കിളിവാതിലിലൂടെ

അമേരിക്ക തുറന്നുവിട്ട ട്രംപുരാന്‍ ഭൂതം

മാണി പയസ്‌

അറ്റ്‌ലാന്റിക്, ആര്‍ട്ടിക് മഹാസമുദ്രങ്ങളുടെ മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഗ്രീന്‍ലാന്‍ഡ് എന്ന ദ്വീപിനു നേരെ കൊതിയോടെ നോക്കുന്ന യു എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന് ചെന്നായയുടെ ഹൃദയഭാവമാണുള്ളത്. ഗ്രീന്‍ലാന്‍ഡ് എന്ന ആട്ടിന്‍കുട്ടിയുടെ ഇളംമാംസം തിന്നാന്‍ നാക്കുനുണയുന്ന ചെന്നായ. ഡെന്‍മാര്‍ക്കിന്റെ കോളനിയായ ഈ ദ്വീപിനെ ഒന്നുകില്‍ ഞങ്ങള്‍ക്കു വില്‍ക്കുക അല്ലെങ്കില്‍ പിടിച്ചടക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. അമേരിക്കയെ വീണ്ടും മഹത്വമുള്ളതാക്കൂ (Make America Great Again) എന്ന മുദ്രാവാക്യവുമായി രണ്ടാം തവണയും അധികാരത്തിലെത്തിയ ട്രംപിന് അന്താരാഷ്ട്ര നിയമങ്ങളോ, നയതന്ത്ര മര്യാദകളോ, രാഷ്ട്രതന്ത്രത്തിന്റെ മൂല്യങ്ങളോ പ്രശ്‌നമല്ല. 'വെള്ളം കലക്കിയത് നീയല്ലെങ്കില്‍ നിന്റെ അച്ഛനായിരിക്കും' എന്നു പറഞ്ഞ് ആട്ടിന്‍കുട്ടിയെ കൊന്ന ചെന്നായയുടെ ന്യായീകരണംപോലും ആവശ്യമാണെന്നു ട്രംപ് കരുതുന്നില്ല. കാനഡയെ യു എസിന്റെ മറ്റൊരു സംസ്ഥാനമായാണ് ട്രംപുരാന്‍ കാണുന്നത്. ചെന്നായയുടെ കണ്ണ് കാനഡയുടെ കോഴിക്കൂട്ടിലാണ്. കാനഡയില്‍ നിന്ന് കുടിയേറിയവരാണ് ട്രംപിന്റെ മുന്‍തലമുറയെന്നത് ട്രംപിനെ പ്രചോദിപ്പിക്കുന്നുണ്ടാകാം. പനാമ കനാല്‍ സ്വന്തമാക്കി അവിടെ വിളയാടാനും ആഗ്രഹമുണ്ട്.

