ചിന്താജാലകം

ചിന്തയുടെ ഭക്തി എന്ന വിമര്‍ശനം

പോള്‍ തേലക്കാട്ട്‌

'വിമര്‍ശനം ചിന്തയുടെ ഭക്തിയാണ് എന്ന് എഴുതിയതു ലോകപ്രസിദ്ധ ജര്‍മ്മന്‍ ചിന്തകനായ മാര്‍ട്ടിന്‍ ഹൈഡഗറാണ്. നാം ശാസ്ത്ര സാങ്കേതിക വിദ്യകളുടെ ലോകത്തിലാണ്. ശാസ്ത്ര സാങ്കേതിക ചിന്തയുടെ പിന്നില്‍ ഒരു പ്രത്യേക ചിന്താരീതിയുണ്ട്. അതാണ് ശാസ്ത്രസാങ്കേതിക വിദ്യകള്‍ ഉണ്ടാക്കുന്നത്. എല്ലാം ഉപയോഗിക്കാനുള്ള ഉദ്ദേശ്യത്തിന്റെ ചിന്താരീതിയാണിത്. മനുഷ്യന്റെ ഉപയോഗം എന്ന ലക്ഷ്യത്തിന് എല്ലാം ഉപാധികളാക്കുന്ന ചിന്താരീതി. സാങ്കേതിക പുരോഗതിയുടെ പിന്നിലെ രഹസ്യമിതാണ്. അത് സാവധാനം എല്ലാ ചിന്തയേയും ഭരിക്കുന്ന ദര്‍ശനമായി. പുഴ വെള്ളത്തിനും മണലിനും പറ്റിയ വിഭവ വേദിയായി. മല മരങ്ങള്‍ക്കും കല്ലിനും മണ്ണിനും വേണ്ടിയുള്ളതായി.

മനുഷ്യന്റെ ഉപയോഗാധിഷ്ഠിത ചിന്ത എല്ലാത്തരം ചിന്തയേയും ബാധിക്കുന്നു. ഉപയോഗത്തിന്റെ ചട്ടക്കൂട്ടിലാക്കി എല്ലാം കാണുന്നു. എല്ലാം ലാഭകരമായി ഉപയോഗിക്കാനുള്ള ഉപാധികളാക്കുന്നു. എല്ലാം അപ്പോള്‍ വെളിവാകുന്നതു ഉപയോഗത്തിന്റെ കരുതല്‍ ധനമായിട്ടാണ്. ഈ കാഴ്ചപ്പാട് പ്രകൃതിയെ ഉപയോഗത്തിന്റെ ചരക്കുകളുടെ ലോകമാക്കുന്നു. സാധനങ്ങളും പ്രകൃതിയും അവയായി പ്രത്യക്ഷമാകാനാവാത്ത ആധിപത്യ ചിന്ത എല്ലാറ്റിനേയും ആവരണം ചെയ്യുന്നു. ഈ കാഴ്ചപ്പാട് ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലേക്കും പ്രവേശിച്ചു ഭരണം പിടിച്ചുപറ്റുന്നു.

യേശു യഹൂദനായിരുന്നു. യഹൂദമതത്തെ രൂക്ഷമായി വിമര്‍ശിച്ചവനുമായിരുന്നു. മതവിമര്‍ശനത്തില്‍ നിന്ന് യേശുവിന്റെ സുവിശേഷത്തെ ഒഴിവാക്കി കാണാനാവില്ല. യഥാര്‍ഥ മതഭക്തിയുടെ പ്രവാചകനുമായിരുന്നു യേശുക്രിസ്തു. യേശു ദേവാലയത്തില്‍ അടിപിടി ഉണ്ടാക്കി, ദേവാലയം ശുദ്ധമാക്കാന്‍. യഹൂദമതത്തിലെ ഭക്തരായി പരിഗണിക്കപ്പെട്ട ഫരിസേയരെ 'കപടനാട്യക്കാര്‍' (മത്താ. 23:15) എന്നും 'വെള്ളയടിച്ച കുഴിമാടങ്ങള്‍' (മത്താ. 23:27) എന്നും വിളിച്ചു. യഹൂദ സിനഗോഗു നടത്തിപ്പുകാരെ ഇത്ര രൂക്ഷമായി വിമര്‍ശിച്ചതാണ് യേശുവിന്റെ കൊലപാതകത്തിനു കാരണമായത്. സ്വന്തം മതത്തെ ഇത്ര രൂക്ഷമായി യേശു വിമര്‍ശിച്ചത് എന്തുകൊണ്ട്?

