കാലവും കണ്ണാടിയും

ഭാവിയുള്ള വര്‍ത്തമാനങ്ങള്‍

ഫാ. മാത്യു ഇല്ലത്തുപറമ്പില്‍
വര്‍ത്തമാനം ഒരാള്‍ മാത്രം മിണ്ടുന്ന റേഡിയോ പരിപാടിയല്ല. പരസ്പരം യോജിപ്പും വിയോജിപ്പും പറഞ്ഞുവേണം സംഭാഷണം ഊര്‍ജ്ജസ്വലമാകാന്‍. ഈശോയും സമറിയാക്കാരിയും ആരാധനയെക്കുറിച്ച് പറയുന്ന ഭാഗങ്ങള്‍ ഇതിന് ചേരുന്ന ഉദാഹരണമാണ്.

കാര്യമായ അടുപ്പമില്ലാത്തവരോടും അപരിചിതരോടും സംസാരിക്കേണ്ട സാഹചര്യം എല്ലാവര്‍ക്കും ഉണ്ടാ കാറുണ്ട്. ബന്ധുവീടുകളില്‍ ചെല്ലുമ്പോള്‍, ഔദ്യോഗിക സന്ദര്‍ശനം നടത്തുമ്പോള്‍, പഴയ പരിചയക്കാരെ കണ്ടുമുട്ടുമ്പോള്‍, മീറ്റിംഗുകളില്‍ പങ്കെടുക്കുമ്പോള്‍ ഒക്കെയാവും ഈ പ്രയാസം അനുഭവപ്പെടുക. കൈയില്‍ കിട്ടിയ പത്രമെടുത്തു വായിച്ചും ഫോണിലേക്ക് മുഖംപൂഴ്ത്തിയും ചിലര്‍ ഇതിനെ നേരിടാറുണ്ട്. എന്നാല്‍ വേറെ ചിലര്‍ക്ക് ഇതൊരു പുലിവാലാണ്. സംസാരിക്കാന്‍ വിഷയവുമില്ല; എന്നാല്‍ ഊമയായി ഇരിക്കാനും പറ്റാത്ത സാഹചര്യത്തില്‍ അവര്‍ പെടും. കാലാവസ്ഥയെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും എന്തെങ്കിലുമൊക്കെ പറഞ്ഞു തടിതപ്പാന്‍ നോക്കുന്നത് അത്തരം സന്ദര്‍ഭത്തിലാണ്. അതിനാല്‍ അടുപ്പമില്ലാത്തവരോടും അപരി ചിതരോടും അര്‍ഥവത്തായി വര്‍ത്തമാനം പറയാനുള്ള മാര്‍ഗങ്ങളാണ് നാമിവിടെ ആലോചിക്കുന്നത്. എന്നാല്‍ രണ്ടു കൂട്ടര്‍ ഇത് വായിക്കണമെന്നില്ല. പ്രത്യേക ലക്ഷ്യമോ താത്പര്യമോ കൂടാതെ എന്തെങ്കിലും പറഞ്ഞുകൂട്ടി മറ്റുള്ളവരെ ബോറടിപ്പിക്കുന്നവര്‍. എനിക്ക് ഉപകാരമില്ലാത്ത കാര്യങ്ങള്‍ക്കുവേണ്ടി ഞാനാരോടും മിണ്ടാന്‍ പോകുന്നില്ല എന്നു കരുതുന്നവര്‍. അത്തരക്കാര്‍ക്ക് ഇതുകൊണ്ട് ഒരു പ്രയോജനവുമില്ല. പുതിയ നിയമത്തിലെ ഏറ്റവും ദീര്‍ഘസംഭാഷണം രണ്ട് അപരിചിതര്‍ തമ്മിലായിരുന്നു: ഈശോയും സമറിയാക്കാരിയും തമ്മില്‍ (യോഹ 4). അവരുടെ സംഭാഷണത്തില്‍നിന്ന് നമുക്ക് ചിലത് എടുക്കാനുണ്ട്.

