ചിന്താജാലകം

ഞായറാഴ്ച എന്ന വിശുദ്ധ ദിനം

ഞായറാഴ്ച വിശുദ്ധ ദിനമായി ആചരിക്കുന്ന ക്രൈസ്തവ പാരമ്പര്യത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മുസ്ലീങ്ങള്‍ അതു വെള്ളിയാഴ്ചയാചരണമാക്കുന്നു. ഞായറാഴ്ച ആചരണം യഹൂദരുടെ സാബത്ത് ആചരണവുമായി ബന്ധപ്പെട്ടതാണ്. പക്ഷേ, യഹൂദരുടെ സാബത്ത് ശനിയാഴ്ചയായിരുന്നു. ക്രൈസ്തവര്‍ ഈ വിശുദ്ധ ദിനാചരണം യേശുവിന്‍റെ ഉയിര്‍പ്പുദിനത്തിലേക്കു മാറ്റുകയായിരുന്നു.

ഉത്പത്തി പുസ്തകത്തിലെ ആദ്യഭാഗത്തു ദൈവത്തിന്‍റെ സൃഷ്ടിവിവരണത്തിലാണു സാബത്തിന്‍റെ ഉത്പത്തി വിവരിക്കുന്നത്. അതൊരു സമയഘടനയുടെ വെളിപാടാണ്. ആറു ദിവസങ്ങള്‍ ലോകത്തെ അധീനമാക്കാന്‍; ഏഴാം ദിവസം അഹത്തെ അധീനമാക്കാനും. റോമാക്കാര്‍ യഹൂദരെ കണ്ടുമുട്ടിയപ്പോള്‍ സാബത്താചരണത്തിന്‍റെ കാര്‍ക്കശ്യത്തെ അവജ്ഞയോടെയാണു കണ്ടത്. അത് അവരുടെ അലസതയുടെഅടയാളമായി ആക്ഷേപിക്കപ്പെട്ടു. ഇതു മനസ്സിലാക്കിയ യഹൂദനായിരുന്നു അലക്സാന്‍ഡ്രിയായിലെ ഫീലോ. അദ്ദേഹമെഴുതി: "സാബത്തുദിവസം പണി ചെയ്യാതിരിക്കുന്നതു അലസതയെ പ്രോത്സാഹിപ്പിക്കാനല്ല… അതിന്‍റെ ലക്ഷ്യം അന്തമില്ലാത്ത അദ്ധ്വാനത്തില്‍ നിന്നു വിശ്രമമെടുക്കാനും വിശ്രമിച്ചു ശരീരം നവീകരിച്ചു ജോലിക്കു വേണ്ടിയാണ്." ഫീലോയുടെ ഈ വാദം ബൈബിളിനോട് എന്നതിനേക്കാള്‍ അരിസ്റ്റോട്ടലിനോടു കടപ്പെട്ടിരിക്കുന്നു. വിശ്രമം ശരീരത്തിന്‍റെ പുനര്‍നവീകരണത്തിന് ആവശ്യമാണ് എന്നതു ശരിയാണ്. പക്ഷേ, സാബത്തിന്‍റെ അര്‍ത്ഥലക്ഷ്യങ്ങള്‍ അതല്ല.

ജോലിക്കു വേണ്ടിയല്ല വിശ്രമം, ജീവിതത്തിനുവേണ്ടിയാണ്. സൃഷ്ടിയുടെ അവസാനമാണു സാബത്തു സൃഷ്ടിക്കുന്നത്. ജോലി ദിവസങ്ങള്‍ സാബത്തിനുവേണ്ടിയാണ്, മറിച്ചല്ല. ഏഴാം ദിവസം വിശുദ്ധ ദിനമാണ്. ആ ദിനം എല്ലാ വ്യാപാരചിന്തയില്‍ നിന്നും മാറിനില്ക്കുന്നതു "വിശുദ്ധി"യില്‍ വസിക്കാനാണ്. ആത്മാവിന്‍റെ ആനന്ദത്തിനും മൗനത്തിനുംവേണ്ടി എല്ലാം പരിത്യജിച്ചു "നിത്യത"യുടെ ദേവാലയത്തില്‍ കഴിയുന്നു. അതു സ്ഥലത്തിന്‍റെ ദേവാലയത്തേക്കാള്‍ കാലത്തിന്‍റെ ദേവാലയവുമാണ്. നിത്യതയുടെ നിഴലായ കാലത്തില്‍ ദൈവത്തിനും മനുഷ്യനും ഒന്നിക്കാവുന്ന സ്നേഹത്തിന്‍റെ വസതിയൊരുക്കുന്നു.

