ഈ വർഷം ജൂലൈ മുതൽ ഡിസംബർ വരെയുള്ള ആറ് മാസത്തേക്ക് എത്ര വൈദ്യുതി കേരളത്തിനുവേണ്ടി വരുമെന്ന റഗുലേറ്ററി കമ്മീഷന്റെ ചോദ്യത്തിന് കൃത്യമായ മറുപടി നല്കാൻ കെ.എസ്.ഇ.ബി.ക്ക് കഴിഞ്ഞില്ലെന്നാണ് മാധ്യമവാർത്ത. കറന്റിന്റെ കാര്യത്തിൽ മാത്രമല്ല, പല നിർണ്ണായകമായ ഭരണതലങ്ങളിലും സംസ്ഥാന ഭരണകൂടത്തിന് കണക്കില്ലാതായിട്ട് വർഷങ്ങളായി. ഒരിക്കൽ മൊത്തം സർക്കാർ ജീവനക്കാരുടെ എണ്ണമെത്രയു ണ്ടെന്ന നിയമസഭയിലെ ചോദ്യത്തിന്റെ ഉത്തരം അന്വേഷിച്ചു വരുന്നുവെന്നായിരുന്നു! സർക്കാർ ഭൂമിയും അർധസർക്കാർ സ്ഥാപനങ്ങളുടെ കൈവശമുള്ള സ്ഥലവും എത്രയുണ്ടെന്ന കണക്ക് ഇപ്പോഴും ഭരിക്കുന്നവരുടെ കൈവശമില്ല. ഔദ്യോഗിക ഡാറ്റയിലെ ഈ കുറവുകൾ പുതിയ സർക്കാർ പരിഹരിക്കുമെന്ന് കരുതാം.
നിങ്ങളുടെ വീട്ടിൽ എത്ര നാളത്തേക്കുള്ള അരിയുണ്ടെന്നു ചോദിച്ചാൽ ഒരു ശരാശരി കേരളീയൻ അതിന് കൃത്യമായി ഉത്തരം പറയും. എന്നാൽ സർക്കാർ ലാവണങ്ങളുടെ കാര്യം അങ്ങനെയല്ല.
നിങ്ങളുടെ വീട്ടിൽ എത്ര നാളത്തേക്കുള്ള അരിയുണ്ടെന്നു ചോദിച്ചാൽ ഒരു ശരാശരി കേരളീയൻ അതിന് കൃത്യമായി ഉത്തരം പറയും. എന്നാൽ സർക്കാർ ലാവണങ്ങളുടെ കാര്യം അങ്ങനെയല്ല. എല്ലാ ഭരണതലങ്ങളിലും സുതാര്യത അനിവാര്യമാണെങ്കിലും പല വകുപ്പുകളിലും കണക്കുകളെല്ലാം അഴകൊഴമ്പൻ പരുവത്തിലാണ്.
ഇടങ്കോലിടുമോ ഇടതു യൂണിയനുകൾ?
മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച ബജറ്റ് അടുത്തവർഷങ്ങളിലേക്കുള്ള കേരളത്തിന്റെ റോഡ് മാപ്പായി കരുതാം. നിലവിലുള്ള ഭരണതലങ്ങളിലെ ഒച്ചിഴയുന്ന വിധത്തിലുള്ള ഫയലുകളുടെ നീക്കം ത്വരിതത്തിലാക്കാൻ ചില നടപടികൾ ഈ ബജറ്റിൽ സ്വീകരിച്ചിട്ടുണ്ട്. അതാതു വകുപ്പുകളിൽ തന്നെ ധനകാര്യ വകുപ്പിലേക്ക് ഫയൽ പോകുന്നതിനുമുമ്പുള്ള ‘ഫൈനൽ ടച്ച്’ നല്കാൻ കഴിയുന്ന വിധത്തിലുള്ള ഒരു ഭരണപരിഷ്കാരം സർക്കാർ ഇതിനകം ഏർപ്പെടുത്തിക്കഴിഞ്ഞു. ഫയലുകൾ ഡ്രോണുകൾ പോലെ സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥരുടെ മേശയ്ക്കു മുകളിൽ ഇനി ചുറ്റിക്കറങ്ങില്ല, അഞ്ച് ലക്ഷത്തിലേറെ ഫയലുകൾ കെട്ടിക്കിടക്കുന്ന സെക്രട്ടറിയേറ്റ് എന്ന ഭരണസിരാകേന്ദ്രത്തിൽ ഈ ഡിജിറ്റൽ കാലത്തും ഒരു ഫയലിൽ തീർപ്പുണ്ടാകാൻ എട്ട് തട്ടുകളെങ്കിലും കടക്കണമായിരുന്നു. ഇപ്പോൾ ചില തട്ടുകളെങ്കിലും പുതിയ ഫയൽനീക്ക സമ്പ്രദായത്തിൽ അപ്രത്യക്ഷമായിട്ടുണ്ട്. കെട്ടിക്കിടന്ന 12,43,634 ഫയലുകളിൽ പലതും തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പ്രഖ്യാപിച്ച അദാലത്തിൽ തീർപ്പാക്കാൻ പോയ സർക്കാരിന് കഴിഞ്ഞുവെങ്കിലും 2026 ഏപ്രിൽ അവസാന വാരത്തെ കണക്കനുസരിച്ച് തീർപ്പാക്കാതെ ശേഷിച്ചത് 5,13,971 ഫയലുകളാണ്. ഇപ്പോൾ ഈ ചലഞ്ച് പരിഹരിക്കണമെങ്കിൽ സെക്രട്ടറിയേറ്റിലെ ഭൂരിപക്ഷം വരുന്ന ഇടതുപക്ഷ യൂണിയൻ അംഗങ്ങളുടെ സഹകരണം ഭരിക്കുന്നവർക്കുവേണ്ടി വരും.
കാടിന്റെ കാര്യം ഇങ്ങനെ, പിന്നെയാണോ നാട്ടുകാര്യം!
വന്യമൃഗങ്ങളുടെയും കാടിന്റെയും കാര്യത്തിൽ തികഞ്ഞ അലംഭാവം കാണിച്ച ഒരു ഭരണകാലയളവാണ് കടന്നുപോയത്. മൂപ്പെത്തിയിട്ടും തേക്കു മരങ്ങൾ മുറിച്ചു മാറ്റാനുള്ള ഫയൽ പോലും വനം വകുപ്പിൽ കുടുങ്ങിക്കിടന്നതായാണ് വാർത്ത. കൊല്ലം, തൃശൂർ, പാലക്കാട് ഫോറസ്റ്റ് സർക്കിൾ ഓഫീസുകളിലെയും കോന്നി, വാഴച്ചാൽ, ചാലക്കുടി, മണ്ണാർക്കാട്, നിലമ്പൂർ സൗത്തും നോർത്തും, വയനാട് ഡിവിഷനുകളിലെയും ഫയലുകളും തേക്കു തോട്ടങ്ങളും പരിശോധിച്ച് സി.എ.ജി. തയ്യാറാക്കിയ റിപ്പോർട്ടിലായിരുന്നു ഈ കണ്ടെത്തൽ. തേക്കുമരങ്ങൾ തമ്മിലുള്ള അകലം ക്രമീകരിക്കുന്നതിനായി മരങ്ങൾ മുറിച്ചു മാറ്റാൻ (Thinning) സി.എ.ജി. നിർദേശിച്ച 282 തോട്ടങ്ങളിൽ 47 എണ്ണത്തിൽ മാത്രമാണ് ഈ ജോലി നടന്നത്. അവസാനഘട്ട തിന്നിംഗ് നടത്തിയതാകട്ടെ 213 തോട്ടങ്ങളിൽ 10 എണ്ണത്തിൽ മാത്രവും. 60 വർഷം കഴിഞ്ഞ് വെട്ടിമാറ്റേണ്ട 154 തേക്കു മരങ്ങളിൽ 103 എണ്ണവും വെട്ടിയെടുക്കാത്തതുമൂലം ഖജനാവിന് നഷ്ടമുണ്ടായി. പുതുതായി നട്ട മരതൈകളുടെ ചുവടുകളിൽ ഈർപ്പം നിലനിർത്താനുള്ള പ്ലാറ്റ് ഫോം ഒരുക്കാത്തതിനാൽ നിലമ്പൂർ സൗത്ത് ഡിവിഷനിൽ തേക്കു ചെടികൾ ഉണങ്ങിപ്പോയി. ചാലക്കുടി ഡിവിഷനിൽ കീടബാധയേറ്റ് അമ്പതു ശതമാനത്തിലേറെ ചെടികൾ നശിച്ചു. സി.എ.ജിയുടെ വിശദ പരിശോധനയ്ക്കായി 352 പ്ലാന്റേഷൻ ജേർണലുകളിൽ 158 എണ്ണവും ഉദ്യോഗസ്ഥർ ഹാജരാക്കിയില്ല.
