മാണി പയസ്
തൃശ്ശൂര്‍ പുത്തൂരിലുള്ള പുത്തന്‍ സുവോളജിക്കല്‍ പാര്‍ക്കിന് ഇന്ത്യയിലെ ആദ്യത്തെ 'ഡിസൈനര്‍ സൂ' എന്നാണ് സര്‍ക്കാര്‍ വക നെറ്റിപ്പട്ടം. പ്രകൃതി ഡിസൈന്‍ ചെയ്ത സുന്ദരജീവികളായ പത്ത് പുള്ളിമാനുകള്‍ക്ക് അതു മരണകിടങ്ങായി. സര്‍ക്കാരിന്റെ നെറ്റിപ്പട്ടത്തില്‍ ചാണകം തെറിച്ചു പടര്‍ന്നു.
തെരുവുനായകള്‍ കൂട്ടത്തോടെ ജീവനുള്ള മാനിറച്ചി രുചിച്ചു നോക്കിയതാണ്. അതു സംബന്ധിച്ച ഉദ്യോഗസ്ഥ പ്രതികരണം, നായകള്‍ കൈകളിലും കാലുകളിലും മാത്രമേ കടിച്ചുള്ളൂ, മാനുകള്‍ മരിച്ചത് പേടികൊണ്ടാണ് എന്നായിരുന്നു. ഹൃദയസ്തംഭനം മൂലം നിര്യാതരായിയെന്ന്!
നിഷ്‌കളങ്ക ജീവികളാണ് പേടികൊണ്ട് മരിക്കുന്നത്. നിഷ്‌കളങ്കരായ പെണ്‍കുട്ടികളെ മാനുകളുടെ ചഞ്ചലമിഴികളോടു ചേര്‍ത്തുവച്ച് കവികള്‍ വാഴ്ത്തിയിട്ടുണ്ട്. മുനികന്യകയായ ശകുന്തളയെപ്പറ്റി കാളിദാസ ഭാവന കടംകൊണ്ട് വയലാര്‍ എഴുതിയത്,
''നിന്‍ പ്രിയ സഖിയുടെ
ചഞ്ചലമിഴിയുടെ
നിത്യകാമുകനല്ലോ ഞാന്‍'' എന്നാണ്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനു മുമ്പ് രാഷ്ട്രീയ നേട്ടം കൊയ്യാനാണ് പണി പൂര്‍ത്തിയാക്കാതെയും സുരക്ഷാ ഓഡിറ്റിംഗ് നടത്താതെയും തൃശ്ശൂരിലെ മൃഗശാലയില്‍ ഉണ്ടായിരുന്ന പുള്ളിമാനുകളെ പുത്തൂരിലേക്കു മാറ്റിയതത്രെ. അനേകം വര്‍ഷങ്ങളായി ഈ മൃഗശാലയിലെ വലിയ ആകര്‍ഷണമായിരുന്നു എണ്ണത്തില്‍ ഏറെയുള്ള പുള്ളിമാനുകള്‍. അവയില്‍ പത്തെണ്ണത്തെയാണ് തെരുവുനായകള്‍ എണ്ണയില്ലാതെ പൊരിച്ചത്.
ഏറ്റവും നല്ല ആശയത്തെപ്പോലും മോശമായി നടപ്പാക്കുക എന്നത് രാഷ്ട്രീയക്കാരുടെ രീതിയായിരിക്കുന്നു. റോഡിലും പാലത്തിലും ഭവന നിര്‍മ്മാണത്തിലും എന്നുവേണ്ട ഏതിലും ശൈലി അതായിരിക്കുന്നു.
മനുഷ്യന്‍ ആവിഷ്‌കരിച്ച മഹത്തായ ആശയങ്ങളിലൊന്നാണ് ജനാധിപത്യം. അത് ജാതി, മത, വര്‍ഗീയ, രാഷ്ട്രീയശക്തികളുടെ കൂത്തുപറമ്പായി, ഒടുവില്‍ വോട്ടുചോരി ആക്ഷേപത്തില്‍ എത്തിനില്‍ക്കുന്നു. എവിടെയാണൊരു പ്രതീക്ഷ? അടിസ്ഥാന പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാതെ പണപ്രീണനങ്ങളിലൂടെ ജനങ്ങളെ കൈയിലെടുക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു കഴിയുന്നു. വോട്ടര്‍മാര്‍ക്ക് പണ്ടുണ്ടായിരുന്ന നിഷ്‌കളങ്കത നഷ്ടമായിരിക്കുന്നു. ആശയമല്ല ആമാശയമാണ് മുഖ്യമെന്ന നില.
