കാറിനുള്ളില്‍ ഗായകന്‍ പി ജയചന്ദ്രന്‍ സംസാരിച്ചു കൊണ്ടേയിരിക്കുകയാണ്. ദേവരാജന്‍, ദക്ഷിണാമൂര്‍ത്തി, ബാബുരാജ്, കെ രാഘവന്‍, അര്‍ജുനന്‍ എന്നിവരുടെ സംഗീത സൃഷ്ടികളെപ്പറ്റി. പുറത്തു ചാറ്റല്‍മഴ അകത്ത് എ സി യുടെ തണുപ്പ്. ജയചന്ദ്രന്റെ സംഭാഷണം കാറിനുള്ളില്‍ സംഗീതത്തിന്റെ സുഖകരമായ ചൂട് പകര്‍ന്നു.
പാട്ടുകളോട് വൈകാരികതലത്തില്‍ ബന്ധപ്പെട്ടുകൊണ്ടാണ് അദ്ദേഹം സംസാരിക്കുന്നത്. വെറ്റില മുറുക്കിന്റെയും പാക്കിന്റെയും തരികള്‍ വായ്ക്കുള്ളില്‍ കിടക്കുമ്പോള്‍ പാട്ടു പഠിപ്പിക്കുന്ന ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ ആലാപന പ്രത്യേകതകള്‍, ദേവരാജന്‍ മാഷിന്റെ സംസാരരീതിയുടെ അകമ്പടിയില്‍ അദ്ദേഹത്തിന്റെ പാട്ടിന്റെ പ്രത്യേകതകള്‍ തുടങ്ങിയവ വിവരിക്കുക മാത്രമല്ല പാടുകയുമാണ്.
താന്‍ പാടാത്ത പാട്ടുകളെക്കുറിച്ചാണ് കൂടുതലും സംസാരിക്കുന്നതും പാടുന്നതും. അവയ്‌ക്കെല്ലാം ശ്രുതി മീട്ടി വൈകാരികതയുണ്ട്. ഈ വൈകാരികതയാണ് സ്വന്തം പാട്ടുകളെ ഭാവസാന്ദ്രമാക്കാന്‍ അദ്ദേഹത്തെ തുണച്ചത്.
കാര്‍യാത്രയുടെ ആ ദിനത്തില്‍ ജയചന്ദ്രന്റെ ഹിറ്റുകളില്‍ ഒന്നായിരുന്നു
'അറിയാതെ അറിയാതെ
പവിഴവാര്‍തിങ്കളറിയാതെ...' എന്ന് തുടങ്ങുന്ന പാട്ട്. മടിച്ചാണെങ്കിലും ഞാന്‍ ചോദിച്ചു: ആ പാട്ടൊന്നു പാടാമോ?
ഓ റെഡി. ജയചന്ദ്രന്‍ പാടാന്‍ തുടങ്ങി. എത്ര കേട്ടിട്ടും മതിവരുന്നില്ല എനിക്ക്. ആവശ്യപ്പെട്ട അത്രയും തവണ അദ്ദേഹം പാടി. കേശവന്‍നമ്പൂതിരി എന്നെയൊന്നു നോക്കി.
ആ പാട്ടുമായി അദ്ദേഹത്തിനു വൈകാരിക അടുപ്പമുള്ളതുകൊണ്ടാണ് അത് സാധ്യമായത്. ഒരു സംഗതിയോട് വൈകാരിക സ്‌നേഹം തോന്നിയാല്‍ അത് ഒരിക്കലും ബോറടിക്കില്ല. പ്രണയിക്കുമ്പോള്‍ മടുപ്പ് തോന്നാത്തത് അതുകൊണ്ടാണ്.
ഒരു സംഗീത ആല്‍ബത്തിന്റെ റിക്കാര്‍ഡിംഗിനായി പോവുകയായിരുന്നു ഞങ്ങള്‍. ജയചന്ദ്രന്‍, സംഗീത സംവിധായകന്‍ കേശവന്‍ നമ്പൂതിരി, പ്രൊഡ്യൂസറായ സുഹൃത്ത്, മറ്റൊരു സുഹൃത്ത്, ഞാന്‍ എന്നിവരാണ് കാറില്‍.
