ആന്റണി ചടയംമുറി
കടലോരജനതയ്ക്കു മുമ്പില്‍ ആഴക്കടല്‍ ഖനനഭീഷണി. മലയോരങ്ങളില്‍ താമസിക്കുന്നവര്‍ക്കു മുമ്പില്‍ ചീറിയും ചിന്നം വിളിച്ചും പാഞ്ഞെത്തുന്ന വന്യമൃഗങ്ങള്‍. ഇടനാടുകളിലാകട്ടെ പലരീതിയില്‍ പതഞ്ഞുയരുന്ന ലഹരിയും കുറ്റകൃത്യങ്ങളും. കേരളം വല്ലാത്തൊരു നീറ്റലിലാണിപ്പോള്‍.
ഏറ്റവും പുതിയ ഭീഷണി ആഴക്കടല്‍ ഖനനമെന്ന നീരാളിയാണ്. കേരളത്തിന്റെ 597 കിലോമീറ്റര്‍ നീളം വരുന്ന കടല്‍ത്തീരത്താകെ ദുരിതക്കനലുകള്‍ വിതറാന്‍ തക്കവിധം ആഴക്കടല്‍ ഖനനഭീഷണി ഉയര്‍ന്നുപൊങ്ങി തീരം തൊടാനെത്തിക്കഴിഞ്ഞു.
ചെറുതാണ് കേരളം, വലുതാണ് പ്രശ്‌നങ്ങള്‍...
ഇന്ത്യാമഹാരാജ്യത്തിന്റെ ഭൂവിസ്തൃതിയുടെ 1.8% മാത്രമാണ് നമ്മുടെ കൊച്ചുകേരളം. മൊത്തം നീളം 800 കിലോമീറ്റര്‍. വീതി ശരാശരി 50 കിലോമീറ്റര്‍. ഭൂമിയുടെ ചെരിവും ശരാശരി 20 ഡിഗ്രി. ഈ ഇത്തിരിപ്പോന്ന കൊച്ചുകേരളത്തിന്റെ വനവിഭവങ്ങളും ധാതുസമ്പത്തുമെല്ലാം ഇന്ന് ആരൊക്കെയോ കവര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നു. കരിമണലായാലും കരിവീട്ടിയായാലും ഇവിടെ അരങ്ങേറുന്നത് തീവെട്ടിക്കൊള്ളയാണ്. ഈ കൊള്ളകള്‍ നിര്‍ബാധം നടത്താന്‍ തടസ്സമായ സാധാരണജനങ്ങള്‍ അവരുടെ 'കൂടും കിടക്ക'യുമെടുത്ത് എവിടെയെങ്കിലും പോയിത്തുലയട്ടെ എന്ന് ഭരിക്കുന്നവരില്‍ ചിലരെങ്കിലും ചിന്തിക്കുന്നുണ്ടോ?
വികസനത്തിന്റെ വികൃതമായ നിര്‍വചനങ്ങള്‍
വികസനമെന്ന പദത്തിന് കൈവന്നിട്ടുള്ള ഭരണകൂട നിര്‍വചനത്തില്‍ ഇന്ന് ജനങ്ങള്‍ക്ക് സ്ഥാനമില്ല. സാധാരണക്കാരായ ജനങ്ങളെ പരുക്കേല്‍പ്പിക്കാതെ വേണം വികസനം നടപ്പാക്കേണ്ടതെന്ന് പല മഹാന്മാരും പറഞ്ഞുവച്ചിട്ടുണ്ട്. ഉദാരവല്‍ക്കരണം അഥവാ ആഗോളവല്‍ക്കരണം വികസനത്തിന്റെ അടയാളങ്ങളായി കരുതുന്നത് ജെ സി ബിയും ബുള്‍ഡോസറുമാണ്. സമഗ്രാധിപത്യത്തിന്റെ ഈ യാന്ത്രികക്കൈകളാല്‍ ഞെരിക്കപ്പെടുന്ന തലമുറയിലാണ് നാം ജീവിക്കുന്നത്. ഇത്തരം ഭരണകൂട വിക്രിയകള്‍ക്ക് ചില ഓമനപ്പേരുകളുണ്ടാകും. നമ്മുടെ തീരദേശത്തിന്റെ ഉറക്കം കെടുത്തുന്ന പുതിയ വികസന പ്രക്രിയയുടെ പേര്
'ബ്ലൂ ഇക്കോണമി' എന്നാണ്.