നഗരസഭകളുടെ കെടുകാര്യസ്ഥത!
ജൂൺ അവസാനവാരത്തിൽ സംസ്ഥാനത്തെ നഗരസഭകളുടെ പ്ലാൻഫണ്ട് 400 കോടിയോളം രൂപ വെട്ടിക്കുറച്ചതായി വാർത്ത കണ്ടു. എന്നാൽ, നഗരസഭകളുടെ പദ്ധതി നിർവഹണത്തിൽ വന്നുപോയ പാളിച്ചകളാകട്ടെ മൂടിവച്ചിരിക്കുകയാണ്. വിവിധ നഗരസഭകളുടെ വരുമാനം വർധിപ്പിക്കാനായി നിർമ്മിച്ച 512 കമ്മ്യൂണിറ്റി ഹാളുകളോ ടൗൺഹാളുകളോ വേണ്ടവിധം ഉപയോഗിക്കുന്നില്ലെന്ന പരാതി ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. 24 നഗരസഭകളുടെ കണക്കുകൾ പരിശോധിച്ചപ്പോൾ മൊത്തമുള്ള 110 ഹാളുകളിൽ പകുതിയിലേറെയും ഉപയോഗശൂന്യമാണെന്നു കണ്ടെത്തിയിട്ടുണ്ട്. യു.ഡി.എഫ്. ഭരിക്കുന്ന കളമശ്ശേരി നഗരസഭയുടെ പ്ലാൻ ഫണ്ട് 8.99 കോടിയിൽ നിന്ന് 2.58 കോടിയായി കുറച്ചിട്ടുണ്ട്. എന്നാൽ ഇതേ നഗരസഭ 4.75 കോടി രൂപ മുടക്കി ചെലവഴിച്ച ഇൻഡോർ സ്റ്റേഡിയം ഉപയോഗശൂന്യമായി കിടക്കുകയാണ്. തൃശ്ശൂർ, തിരുവനന്തപുരം, കോർപ്പറേഷനുകളിൽ നിർമ്മിച്ചിട്ടുള്ള 4 ഷോപ്പിംഗ് കോംപ്ലക്സുകൾ പൂർത്തീകരിച്ചിട്ട് നാല് വർഷമായി. ഇവയൊന്നും ഉപയോഗിക്കുന്നില്ല. തിരുവനന്തപുരത്ത് പാങ്ങോട്ടും കൊച്ചിയിലെ പള്ളുരുത്തിയിലും നഗരസഭകൾ നിർമ്മിച്ച ആധുനിക മീൻ മാർക്കറ്റുകളിലെ മുറികൾ 3 മുതൽ 9 വർഷം വരെ കാലമായി അടഞ്ഞു കിടക്കുന്നു. കൂടാതെ തിരുവനന്തപുരത്തും എറണാകുളത്തും സർക്കാർ മത്സ്യത്തൊഴിലാളികൾക്കായി നിർമ്മിച്ച ‘പുനർഗേഹം’ ഫ്ലാറ്റുകൾ ഇപ്പോൾ ചോർന്നൊലിക്കുന്നുവെന്ന പരാതികളുമുണ്ട്!
പൊതുമുതലെന്ന ബോധമില്ലാത്തതെന്ത്?