അമേരിക്കയുടെ സുരക്ഷിതത്വമാണ് ഗ്രീന്‍ലാന്‍ഡിനെ സ്വന്തമാക്കുന്നതിന് പിന്നിലെ കാരണമെന്നു പറയുന്നുണ്ടെങ്കിലും അവിടത്തെ പ്രകൃതിവിഭവങ്ങളിലാണു കണ്ണ്. ഐസ് പാളികള്‍ വന്‍തോതില്‍ ഉരുകിപോയതിനാല്‍ ഓയില്‍, ഗ്യാസ്, ധാതുക്കള്‍ തുടങ്ങിയവ ഡ്രില്ല് ചെയ്‌തെടുക്കാന്‍ എളുപ്പമാണ്. അതാണ് ട്രംപിനെ ഹരം പിടിപ്പിക്കുന്നത്. കാനഡയുടെയും ഉക്രെയ്‌നിന്റെയും പ്രകൃതിവിഭവങ്ങളും ട്രംപിന്റെ മനസ്സിനെ വശീകരിക്കുന്നുണ്ട്. ചെന്നായയുടെ ഭാഷ കൊല്ലുക എന്ന ലക്ഷ്യത്തിലേക്കുള്ള മാര്‍ഗമാണ്. അതുപോലെ തന്റെ ലക്ഷ്യം സാധിക്കാന്‍ തെരുവിലെ വ്യവഹാരഭാഷയെ രാഷ്ട്ര തന്ത്രത്തിന്റെ അരങ്ങില്‍ ട്രംപ് ഉപയോഗിക്കുന്നു. ഉക്രെയിന്‍ പ്രസിഡണ്ട് സെലന്‍സ്‌കിയെ ട്രംപ് കളിയാക്കുന്നത്, 'കഷ്ടിച്ച് വിജയിച്ച ഒരു ഹാസ്യനടന്‍' എന്നാണ്. മുന്‍പ്രസിഡണ്ട് എന്ന നിലയില്‍ ജോ ബൈഡനുള്ള അവകാശങ്ങള്‍ നിഷേധിച്ചുകൊണ്ട് ട്രംപ് ഉദ്‌ഘോഷിച്ചത് ''Joe, You are fired'' (ജോ തന്നെ നീക്കിയിരിക്കുന്നു) എന്നാണ്.

ബിസിനസുകാരനായ ട്രംപ് ഡെമോക്രാറ്റിക് പാര്‍ട്ടിക്കാരനായിരുന്നു. 2015 ആയപ്പോള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലാണു കൂടുതല്‍ സാധ്യതയെന്നു തിരിച്ചറിഞ്ഞ് 'Make America Great Again' എന്ന മുന്നേറ്റത്തെ അതിനനുയോജ്യമായ രീതിയില്‍ രൂപപ്പെടുത്താനും അമരക്കാരനാകാനും തീരുമാനിച്ചു. മുന്‍ പ്രസിഡണ്ട് റൊണാള്‍ഡ് റെയ്ഗനാണ് ഈ മുദ്രാവാക്യം ആദ്യമായി പ്രയോഗിച്ചത്. രസകരമായ കാര്യം തനിക്കു മുമ്പുള്ള പ്രസിഡണ്ടുമാരില്‍ ട്രംപ് മഹാനായി കാണുന്നത് റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിക്കാരനായിരുന്ന റെയ്ഗനെ മാത്രമാണ്. റെയ്ഗന്‍ സിനിമാനടനായിരുന്നതുപോലെ ട്രംപും നടനാണ്. 12 സിനിമകളിലും 14 ടി വി സീരിയലുകളിലും ട്രംപ് അഭിനയിച്ചിട്ടുണ്ട്. സ്‌ക്രീന്‍ ആക്‌ടേഴ്‌സ് ഗില്‍ഡില്‍ അംഗവുമാണ്.