പ്രകൃതിക്ക് ഒരു താളമുണ്ട്, ചില ശാസ്ത്രീയസമവാക്യങ്ങളുമുണ്ട്. മനുഷ്യരുടെ ഇടപെടലിലൂടെ ഇത്തരം സന്തുലിതാവസ്ഥകള്‍ തകിടം മറിയുകയാണ്. കടലിലെ ഉപ്പുരസത്തിന്റെ തോത് 3.4 ശതമാനമാണ്. ഈ ശതമാനം
6% ആയാല്‍ നമ്മുടെ കടല്‍ ചാവുകടലായി മാറും. അതുപോലെതന്നെയാണ് ജലവും ജീവനും തമ്മിലുള്ള ബന്ധം. ഭൂമിയുടെ 71 ശതമാനം ജലമാണ്. മനുഷ്യശരീരത്തിലുള്ള ജലാംശത്തിന്റെ തോത് 70 ശതമാനവും!
അദാനി, വേദാന്ത, മിത്തല്‍ തുടങ്ങിയ വന്‍ വ്യവസായ ഗ്രൂപ്പുകളാണ് കടലിലെയും കരയിലെയും ധാതുക്കളിലും ലോഹങ്ങളിലും കണ്ണുവച്ചിട്ടുള്ളത്. 'ഭരിക്കുന്നവര്‍ക്കുള്ള നിയമാനുസൃതമായ' സംഭാവനകളിലൂടെ പ്രകൃതിവിഭവങ്ങള്‍ സ്വന്തമാക്കുകയെന്നതാണ് അവരുടെ ലക്ഷ്യം.
ആരെ കൊന്നാലും വേണ്ടില്ല, ലാഭം വേണം!
ആഴക്കടല്‍ ഖനനം കേരളത്തിന്റെ പാരിസ്ഥിതികസന്തുലിതാവസ്ഥ മുഴുവനായി തകിടം മറിക്കും. പാരിസ്ഥിതിക ആഘാതപഠനം നടത്തിയശേഷം മാത്രമേ ഖനനം നടത്തുകയുള്ളൂവെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് മുഖവിലയ്‌ക്കെടുക്കാനാവില്ല. അതല്ലെങ്കില്‍ വിഴിഞ്ഞം തുറമുഖം സംബന്ധിച്ച രണ്ട് പാരിസ്ഥിതിക പഠനങ്ങളും ആ പദ്ധതിക്ക് എതിരായിട്ടും എങ്ങനെ അത് നടപ്പിലായി? 2011-ല്‍ രണ്ടു തവണയാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വിഴിഞ്ഞം തുറമുഖത്തിന് അനുമതി നിഷേധിച്ചത്. പിന്നീട് 2014-ല്‍ അതേ മന്ത്രാലയം വിഴിഞ്ഞത്തിന് പച്ചക്കൊടി കാണിച്ചു. ഈ അനുമതി ചോദ്യം ചെയ്തുകൊണ്ട് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ചിലും, ഡല്‍ഹിയിലെ പ്രിന്‍സിപ്പല്‍ ബെഞ്ചിലും ഇപ്പോഴും കേസുകളുണ്ട്. 2015 ജനുവരിയില്‍ ഹരിത ട്രൈബ്യൂണലിന്റെ എല്ലാ നടപടികളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്ന സ്റ്റേ ഉത്തരവ് സുപ്രീം കോടതി പുറപ്പെടുവിച്ചു. ഈ ഇടവേളയില്‍ സംസ്ഥാന സര്‍ക്കാര്‍ ടെന്‍ഡര്‍ നടപടികളുമായി അന്ന് മുന്നോട്ടുപോയത് ദുരൂഹ നടപടിയായി മാറി.