സൈക്കിളും കളര്‍ ടിവി യും കൊടുത്താല്‍ ഇന്ന് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കഴിയില്ല. മാസം തോറും പതിനായിരം രൂപ പെന്‍ഷനും വര്‍ഷത്തില്‍ ലക്ഷം രൂപയുടെ പാക്കറ്റുമെല്ലാം വേണം. പ്രീണനത്തിന്റെ വലിപ്പം ഓരോ ഇലക്ഷനും കൂടിക്കൂടി വരുന്നു. പൊതുവിദ്യാഭ്യാസത്തിനും, ആരോഗ്യ പരീരക്ഷയ്ക്കും, രാജ്യത്ത് അടിസ്ഥാന സൗകര്യ നിര്‍മ്മാണത്തിനും ചെലവിടേണ്ട തുകയാണ് ഇങ്ങനെ പാറ്റിക്കളയുന്നത്. ആ രംഗങ്ങള്‍ കോര്‍പ്പറേറ്റുകള്‍ കൈയടക്കുമ്പോള്‍ പാവപ്പെട്ടവര്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങളുടെ അളവ് കുറയുന്നത് അവര്‍ തിരിച്ചറിയുന്നില്ല. മികച്ച ചികിത്സയ്ക്കും വിദ്യാഭ്യാസത്തിനും മാര്‍ഗമില്ലാതെ അവര്‍ അപ്രത്യക്ഷരാകുന്നു. ഇതു വ്യക്തമാക്കാന്‍ ബീഹാറില്‍ ഇന്ത്യാമുന്നണിക്കു കഴിഞ്ഞില്ല. എങ്ങനെ കഴിയും, തങ്ങള്‍ക്ക് അധികാരമുള്ള ഇടങ്ങളില്‍ അവര്‍ പയറ്റുന്നതും ഇതാണ്.
സൈക്കിളും കളര്‍ ടിവി യും കൊടുത്താല്‍ ഇന്ന് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കഴിയില്ല. മാസം തോറും പതിനായിരം രൂപ പെന്‍ഷനും വര്‍ഷത്തില്‍ ലക്ഷം രൂപയുടെ പാക്കറ്റുമെല്ലാം വേണം. പ്രീണനത്തിന്റെ വലിപ്പം ഓരോ ഇലക്ഷനും കൂടിക്കൂടി വരുന്നു.
സോഷ്യലിസ്റ്റും മുസ്ലീമുമായ സോറാന്‍ മമ്ദാനി ന്യൂയോര്‍ക്ക് മേയറായി തിരഞ്ഞെടുക്കപ്പട്ടതിന്റെ പാഠങ്ങള്‍ രാഹുല്‍ഗാന്ധിയും മറ്റും ഉള്‍ക്കൊള്ളുന്നത് നല്ലതാണ്. വോട്ടിംഗ് യന്ത്രത്തെയും ഇലക്ഷന്‍ കമ്മീഷനെയും കേന്ദ്രീകരിച്ചുള്ള ആഖ്യാനം ബീഹാറിലെ ഗ്രാമീണ സ്ത്രീകളുടെ മുന്നില്‍ വിലപോവുകില്ലെന്നു മനസ്സിലാക്കണമായിരുന്നു. അനുദിന ജീവിത പ്രശ്‌നങ്ങള്‍ക്കു പരിഹാരമാണ് ലോകത്തെവിടെയും പാവപ്പെട്ട മനുഷ്യരെ ആകര്‍ഷിക്കുക.
മഹാനഗരമായ ന്യൂയോര്‍ക്കില്‍ മമ്ദാനി സൃഷ്ടിച്ച ബൃഹാദാഖ്യാനം അതിനെ കേന്ദ്രീകരിച്ചായിരുന്നു. സൗജന്യമായ പൊതുഗതാഗതം, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പലചരക്കു കടകള്‍, താങ്ങാവുന്ന വിലയ്ക്ക് വീടുകള്‍, ശിശുപരിപാലനം സര്‍ക്കാര്‍ ചെലവില്‍, വാടകക്കാര്‍ക്ക് നിയമപരിരക്ഷ എന്നിവ മമ്ദാനി വാഗ്ദാനം ചെയ്തു.
അമേരിക്കയില്‍ ഏറ്റവും ചെലവേറിയ രംഗമാണ് ശിശുപരിപാലനം. 2024 ലെ വാര്‍ഷിക ചെലവ് ശരാശരി 13,500 ഡോളര്‍ എന്നാണു കണക്ക്. സംസ്ഥാനവും സ്ഥലവും അനുസരിച്ച് ഇതിനു വ്യത്യാസമുണ്ടാകും. സാധാരണക്കാരായ ദമ്പതിമാരുടെ വരുമാനത്തിന്റെ 10 ശതമാനം വരുമിത്. സിംഗിള്‍ പേരന്റാണെങ്കില്‍ വരുമാനത്തിന്റെ 35 ശതമാനത്തോളം എത്തും.