2001 സെപ്റ്റംബര്‍ 11-നു നടന്ന ഭീകരാക്രമണത്തിനുശേഷമാണ് MAGA (Make America Great Again) പ്രസ്ഥാനത്തിനു തുടക്കമാകുന്നത്. സാമ്പത്തിക പ്രതിസന്ധി അതിന് ആക്കംകൂട്ടി. 2008-ല്‍ ബറാക്ക് ഒബാമ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടശേഷം സമൂഹത്തില്‍ വ്യക്തമായ വിഭജനം രൂപപ്പെട്ടത് MAGA ആശയത്തിനു വളക്കൂറുള്ള മണ്ണായി. രാജ്യത്തിന്റെ തനിമ, ലക്ഷ്യം, വ്യത്യസ്തത തുടങ്ങിയവ സംബന്ധിച്ച് ചോദ്യങ്ങളുയര്‍ന്നു. ആഗോളവല്‍ക്കരണം എല്ലാ ചര്‍ച്ചകളുടെയും കേന്ദ്രബിന്ദുവായി. അത് സാംസ്‌കാരികവും സാമ്പത്തികവുമായ രംഗങ്ങളില്‍ അമേരിക്കയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന അഭിപ്രായം MAGA വക്താക്കള്‍ ആവര്‍ത്തിച്ച് ഉന്നയിച്ചുകൊണ്ടിരുന്നു. MAGA യെ ആവേശത്തോടെ പുണര്‍ന്നവര്‍ സമൂഹത്തിന്റെ മുന്‍നിരയില്‍ പ്രവേശനം ഇല്ലാത്തവരായിരുന്നു. ബിരുദമില്ലാത്തവരും തൊഴിലാളികളും ജോലിയില്ലാത്തവരും നല്ല പാര്‍പ്പിടം ഇല്ലാത്തവരും ജീവിതം പ്രതിസന്ധി യിലായവരും വലിയ പങ്ക് ഉണ്ടായിരുന്നു. അവര്‍ക്ക് ലിബറല്‍ ഡെമോക്രസിയുടെ മൂല്യങ്ങളൊന്നും പ്രശ്‌നമായിരുന്നില്ല. ട്രംപ് അവര്‍ക്കു യോജിച്ച നേതാവായി. അവരുടെ വികാരങ്ങള്‍ വാക്കുകളില്‍ പ്രകടിപ്പിച്ച നേതാവ്. അവരെ ഇളക്കിമറിക്കാനും എതിരാളികളെ തകര്‍ക്കാനും തെരുവുഭാഷ പ്രയോഗിക്കുന്ന നേതാവ്. ഒന്നിനെയും കൂസാത്തവനും വെല്ലുവിളികള്‍ അഭിമുഖീകരിക്കാന്‍ മടിയില്ലാത്തവനും ജയിക്കാന്‍ നുണപറയാന്‍ തയ്യാറുള്ളവനുമായ നേതാവ്.

ഇവരുടെ ശക്തിയെ ചെറുതായി കണ്ടതാണ് ട്രംപിന്റെ എതിരാളികള്‍ക്കു പറ്റിയ പിഴവ്. അധികാരാസക്തി നിറഞ്ഞ നേതാവും സ്ത്രീവിരുദ്ധരും മര്‍ക്കടമുഷ്ടിക്കാരും വിവരദോഷികളുമായ അനുയായികളുമെന്ന കാഴ്ചപ്പാട് പാളിപ്പോയി. 2024 ലെ തിരഞ്ഞെടുപ്പില്‍ ഇത്തരക്കാര്‍ മാത്രമല്ല ട്രംപിനെ പിന്തുണച്ചത്. ലാറ്റിനോകളില്‍ 45 ശതമാനവും കറുത്തവര്‍ഗക്കാരില്‍ 20 ശതമാനവും പിന്തുണച്ചു. ഹിന്ദുക്കളും മുസ്ലീംങ്ങളും ഗണ്യമായ തോതില്‍ വോട്ടു നല്കി. ഡെമോക്രാറ്റുകള്‍ ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു ഈ മാറ്റവും പരാജയവും.

കുടംതുറന്നു അമേരിക്ക പുറത്തുവിട്ട ഭൂതത്തെപ്പോലെയാണിപ്പോള്‍ ട്രംപ്. നിയന്ത്രിക്കാനാരുമില്ല. കൊല്ലുന്ന രാജാവിനു തിന്നുന്ന മന്ത്രി എന്ന പോലുള്ളവരാണ് ഉപദേശകര്‍. ഭരണസംവിധാനത്തില്‍ സഹായിക്കുന്നവര്‍ ലോകത്തിലെ തന്നെ വമ്പന്‍ പണക്കാരാണ്. അവരുടെ മൊത്തം ആസ്തി 460 ബില്യണ്‍ ഡോളര്‍ വരും. 16 പേര്‍ ബില്യണ്‍ ഡോളര്‍ മുതലാളിമാരും. രാജ്യത്തെ സ്വത്തിന്റെ 31 ശതമാനം കൈയാളുന്നത് മൊത്തം ജനസംഖ്യയുടെ ഒരു ശതമാനമാണെന്ന കാര്യവും ശ്രദ്ധേയമാണ്.