നാഗരികത ഭൂമിയെ കീഴടക്കുന്നതും മൃഗങ്ങളുടെ മേല്‍ ആധിപത്യം ഉണ്ടാക്കുന്നതുമാണ്. ഇതു ശാസ്ത്ര-സാങ്കേതികവിദ്യയുടെ വിജയമാണ്. എന്നാല്‍ ലോകത്തിന്‍റെ മേലുള്ള ആധിപത്യം നമുക്കു വിജയമാകാതെ പരാജയമായി മാറിയ ഒരു നാഗരികതയില്‍ നാം വസിക്കുന്നു. നാം കീഴടക്കി എന്നു കരുതുന്നവ നമ്മെ കീഴടക്കിയിരിക്കുന്നു. ശാസ്ത്ര-സാങ്കേിക വിദ്യകള്‍ക്കു നാം വിധേയമായി, നാം അവയുടെ അടിമകളായി. വിശുദ്ധ ദിനം നമ്മുടെ സ്വാതന്ത്ര്യത്തിന്‍റെ അഭയഗേഹമാണ്. അനുദിന ആകുലതകളില്‍ അലയുന്നതില്‍ നിന്നു മാറി നിത്യതയുടെ നിമിഷത്തില്‍ ചലനരഹിതമായ ഒരു ദിനം. സാബത്തു ദിവസം നീ അടുപ്പില്‍ തീ പൂട്ടരുത് (പുറ. 35:3). അനുദിന വിവാദങ്ങളുടെയും കോപത്തിന്‍റെയും തീ കത്തിക്കരുത്. ആകുലതകളും മതിഭ്രമങ്ങളും അടക്കി സത്യസന്ധമായ ആത്മാവബോധത്തില്‍ വസിക്കുക. എല്ലാ ബന്ധങ്ങളില്‍ നിന്നും മാറി ദൈവികതയില്‍ വസിക്കുക. പണിയുടെയും അങ്കത്തിന്‍റെയും അനുദിനത്തില്‍ നിന്നു പുറപ്പെട്ടു പോയി കാലം കടന്നുപോകുമ്പോഴും കടന്നുപോകാത്ത വിശ്രമത്തിന്‍റെ ദ്വീപില്‍ കഴിയുക.

യഹൂദര്‍ നൂറ്റാണ്ടുകള്‍ സാബത്ത് ആചരിച്ചതു സിനഗോഗുകളില്‍ വേദവായനയിലാണ്. ക്രൈസ്തവരുടെ ഞായറാഴ്ചയാചരണത്തിലെ വി. കുര്‍ബാനയിലും സാബത്തു വായനകളുടെ പാരമ്പര്യം നിലനിര്‍ത്തിയിരിക്കുന്നു. വേദഗ്രന്ഥത്തില്‍ വസിച്ചവരായിരുന്നു യഹൂദര്‍. അവര്‍ക്ക് അവരുടേതായ നാടുണ്ടായിരുന്നില്ല. അവര്‍ക്ക് അവരുടേതായ പുസ്തകമുണ്ടായിരുന്നു. അതായിരുന്നു അവരുടെ അനന്യതയുടെ ഭവനം. വേദഗ്രന്ഥം വെളിപാടിന്‍റെ ഭാഷണമാണ്. ദൈവത്തിന്‍റെ വെളിപാട് എന്ത് എന്നും എങ്ങനെ സംഭവിച്ചു എന്നും അവിടെ പറയുന്നു. ബൈബിളിന്‍റെ വിശുദ്ധ വചനങ്ങളില്‍തന്നെ അവര്‍ വസിച്ചു, വായിച്ചു. വേദഭാഷ കാവ്യമാണ്. സ്വപ്നങ്ങള്‍ കര്‍മങ്ങളാകുന്നതു വേദവായനയിലാണ്. അതു പറയുന്നതിലും അധികം പറയുന്നു; അഥവാ ധ്വനിപ്പിക്കുന്നു. അത് അനുദിനത്തിന്‍റെ കാലഘടന റദ്ദാക്കി മറ്റൊരു ദിവ്യമായ കാലഘടനയില്‍ പ്രവേശിക്കുന്നു.

