ഇപ്രാവശ്യം കേന്ദ്രബജറ്റിലെ ശ്രദ്ധേയമായ നിര്‍ദേശങ്ങളിലൊന്ന് ആദായ നികുതിയില്‍ വരുത്തിയ കാര്യമായ ഇളവുകളായിരുന്നു. അതിന് ഒരു പ്രധാന കാരണമായി പറഞ്ഞത്, ജനങ്ങളുടെ ഉപഭോഗം കൂട്ടി, അതുവഴി സാമ്പത്തിക മേഖലയ്ക്ക് ഉണര്‍വ് കൊടുക്കുക എന്നതായിരുന്നു. നികുതി അധികം കൊടുക്കേണ്ട എന്നു വരുമ്പോള്‍ ആളുകളുടെ കൈയ്യില്‍ ചെലവഴിക്കാന്‍ കൂടുതല്‍ പണം ഉണ്ടാവുകയും, തന്മൂലം സാമ്പത്തിക വളര്‍ച്ച ഉണ്ടാവുകയും ചെയ്യും എന്നത് പല സര്‍ക്കാരുകളും ചിന്തിക്കുന്ന ഒരു നയമാണ്. ഉപഭോഗത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു ബജറ്റ് അവതരിപ്പിക്കപ്പെടുമ്പോള്‍, ഉപഭോഗം എന്ന ആശയത്തെക്കുറിച്ച് ചിന്തിക്കുന്നത് നല്ലതാണ്. ഇന്ത്യപോലൊരു രാജ്യം ഇതിനെ എങ്ങനെയാണ് കാണേണ്ടത്? വര്‍ധിച്ച ഉപഭോഗം വഴി വികസനം ലക്ഷ്യമിടുമ്പോള്‍ നാം ജാഗ്രത പുലര്‍ത്തേണ്ട മേഖലകള്‍ ഏതൊക്കെയാണ്? ഉത്തരവാദിത്വമുള്ള ഒരു ഉപഭോക്തൃസംസ്‌കാരം എന്നാല്‍ എന്താണ്?
ഉപഭോഗത്തിന്റെ ജീവിതത്തെക്കുറിച്ചു, പോളിഷ് സാമൂഹ്യശാസ്ത്രജ്ഞന്‍ സിഗ്മണ്ട് ബോമാന്‍ (Zygmunt Bauman) എഴുതിയ ശ്രദ്ധേയമായ ഒരു പുസ്തകമുണ്ട് 'Consuming Life'. നമ്മുടെ ലോകത്തെ മുഴുവന്‍ ഗ്രസിച്ചിരിക്കുന്ന ഉപഭോക്തൃ സംസ്‌കാരമാണ് ഈ പുസ്തകത്തിന്റെ ഇതിവൃത്തം. നമ്മില്‍ പുതിയ ആഗ്രഹങ്ങളും ആവശ്യങ്ങളും എപ്പോഴും ജനിപ്പിച്ചുകൊണ്ടാണ് ഉപഭോക്തൃസംസ്‌കാരം മുന്നോട്ടു പോകുന്നത്. നമ്മള്‍ ഉപയോഗിക്കുന്നതിന്റെയെല്ലാം ആയുസു കുറയുകയും പുതിയവ നമ്മള്‍ തേടിപ്പോവുകയും ചെയ്യും. അതിന്റെ ആത്യന്തിക ഫലം, ലോകത്തു കുമിഞ്ഞു കൂടുന്ന വേസ്റ്റ് (Waste) ആണ്.
ഇന്ന് എല്ലാ രാജ്യങ്ങളുടെയും വിശേഷിച്ചു വികസ്വര/ദരിദ്ര രാജ്യങ്ങളുടെ ഗുരുതരമായ ഒരു പ്രശ്‌നമായിട്ടുണ്ട്. വികസനത്തിന്റെ വേസ്റ്റ് അടിഞ്ഞുകൂടുന്ന നഗരങ്ങളെ കൊണ്ട് നമ്മുടെ രാജ്യം നിറയുന്നു. ശാസ്ത്രീയമായ മാലിന്യ സംസ്‌കരണം ഇന്ന് മിക്ക ഇന്ത്യന്‍ നഗരങ്ങളിലും എത്രയോ മുന്നോട്ടു പോകേണ്ട അവസ്ഥയിലാണ്. ഉപഭോഗം എന്ന ആശയത്തെ പ്രൊമോട്ട് ചെയ്യുമ്പോള്‍ പലപ്പോഴും നമ്മള്‍ ഓര്‍മ്മിക്കേണ്ട ഒരു പ്രധാന കാര്യം, അതിന്റെ പരിണിത ഫലങ്ങളെ കൈകാര്യം ചെയ്യാന്‍ നമുക്ക് സാധിക്കുമോ എന്നതാണ്.
