കാലവും കണ്ണാടിയും

കുടിയൊഴിയാതിരിക്കട്ടെ കാവ്യഭാവനകള്‍

ഫാ. മാത്യു ഇല്ലത്തുപറമ്പില്‍
  • മാത്യു ഇല്ലത്തുപറമ്പില്‍

മനോഹരമായ കഥകള്‍കൊണ്ട് മലയാള മനസ്സിനെ വശീകരിച്ച എം ടി വാസുദേവന്‍നായര്‍ അടുത്തയിടെ കഥാവശേഷനായി. സാഹിത്യലോകം അദ്ദേഹത്തിന്റെ സ്മരണകള്‍ക്കുമുമ്പില്‍ കൈകൂപ്പിനിന്നു. സാഹിത്യപരിചയമില്ലാത്തവരും ഒരു മരണവീട്ടിലേക്കെന്നവണ്ണം അദ്ദേഹം അവശേഷിപ്പിച്ച കഥാഭവനത്തിലേക്ക് കടന്നു വന്നു. എം ടി യുടെ വിയോഗം ഇത്രയധികം ശ്രദ്ധിക്കപ്പെട്ട

ഒരു സാംസ്‌കാരിക സംഭവം ആകാന്‍ കാരണമെന്തെന്ന് ആലോചിക്കുന്നത് നല്ലതാണ്. സാഹിത്യത്തിലെ അദ്ദേഹത്തിന്റെ അതുല്യമായ ശേഷിപ്പുകള്‍, സിനിമാരംഗത്തെ പ്രാമാണിക സ്ഥാനം, മാധ്യമപ്രവര്‍ത്തനത്തിലെ സംഭാവനകള്‍, സാഹിത്യത്തിലെ പിന്‍തലമുറ അദ്ദേഹത്തിനു കല്പിച്ചു നല്കിയ ഗുരുസ്ഥാനം, രാഷ്ട്രീയ, സാമുദായിക കടുംപിടുത്തങ്ങള്‍ക്ക് അതീതനായി നിന്ന് എഴുത്തുദൗത്യം പൂര്‍ത്തിയാക്കിയ ചരിത്രം, ജ്ഞാനപീഠം അടക്കം അനേകം പുരസ്‌കാരങ്ങള്‍ നേടിയതിന്റെ തിളക്കം തുടങ്ങി അനേകം കാരണങ്ങള്‍ ഇതിനുണ്ട്.

ഒരു പക്ഷേ വിലകുറഞ്ഞ കാരണങ്ങളും എം ടി ക്ക് കിട്ടിയ ചില മരണാനന്തര വാഴ്ത്തുകള്‍ക്ക് കുറച്ചൊക്കെ പ്രേരണയായിട്ടുണ്ടാകാം.

എം ടി യെക്കുറിച്ച് എന്തെങ്കിലും പറഞ്ഞില്ലെങ്കില്‍ ഞാനൊരു വിവരദോഷിയായി മാറുമോ എന്ന ഭയം അദ്ദേഹത്തെ വായിക്കാത്തവരെപ്പോലും എം ടി സ്തുതികള്‍ക്ക് നിര്‍ബന്ധിച്ചിരിക്കാം. മുഖ്യധാരാമാധ്യമങ്ങളില്‍ എം ടി സ്മരണകള്‍ നിറഞ്ഞുകവിഞ്ഞത് സാമൂഹിക മാധ്യമങ്ങളിലേക്കും പതഞ്ഞൊഴുകി എന്നും കരുതാം.

മലയാളഭാവനയെ തന്റെ കഥാപ്രപഞ്ചംകൊണ്ട് ഉദ്ദീപിച്ചു നിര്‍ത്തി എന്നതാവാം എം ടി നേടിയ അസാധാരണമായ ആദരവിനുള്ള പ്രധാന കാരണം. എം ടി തുറന്നിട്ട, തങ്ങളുടെ ജീവിത പരിസരങ്ങള്‍ക്കും സാമൂഹിക അന്തരീക്ഷത്തിനും രാഷ്ട്രീയ അഭിരുചികള്‍ക്കും ഇണങ്ങുന്ന സങ്കല്‍പലോകത്തില്‍ കയറിയിറങ്ങാന്‍ അക്ഷരസ്‌നേഹികള്‍ ഇഷ്ടപ്പെട്ടു. അവരുടെ കാവ്യഭാവനകളെ അദ്ദേഹം തൃപ്തിപ്പെടുത്തി.

