന്റെ അങ്ങനെയൊരര്‍ഥം മനസ്സിലാ ക്കാന്‍ കഴിയാത്ത പ്രീഫെക്ട് പഴുത്ത ഇരുമ്പുപലകയില്‍ ലോറന്‍സിനെ കിടത്തുമ്പോള്‍ കത്തിക്കരിയുന്ന ആ ശരീരം വിശ്വാസത്തിന്റെ അഗ്‌നിനാവായി സഭയിലാകെ ആളിപ്പടര്‍ന്നു.
ഇന്ന് നാം കാണുന്നത് ദരിദ്രയായ സഭയെയല്ല. സമ്പത്തിലും ആര്‍ഭാടത്തിലും അമര്‍ന്നുപോയ ദരിദ്രരുടെ സഭയെയാണ്. അതുകൊണ്ടോ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പെടാപ്പാടുപെടുന്ന പാവപ്പെട്ട വിശ്വാസിയുടെ മുന്നില്‍, വിശ്വാസത്തെയും സ്‌നേഹത്തെയും പ്രതി നല്‍കിയ കാണിക്കകളുടെ ഭാണ്ഡങ്ങള്‍ ചുമക്കുന്നവര്‍ നിരന്തരം കലഹിക്കുന്നു.
കൂദാശകള്‍ ആചാരങ്ങളായി തെറ്റിദ്ധരിക്കുന്ന വിശ്വാസ സമൂഹം കാര്യസാധ്യത്തിനുള്ള ഉപാധിയായി അവയെ മനസിലാക്കുകയും അന്ധരായി പരസ്പരം തിരിയുന്നു. ആരാധനക്രമത്തില്‍ ആരാധനയെക്കാള്‍ പ്രധാനം ക്രമമായി മാറുന്നു. നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിനു പ്രീതികരവുമായ സജീവബലിയായി സമര്‍പ്പിക്കു ന്നതാണ് യഥാര്‍ഥമായ ആരാധനയെന്ന് വി. പൗലോസ് പഠിപ്പിക്കുമ്പോള്‍, ക്രമത്തെപ്രതി അക്രമങ്ങള്‍ക്ക് അധികാരികള്‍ തന്നെ കളമൊരുക്കുന്നു.
ക്രമങ്ങളുടെ നിസ്സാരതയെ ഫ്രാന്‍സിസ് പാപ്പയുടെ ഒരു പ്രവര്‍ത്തിയെ ഒന്നോര്‍ക്കാം. വിവാഹിതരാകാതെ ദീര്‍ഘ കാലമായി ജീവിക്കുന്ന പങ്കാളി കളെ പാപ്പ വിമാനത്തില്‍ വച്ച് കണ്ടുമുട്ടുന്നു. തങ്ങള്‍ക്ക് വിവാഹമെന്ന കൂദാശ സ്വീകരി ക്കാന്‍ താല്‍പര്യമുണ്ടെന്നും പലവിധ കാരണങ്ങളാല്‍ നീണ്ടുപോകുന്നുവെന്നും അവര്‍ വിശദീകരിക്കുന്നു. താല്‍പര്യമു ണ്ടെങ്കില്‍ താന്‍തന്നെ വിവാഹം ആശീര്‍വദിക്കാമെന്നായി പാപ്പ. ഒടുവില്‍ വിമാനത്തില്‍ വച്ച് പാപ്പ, ആ വിവാഹം ആശീര്‍വദിക്കുന്നു. ക്രമങ്ങള്‍ നമ്മുടെ ഒന്നിച്ചു നില്‍പ്പിനും കൂട്ടായ്മയ്ക്കും വേണ്ടി യുള്ളതുമാത്രമാണ്. രുചി കഴിക്കുന്നവന്റെ താല്‍പര്യമാണ്. ഭക്ഷണമാകട്ടെ ജീവന്‍ നല്‍കാനുള്ളതും.
ഉത്തരേന്ത്യയില്‍ ക്രമങ്ങള്‍ പാലിക്കാന്‍ ഒരു പള്ളിപോലും ഇല്ലാത്ത ഇടങ്ങളുണ്ട്. അവിടെയും വി. കുര്‍ബാനയുണ്ട്. അതില്‍ പുരോഹിതന് തിരുവസ്ത്രങ്ങളില്ല. പുഷ്പാലംകൃതമായ ബലിമേശകളില്ല. ഒരു മരത്തണലില്‍, ചുറ്റുമിരിക്കുന്ന പാവങ്ങളോടൊത്തിരുന്ന് പുരോഹിതന്‍ തന്നെത്തന്നെ ക്രിസ്തുവില്‍ അര്‍പ്പിക്കുന്നു. അന്നവും അക്ഷരവും നിഷേധിക്കപ്പെട്ട ഭാഗ്യപ്പെട്ടവരോടു ചേര്‍ന്ന്.
പണ്ടെങ്ങോ വായിച്ച ഓര്‍മ്മയാണ്. ചൈനയില്‍ തടവിലാക്കപ്പെട്ട ഒരു പുരോഹിതന്റെ ബലിയര്‍പ്പണം. അപ്പവും വീഞ്ഞുമില്ല, കാസയും പീലാസയുമില്ല. തിരുവസ്ത്രങ്ങളും ബലിമേശയുമില്ല. കാവല്‍നില്‍ക്കുന്ന രണ്ട് പട്ടാളക്കാരുടെ തോക്കിന്‍മുനകള്‍ക്കു നടുവില്‍, തന്നെയും സകലതിനെയും ക്രിസ്തുവില്‍ ദൈവപിതാവിനുള്ള ആരാധനയായി അര്‍പ്പിക്കുന്ന പുരോഹിതന്‍.
നിയമത്തെ കൃപകൊണ്ട് മറികടന്ന ക്രിസ്തുവാണ് മുന്നില്‍. ആണിപ്പഴുതു കളില്‍ നിന്ന് കരുണാര്‍ദ്രമായ സ്‌നേഹമാണ് ഒഴുകുന്നത്. ഈഗോയുടെ ഇരുട്ടു തീര്‍ ക്കുന്ന നിയമങ്ങളും ശാഠ്യങ്ങളും അതിനെ തടയാനാകില്ല. ആ പ്രത്യാശയിലാണ് ആശ്രയം.