പാവം ജനത്തിന്റെ 'മന'ക്കണക്കും കോര്‍പ്പറേറ്റുകളുടെ 'മാന'ക്കണക്കും.
നാം പാവം മലയാളികള്‍ ഇപ്പോഴും ആഴക്കടല്‍ ഖനനത്തിന്റെ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. എന്നാല്‍ നമ്മുടെ 'മന'ക്കണക്കും കോര്‍പ്പറേറ്റുകളുടെ 'മാന'ക്കണക്കും വെവ്വേറെയാണ്. ഒരു കുത്തകക്കമ്പനി പണമിറക്കുമ്പോള്‍, അതിന്റെ യഥാര്‍ഥലക്ഷ്യം മറച്ചുവയ്ക്കാറാണ് പതിവ്. നാം പ്രത്യക്ഷത്തില്‍ ചര്‍ച്ച ചെയ്യുന്ന ആഴക്കടല്‍ ഖനനം കേന്ദ്രസര്‍ക്കാര്‍ തന്ത്രപൂര്‍വം മറച്ചുവച്ച പദ്ധതിയാണെന്ന് ചിലര്‍ കരുതുന്നുണ്ട്. കേരളത്തില്‍ നിന്നുള്ള ധാതുവിഭവങ്ങളുടെ അന്താരാഷ്ട്ര വിപണനത്തിന് ഇത്തരമൊരു വന്‍കിട തുറമുഖം അനിവാര്യമാണ്. ചുരുക്കത്തില്‍ 'കൊല്ലംപരപ്പ്' എന്ന് അടയാളപ്പെടുത്തിയിട്ടുള്ള 242 ചതുരശ്ര കിലോമീറ്റര്‍ വരുന്ന സമുദ്രമേഖലയില്‍ നടത്താന്‍ പോകുന്ന ആഴക്കടല്‍ ഖനനത്തെ 'ന്യായീകരിക്കാനുള്ള' നിയമനിര്‍മ്മാണങ്ങളും, അടിസ്ഥാനസൗകര്യ വികസനവുമെല്ലാം ഭരണകൂടം കുത്തകകളുടെ കൂട്ടുപിടിച്ച് ഇതിനകം നടപ്പാക്കിക്കഴിഞ്ഞുവെന്നത് നാം മറന്നുപോകരുത്. മണിപ്പൂര്‍ പ്രശ്‌നത്തില്‍ പ്രധാനമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ വാക്കൗട്ട് വേളയിലാണ് (2023 നവംബര്‍) സര്‍ക്കാര്‍ ധാതുക്കളുടെയും മറ്റ് പ്രകൃതിവിഭവങ്ങളുടെയും ഖനനാവകാശവും ഉടമസ്ഥാവകാശവും സ്വന്തമാക്കിക്കൊണ്ടുള്ള നിയമം പാസ്സാക്കിയെടുത്തത്. കേരളത്തിനു സമീപം കടലില്‍ 74.5 കോടി ടണ്‍ മണല്‍ശേഖരമുണ്ടെന്നാണ് കണക്കാക്കുന്നത്. 2002-ലെ ഓഫ്‌ഷോര്‍ ഏരിയാസ് മിനറല്‍ ഡവലപ്പ്‌മെന്റ് ആന്റ് റെഗുലേഷന്‍ എന്ന പേരിലുള്ള നിയമം ഭേദഗതി ചെയ്തതോടെ, കേരളത്തിന് ഈ പ്രകൃതിവിഭവങ്ങള്‍ക്കു മേലുള്ള അവകാശം നഷ്ടമാകുകയായിരുന്നു. ഈ നിയമം പ്രാബല്യത്തിലാക്കുന്നതിനു മുമ്പ് എതിര്‍പ്പ് അറിയിക്കാനുള്ള അവസരം പോലും നാം നഷ്ടപ്പെടുത്തിക്കളഞ്ഞുവെന്നാണ് പത്രവാര്‍ത്തകള്‍. മറിച്ചുള്ള ന്യായീകരണവും കേട്ടു. പക്ഷെ, അത് വിശ്വാസയോഗ്യമല്ല.