നല്ല സംഭാഷണങ്ങള്‍ക്ക് പ്രത്യേക ഘടനയൊന്നുമില്ല. വര്‍ത്തമാനത്തില്‍ ആദിമധ്യാന്തപ്പൊരുത്തം നോക്കാനില്ല. എന്നാല്‍ അപരിചതന്റെ താത്പര്യം പിടിച്ചെടുക്കാന്‍ പറ്റുന്ന തുടക്കം ഉണ്ടാകണം. എന്തു പറയുന്നു എന്നതിനെക്കാള്‍ പറയുന്നവരുടെ മുഖഭാവവും സമീപനവും പ്രധാനമാണ്. അതായത് തുറിച്ചുനോട്ടം നല്ല സംഭാഷണത്തിലേക്ക് നയിക്കണമെന്നില്ല. ഒരു ഗുഡ്‌മോണിങ്ങിനെവരെ കൊള്ളാവുന്ന സംഭാഷണത്തുടക്കം ആക്കി മാറ്റാം. ഈശോ സമറിയാക്കാരിയുമായുള്ള വര്‍ത്തമാനം ആരംഭിച്ചത് സ്വയം ഒരു ആവശ്യക്കാരനായിമാറി കുടിവെള്ളം ചോദിച്ചുകൊണ്ടാണ്.

നല്ല സംഭാഷണത്തിന് നല്ല ചോദ്യങ്ങള്‍ അങ്ങേയറ്റം നല്ലതാണ്. വ്യക്തിപരമായ താത്പര്യം പ്രകടിപ്പിക്കുന്ന എന്നാല്‍ ഒരുതരം മനഃപ്രയാസവുമുണ്ടാക്കാത്ത ചോദ്യങ്ങള്‍ വേണം ചോദിക്കാന്‍. അതൊരു ചോദ്യം ചെയ്യലായി മറ്റുള്ളവര്‍ക്ക് തോന്നാനും പാടില്ല. എത്ര മക്കളുണ്ട് എന്ന ചോദ്യം നല്ലതാണ്. അതെന്താ മൂന്ന് മക്കളില്‍ നിര്‍ത്തിയത് എന്ന ചോദ്യം ഔചിത്യമില്ലായ്മയുടെ വിളംബരമായി മാറും. വ്യക്തിപരമായ എന്നാല്‍ ഒളിഞ്ഞു നോട്ടമോ ഇടിച്ചുകയറലോ ധ്വനിപ്പിക്കാത്ത ചോദ്യങ്ങള്‍ സംഭാഷണത്തെ മുന്നോട്ടു കൊണ്ടുപോകും. സമറിയാക്കാരി ഈശോയോട് ചോദിച്ചു, യഹൂദനായ നീ അന്യജാതിക്കാരിയായ എന്നോട് ദാഹജലം ചോദിക്കുന്നോ? അവരുടെ വര്‍ത്തമാനം നീണ്ടു.

രണ്ടുപേര്‍ തമ്മിലുള്ള സമാന താത്പര്യങ്ങള്‍ എടുത്തുപറയുന്നത് സംഭാഷണത്തിന്റെ നീളം കൂട്ടും; ഊഷ്മളത വര്‍ദ്ധിപ്പിക്കും. ഒരേ താത്പര്യങ്ങള്‍ രണ്ടുപേര്‍ക്ക് ഭക്ഷണത്തിലും യാത്രയിലും ജീവിതശീലങ്ങളിലും ആഭിമുഖ്യങ്ങളിലും ഹോബികളിലും ഒക്കെ വരാം. ചിലപ്പോള്‍ യാദൃശ്ചികമായ സമാനതകളും ഉണ്ടായേക്കാം. ഉദാഹരണത്തിന്, രണ്ടുപേരും ഷുഗര്‍ രോഗികള്‍. ഈശോയും സമറിയാക്കാരിയും തമ്മില്‍ ഒരു കാര്യത്തില്‍ സമാനതയുണ്ട്; അത് അതേപടി അവര്‍ എടുത്തു പറയുന്നില്ലെങ്കിലും. രണ്ടു പേരും കുടിവെള്ളം തേടി യാക്കോബിന്റെ കിണറിനെ സമീപിച്ചവരാണ്.