ഉപഭോക്തൃസംസ്‌കാരത്തോടു ചേര്‍ത്ത് വായിക്കേണ്ട മറ്റൊരു കാര്യം രാജ്യത്തെ പ്രകൃതി വിഭവങ്ങളുടെ ശാസ്ത്രീയവും, സന്തുലിതവുമായ ഉപയോഗമാണ്. പലപ്പോഴും ഉല്‍പ്പാദനം, ഉപഭോഗം എന്നിവയ്ക്ക് ഊന്നല്‍ കൊടുക്കുമ്പോള്‍, എല്ലാ തരം വിഭവങ്ങളുടെയും അനിയന്ത്രിതമായ ചൂഷണം സാധാരണമാകുന്നു. ഇതിനെ എതിര്‍ക്കുന്നവര്‍ പലപ്പോഴും വികസന വിരോധികളായി മുദ്ര കുത്തപ്പെടുകയും ചെയ്യുന്നു. പ്രകൃതി വിഭവങ്ങളുടെ, സന്തുലിതമായ ഉപയോഗം വിസ്മരിക്കപ്പെട്ടുകൊണ്ടാണ് ഇപ്പോള്‍ നമ്മുടെ പല വികസനപ്രവര്‍ത്തനങ്ങളും നടക്കുന്നത്. നമ്മുടെ രാജ്യത്തെ ജലത്തിന്റെ ഉപയോഗം തന്നെ എടുക്കുക. ഭൂഗര്‍ഭ ജലത്തിന്റെ അനിയന്ത്രിതമായ ഉപയോഗത്തിന്റെ ഫലമായി രാജ്യത്തിന്റെ പല ഭാഗത്തും ഭൂഗര്‍ഭ ജലനിരപ്പ് താണുകൊണ്ടിരിക്കുകയാണ്.
ഉത്തരവാദിത്വപൂര്‍ണ്ണമായ വികസന നയങ്ങള്‍ രൂപീകരിക്കാതെ, ഉല്‍പ്പാദനം, ഉപഭോഗം എന്നിവയില്‍ മാത്രം അധിഷ്ഠിതമായ ഒരു സാമ്പത്തിക മാതൃക, രാജ്യത്തെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമായിരിക്കും. ഒരു വികസിത രാജ്യമാവാന്‍ വെമ്പല്‍ കൊള്ളുന്ന രാജ്യം മറന്നു പോകരുതാത്ത കാര്യമാണിത്.
അതുകൊണ്ടുതന്നെ, പലയിടത്തും കടുത്ത ജല ദൗര്‍ലഭ്യവും നേരിടുന്നു. അടുത്ത ദശകങ്ങളില്‍ ഏറ്റവും ശുദ്ധജലദൗര്‍ലഭ്യം നേരിടാന്‍ പോകുന്ന രാജ്യങ്ങളില്‍ ഒന്നായിട്ടാണ് ഇന്ത്യ വിലയിരുത്തപ്പെടുന്നത്. പരിസ്ഥിതി സംബന്ധമായ എതിര്‍പ്പുകളെ പലപ്പോഴും എളുപ്പം മറികടന്നു വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കു അനുമതികള്‍ നേടിയെടുക്കുന്നു. ചുരുക്കത്തില്‍, വികസനമെന്നാല്‍ ഭാവിയെക്കുറിച്ചുള്ള കരുതല്‍ പാടെ മറന്നുകൊണ്ട് ചെയ്യേണ്ട ഒന്നാണ് എന്ന പൊതുബോധം രൂപപ്പെടുന്നു. ഉത്തരവാദിത്വപൂര്‍ണ്ണമായ വികസന നയങ്ങള്‍ രൂപീകരിക്കാതെ, ഉല്‍പ്പാദനം, ഉപഭോഗം എന്നിവയില്‍ മാത്രം അധിഷ്ഠിതമായ ഒരു സാമ്പത്തിക മാതൃക, രാജ്യത്തെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമായിരിക്കും.