അതിവേഗത്തിലായിരുന്നു പാട്ട് പഠിക്കലും റിക്കാര്‍ഡിംഗും. ഒരു പാട്ട് രണ്ടോ മൂന്നോ തവണ പാടി നോക്കും. പിന്നെ ജയചന്ദ്രന്‍ 'ടേക്ക് ടേക്ക്' എന്ന് പറയും. ഏതാനും മണിക്കൂറുകള്‍ കൊണ്ട് പത്തുപാട്ടുകളാണ് പാടിയത്! നിന്ന നില്‍പില്‍ എന്നുതന്നെ പറയാം. ഇടയ്ക്കു ഭക്ഷണം കഴിക്കാന്‍ പോലും റിക്കാര്‍ഡിംഗ് നിര്‍ത്തിയില്ല.
എറണാകുളത്തു നിന്ന് തിരിച്ചുവരുമ്പോള്‍ ഒരിടത്ത് വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കാനായി കയറി. പലരും ജയചന്ദ്രനെ ശ്രദ്ധിക്കുന്നുണ്ട്. അതുകണ്ട് ഒരു തമാശ പറഞ്ഞു. എവിടെയെങ്കിലും പോകുമ്പോള്‍ ആളുകള്‍ തിരിച്ചറിയും കുടുംബവുമായി നില്‍ക്കുന്ന സ്ത്രീകള്‍ തിരിച്ചറിഞ്ഞ് ഭര്‍ത്താവിനോട് പറഞ്ഞാല്‍, അയാള്‍ അത് മൈന്‍ഡ് ചെയ്യാതെ നില്‍ക്കും. മലയാളിക്ക് ഏറ്റവും അസഹനീയമായത് അപരനു ലഭിക്കുന്ന പ്രശസ്തിയാണെന്ന് പറയാതെ പറയുകയായിരുന്നു ജയചന്ദ്രന്‍.
ഭക്ഷണം കഴിഞ്ഞ് യാത്ര തുടരുമ്പോള്‍ ഞാന്‍ ചോദിച്ചു: 'ബാബുരാജ് സംഗീതം പകര്‍ന്ന
'അനുരാഗ ഗാനം പോലെ
അഴകിന്റെ അലപോലെ...' എന്ന് തുടങ്ങുന്ന പാട്ട് കേള്‍ക്കുമ്പോള്‍ തളര്‍ത്തിയിട്ടു പാടിയതു പോലെ തോന്നും. അത് അന്നത്തെ ശൈലിയായിരുന്നോ, ആത്മവിശ്വാസക്കുറവിന്റെ പ്രശ്‌നമായിരുന്നോ? 'രണ്ടും കാണുമായിരിക്കും' എന്ന മറുപടിയില്‍ എളിമ പ്രകടമായിരുന്നു. ഇറങ്ങിയകാലത്ത് വലിയ ഹിറ്റാകുകയും അദ്ദേഹത്തെ
പ്രശസ്തനാക്കുകയും ചെയ്ത പാട്ടിനെക്കുറിച്ചാണു ഞാന്‍ ചോദിച്ചതെന്ന കാര്യം അദ്ദേഹം പ്രശ്‌നമാക്കിയില്ല.
പിന്നീട് ജയചന്ദ്രന്‍ ഈ പാട്ട് വേദിയില്‍ പാടുന്നതു കേട്ടപ്പോള്‍ എന്റെ ചോദ്യം തെറ്റായിരുന്നില്ലെന്നു മനസ്സിലായി. പ്രത്യേകിച്ച് 'ആരു നീ ദേവതേ...' എന്ന ഭാഗം വരുമ്പോള്‍ വ്യത്യാസം വളരെ പ്രകടമായിരുന്നു. തന്റെ ഒറിജിനല്‍ പാട്ടിനെ അനുകരിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നില്ല.
ഒരിക്കല്‍ തൃശ്ശൂരില്‍ അരങ്ങേറാനുള്ള വലിയ സംഗീത പരിപാടിയുടെ റിഹേഴ്‌സല്‍ നടക്കുന്ന ഹോട്ടലില്‍ ജയചന്ദ്രനോടൊപ്പം ഞാന്‍ പോയി. ജോണ്‍സനാണ് മ്യൂസിക് കണ്ടക്ടര്‍. പ്രശസ്തനായ യുവഗായകന്‍ പാടുകയാണ്. ജയചന്ദ്രന്‍ കുറച്ചുനേരം കേട്ടുനിന്നു. അടുത്തുനിന്ന എന്നോട് പറഞ്ഞു: 'അടുത്ത യേശുദാസാണ്.' ദേവരാജന്‍ മാഷിന്റെ ശിഷ്യനാണയാള്‍. മാഷിന്റെ വിലയിരുത്തല്‍ ജയചന്ദ്രന്‍ ഏറ്റുപറഞ്ഞതാവാം. എന്തായാലും
മറ്റു ഗായകരെ അംഗീകരിക്കാന്‍, അവരെത്ര ജൂനിയര്‍ ആയാലും ജയചന്ദ്രനു മടിയില്ലായിരുന്നുവെന്ന സത്യം വ്യക്തമാവുകയായിരുന്നു.