ഇത് പഠിപ്പിക്കുന്ന ഒരു പാഠമുണ്ട്:

മനുഷ്യന്‍ അന്നംകൊണ്ടു മാത്രമല്ല ജീവിക്കുന്നത്, അന്നക്കഥകള്‍കൊണ്ടുമാണ്. അവയില്‍ എല്ലാം ഉള്‍പ്പെടും.

മനുഷ്യര്‍ക്ക് ജീവിക്കാന്‍ വരണ്ട അസ്ഥിപ്പരുവത്തിലുള്ള വസ്തുതകളും വിവരങ്ങളും മാത്രം പോരാ; ഭാവനയുടെ മാംസളതയും വേണം. മുത്തശ്ശിക്കഥകള്‍ തുടങ്ങി ഇതിഹാസങ്ങള്‍ വരെ ഈ ആവശ്യത്തെ തൃപ്തിപ്പെടുത്താന്‍ ഉണ്ടായവയാണ്. ആ കഥകളില്‍ ചിലതിന്

മൂടിക്കുത്തിയ മുഖങ്ങളും പ്രസാദമില്ലാത്ത ചിന്തകളും ബോറടിപ്പിക്കുന്ന വര്‍ത്തമാനരീതിയും ദൈവശാസ്ത്രത്തിന് താങ്ങാനാവില്ല എന്ന് കാള്‍ ബാര്‍ത്ത് എഴുതുന്നുണ്ട്.

ഒരു ഉറക്കത്തിനപ്പുറം ആയുസ്സുണ്ടായിരുന്നില്ല; മറ്റു ചിലതാകട്ടെ, തലമുറകളുടെ ഉറക്കംകെടുത്തുകയും ചെയ്തു. ഇസ്രായേല്‍-പാലസ്തീന്‍ യുദ്ധം മുതല്‍ രാഷ്ട്രീയത്തിലെ വിഴുപ്പലക്കല്‍ വരെ, ക്രൂരമായ കൊലപാതകം തുടങ്ങി മനുഷ്യരുടെ ഗോളാന്തരയാത്ര വരെയുള്ള കാര്യങ്ങള്‍ സാധാരണക്കാര്‍ ശ്രദ്ധിക്കാന്‍ കാരണം അവയുടെ കഥാഘടനയും അത് ജനിപ്പിക്കുന്ന ഒടുങ്ങാത്ത ജിജ്ഞാസയുമാണ്. ഭാവനയുടെ സ്പര്‍ശം കേവലം ഒരു സാഹിത്യവിഷയം മാത്രമല്ല. ഏതെല്ലാം തലങ്ങളിലാണ് നാം ഭാവനാവിന്യാസങ്ങള്‍ നടത്തുന്നത്! ഉദാഹരണത്തിന്, പഞ്ചസാര ലായനികൊണ്ട് എഴുതിയ കവിതയല്ലാതെ മറ്റെന്താണ്, കേക്കിന് മുകളിലെ ഐസിംഗ്?

എല്ലാം ദൃശ്യമയമായി (visual) മാറ്റിയെഴുതുന്ന സമകാലിക ലോകം ഭാവനകളെ വളര്‍ത്തുന്നതിനേക്കാള്‍ തളര്‍ത്തുന്നുണ്ട്. എല്ലാം ദൃശ്യരൂപേണ കയ്യില്‍ കിട്ടിയാല്‍ സ്വന്തം ഭാവനയില്‍ ദൃശ്യവത്ക്കരിക്കാന്‍ അധികം ബാക്കിയുണ്ടാവില്ല. കഥകള്‍ പറയുന്നവരുടെയും കാവ്യങ്ങള്‍ വായിക്കുന്നവരുടെയും കുലം ചുരുങ്ങിവരുന്നത് നല്ല ലക്ഷണമല്ല. എങ്കിലും ഇപ്പോഴും സജീവമായിത്തുടരുന്ന സ്‌കൂള്‍ കലോത്സവങ്ങളും സാഹിത്യവേദികളും ഈ രംഗത്തെ വിലപ്പെട്ട ശേഷിപ്പുകളാണ്.

