Laymen’s Reflection on Gospel

പൊളിക്കപ്പെടുന്ന മേൽക്കൂരകൾ

സുവിശേഷഭാഷ്യം അല്മായവീക്ഷണത്തിൽ

Sathyadeepam

ഫെബ്രുവരി 1, 2026

ദനഹാ അഞ്ചാം ഞായർ

ലേവ്യ 4:13 - 21

ദാനി 9:1-9

കൊളോ 1:12-19

മർക്കോ 2:1-12

പൊളിക്കപ്പെടുന്ന മേൽക്കൂരകൾ

- അഡ്വ. ലിറ്റോ പാലത്തിങ്കൽ

പഴയ നിയമത്തിൽ നിന്ന് പുതിയ നിയമത്തിലേക്ക്‌ എത്തുമ്പോൾ നാം കാണുക വിധിക്കുന്ന ദൈവത്തിൽ നിന്ന് കരുണയുള്ള  ദൈവത്തിലേക്കുള്ള പരിണാമമാണ്. മർക്കോസിന്റെ സുവിശേഷത്തിന്റെ ആദ്യ  അധ്യായങ്ങളിൽ അത്തരം ഒരു പ്രത്യേകത പ്രകടമാണ്. പിശാച് ബാധിതനെയും  കുഷ്ഠരോഗിയെയും തളർവാത രോഗിയെയും സുഖപ്പെടുത്തുന്ന, അത്തരം നന്മ പ്രവർത്തികൾക്ക്  സാബത്തിന്റെ  കടുത്ത നിയമങ്ങൾ പോലും തടസമല്ല എന്ന് പ്രഖ്യാപിക്കുന്ന യേശുവിനെ നമ്മൾ അവിടെ കാണും. 

ഒരു മനുഷ്യനെ കണ്ടാൽ അയാളെ വിധിക്കുന്നതാണോ അതോ അയാളോട് കരുണ കാണിക്കുന്നതാണോ എളുപ്പം?  അത് നമ്മുടെ  കാഴ്ചപ്പാടും ജീവിതശൈലിയും അനുസരിച്ചിരിക്കും. തളർവാത രോഗിയെ കണ്ടപ്പോൾ യേശുവിന്റെ മനസ്സിൽ ഉണ്ടായത് കരുണയാണ്,  പക്ഷേ അവിടെ കാഴ്ചക്കാരായി നിന്ന  മതനിയമ പണ്ഡിതർക്ക് ഉണ്ടായത് അവനെ വിധിക്കാനുള്ള ത്വരയാണ്. ആ ചിന്ത  മാനുഷികവും എന്നാൽ കരുണ ദൈവീകവുമാണ്. മനുഷ്യനിൽ നിന്ന് ദൈവത്തിലേക്കുള്ള വഴിയിൽ നമുക്ക് തടസ്സമാകുന്നത് ആരെയും വിധിക്കാനുള്ള ത്വരയാണ്. അതിന് പകരം നമ്മിൽ കരുണ ആണ് ഉണ്ടാകേണ്ടത്  എന്ന് ഈശോ നമ്മളെ പഠിപ്പിക്കുന്നു. 