ഒരു വികസിത രാജ്യമാകാന്‍ വെമ്പല്‍കൊള്ളുന്ന രാജ്യം മറന്നുപോകരുതാത്ത കാര്യമാണിത്. വികസനത്തിന്റെ ഫലമായി നാം ആത്യന്തികമായി ഉന്നം വയ്ക്കുന്നത്, ഉയര്‍ന്ന ജീവിത നിലവാരം തന്നെയാണ്. ഇവിടെ കൗതുകകരമായ പല വസ്തുതകളുമുണ്ട്. ഉദാഹരണത്തിന് നമ്മുടെ നഗരങ്ങളിലെ വാഹനങ്ങളുടെ എണ്ണം എടുക്കുക. വാഹനപ്പെരുപ്പം മൂലം സാധാരണ നടപ്പുപോലും പല ഇന്ത്യന്‍ നഗരങ്ങളിലും ഇന്ന് ബുദ്ധിമുട്ടേറിയ ഒന്നാണ്. പുരോഗതിയുടെ ഒരു പ്രധാന ലക്ഷണമായിട്ടാണ് വാഹനങ്ങളുടെ എണ്ണം കരുതപ്പെടുന്നത്. മുകളില്‍ നമ്മള്‍ സൂചിപ്പിച്ച ഉപഭോഗത്തില്‍ ആളുകള്‍ വാങ്ങിക്കുന്ന വാഹനങ്ങളും പെടും. പക്ഷെ ഇന്ന് ഒട്ടു മിക്ക ഇന്ത്യന്‍ നഗരങ്ങളും, വാഹനപ്പെരുപ്പം കൊണ്ട് പൊറുതി മുട്ടിനില്‍ക്കുന്നു. നഗരങ്ങളിലെ ഗതാഗതം കൂടുതല്‍ വേഗത്തിലും, എല്ലാവര്‍ക്കും സൗകര്യപ്രദവും എന്നതാണ് മികച്ച ഒരു വികസനസങ്കല്‍പം എങ്കില്‍ നമ്മുടെ മിക്ക നഗരങ്ങളും ഇന്ന് അതില്‍ പരാജയപ്പെടുന്നുണ്ട്. ഇവിടെ ചിന്തിക്കേണ്ട വസ്തുത, ഇന്ത്യ പോലൊരു രാജ്യത്തു, കൂടുതല്‍ സ്വകാര്യ വാഹനങ്ങളാണോ അതോ, ഒരുപാടു പേര്‍ക്ക് ഉപയോഗിക്കാന്‍ പറ്റിയ പൊതുഗതാഗതസംവിധാനങ്ങളാണോ കൂടുതല്‍ അഭികാമ്യം എന്നതാണ്.
ഉപഭോഗം, വികസനം എന്ന ആശയങ്ങളെ പ്രോത്സാഹിപ്പിക്കുമ്പോള്‍, ഒരു വികസ്വര രാജ്യം എന്ന നിലയില്‍ നമ്മള്‍ കൂടുതല്‍ ശ്രദ്ധയോടെ നീങ്ങേണ്ടതുണ്ട്. ഉപഭോഗം ഉത്തരവാദിത്വപൂര്‍ണ്ണമായി നടക്കുമ്പോളാണ് അത് രാജ്യത്തിന്റെ വികസനസങ്കല്‍പങ്ങളുമായി ചേര്‍ന്നു പോവുക. നേരെ മറിച്ചു, വികസനത്തിന്റെ പേരില്‍ എല്ലാവരും അവരുടെ സ്വാര്‍ഥതയെ മാത്രം പിന്തുടരുമ്പോള്‍, അത് ഒരു പക്ഷെ രാജ്യത്തിനു തന്നെ വിനയായിത്തീരും. വളരെ ദുര്‍ബലമായ പരിസ്ഥിതിയുള്ള ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം, പരിസ്ഥിതിയോട് ഇണങ്ങിയുള്ള വികസനങ്ങള്‍ക്കാണ് പ്രസക്തിയുള്ളത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി, വര്‍ധിച്ചു വരുന്ന ചൂടും, അപ്രതീക്ഷിതമായി ഉണ്ടാകുന്ന പെരുമഴയുമെല്ലാം ഇന്ന് യാഥാര്‍ഥ്യം തന്നെയാണ്. ഇതൊന്നും പരിഗണിക്കാതെ ഇനി നമുക്ക് മുന്നോട്ടു പോകാന്‍ സാധിക്കില്ല. വികസനത്തിന്റെ അവസാനം, വിഭവങ്ങളുടെ അനന്തമായ ചൂഷണവും, കുമിഞ്ഞു കൂടുന്ന മാലിന്യവും, മലിനീകരണവുമൊക്കെ ആണെങ്കില്‍ അത് രാജ്യത്തെ വിനാശത്തിലേക്കായിരിക്കും തള്ളിവിടുക. ലാഭത്തിനുവേണ്ടിയുള്ള ഓട്ടത്തില്‍, ഏറ്റവും അവസാന പരിഗണനയായിരിക്കും, പലപ്പോഴും പരിസ്ഥിതി നിയമങ്ങള്‍ക്കു കിട്ടുക. നമ്മുടെ വികസന സങ്കല്പങ്ങള്‍ മാനുഷിക മുഖമുള്ളതും, ഭാവിയെക്കുറിച്ചു കരുതലുള്ളതുമായി മാറട്ടെ.
ലേഖകന്റെ ബ്ലോഗ്: www.bobygeorge.com