മാത്യു ഇല്ലത്തുപറമ്പില്‍
തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. മത്സരാര്‍ത്ഥികള്‍ തങ്ങളുടെ മുഖച്ചിത്രങ്ങള്‍ക്കൊണ്ട് കേരളത്തെ നിറംപിടിപ്പിച്ചിരിക്കുന്ന സമയമാണിത്. എല്ലാ അഞ്ചു കൊല്ലവും നടക്കുന്ന ഒരു രാഷ്ട്രീയചടങ്ങ് എന്ന നിലയില്‍ ഈ തിരഞ്ഞെടുപ്പിനെ നിസംഗതയോടെ കാണുന്നവരുണ്ട്. കഴിഞ്ഞ അഞ്ചു കൊല്ലംകൊണ്ട് സംഭവിക്കാത്ത ഏത് മഹാദ്ഭുതമാണ് ഈ തിരഞ്ഞെടുപ്പിനുശേഷം വരാനിരിക്കുന്നത് എന്ന ചോദ്യം അവരുടെ മനസ്സിലുണ്ട്. എങ്കിലും ജനാധിപത്യ സംവിധാനത്തില്‍ ഞങ്ങള്‍ ഇപ്പോഴും വിശ്വസിക്കുന്നു എന്ന് പ്രഖ്യാപിക്കുന്നവര്‍ക്കാണ് ഭൂരിപക്ഷം.
മുന്നിലെത്തുന്ന സ്ഥാനാര്‍ഥികളോടും മുന്നണി കളോടും ജനങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കണം, നിലപാടുകള്‍ അറിയിക്കണം. അഭിപ്രായം പറയണം. സ്ഥാനാര്‍ഥികളും മുന്നണികളും വിളമ്പുന്ന നുണകള്‍ ഭക്ഷിച്ച് വോട്ടര്‍മാര്‍ മാറിനിന്നുകൂടാ.
തിരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാന ഭാഗം വോട്ടു ചെയ്യലാണ്. പക്ഷേ അതു മാത്രം പോരാ. തിരഞ്ഞെടുപ്പിനുമുമ്പ് നടക്കേണ്ട മറ്റൊരു കാര്യമുണ്ട്. അതായത്, ജനഹിതം വെളിപ്പെടുത്തല്‍. തൊഴുതും ചിരിച്ചും കെട്ടിപ്പിടിച്ചും മുന്നിലെത്തുന്ന സ്ഥാനാര്‍ഥികളോടും മുന്നണികളോടും ജനങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കണം, നിലപാടുകള്‍ അറിയിക്കണം. അഭിപ്രായം പറയണം. സ്ഥാനാര്‍ഥികളും മുന്നണികളും വിളമ്പുന്ന നുണകള്‍ ഭക്ഷിച്ച് വോട്ടര്‍മാര്‍ മാറിനിന്നുകൂടാ. ഇന്നത്തെ കേരളീയ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് വൃത്തങ്ങളില്‍ നാം ചോദിക്കേണ്ട ഏതാനും ചോദ്യങ്ങള്‍ സൂചിപ്പിക്കട്ടെ.
1. ഓരോ വാര്‍ഡിലെയും പഞ്ചായത്തിലെയും ഏറ്റവും പ്രധാനപ്പെട്ട വികസന വിഷയങ്ങള്‍ എന്തൊക്കെയാണ്? നാട്ടിലെ ജനകീയ ആവശ്യങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് ധാരണയുണ്ടോ?
2. കഴിഞ്ഞ പ്രാവശ്യം ഈ വാര്‍ഡില്‍നിന്ന് ജയിച്ചുകയറിയ മുന്നണിയോ സ്ഥാനാര്‍ഥിയോ ആണെങ്കില്‍ കഴിഞ്ഞ അഞ്ചുകൊല്ലംകൊണ്ട് ഈ പ്രദേശത്തിനുവേണ്ടി നിങ്ങള്‍ എന്തുചെയ്തു? അഞ്ചു കാര്യങ്ങള്‍ എടുത്തുകാണിക്കാന്‍ കഴിയുമോ?
3. മതമാണ് ഞങ്ങളുടെ വിഷയം എന്ന് പച്ചയ്ക്ക് വര്‍ഗീയത പറയുന്നവര്‍ മത്സരരംഗത്തുണ്ട്. അത്തരക്കാരോട് കൂട്ടുചേര്‍ന്നാല്‍ നിങ്ങള്‍ മറ്റ് മതസ്ഥര്‍ക്കുവേണ്ടി എങ്ങനെ നിലകൊള്ളും? മതരാഷ്ട്രവാദത്തിന്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള നീക്കങ്ങള്‍ തള്ളിപ്പറയാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടോ? നിങ്ങള്‍ അതു ചെയ്തിട്ടുണ്ടോ?
4. രാഷ്ട്രീയത്തിലും മതത്തിലും സമൂഹത്തിലും ഞങ്ങള്‍ മതി, മറ്റാരും വേണ്ട എന്ന് പറയുന്ന ഫാസിസ്റ്റ് രീതിയാണ് മറ്റുള്ളവരുടെ വോട്ടും സ്ഥാനാര്‍ത്ഥിത്വവും കളയുന്നത്. അതിനെ നിങ്ങള്‍ എതിര്‍ക്കുന്നുണ്ടോ?