ഇലോണ്‍ മസ്‌ക് എന്ന ലോകത്തിലെ ഒന്നാം നമ്പര്‍ മുതലാളിയാണ് സര്‍ക്കാരിന്റെ കാര്യക്ഷമതാവകുപ്പിനെ നിയന്ത്രിക്കുന്നത്. ഇദ്ദേഹം ട്രംപിന്റെ ഇലക്ഷന്‍ ഫണ്ടിലേക്ക് 250 മില്യണ്‍ ഡോളര്‍ സംഭാവന ചെയ്തുവെന്നു മാത്രമല്ല നവമാധ്യമങ്ങളിലൂടെ പിന്തുണയ്ക്കുകയും ചെയ്തു. മസ്‌കിന് അമേരിക്കന്‍ സര്‍ക്കാരുമായി നൂറോളം വ്യാപാര കരാറുകളുണ്ടെന്നത് പ്രധാനപ്പെട്ട കാര്യമാണ്. പതിനൊന്നു ഫെഡറല്‍ ഏജന്‍സികള്‍ മസ്‌കിനെതിരെ ആരംഭിച്ച മുപ്പതു അന്വേഷണങ്ങള്‍ ഇപ്പോള്‍ നിലച്ചിരിക്കുന്നു! ഇത്തരം കാര്യങ്ങള്‍ ക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്കൊന്നും ട്രംപ് പുല്ലിന്റെ വിലപോലും കല്പിക്കുന്നില്ല. വി കെ എന്‍ ശൈലിയില്‍ ഇതിനെ ഗ്രാസ് കോസ്റ്റ് പൊളിറ്റിക്‌സ് എന്നു വിശേഷിപ്പിക്കാം.

കുട്ടിയായിരിക്കുമ്പോള്‍ ശല്യക്കാരനായിരുന്ന ട്രംപിനെ മര്യാദ പഠിപ്പിക്കാന്‍ മാതാപിതാക്കള്‍ ന്യൂയോര്‍ക്കിലെ മിലിട്ടറി അക്കാദമിയില്‍ ചേര്‍ത്തു. അച്ചടക്കമുള്ളവനായി എന്നവകാശപ്പെടുന്നില്ലെങ്കിലും തന്റെ വിജയങ്ങളുടെ ക്രെഡിറ്റ് ട്രംപ് ഈ അക്കാദമിക്കും നല്‍കുന്നുണ്ട്. അപ്രതീക്ഷിത നീക്കങ്ങളിലൂടെ എതിരാളികളെ അമ്പരപ്പിക്കുന്ന ട്രംപ് ഹെയര്‍ സ്റ്റൈല്‍ ചെയ്യുന്ന രീതിയും വ്യത്യസ്തമാണ്. തലമുടി മുന്നിലേക്കിട്ട് ബ്ലോ ഡ്രൈയിംഗ് നടത്തിയശേഷം പിന്നിലേക്കു ചീകി ഒതുക്കും. ഒന്നിനെയും കൂസുകയില്ലെന്നു ഭാവിക്കുന്ന ഈ മനുഷ്യന് രോഗാണുക്കളെ പേടിയാണ് (germaphobia). അതിനാല്‍ ഹസ്തദാനം ഇഷ്ടമല്ല. കഴിയുന്നത്ര ഒഴിവാക്കും. ഇഷ്ടമില്ലാത്തതിനെ ഒഴിവാക്കുക എന്നത് ട്രംപിന്റെ രീതിയാണ്.