'ഗ്ലോബല്‍' ബിസിനസ്സും 'ലോക്കല്‍' സങ്കടങ്ങളും
അദാനി, വേദാന്ത, മിത്തല്‍ തുടങ്ങിയ വന്‍ വ്യവസായ ഗ്രൂപ്പുകളാണ് കടലിലെയും കരയിലെയും ധാതുക്കളിലും ലോഹങ്ങളിലും കണ്ണുവച്ചിട്ടുള്ളത്. 'ഭരിക്കുന്നവര്‍ക്കുള്ള നിയമാനുസൃതമായ' സംഭാവനകളിലൂടെ പ്രകൃതിവിഭവങ്ങള്‍ സ്വന്തമാക്കുകയെന്നതാണ് അവരുടെ ലക്ഷ്യം. ഏത് മാര്‍ഗം സ്വീകരിച്ചും പണമുണ്ടാക്കുകയെന്ന ഗ്ലോബല്‍ കച്ചവടസിദ്ധാന്തങ്ങള്‍ക്കു മുമ്പില്‍, കടല്‍ ജീവികളുടെ ആവാസവ്യവസ്ഥയോ തീരദേശവാസിയുടെ ദുരിതമോ വിലപ്പോവില്ല. ഈ ദുരവസ്ഥയ്‌ക്കെതിരെയുള്ള പോരാട്ടത്തിന് വീര്യമേകാനാകുന്ന വിധത്തിലുള്ള ചെറുത്തുനില്‍പ് ദുര്‍ബലമാക്കാനുള്ള വളഞ്ഞ വഴികള്‍ കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളും ജനങ്ങളെ സൗകര്യപൂര്‍വം മറക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളും സ്വീകരിക്കുന്നു, വാക്കും പ്രവൃത്തിയും യോജിക്കാത്ത 'കള്ളച്ചന്തകളുടെ ലീലാവിലാസ'ങ്ങളില്‍ പൊതുജന സമരങ്ങളെ ഭിന്നിപ്പിച്ച് ദുര്‍ബലപ്പെടുത്തുകയാണ് ചിലര്‍.
ആഴക്കടല്‍ ഖനനത്തെ 'ന്യായീകരിക്കാനുള്ള' നിയമനിര്‍മ്മാണങ്ങളും, അടിസ്ഥാനസൗകര്യ വികസനവുമെല്ലാം ഭരണകൂടം കുത്തകകളുടെ കൂട്ടുപിടിച്ച് ഇതിനകം നടപ്പാക്കിക്കഴിഞ്ഞു.