എന്തുമാത്രം ലാവണ്യമുള്ള ഭാഷ ഉപയോഗിച്ചാലാണ് ഒരാള്‍ക്ക് ദൈവത്തെക്കുറിച്ച് തെളിമയോടെ പറയാനാ വുക? നിര്‍ഭാഗ്യവശാല്‍ നമ്മുടെ ദൈവശാസ്ത്രം പലപ്പോഴും അമൂര്‍ത്തവും അരസികവും ആയി മാറിപ്പോകുന്നുണ്ട്. 'മൂടിക്കുത്തിയ മുഖങ്ങളും പ്രസാദമില്ലാത്ത ചിന്തകളും ബോറടിപ്പിക്കുന്ന വര്‍ത്തമാനരീതിയും ദൈവശാസ്ത്രത്തിന് താങ്ങാനാവില്ല' എന്ന് കാള്‍ ബാര്‍ത്ത് എഴുതുന്നുണ്ട്. സ്വയംകാരണനായ (Causa-Sui) ദൈവത്തോടല്ല, അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവത്തോടാണ് വിശ്വാസികള്‍ പ്രാര്‍ഥിക്കുന്നത്.

അവരുടെ ജീവിതകഥകളില്‍ സ്വയം വെളിപ്പെടുത്തിയ ദൈവമാണവിടുന്ന്. വചനപ്രഘോഷണവും പ്രാര്‍ഥനകളും കാവ്യാംശത്തെ അകറ്റിനിര്‍ത്തിയാല്‍ അവ ബുദ്ധിയുടെ വിഷയം മാത്രമായി മാറിപ്പോകും. ഈശോയുടെ ഭാഷണരീതിയില്‍ നിന്ന് ഇക്കാര്യത്തില്‍ നമുക്ക് പലതും പഠിക്കാനുണ്ട്. 'സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ' എന്ന പ്രാര്‍ഥനയിലെ കാവ്യതലങ്ങളെക്കുറിച്ച് അനേകം പഠനങ്ങള്‍ നിലവിലുണ്ട് എന്ന് ഈ സന്ദര്‍ഭത്തില്‍ പറയട്ടെ. ചുരുക്കത്തില്‍, എല്ലാവരും കവികളല്ല.

എം ടി യെപ്പോലെ പ്രതിഭാസമ്പന്നരുമല്ല. എന്നിരുന്നാലും സംസ്‌കാരത്തിലും ഭാഷയിലും ദൈവശാസ്ത്രത്തിലും കാവ്യഭാവനയുടെ ഇരിപ്പിടം കാലിയാകുന്നത് തിരിച്ചറിയുന്നില്ലെങ്കില്‍ നമുക്കെന്തോ കുഴപ്പമുണ്ട്.

ഇറാക്കി ക്രൈസ്തവന്‍ ഫ്രാന്‍സില്‍ കൊല്ലപ്പെട്ടു

വിശുദ്ധ ജോസഫ് കൂപ്പര്‍ത്തീനോ (1603-1663) : സെപ്തംബര്‍ 18

വത്തിക്കാന്‍ സംഘം ഖസാക്ക്സ്ഥാനിലെ മതാന്തര സമ്മേളനത്തില്‍

എഴുപതാം പിറന്നാളില്‍ മാതാപിതാക്കള്‍ക്ക് നന്ദി പറഞ്ഞു മാര്‍പാപ്പ

വിശുദ്ധ റോബര്‍ട്ട് ബല്ലാര്‍മൈന്‍ (1542-1621) : സെപ്തംബര്‍ 17