5. കഴിഞ്ഞ വര്‍ഷം എത്രപേര്‍ക്ക് കേരളത്തില്‍ തെരുവുനായ്ക്കളുടെ കടിയേറ്റു എന്ന് നിങ്ങള്‍ക്ക് അറിയാമോ? ഈ വിഷയത്തില്‍ എന്തു ചെയ്യാന്‍ പോകുന്നു? മറ്റ് സംസ്ഥാനങ്ങള്‍ ഈ വിഷയം കൈകാര്യം ചെയ്യുന്ന രീതിയില്‍നിന്ന് നിങ്ങള്‍ എന്തെങ്കിലും പഠിച്ചിട്ടുണ്ടോ?
6. വന്യമൃഗശല്യംകൊണ്ട് പൊറുതിമുട്ടിയ മലയോര ജനത ഈ നാട്ടിലുണ്ട്. നിലവിലെ നിയമം കര്‍ഷകര്‍ക്ക് അനുകൂലമല്ലെങ്കില്‍ അത് പൊളിച്ചെഴുതാന്‍ എന്ത് രാഷ്ട്രീയ നടപടികളാണ് നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യാനുള്ളത്?
7. മയക്കുമരുന്ന് ഭീകരമായി വ്യാപിക്കുന്നുണ്ട്. പഞ്ചായത്ത് അതിര്‍ത്തിയില്‍വച്ച് തടയാവുന്ന കാര്യമല്ല അത്. പക്ഷേ മയക്കുമരുന്നിന്റെ വ്യാപനം പ്രതിരോധിക്കാന്‍ ഏതെല്ലാം തരം പദ്ധതികളാണ് നിങ്ങള്‍ക്കുള്ളത്?
8. കര്‍ഷകരുടെ ക്ഷേമത്തിനുവേണ്ടി എന്തെല്ലാം ചെയ്യാന്‍ കഴിയും? ഓരോ പഞ്ചായത്തിലെ കൃഷി ഓഫീസുകള്‍വഴി കര്‍ഷകര്‍ക്ക് എന്തെല്ലാം ചെയ്യാന്‍ കഴിയും?
9. പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന പഞ്ചായത്ത് റോഡുകള്‍ എത്രയുണ്ടെന്ന് അറിയാമോ? അവ സമയബന്ധിതമായി നന്നാക്കാന്‍ സാധിക്കുമോ?
10. ക്രിസ്തീയ ന്യൂനപക്ഷത്തിന്റെ ക്ഷേമത്തെക്കുറിച്ച് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം പഠിച്ച് സമര്‍പ്പിച്ചിരിക്കുന്ന ജെ ബി കോശി കമ്മീഷന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ എന്താണ് കാലതാമസം? ഇക്കാര്യത്തില്‍ നിങ്ങളുടെ മുന്നണിയുടെ നിലപാട് എന്താണ്?
11. സമഗ്രമായ മാലിന്യസംസ്‌കരണത്തിന് എന്ത് പരിപാടിയാണ് നിങ്ങള്‍ക്കുള്ളത്?
12. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 100 പേര്‍ക്ക് ജോലി കൊടുക്കുന്ന എന്തെങ്കിലും സംരംഭങ്ങള്‍ പഞ്ചായത്തില്‍ കൊണ്ടുവരാന്‍ നിങ്ങള്‍ക്ക് കഴിയുമോ?
ഈ ചോദ്യങ്ങള്‍ വിളിച്ചുവരുത്തുന്ന ചില പ്രതികരണങ്ങള്‍ മനസ്സില്‍ കാണുന്നു. ഒരു വോട്ടിന്റെ ബലത്തിലാണോ ഒരു ഡസന്‍ ചോദ്യങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത്? പ്രതിമാസം പതിനായിരം രൂപയില്‍ താഴെ പ്രതിഫലം സ്വീകരിക്കുന്ന ഒരു മെമ്പര്‍ ചെയ്യേണ്ടതാണോ ഇത്രയും കനപ്പെട്ട കാര്യങ്ങള്‍? അപ്പോള്‍ എം എല്‍ എ, മന്ത്രി, മുഖ്യമന്ത്രി, എം പി, പ്രധാനമന്ത്രി തുടങ്ങിയവര്‍ക്ക് എന്താ പണി? പലതും കേന്ദ്ര, സംസ്ഥാന നിയമങ്ങള്‍ക്കും ഫണ്ടുകള്‍ക്കും വിധേയമാണെന്നറിയില്ലേ? മറുപടി ഇത്രയേയുള്ളൂ. ഒന്നും നിങ്ങള്‍ ഒറ്റയ്ക്ക് വ്യക്തിപരമായി ചെയ്യേണ്ട. കേന്ദ്രത്തിലും സംസ്ഥാനത്തും ഭരണമോ പ്രതിപക്ഷ മുന്നണിയില്‍ പിടിപാടോ ഉള്ള കക്ഷിയില്‍ നിന്നല്ലേ നിങ്ങള്‍? ആ മുന്നണി സ്വാധീനമുപയോഗിച്ച് ചെയ്താല്‍ മതി. സ്വതന്ത്ര സ്ഥാനാര്‍ഥികളെ ഇക്കാര്യത്തില്‍ വെറുതെ വിടാം. നാടിനുവേണ്ടി ഒരു കാര്യം പോലും ഉറപ്പാക്കാനോ ചെയ്യാനോ പ്രാപ്തിയില്ലെങ്കില്‍ നിങ്ങള്‍ എന്തിനീ വേഷം കെട്ടണം?