അറബിക്കടലിലെ 3300 ചതുരശ്ര കിലോമീറ്റര്‍ വരുന്ന മത്സ്യബന്ധനമേഖലയോ, പത്തരലക്ഷത്തോളം വരുന്ന മത്സ്യത്തൊഴിലാളികളോ (ഇന്ന് സജീവമായി കേരളത്തില്‍ മത്സ്യബന്ധന രംഗത്തുള്ളവര്‍ രണ്ടു ലക്ഷം പേരാണെന്നാണ് അനൗദ്യോഗിക കണക്ക്) അന്താരാഷ്ട്രതലത്തില്‍ അരങ്ങ് വാഴാന്‍ പോകുന്ന 'നീലസമ്പദ്‌വ്യവസ്ഥ'യുടെ ചിത്രത്തില്‍ ഒന്നുമല്ല. കാരണം, കഴിഞ്ഞ അരനൂറ്റാണ്ടില്‍ 15 ലക്ഷം കോടി യു എസ് ഡോളറിന്റേതായിരുന്നുവെങ്കില്‍ 2030 ആകുന്നതോടെ ഇതേ കണക്ക് ഇരട്ടിച്ച് 'നീലസമ്പദ്‌വ്യവസ്ഥ' 30 ലക്ഷം യു എസ് ഡോളറാകുമത്രെ. ഇതേ കാലഘട്ടത്തില്‍ മത്സ്യസമ്പത്തിനെയും മറ്റും സംരക്ഷിക്കുവാനുള്ള പദ്ധതിയില്‍ (മറൈന്‍ പ്രൊട്ടക്റ്റഡ് ഏരിയാസ്) ലോകത്തെങ്ങുമുള്ള സമുദ്രവിസ്തൃതിയുടെ 7.5 ശതമാനമേ ഉള്‍പ്പെടൂ എന്ന മുന്നറിയിപ്പുമുണ്ട്. ഏതു തരത്തിലും 'കടല്‍' ചൂഷണം ചെയ്യപ്പെടാനാകും വിധം 2023 മാര്‍ച്ചില്‍ യു എന്‍ തലത്തില്‍ പുനര്‍നിര്‍ണ്ണയിക്കപ്പെട്ട 'ഹൈസീസ്' (ഓപ്പണ്‍ ഓഷ്യന്‍) എന്ന നിര്‍വചനത്തില്‍ പോലും 65% സമുദ്രമേഖലയാണ് ഉള്‍പ്പെടുന്നത്.
കടല്‍ മാത്രമല്ല കരയും ഖനന ഭീഷണിയില്‍
കേരളത്തിന്റെ കടലോരം മാത്രമല്ല, ഝാര്‍ഖണ്ഡ് പോലെയുള്ള സംസ്ഥാനങ്ങളിലെ ദുര്‍ബല ജനവിഭാഗങ്ങളും സ്വകാര്യ കുത്തകകളുടെ ഭീഷണികള്‍ക്ക് നടുവിലാണ്. ഈശോസഭാ വൈദികനായ ഫാ. സ്റ്റാന്‍ സ്വാമിയെ പോലെയുള്ളവര്‍ ഇത്തരം ചൂഷണ ങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയപ്പോള്‍ സംഭവിച്ചതെന്താണെന്ന് മാധ്യമങ്ങള്‍ നമുക്ക് പറഞ്ഞുതന്നിട്ടുണ്ട്.
ഝാര്‍ഖണ്ഡ് സംസ്ഥാനത്തില്‍ 23 സ്വകാര്യ കല്‍ക്കരി ഖനന കമ്പനികള്‍ക്കായി 600 വില്ലേജുകളിലെ 3 ലക്ഷം കുടുംബങ്ങള്‍ക്ക് ഒഴിഞ്ഞുപോകാന്‍ നോട്ടീസ് നല്‍കിക്കഴിഞ്ഞിട്ടുണ്ട്. രാജ്യത്തിന്റെ കല്‍ക്കരി ശേഖരത്തിന്റെ 9 ശതമാനവും ഝാര്‍ഖണ്ഡിലാണ്. 76 വില്ലേജുകളിലെ ഗ്രാമീണര്‍ അവിടെ സമരമുഖത്തുണ്ട്. ഭരണഘടനയുടെ 39(ബി) വകുപ്പും 2013-ല്‍ മലയാളി വനിതയായ ത്രേസ്യാമ്മ ജേക്കബിന് അനുകൂലമായി പുറപ്പെടുവിച്ച് സുപ്രീംകോടതി വിധിയും സര്‍ക്കാര്‍ നടപടികള്‍ക്കെതിരാണ്. ഈ സമരങ്ങള്‍ക്ക് നടുവിലും ബാബുപാര എന്ന വില്ലേജില്‍ മാത്രം 70 കല്‍ക്കരി ബ്ലോക്കുകളുണ്ടായിരുന്നത് ഇന്ന് 800 ആയി വര്‍ധിച്ചിരിക്കുന്നു! കല്‍ക്കരി ഖനനത്തിന്റെ വ്യാപ്തി മൂലം ഇവിടെയുണ്ടായിരുന്ന പല ഗ്രാമങ്ങളും ഇന്ന് ഭൂപടത്തില്‍ നിന്ന് അപ്രത്യക്ഷമായിക്കഴിഞ്ഞു.