സൗജന്യമായി പണം അക്കൗണ്ടില്‍ എത്തിക്കുന്നതും അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുന്നതും രണ്ടാണ്. ആദ്യത്തേത് എളുപ്പമാണ്. രണ്ടാമത്തേത് പ്രയാസമാണ്. പരാജയപ്പെടാന്‍ സാധ്യതയുള്ളതുമാണ്. പരിഹാര ശ്രമങ്ങളില്‍ മമ്ദാനി പരാജയപ്പെടുമോ എന്നതാണ് ലോകരാഷ്ട്രീയത്തെ താത്വികമായി സമീപിക്കുന്നവര്‍ ഇനി ശ്രദ്ധിക്കുക.
മമ്ദാനിയുടെ പ്രചാരണത്തിന് ഒരു ലക്ഷം വോളന്റിയര്‍മാര്‍ ഉണ്ടായിരുന്നു. അവര്‍ ഷിഫ്റ്റ് ആയി പ്രവര്‍ത്തിച്ചു. അവരോടൊപ്പം അദ്ദേഹം ജനങ്ങളെ കണ്ടു. തെരുവില്‍, റെയില്‍വെ സ്റ്റേഷനില്‍, ഗുരുദ്വാരകളില്‍, സാംസ്‌കാരിക കേന്ദ്രങ്ങളില്‍ എന്നുവേണ്ട എവിടെയും. മികച്ച എഴുത്തുകാരനെപ്പോലെ സര്‍ഗാത്മകതയുടെയും നാടകീയതകളുടെയും ശക്തി അറിഞ്ഞു പ്രയോഗിച്ചു. വാക്കുകളില്‍ സംഘര്‍ഷം സൃഷ്ടിച്ചു, നര്‍മ്മത്തിലൂടെ ലഘൂകരിച്ചു. പരസ്യവാചകങ്ങളുടെ ആത്മാവില്ലാത്ത ആവര്‍ത്തനങ്ങളായിരുന്നില്ല അവ. എതിരാളികള്‍ കൊടുത്ത ഗംഭീരങ്ങളായ പ്രചാരണ പരസ്യങ്ങളെ ആത്മാര്‍ത്ഥത നിറഞ്ഞ കൊച്ചു വാക്കുകളുടെയും, ചെറിയ വാചകങ്ങളുടെയും, നിശ്ശബ്ദതയെ ഭേദിക്കുന്ന നിശ്വാസങ്ങളുടെയും അകമ്പടിയോടെ നിഷ്പ്രഭമാക്കി. ആത്മാര്‍ത്ഥത നിറഞ്ഞ ഒരു നിശ്വാസത്തിനുപോലും ലക്ഷക്കണക്കിനു ജനങ്ങളുടെ ഹൃദയത്തില്‍ ചേക്കേറാനാകും. വിഷ്വല്‍ മീഡിയയുടെ ശക്തി അതാണ്.
ന്യൂയോര്‍ക്ക് നഗരത്തിന്റെ മേയര്‍ക്ക് സ്റ്റേറ്റ്, ഫെഡറല്‍ സര്‍ക്കാരുകളുടെ പിന്തുണയില്ലാതെ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല. അങ്ങനെ വരുമ്പോള്‍ മമ്ദാനിയുടെ വാഗ്ദാനങ്ങള്‍ക്ക് എന്തു സംഭവിക്കും? ആ വാഗ്ദാനങ്ങളെ പുള്ളിമാനുകളായി സങ്കല്പിച്ചാല്‍ എതിരാളികള്‍ അഴിച്ചുവിടുന്ന തടസ്സങ്ങളാകുന്ന തെരുവുനായകള്‍ അവയെ കടിച്ചു കീറുമോ? മമ്ദാനി സങ്കല്പിക്കുന്ന 'ഡിസൈനര്‍ സൂ' വെറും ശൂ ആകുമോ?...
വാഗ്ദാനങ്ങള്‍ പാലിക്കാന്‍ പണം കണ്ടെത്തേണ്ടതുണ്ട്. അതിനു വാര്‍ഷിക വരുമാനം ഒരു മില്യണ്‍ ഡോളറില്‍ കൂടുതലുള്ളവരുടെ നികുതി നിരക്ക് ഉയര്‍ത്തുമെന്നാണ് മമ്ദാനി പ്രഖ്യാപിച്ചിട്ടുള്ളത്. അതിനു സംസ്ഥാന നിയമ നിര്‍മ്മാണ സഭയുടെയും ഗവര്‍ണറുടെയും അനുമതി ലഭിക്കണം. ഗവര്‍ണര്‍ എതിര്‍പ്പ് അറിയിച്ചു കഴിഞ്ഞു. വ്യവസായ സ്ഥാപനങ്ങള്‍ ന്യൂയോര്‍ക്ക് നഗരം വിട്ടുപോകുമെന്നാണ് അദ്ദേഹം പറയുന്ന ന്യായം. മമ്ദാനിയുടെ വാഗ്ദാനങ്ങള്‍ക്കെതിരെ തടസ്സവാദങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു.