പ്രശംസ സംസാരത്തെ മധുരതരമാക്കും. സംഭാഷണത്തില്‍നിന്ന് സാധാരണഗതിയില്‍ മറ്റെയാളെ പ്രശംസിക്കാനുള്ള വക കിട്ടും. അല്ലെങ്കില്‍ താത്പര്യത്തോടെ സംഭാഷണപങ്കാളിയെ ശ്രദ്ധിച്ചാല്‍ മതി. നല്ല വാക്ക് പറയാനുള്ള വക തെളിഞ്ഞുവരും. ഈ പ്രായത്തിലും ഒരു മുടിയും നരച്ചിട്ടില്ലല്ലോ എന്നു കേള്‍ക്കുമ്പോള്‍ സപ്തതി കഴിഞ്ഞവരുടെ മുഖം വിടരും. താത്പര്യമുണ്ടെങ്കില്‍ പ്രശംസിക്കാന്‍ വിഷയങ്ങള്‍ ഇഷ്ടംപോലെ കിട്ടും. അങ്ങ് ഒരു പ്രവാചകനാണെന്ന് എനിക്ക് മനസ്സിലായി. ഈശോക്ക് സമറിയാക്കാരി കൊടുത്ത പ്രശംസയാണിത്. ഓ, അങ്ങനെയൊന്നുമില്ല എന്നുപറഞ്ഞ് ഈശോ അവളുടെ പ്രശംസയെ തട്ടിക്കളഞ്ഞില്ല. അവന്‍ അടുത്ത ഘട്ടത്തിലേക്ക് കടന്നു.

വര്‍ത്തമാനത്തിനിടയില്‍ മറ്റെയാളെക്കൊണ്ട് സംസാരിപ്പിക്കാന്‍ വിഷയവും സമയവും കൊടുക്കണം. വര്‍ത്തമാനം ഒരാള്‍ മാത്രം മിണ്ടുന്ന റേഡിയോ പരിപാടിയല്ല. പരസ്പരം യോജിപ്പും വിയോജിപ്പും പറഞ്ഞുവേണം സംഭാഷണം ഊര്‍ജ്ജസ്വലമാകാന്‍. ഈശോയും സമറിയാക്കാരിയും ആരാധനയെക്കുറിച്ച് പറയുന്ന ഭാഗങ്ങള്‍ ഇതിന് ചേരുന്ന ഉദാഹരണമാണ്.

വര്‍ത്തമാനം പുരോഗമിക്കണമെങ്കില്‍ പരസ്പരം ശ്രദ്ധ കൊടുക്കണം. മിണ്ടിക്കൊണ്ടിരിക്കെ ഫോണില്‍ പരതിക്കൊണ്ടിരുന്നാല്‍ എനിക്കിതില്‍ താത്പര്യമില്ല എന്ന സന്ദേശം മറ്റെയാള്‍ക്ക് കിട്ടും. പേര് ഓര്‍ത്തിരിക്കുന്നത് വളരെ പ്രധാനമാണ്. കുറെനേരം സംസാരിച്ചശേഷം വീണ്ടും, അല്ല പേരെന്താന്നാ പറഞ്ഞത് എന്ന് ചോദിക്കുന്നത് ഔചിത്യക്കുറവാണ്. സമറിയാക്കാരി വര്‍ത്തമാനത്തിനിടയില്‍ മനസ്സിലാക്കി; ഇവന്‍ ക്രിസ്തുവാണ്. അവളത് സാക്ഷ്യപ്പെടുത്തുകയും ചെയ്തു.

ഒരുപക്ഷേ നമുക്ക് തോന്നാം, രണ്ടുപേര്‍ തമ്മില്‍ മിണ്ടുന്നത് ഇത്രയും സങ്കീര്‍ണ്ണമായി നടക്കേണ്ട ഒരു പ്രക്രിയ ആണോ? അങ്ങനെയല്ല. ഒന്ന് ശ്രദ്ധിച്ചാല്‍ എനിക്കൊന്നും മിണ്ടാനില്ലല്ലോ എന്ന സങ്കടാവസ്ഥയില്‍നിന്ന് കര കയറാം. മാത്രവുമല്ല, ബോധപൂര്‍വം നടത്തുന്ന ചില സംഭാഷണങ്ങള്‍ മറ്റൊരാളെ വീണ്ടെടുക്കുന്നതും സുഖപ്പെടുത്തുന്നതുമായിമാറാം. ഈശോ സമറിയാക്കാരിയുമായി നടത്തിയത് നേരംകൊല്ലി വര്‍ത്തമാനമായിരുന്നില്ല. അതൊരു സുവിശേഷവേലയായിരുന്നു.

വഴി തെറ്റുന്ന ഇന്ത്യ, വഴി കാട്ടുന്ന ജെൻ സി!

വചനമനസ്‌കാരം: No.238

പ്രതീക്ഷകൾ

വിവാഹാശീർവാദസന്ദേശങ്ങളെക്കുറിച്ച്...

നാറാത്ത നാണയം!