കുടിയേറ്റക്കാരെ ഇഷ്ടമല്ല. അതിനാല്‍ അമേരിക്കയില്‍ നിന്ന് ആദ്യം അനധികൃത കുടിയേറ്റക്കാരെ ഒഴിവാക്കുന്നു. പിന്നത്തെ കാര്യം പിന്നെ. ലോകാരോഗ്യ സംഘടനയെ ഇഷ്ടമല്ല.

അമേരിക്ക അവിടത്തെ ജനങ്ങളുടെ ആരോഗ്യം മാത്രം നോക്കിയാല്‍ മതി. അതിനാല്‍ WHO യില്‍ നിന്ന് പുറത്തുപോന്നു. കാലാവസ്ഥ വ്യതിയാനത്തേക്കാള്‍ അമേരിക്കയില്‍ പണം കുന്നുകൂടാനുള്ള കാലാവസ്ഥ സൃഷ്ടിക്കുകയാണു പ്രധാനം. അതിനാല്‍ കാലാവസ്ഥ ഉടമ്പടിയില്‍ നിന്നു പിന്മാറി. അമേരിക്കയ്ക്കും സുഹൃത്‌രാജ്യമായ ഇസ്രായേലിനുമെതിരെ നിയമവിരുദ്ധമായ നടപടികള്‍ കൈക്കൊള്ളുന്നുവെന്ന് ആരോപിച്ച് ഇന്റര്‍നാഷ്ണല്‍ ക്രിമിനല്‍ കോര്‍ട്ടുമായുള്ള ബന്ധം ഉപേക്ഷിച്ചു.

തീര്‍ന്നില്ല, ട്രംപുരാന്റെ തീരുമാനങ്ങള്‍ ഓരോന്നായി വരാനിരിക്കുന്നതേയുള്ളൂ. രണ്ട് മഹായുദ്ധങ്ങള്‍ക്കുശേഷം സമാധാനത്തിനായി സൃഷ്ടിച്ചെടുത്ത ലോകക്രമങ്ങളാണ് ട്രംപ് അട്ടിമറിക്കുന്നത്. വാണിജ്യരംഗത്ത് അരങ്ങേറുന്നതും വരാനിരിക്കുന്നതുമായ അട്ടിമറികള്‍ വേറെ. ഒരു പുതിയ കാലഘട്ടത്തിന്റെ തുടക്കത്തിലാണ് മാനവരാശിയെന്നു കരുതുന്നതില്‍ തെറ്റില്ല. അമേരിക്ക തുറന്നുവിട്ട ഭൂതമാണ് ട്രംപ്. അത് നല്ലഭൂതമോ ദുര്‍ഭൂതമോയെന്ന് കാലം വ്യക്തമാക്കും.

നാശമാണ് സംഭവിക്കുന്നതെങ്കില്‍ ദാവീദിനു നേര്‍ക്ക് നാഥാന്‍ കൈചൂണ്ടി പറഞ്ഞതുപോലെ വരുംകാല ചരിത്രം ട്രംപിന്റെ തെറ്റുകള്‍ക്കു നേരെ കൈചൂണ്ടി പറയും, 'ആ മനുഷ്യന്‍ നീ തന്നെ.'

  • manipius59@gmail.com

ജീവിതകഥ

ക്രിസ്തുവിന്റെ സുഹൃത്തുക്കളായതിനാല്‍ വൈദികര്‍ സന്തോഷമുള്ളവരായിരിക്കണം : ലിയോ മാര്‍പാപ്പ

ദമാസ്‌കസ്: കൂട്ട മൃതസംസ്‌കാരത്തിന് പാത്രിയര്‍ക്കീസുമാര്‍ നേതൃത്വം നല്‍കി

ക്ഷമയും പരസ്പര വിശ്വാസവും സഭയില്‍ ഐക്യം വളര്‍ത്തുന്നു

ഗ്രഹാം സ്റ്റെയിന്‍സ് കേസിലെ പ്രതി ക്രൈസ്തവവിശ്വാസം സ്വീകരിച്ചു