ഇന്നത്തെ രാഷ്ട്രീയം ക്രൂരമാണെന്ന മമ്ദാനിയുടെ നിരീക്ഷണം ശ്രദ്ധേയമാണ്. ജനങ്ങളുടെ വിശാലമായ താല്‍പര്യങ്ങള്‍ക്കെതിരെ അവരുടെ സങ്കുചിതമായ ആവശ്യങ്ങളെ അണിനിരത്താന്‍ കഴിയുന്നു എന്നതാണ് ആ ക്രൂരതയുടെ ഒരു മുഖം.
സാമൂഹികക്ഷേമ സംരംഭങ്ങളെന്ന വിശാലമായ താല്‍പര്യത്തെ സൗജന്യങ്ങളെന്ന സങ്കുചിത താല്‍പര്യങ്ങള്‍കൊണ്ട് അട്ടിമറിക്കുന്നു. സര്‍ക്കാരിന്റെ അടിസ്ഥാന ചുമതല സാമൂഹികക്ഷേമകര്‍മ്മങ്ങള്‍ എല്ലാവര്‍ക്കും മിനിമം ജീവിതനിലവാരം ഉറപ്പാക്കുന്നതിനാണ്. സൗജന്യങ്ങള്‍ക്ക് താല്‍ക്കാലികമായ നേട്ടങ്ങളേ സൃഷ്ടിക്കാനാകൂ. അത് സാമ്പത്തിക സുസ്ഥിരതയെ കാര്‍ന്നുതിന്നുന്ന കാന്‍സറും സാധാരണ ജനങ്ങളില്‍ ആശ്രിത മനോഭാവം സൃഷ്ടിക്കുന്ന മയക്കുമരുന്നുമാണ്. ജനാധിപത്യ ആശയങ്ങള്‍ക്ക് അവ ഉയര്‍ത്തുന്ന ഭീഷണി ചെറുതല്ല.
രാഷ്ട്രീയക്കാര്‍ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് കാവ്യാത്മകമായി സംസാരിക്കുകയും ഭരണം തുടങ്ങുമ്പോള്‍ ഗദ്യം പ്രയോഗിച്ചു തുടങ്ങുകയും ചെയ്യുമെന്ന നിരീക്ഷണമുണ്ട്. ഗദ്യം പ്രായോഗിക ജീവിതഭാഷയാണ്. മമ്ദാനിയെപ്പോലെ ഉദിച്ചുയര്‍ന്ന ഡല്‍ഹി മുന്‍മുഖ്യമന്ത്രി ഭരണഗദ്യത്തെ അവസരവാദത്തിന്റെ ഭാഷയാക്കി മാറ്റി. മമ്ദാനിയെയും കേജ്‌രിവാളിനെയും താരതമ്യം ചെയ്യുന്നത് ശരിയോ തെറ്റോ ആകാം.
കേജ്‌രിവാള്‍ അണ്ണാഹസ്സാരയെ ഉപയോഗിച്ചു, പിന്നെ കറിവേപ്പില പോലെ വലിച്ചെറിഞ്ഞു. വിവരാവകാശ നിയമത്തിന്റെ മിശിഹായായി ഭാവിച്ചു, അധികാരം കിട്ടിയപ്പോള്‍ അതില്‍ വെള്ളം ചേര്‍ത്തു. മുസ്ലീംങ്ങളുടെ വോട്ടുകള്‍ പെട്ടിയിലാക്കിയശേഷം 2020 ഫെബ്രുവരിയില്‍ ഡല്‍ഹിയിലെ വടക്കുകിഴക്കന്‍ ഭാഗത്ത് വര്‍ഗീയ ലഹള നടന്നപ്പള്‍ തിരിഞ്ഞുനോക്കിയില്ല.
മമ്ദാനി ന്യൂയോര്‍ക്കിനെ പാവങ്ങള്‍ക്കു ജീവിക്കാന്‍ പറ്റുന്ന രീതിയിലുള്ള മഹാനഗരമാക്കുമെന്നാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. അതിനുവേണ്ടിയുള്ള ശ്രമങ്ങളില്‍ സാമ്പത്തിക വിഷയങ്ങളിലും വര്‍ഗവ്യത്യാസത്തിന്റെ ഭാഷയിലും വെള്ളം ചേര്‍ക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല. മമ്ദാനി ഇന്നു പറഞ്ഞപോലെ പ്രതീക്ഷയ്ക്കു ജീവനുണ്ടെന്ന് നാളെയും പറയാന്‍ കഴിയട്ടെ.