ആത്മീയകാര്യങ്ങള്‍ വ്യാപാരഭാഷയില്‍ പറയാനാവില്ല. അതു പറയുന്ന ഭാഷ ഒന്നും പറയുന്നില്ല, പറയാതെ ചിലതു വ്യംഗ്യമായി സൂചിപ്പിക്കുന്നു. ദൈവവചനം ധ്യാനചിന്തയുടെ വിഷയം എന്നതിനേക്കാള്‍ ചരിത്രമാകേണ്ട വചനങ്ങളാണ്. അവ നീതിയുടെ നടത്തിപ്പാണ്, സ്നേഹത്തിന്‍റെ മാംസധാരണമാണ്, സത്യത്തിന്‍റെ സംഭവങ്ങളാണ്. ദൈവവചനത്തിന്‍റെ ചരിത്രത്തിലാണു വെളിപാടു വായിച്ചറിയുന്നതും. വെളിപാടു വരുന്നതു ദൈവന്വേഷണത്തില്‍നിന്നല്ല. ദൈവം മനുഷ്യനെ തേടിയ കണ്ടെത്തലിലാണ് വെളിപാട്. പ്രവാചകന്‍ ദൈവത്തിനുവേണ്ടി തപ്പിത്തടയുന്നവരല്ല. ദൈവവചനം പ്രവാചകനെ കണ്ടെത്തുകയാണ്. വചനത്തില്‍ വസിക്കുകയെന്നതാണു വിശുദ്ധ ദിനാചരണത്തിന്‍റെ കാതല്‍.

ഒരു ഭക്തന്‍ സാബത്തില്‍ തന്‍റെ തോട്ടത്തിലൂടെ ഉലാത്തുകയാണ്. തോട്ടത്തിന്‍റെ ശക്തമായ വേലി ഒരിടത്തു പൊളിഞ്ഞുകിടക്കുന്നതു കണ്ടു. അതിലൂടെ തോട്ടത്തില്‍ കടന്നു ഫലങ്ങള്‍ എടുക്കാം എന്നു മനസ്സിലായി. സാബത്തു കഴിഞ്ഞ് അതു ശരിയാക്കാം എന്നു തീരുമാനിച്ചു. സാബത്തു കഴിഞ്ഞപ്പോള്‍ സാബത്തില്‍ എടുത്ത തീരുമാനമായതുകൊണ്ട് അതു നടപ്പിലാക്കണ്ട എന്നു തീരുമാനിച്ചു; വേലി പൊളിഞ്ഞു കിടന്നു. വേലികള്‍ നാം തുറന്നിടണം.

വിശുദ്ധ സ്തനിസ്ലാവൂസ് കോസ്‌ക്ക (1550-1568) : നവംബര്‍ 13

വിശുദ്ധ ജോസഫാത്ത് കുന്‍സേവിച്ച് (1580-1623) : നവംബര്‍ 12

ഫാ. സുനില്‍ പെരുമാനൂര്‍, അഡ്വ. സിസ്റ്റര്‍ ജ്യോതിസ് SD എന്നിവര്‍ ജൂവനൈല്‍ ജസ്റ്റീസ് ബോര്‍ഡ് അംഗങ്ങളായി നിയമിതരായി

തൈക്കാട്ടുശ്ശേരി സെന്‍റ് പോള്‍സ് പള്ളി സുവര്‍ണ്ണ ജൂബിലി സമാപിച്ചു

ടൂര്‍സിലെ വിശുദ്ധ മാര്‍ട്ടിന്‍ (316-397) : നവംബര്‍ 11