തൃശ്ശൂരിലെ മാധ്യമപ്രവര്‍ത്തകരുടെ കുടുംബസമ്മേളനത്തിന് അതിഥിയായി ജയചന്ദ്രനെ ക്ഷണിക്കാന്‍ നിയോഗിക്കപ്പെട്ടത് ഞാനാണ്. ക്ഷണം സ്വീകരിച്ചുവന്ന അദ്ദേഹം
'മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി
മധുമാസ ചന്ദ്രിക വന്നു...' എന്നു തുടങ്ങുന്ന ഗാനം പാടി.
പരിപാടി കഴിഞ്ഞ് മുഹമ്മദ് റഫിയുടെ ഗാനങ്ങളെക്കുറിച്ചായിരുന്നു സംഭാഷണം. റഫിയുടെ 'ദുനിയാകേ രഖ് വാലേ' എന്ന പാട്ടാണ് പാടാന്‍ വിഷമമെന്നാണ് പലരുടെയും ധാരണ. എന്നാല്‍ ലളിതമെന്ന് തോന്നുന്ന പാട്ടുകള്‍ പാടാനാണ് വിഷമം. ജയചന്ദ്രന്റെ പാട്ടുകള്‍ ലളിതമാണെന്നു തോന്നാം. എന്നാല്‍ അദ്ദേഹത്തെപ്പോലെ പാടാന്‍ ശ്രമിക്കുമ്പോള്‍ പിടിതരാതെ മാറി നില്‍ക്കുന്നതായി മനസ്സിലാകും.
'റംസാനിലെ ചന്ദ്രികയോ
രജനീഗന്ധിയോ...'' എന്ന പാട്ട് പാടി നോക്കൂ. അയത്‌നലളിതമെന്നു വിചാരിച്ചു പാടാം. പക്ഷേ, സ്വയം റെക്കോര്‍ഡ് ചെയ്തു കേള്‍ക്കുമ്പോള്‍ ജയചന്ദ്രന്റെ പാട്ടിലുള്ള എന്തോ ഒന്നു കുറവാണെന്നു മനസ്സിലാവും. ആ എന്തോ ഒന്നാണ് സംഗീതത്തിന്റെ ആത്മാവ്.
ആത്മാവു നിറഞ്ഞ സംഗീതം നമ്മെ കരയിപ്പിക്കും. ഇന്നലെകളിലെ ഓര്‍മ്മകള്‍ ഉണര്‍ത്തും. മനസ്സ് പ്രണയഭരിതവും ദയാപൂര്‍ണവും ആനന്ദം നിറഞ്ഞതുമാക്കും.
സംഗീതം മനുഷ്യഭാവങ്ങളില്‍ മാറ്റം വരുത്തുന്നത് എങ്ങനെയാണ്? ശാസ്ത്രം അതിനെ dopamine effect എന്ന് പറയും. ആനന്ദത്തിന്റെയും സുഖാവസ്ഥയുടെയും ലോല തന്ത്രികളെ ഉണര്‍ത്തുന്ന ന്യൂറോ ട്രാന്‍സ്മിറ്റര്‍ ആണ് dopamine. സംഗീതം നിറഞ്ഞിരിക്കുമ്പോള്‍ ജീവിതം അനായാസമാണെന്നു തോന്നുമെന്ന്
ജോര്‍ജ് എലിയറ്റ് എഴുതിയിട്ടുണ്ട്. സംഗീതം ജീവിതത്തെ മികവുറ്റതാക്കുന്നു. പാട്ടുകേട്ട് ആരും നശിച്ചു പോയതായി കേട്ടിട്ടില്ല.