യേശുവിന്റെ സുവിശേഷം മോസ്സസിന്റെ പ്രബോധനത്തിന്റെ തുടര്‍ച്ചയല്ല. മോസ്സസ് പത്തു കല്‍പനകളാണ് അവര്‍ക്കു ദൈവത്തിന്റെ വെളിപാടായി നല്കിയത്. അതു ചില കര്‍മ്മങ്ങളുടെ നിരോധനമായിരുന്നു. കൊല്ലരുത്, വ്യഭിചരിക്കരുത്, മോഷ്ടിക്കരുത്. എന്നാല്‍ യേശുവിന്റെ സുവിശേഷം കര്‍മ്മങ്ങളുടെ നിരോധനമല്ല. നിശ്ചയങ്ങളുടെ നിരോധനമാണ്. വ്യഭിചാരം ചെയ്യരുത് എന്നല്ല, കാമേച്ഛയോടെ നോക്കാന്‍പോലും നിശ്ചയിക്കരുത്. നിശ്ചയങ്ങളും തീരുമാനങ്ങളുമാണ് പാപമാകുന്നത്. തിന്മയുടെ പ്രേരണകള്‍ പാപമല്ല. എന്നാല്‍ ആ പ്രേരണകള്‍ക്കനുസരിച്ച് തീരുമാനങ്ങളും വിധികളും എടുത്താല്‍ അതാണ് പാപം. ആന്തരിക നിശ്ചയത്തിലാണ് പാപം, ബാഹ്യകര്‍മ്മങ്ങളില്ല. മനസ്സിന്റെ തീരുമാനങ്ങളാണ് പാപകരമാകുന്നത്. ഒരുവന്റെ സ്വകാര്യതയോടുള്ള പ്രതികരണമാണ് മതം. മനസ്സിനുള്ളിലാണ് പാപം. മനഃസാക്ഷിയെ വഞ്ചിക്കുന്നതാണ് പാപം.

അഡോള്‍ഫ് ഐക്മാന്‍ എന്ന പട്ടാള ഉദ്യോഗസ്ഥനെ പിടികൂടി 60 ലക്ഷം യഹൂദരെ കൊന്നതിനു വിസ്തരിച്ചപ്പോള്‍ അയാള്‍ പറഞ്ഞു: ''ഞാന്‍ ആരെയും കൊന്നിട്ടില്ല.'' അതു ശരിയായിരുന്നു, അയാള്‍ ആരെയും കൊന്നിട്ടില്ല. എന്നാല്‍ സകല യഹൂദരെയും കൊല്ലാന്‍ തീരുമാനിക്കുന്നതില്‍ അയാള്‍ പങ്കാളിയായിരുന്നു. ക്രിസ്ത്യന്‍ മിസ്റ്റിക്കായ മയിസ്റ്റര്‍ എക്കാര്‍ട്ട് എഴുതി, ''ഞാനൊരിക്കലും തിന്മ ചെയ്തിട്ടില്ല... തിന്മ ചെയ്യാന്‍ നിശ്ചയിച്ചിട്ടേയുള്ളൂ... അതാണ് ഭീകരപാപം. അത് ലോകത്തിലുള്ള സകലരേയും കൊന്നാല്‍ എന്ന പോലെയാകുന്നു, ആരേയും കൊന്നിട്ടില്ലെങ്കിലും.''

മതജീവിതത്തിന്റെ ഏറ്റവും ഗൗരവമാര്‍ന്ന പാപമായി യേശു അവതരിപ്പിച്ചതു കാപട്യമാണ്. മതത്തിന്റെ എല്ലാ കര്‍മ്മങ്ങളേയും സ്വാര്‍ഥതയുടെ നേട്ടത്തിനുള്ള മാര്‍ഗങ്ങളായി ഉപയോഗിക്കുക. മതാനുഷ്ഠാനങ്ങളും മതകര്‍മ്മങ്ങളും ഉപയോഗത്തിന്റെ ചട്ടുകങ്ങളായി ഉപയോഗിക്കുക. മതപരമായ ഭക്തി വെറും അഭിനയമാക്കുന്ന കാപട്യം.