കേൾക്കലിൽ ഒതുങ്ങേണ്ടതല്ല വചന ശുശ്രൂഷ

രക്ഷാകര പദ്ധതിയിൽ മനുഷ്യപങ്കാളിത്തത്തിന്റെ വിശദീകരണമാണ് പുതിയ നിയമം. അക്കാര്യത്തിന്റെ മനോഹരമായ അവതരണമാണ് ഈ സുവിശേഷഭാഗം. പഴയ നിയമത്തിൽ പ്രധാനമായും നിർബന്ധമായും പാലിക്കപ്പെടുന്ന യഹൂദനിയമങ്ങൾ ആണെങ്കിൽ അവയിൽ ഏറ്റവും പ്രധാനം  ദൈവവചന വായനയും വ്യാഖ്യാനവും ആണ്. എന്നാൽ അത് പ്രവർത്തി ഇല്ലാത്ത ശബ്ദവും ആലോചനയും മാത്രമാണ്, നിർജീവമായ ആ ശബ്ദഘോഷങ്ങളേക്കാൾ ദൈവത്തിന് ഇഷ്ടം കരുണയുടെ പ്രവർത്തികൾ ആണെന്ന് യേശു ഇവിടെ വ്യക്തമാക്കുന്നു. അവനവന്റെ സൗകര്യം മാത്രം നോക്കി സ്വസ്ഥമായിരുന്ന ആ കേൾവിക്കാർ ഒരു തളർവാത രോഗി തൊട്ടരികിൽ വന്നിട്ടും വഴിയൊരുക്കി മാറി കൊടുക്കുന്നില്ല എന്നതും നാം ശ്രദ്ധിക്കണം. ഇതാണ് പാറ മുകളിൽ വീണ് ഉപകാരപ്പെടാതെ പോകുന്ന വിത്തുകൾ.  കേട്ടു ബോധ്യപ്പെട്ടവയുടെ അടിസ്ഥാനത്തിൽ, തങ്ങളുടെ സുഖം ഒരല്പം വേണ്ടെന്ന് വെച്ച് മറ്റൊരാൾക്ക് ഉപകാരപ്പെടാവുന്ന നന്മ പ്രവർത്തിയാക്കി മാറ്റാൻ അവർക്ക് കഴിഞ്ഞില്ല. അതാണ് വാക്കും പ്രവർത്തിയും തമ്മിൽ നാം മനുഷ്യർക്ക്‌ ഉണ്ടാകുന്ന വൈരുദ്ധ്യം .

നാല് മനുഷ്യർ

തങ്ങൾ കണ്ടും കേട്ടും അറിഞ്ഞ കരുണയുടെ നീരുറവ അത്‍ ദാഹിച്ച് വിഷമിക്കുന്നവർക്ക് എന്ത് ത്യാഗം സഹിച്ചും ലഭ്യമാക്കേണ്ടത് തങ്ങളുടെ കടമയാണെന്ന ബോധ്യത്തിൽ സ്വയം മറന്ന് പ്രവർത്തിക്കുന്ന നാല് മനുഷ്യർ ഈ സുവിശേഷഭാഗത്തിൽ ഉണ്ട്. തങ്ങൾ ചെയ്യുന്ന കാര്യങ്ങളെ കുറിച്ച്‌ മറ്റ്‌ മനുഷ്യർ എന്ത് പറയുന്നു എന്നവർ ചിന്തിക്കുന്നില്ല.  നന്മ ചെയ്യുന്നതിന്, അർഹിക്കുന്നവന് നീതി ലഭിക്കുന്നതിന് ഉണ്ടാകുന്ന തടസ്സങ്ങളിൽ അവർ പതറുന്നില്ല. അത്തരം പ്രവർത്തിയിൽ ഊന്നിയ വിശ്വാസ പ്രഘോഷണമാണ്  ദൈവീക അത്‍ഭുതത്തിന് കാരണമാകുന്ന മനുഷ്യന്റെ ഭാഗം. ആ നാല് മനുഷ്യർ നമുക്ക്‌ ജീവിതമാതൃക ആകേണ്ടവരാണ്. 

പൊളിച്ചെഴുതുന്ന നിയമങ്ങൾ

പാരമ്പര്യ മത നിയമങ്ങളുടെ മേൽകൂര പൊളിക്കുന്ന അവരുടെ വിശ്വാസം ഇച്ഛാശക്തി ഉള്ളതാണ്. ദൈവപുത്രൻ ഇരിക്കുന്ന ഇടത്തിലെ മേൽക്കൂരയാണ് അവർ പൊളിച്ചത്  എങ്കിൽ അത്‍ ദേവാലയത്തിന്റെ മേൽക്കൂരയായിരുന്നു. ദൈവത്തിന്റെതെന്ന് പറഞ്ഞ് മനുഷ്യരെ ഭയപ്പെടുത്തുന്ന നിയമങ്ങൾ ആണ് യേശു അവിടെ കാരുണ്യത്തിന്റെ അത്‍ഭുതത്തിന് വേണ്ടി ലംഘിച്ചത്‌. പൊളിക്കപ്പെട്ട ആ മേൽകൂരയിലൂടെ തളർന്നിറങ്ങിയവന് അവിടെ അപ്പോൾ ഉണ്ടായത് ഉയിർപ്പിന്റെ അത്‍ഭുതമാണ്. തകർക്കപ്പെട്ട എത് ജീവിത ദുരന്തത്തിൽ നിന്നും  പ്രതീക്ഷയുടെ അത്‍ഭുതത്തിന് ദൈവത്തിന് സാധ്യത ഉണ്ടെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. അതാണ് യേശു പറഞ്ഞത്, നിങ്ങൾ ഈ ദേവാലയം പൊളിക്കുക ഞാൻ മൂന്നാം നാൾ അത്‍ പുനർനിർമ്മിക്കും  എന്ന്. ആ വാക്കുകൾ ആണ് മനുഷ്യരാശിക്കുള്ള യേശുവിന്റെ വാഗ്ദാനം.

 പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്

ഒരു മനുഷ്യൻ അവന്റെ ജീവിത സാഹചര്യങ്ങൾ മൂലം കഴിയേണ്ടി വരുന്ന പാപകരമായ ഇരുട്ടിൽ നിന്ന് വിശുദ്ധിയുടെ വെളിച്ചത്തിലേക്ക്, മരണത്തിൽ നിന്ന് ഉയർപ്പിലേക്ക് അവനെ നയിക്കുന്നതാണ് ഈശോയുടെ സ്പർശനവും വാക്കും. അതാണ് ശരിയായ സുവിശേഷം.  അത് എല്ലാവർക്കും അവകാശപ്പെട്ടതാണ്. ദൈവത്തിൻറെ ആ കരുണ അർഹിക്കുന്നവർക്ക് ലഭ്യമാക്കുന്ന പ്രവർത്തികൾ ചെയ്യുവാൻ മനുഷ്യനെ ആവശ്യമുണ്ട്. അതാണ് ദൈവവിളി. ആ വിളി കേൾക്കുന്നവർ മനുഷ്യനെ തേടിയിറങ്ങും. അവർ കിടക്കുന്ന മുറികളിൽ നിന്ന് അവരെ ദൈവം ഇരിക്കുന്ന ഇടങ്ങളിലേക്ക് എത്തിക്കാൻ നമുക്ക്‌ കഴിയണം. അപ്പോൾ അത്‍ഭുതത്തിന് കാരണമാകാനും സാക്ഷികൾ ആകാനും  നമുക്കും കഴിയും. അന്ന് അവിടെ ഉള്ളവർ ഈ കാഴ്ച്ച കണ്ട് ആശ്ചര്യപെട്ട് "ദൈവത്തെ മഹത്വപ്പെടുത്തി". മനുഷ്യർ നിങ്ങളുടെ സൽപ്രവർത്തികൾ കണ്ട് സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് എന്ന മത്തായി 5:16 വാക്യം നാം ഇവിടെ ഓർക്കണം. നമ്മുടെ പരിസരങ്ങളിൽ ദൈവത്തിന്റെ കടാക്ഷം ആഗ്രഹിക്കുന്ന മനുഷ്യർക്ക് വേണ്ടി അവരുടെ കട്ടിലിന്റെ അരികിലേക്ക് നാം എത്തണം. അവരെ ദിവ്യബലിയിൽ സമർപ്പിക്കാൻ നമുക്ക്‌ കഴിയണം. അവർ പുതുജീവിതത്തിലേക്ക് എഴുന്നേറ്റ് നടക്കുന്ന ആ ദൈവകാരുണ്യം കൺമുമ്പിൽ കണ്ടനുഭവിക്കാൻ നമുക്ക്‌ അത്‍ കാരണമാകും. അതാണ് ബലിയും ദിവ്യ കാരുണ്യവും.

Publisher: Fr Paul Kottackal (Sr)

 Homilieslaity.com

അഡ്വ. ലിറ്റോ പാലത്തിങ്കൽ

(ഹൈക്കോടതി അഭിഭാഷകനും സാമൂഹ്യപ്രവർത്തകനും ആണ് ലേഖകൻ)

വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ

ക്രൈസ്തവ മൂല്യങ്ങൾ മുറുകെ പിടിക്കാൻ നിനക്ക് കഴിയുമോ?

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 74]

👑🔥 “Rage Quit? നടക്കില്ല മോനെ!”

ഗലാത്തിയ - Chapter 6 [2of2]