കേള്‍വിക്കാരില്‍ dopamine effect ഉണ്ടാക്കാന്‍ കഴിയുന്ന സ്വരവും ആലാപനശൈലിയുമായിരുന്നു ജയചന്ദ്രന്റേത്. അദ്ദേഹം പാടിയിരുന്നതും ആ dopamine effect അനുഭവിച്ചു കൊണ്ടായിരിക്കണം. പല പാട്ടുകളും പാടിയപ്പോള്‍ ഓര്‍ക്കസ്ട്രയുടെ അച്ചടക്കത്തിനുള്ളിലാണെങ്കിലും വാനില്‍ ഒഴുകിപ്പോകുന്നതായി തോന്നിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. രണ്ടു വരയിട്ട കടലാസില്‍ അക്ഷരം മെച്ചപ്പെടുത്താന്‍ എഴുതിയിട്ടുള്ളവര്‍ക്ക് അറിയാം. കുറെ ചെല്ലുമ്പോള്‍ വരകള്‍ വിസ്മൃതങ്ങളാവുകയും അക്ഷരങ്ങള്‍ രൂപഭംഗി ആര്‍ജിക്കുകയും ചെയ്യും. പിന്നെ വരകള്‍ ഉള്ളതും ഇല്ലാത്തതും ഒരുപോലെയാകും. അക്ഷരങ്ങള്‍ താനെ അച്ചടക്കം പാലിക്കുകയും ഭംഗിനിറഞ്ഞ പുതിയ രൂപങ്ങള്‍ ആര്‍ജിക്കുകയുമാണ്.
വലിയ രോഗത്തില്‍ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്നപ്പോള്‍ യേശുനാഥനോടുള്ള നന്ദി ലോകത്തെ അറിയിക്കാന്‍ ഞാനൊരു ക്രിസ്തീയ ഭക്തിഗാന ആല്‍ബം ഇറക്കി. അതില്‍ ജയചന്ദ്രന്‍ പാടണമെന്ന് ഞാനാഗ്രഹിച്ചു. ആരോ പറഞ്ഞു അദ്ദേഹം വലിയ പ്രതിഫലം ചോദിക്കുമെന്ന്. പാടാമോ എന്നു ചോദിച്ചിട്ട് പ്രതിഫലത്തിന്റെ പേരില്‍ വേണ്ടെന്നുവയ്ക്കാന്‍ കഴിയുമായിരുന്നില്ല. എനിക്ക് ചില അബദ്ധങ്ങളും പറ്റി. പശ്ചാത്തല സംഗീതത്തിന് ഉപകരണങ്ങളുടെ ഒറിജിനല്‍ സ്വരം തന്നെ ഉപയോഗിക്കണമെന്ന തീരുമാനം ചെലവ് വളരെ കൂട്ടി. ദൈവാര്‍ച്ചനയില്‍ കടലാസുപൂക്കള്‍ ഉപയോഗിക്കേണ്ടെന്ന് തീരുമാനിക്കുന്നതുപോലെയായിരുന്നു അത്. തുടര്‍ന്ന് ജയചന്ദ്രനെ സമീപിക്കുന്ന കാര്യം ഉപേക്ഷിച്ചു.
ഞാന്‍ എഴുതിയ ഗാനങ്ങള്‍ക്ക് സംഗീതത്തിന്റെ ചിറകുകള്‍ ലഭിച്ചെങ്കിലും പ്രൊഡ്യൂസര്‍ എന്ന നിലയില്‍ നഷ്ടക്കച്ചവടമായി. എന്റെ
സി ഡി ആല്‍ബം വന്നപ്പോള്‍ മാര്‍ക്കറ്റില്‍ പെന്‍ഡ്രൈവ് തരംഗമായി. ധ്യാനകേന്ദ്രങ്ങളിലും സ്റ്റാളുകളിലും സി ഡി എത്തിച്ചശേഷം കോവിഡിന്റെ വരവായി. അവിടങ്ങളില്‍ ആളുകള്‍ എത്താതെയായി.
സി ഡി കള്‍ വിറ്റുപോയില്ല. അപ്പോള്‍ എനിക്കു തോന്നി. ജയചന്ദ്രനെ കൊണ്ട് പാടിച്ചിരു ന്നെങ്കില്‍ അതെങ്കിലും നേട്ട മായി മനസ്സില്‍ കുറിച്ചിടാമായി രുന്നു എന്ന്. ജയേട്ടന്‍ എന്റെ പാട്ട് പാടിയിട്ടുണ്ടെന്ന് ഊറ്റം കൊള്ളാമായിരുന്നു.
ഇനി അതിനാവില്ലല്ലോ
manipius59@gmail.com