ദൈവംപോലും ഉപയോഗവസ്തുവാക്കപ്പെടുന്നു. ദൈവത്തെയും സ്വാര്‍ഥലക്ഷ്യങ്ങള്‍ക്കായി ഉപാധിയായി ഉപയോഗിക്കാം. ദൈവത്തിനുവേണ്ടി ജീവിക്കുന്നത് ദൈവത്തെക്കൊണ്ട് ജീവിക്കലായി മാറുന്നു. ദൈവത്തിന്റെ പേരില്‍ അണിയുന്ന അങ്കി ആഭരണങ്ങള്‍ സ്വന്തം അഹത്തിന്റെ സ്തുതിക്കും പുകഴ്ചയ്ക്കും വേണ്ടിയാക്കപ്പെടും. സ്വന്തം പ്രശസ്തിക്കും പണത്തിനും വേണ്ടി ദൈവികമായ കര്‍മ്മങ്ങളും അനുഷ്ഠാനങ്ങളും ഉപയോഗിക്കപ്പെടാം. എന്തു ചെയ്യുന്നു എന്നതല്ല പ്രധാനം, എന്തിനു ചെയ്യുന്നു എന്നതാണ് പ്രധാനം. എല്ലാ മതകര്‍മ്മങ്ങളും ഉപയോഗചിന്തയുടെ സ്വാര്‍ഥലക്ഷ്യങ്ങള്‍ക്കുവേണ്ടിയാകുമ്പോള്‍ അന്ത്യപ്രലോഭനത്തില്‍ വീണു കഴിഞ്ഞു. അന്ത്യപ്രലോഭനം ശരിയായ കാര്യം തെറ്റായ ലക്ഷ്യത്തിനുവേണ്ടി ചെയ്യുമ്പോഴാണ്. സ്വയം ആളാകാന്‍ ദൈവികതയുടെ മേലങ്കികള്‍ അണിഞ്ഞ് ദൈവത്തിന്റെ ആളായി വേഷംകെട്ടി സ്വയം വഞ്ചിക്കുന്നു. ഇവിടെ കാണുന്നതു ശാസ്ത്രസാങ്കേതിക വിദ്യയുടെ പിന്നിലെ ഉപയോഗചിന്തയാണ്. വ്യക്തിയുടെ ഉള്ളിലെ ഉദ്ദേശ്യങ്ങള്‍ രഹസ്യമാണ്. അത് ആ വ്യക്തിക്കു മാത്രമാണ് അറിയാവുന്നത്. വ്യക്തി സത്യസന്ധമാകാതെ സ്വയം ആത്മവഞ്ചന നടത്തുന്ന കാപട്യമാണ് നടമാടുന്നത്.

ഈ കാപട്യം തുറന്നു കാണിക്കുന്നതാണ് മതവിശ്വാസിയുടെ അടിസ്ഥാന കര്‍ത്തവ്യം. മതത്തെ അതിന്റെ ആത്മീയതയിലും ആന്തരികവിശുദ്ധിയിലും കാത്തുസൂക്ഷിക്കാന്‍ കാപട്യങ്ങളെ വെളിവാക്കണം. ദൈവത്തിനു ദൈവമായി പ്രത്യക്ഷപ്പെടാനും ദൈവികബിംബങ്ങള്‍ വഞ്ചിക്കപ്പെടാതിരിക്കാനും ഇത് അനിവാര്യമാകുന്നു. ചിന്തയുടെ വിമര്‍ശനം ദൈവഭക്തിയുടെയും ദൈവബോധത്തിന്റെയും ഫലമായി സംഭവിക്കുന്നു. ദൈവികത ഭക്തിയാകുമ്പോള്‍ അതു വിമര്‍ശനമാകുന്നതാണ് യേശുവില്‍ കണ്ടത്.

അവകാശദിനാചരണവും ഭീമഹര്‍ജി ഒപ്പുശേഖരണവും നടത്തി

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി കത്തോലിക്ക കോണ്‍ഗ്രസ്

വ്യാകുലമാതാവ് (സെപ്തംബര്‍ 15)

128 കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ നൽകി