ഒരേ വഞ്ചിയിലിരുന്ന് ജനങ്ങളെ വഞ്ചിക്കുന്നവരുണ്ടോ?
സക്ഷന്‍ ഹോപ്പര്‍, റോട്ടറി കട്ടര്‍, ബക്കറ്റ് ഡ്രഡ്ജര്‍ തുടങ്ങിയ സജ്ജീകരണങ്ങളുമായി ഗൗതം അംബാനിയുടെയും മറ്റും കപ്പലുകള്‍ കൊല്ലം തീരത്തെത്തുമ്പോള്‍, ദേശീയ തലത്തില്‍ ഇനിയും രൂപപ്പെടേണ്ട 'പ്രതിരോധനിര'കളെ ക്കുറിച്ചുള്ള ആസൂത്രണവും ഏകോപനവും അനിവാര്യമാണ്. ആഴക്കടല്‍ ഖനനം ആയിരത്തോളം ട്രോള്‍ ബോട്ടുകളെയും, 500 ഓളം ഫൈബര്‍ വള്ളങ്ങളെയും നൂറോളം ഇന്‍ബോര്‍ഡ് വള്ളങ്ങളേയും മാത്രം ബാധിക്കുന്ന പ്രശ്‌നമായല്ല നാം കാണേണ്ടത്. മലയോരത്തും കടലോരത്തുമുള്ള ജനങ്ങളുടെ പ്രശ്‌നങ്ങളുടെ 'ജനകീയ ഫ്രെയിം' തന്നെയാണ് ഇനിയുള്ള നാളുകളില്‍ നാം അവതരിപ്പിക്കേണ്ടത്. ഝാര്‍ഖണ്ഡിലെ നിരക്ഷരരായ ഗ്രാമീണര്‍ സമരദിനങ്ങളില്‍ ഉയര്‍ത്തുന്ന ഒരു മുദ്രാവാക്യമുണ്ട്: 'ജോ ഡറേഗാ, വോ മരേഗാ'! അതെ ഭയപ്പെട്ടുപോയാല്‍ ഇനിയുള്ള നാളുകളില്‍ മരണമാകും നമ്മുടെ ഗതി!
ആഴക്കടല്‍ഖനനത്തെ ചെറുത്തു തോല്‍പ്പിക്കാനൊരുങ്ങുമ്പോള്‍, ഉള്ള്‌പൊള്ളിക്കഴിയുന്ന മലയോര ജനതയുടെ പ്രശ്‌നങ്ങളും നമുക്ക് പരിഹരിച്ചേ പറ്റൂ. 'റീത്ത്' ഏതായാലും ജനകീയ പ്രശ്‌ന ങ്ങള്‍ക്ക് ഒരു പോര്‍മുഖം പോരേ? ഈശോയുടെ നേതൃത്വത്തില്‍ ഒരൊറ്റ പടയണി പോരേ? കാരണം ജാതിമതഭേദമില്ലാതെ ജനങ്ങള്‍ ഇന്ന് ആകുലരും വ്യാകുലരുമാണ്. ഈ ദുരവസ്ഥകള്‍ക്കെതിരെയുള്ള കൂടിവരവുകള്‍ക്ക് 'കേരളീയ'വും 'ഭാരതീയ'വുമെന്ന ചമയങ്ങള്‍ തന്നെ ധാരാളമല്ലേ?