സർക്കാരിന്റെ നവനിർമ്മിതികളെല്ലാം തന്നെ പരിശോധിക്കാൻ ഒരു വിദഗ്ദ്ധ സമിതിയെ നിയോഗിക്കേണ്ടതല്ലേ? സ്ഥലം ഏറ്റെടുത്തതും, തറകെട്ടിയതും, പാതി നിർമ്മിച്ചതും, ഉദ്ഘാടിക്കാൻ വൈകിയതുമായ എത്ര നിർമ്മിതികൾ സംസ്ഥാനത്തുണ്ടെന്ന കണക്ക് ഇനിയെങ്കിലും ശേഖരിക്കേണ്ടതല്ലേ? വകുപ്പുകളുടെ ഏകോപനമില്ലായ്മ മൂലം സമൂഹവിരുദ്ധ പ്രവർത്തനങ്ങൾക്കുപോലും വേദിയായിക്കൊണ്ടിരിക്കുന്ന സർക്കാർ ഭൂമിയും കെട്ടിടങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ കണ്ടെത്താനുള്ള ശ്രമം വേണം. ഹാരിസൺ മലയാളം കൈവശം വച്ചിരുന്ന 100 ഏക്കർ ഭൂമി സർക്കാർ തിരിച്ചുപിടിച്ചതായി ടി.വി. ചാനലുകളിൽ കണ്ടു. അന്യാധീനപ്പെട്ടും പഴക്കംമൂലവും ചുവപ്പുനാടകളിൽ കുരുങ്ങിയും കിടക്കുന്ന ‘ജനങ്ങളുടെ സ്വത്ത്’ വീണ്ടെടുക്കാനും പ്രയോജനപ്പെടുത്താനും ഒരു ‘ഓപ്പറേഷൻ’ പൊതുഭരണത്തിന്റെ ചുമതലയുള്ള മുഖ്യമന്ത്രി തന്നെ നടപ്പാക്കാൻ തുനിഞ്ഞാൽ ജനം ആ ‘വിസ്മയ’വും കണ്ട് കൈയടിക്കും!
സ്ഥലം ഏറ്റെടുത്തതും, തറകെട്ടിയതും, പാതി നിർമ്മിച്ചതും, ഉദ്ഘാടിക്കാൻ വൈകിയതുമായ എത്ര നിർമ്മിതികൾ സംസ്ഥാനത്തുണ്ടെന്ന കണക്ക് ഇനിയെങ്കിലും ശേഖരിക്കേണ്ടതല്ലേ?
കൊച്ചിയെ തുറമുഖനഗരവും ചിത്രനഗരവുമാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനിടയിൽ കൊച്ചിനഗരത്തിൽ ജനത്തെ കൊഞ്ഞനം കാണിക്കുന്ന 6 കൂറ്റൻ വാട്ടർടാങ്കുകളുടെ കാര്യം കൂടി പറയാം: 6 വാട്ടർ ടാങ്കുകളിൽ 3 എണ്ണം ഭാഗികമായി ഉപയോഗിക്കുന്നുണ്ട്. മട്ടാഞ്ചേരി കരുവേലിപ്പടിയിൽ 11.5 കോടി രൂപ ചെലവഴിച്ച് വാട്ടർ ടാങ്ക് നിർമ്മിച്ചുവെങ്കിലും പരിമിതമാണ് പ്രവർത്തനം. പച്ചാളത്തെ വാട്ടർടാങ്കിൽ ഇനിയും വെള്ളം കയറ്റിയിട്ടില്ല. കടവന്ത്ര, തേവര എന്നിവിടങ്ങളിലെ വാട്ടർടാങ്കുകളും പ്രവർത്തനക്ഷമമല്ല. ജനങ്ങളുടെ നികുതിപ്പണമെടുത്ത് കെട്ടിയുയർത്തിയ നിർമ്മിതികൾ കാലപ്പഴക്കം കൊണ്ടും ജനജീവിതത്തിന് ഭീഷണിയാകുകയാണ് പലപ്പോഴും, ചുവപ്പുനാടകൾക്കു പകരം നിസ്സംഗതയുടെ പെരുമ്പാമ്പുകൾ പെറ്റു കിടക്കുകയാണിവിടെ. തൂഫാനടിച്ചില്ലെ ങ്കിലും ചെറിയൊരു ഇളംതെന്നലെങ്കിലും ഈ തരികിട നിർമ്മിതികൾക്കുമേൽ വീശുമോ? വീശണം, ജനം അത്തരമൊരു ചടുലനീക്കം പ്രതീക്ഷിക്കുന്നുണ്ട്.