ചിന്താജാലകം

മനഃസാക്ഷിയുടെ ശബ്ദം

മനുഷ്യന്‍റെ ആത്മാവബോധം കുറ്റബോധത്തിന്‍റെയുമാണ്. ഏതെങ്കിലും കുറ്റം ചെയ്തതിന്‍റെ പാപബോധമല്ല. മനുഷ്യന്‍ അന്തമില്ലാത്ത സാദ്ധ്യതകളുടെ ചക്രവാളത്തിനു മുമ്പിലാണ്. ആയിത്തീരാനുള്ള സാദ്ധ്യതകളുമായി ജീവിക്കുമ്പോള്‍ ആകാവുന്നത് ആയില്ല, സാദ്ധ്യതകളുടെ ആയിത്തീരലില്‍ പരാജയപ്പെട്ടു എന്ന ബോധം പ്രാഥമികമാണ്. മാത്രമല്ല, ഈ സാദ്ധ്യതകള്‍ ദാനമായി വന്നു, ആ ദാനങ്ങളോടുള്ള കടപ്പാടും ഈ കുറ്റബോധത്തില്‍ വരുന്നു.

ആയിത്തീരലിന്‍റെ തലത്തില്‍ മനുഷ്യന്‍ പാരമ്പര്യങ്ങളോടും തഴക്കങ്ങളോടും മാമൂലുകളോടും രാജിയായി അവയില്‍ ചടഞ്ഞുകൂടുന്ന പ്രവണതയുണ്ട്. ഇത് ആള്‍ക്കൂട്ടത്തിന്‍റെ പൊതുവഴിയോടു പൊരുത്തപ്പെടുന്ന പ്രവണതയാണ്. ഇവിടെ ബോധപൂര്‍വമായ തീരുമാനമില്ല, അബോധപൂര്‍വമായ കാലിക്കൂട്ടത്തോടു പൊരുത്തപ്പെടുന്ന വെറും അനുധാവനമാണ്. കാലികളില്‍ ഒന്നാകുന്ന നടപടി. അതു സ്വാതന്ത്ര്യത്തിന്‍റെ ഭാരം ഇറക്കിക്കളഞ്ഞ് ഉത്തരവാദിത്വരഹിതമായി ജീവിക്കുന്ന ശൈലിയാണ്.

എന്നാല്‍ കാലിക്കൂട്ടത്തിന്‍റെ സംഘാതസമ്മര്‍ദ്ദത്തില്‍നിന്നു സ്വയം ഉത്തരവാദിയാകുമ്പോള്‍ ഒരുവന്‍ നിശ്ശബ്ദമായി തീരുമാനിക്കാന്‍ തുടങ്ങുന്നു. ഈ നിശ്ശബ്ദതയിലേക്കു മടങ്ങി താന്‍ തന്നെയാകലാണ് പ്രധാനം. ഈ നിശ്ശബ്ദതയില്‍ മുഴങ്ങുന്ന ശബ്ദമാണ് മനഃസാക്ഷിയുടെ സ്വരം. ഈ സ്വരത്തിന്‍റെ അഥവാ വിളിയുടെ അങ്ങേവശത്ത് എന്ത് എന്നു വ്യക്തമല്ല. അതു കേള്‍ക്കപ്പെടുകയാണ്. ആ വിളി എന്നിലാണ്, പക്ഷേ, എന്നില്‍ നിന്ന് അകലെ എനിക്കു മീതെ വരുന്നു. എന്നിലെ ആ ശബ്ദം എന്‍റെയല്ല.

ഈ വിളി ആസൂത്രണമോ കണക്കാക്കലോ അല്ല. അത് ആസൂത്രണതന്ത്രങ്ങളുമായി ബന്ധപ്പെട്ടതല്ല. അതൊരു ശ്രദ്ധയാണ്. എനിക്ക് എന്നിലുള്ള ശ്രദ്ധ, എന്നെക്കുറിച്ച് എനിക്കുള്ള ആകാംക്ഷയുമാണ്. മനഃസാക്ഷി ഒരു അന്തര്‍ദര്‍ശനമാണ്; അത് എന്നിലെ എന്‍റെ ആദിയുമായി ബന്ധപ്പെടുന്നു. എന്‍റെ അടിസ്ഥാനം എന്നിലല്ല എന്ന അറിവ്; എനിക്ക് അടിസ്ഥാനമില്ല എന്ന ബോധം.

മനഃസാക്ഷി അന്യമായ ഒന്നിന്‍റെ എന്നിലെ സ്വാധീനമാണ്. ലോകത്തില്‍ ആയിരിക്കുമ്പോള്‍ ആയിത്തീരലില്‍ അന്യമായ ഒരു ശബ്ദസാന്നിദ്ധ്യമുണ്ട്. രണ്ടു ബിന്ദുക്കളില്‍ വലിച്ചുകെട്ടിയ നേര്‍രേഖയുടെ ചരടുപോലെ അതു ജീവിതത്തിന്‍റെ ആഴവും പരപ്പും സൃഷ്ടിക്കുന്നു. മനുഷ്യന്‍ ജീവിതം മുഴുവന്‍ ഒരു രോഗംപോലെ സഹിക്കേണ്ട വലിയ ആകാംക്ഷയാണിത്. എന്‍റെ അസ്തിത്വം ഞാന്‍ ഏറ്റെടുക്കാനുള്ള വിളി. ഈ വിളി എന്‍റെ കാമനകളെ കടന്നാക്രമിക്കും. ജീവിതത്തിന്‍റെ വേരുകളെ നിയന്ത്രിക്കുന്നു. മനഃസാക്ഷി പറയുന്നത് ഒന്നു മാത്രം. നീ നീതന്നെയായിത്തീരണം. നാം ചിരിത്രത്തിലാണ്, ചരിത്രത്തില്‍ ഉത്തരവാദിത്വമുണ്ട് എന്നു മനഃസാക്ഷി പറയുന്നു.

മനഃസാക്ഷി എന്നത് ഒരു സാക്ഷിയാണ്; രക്തസാക്ഷിപോലെ. രക്തസാക്ഷിയുണ്ടാകുന്നത് ഏതെങ്കിലും അപകടം മൂലമല്ല. ഒരുവന്‍ സാക്ഷിയായതുകൊണ്ടാണു രക്തസാക്ഷിയാകുന്നത്. മൃത്യുബോധം സാക്ഷിയുടെ ആകാംക്ഷയുമായി ബന്ധപ്പെട്ടതാണ്. സാക്ഷിയാകുക കോടതിയുടെ മാത്രം പ്രശ്നമല്ല. ജീവിതത്തിലുടനീളം സാക്ഷിയാകുകയാണ് അതു മരണഭയത്തെയും നേരിടുന്നു. മനസ്സില്‍ ഉയരുന്നത് ഒരു ധാര്‍മ്മികശബ്ദമാണ് – അപരനില്‍നിന്നും അപരനുവേണ്ടിയും. ബലിയാണ് അസ്തിത്വത്തിനുള്ളിലെ ശുദ്ധമായ വിളിയുടെ അനുഭവം. മനഃസാക്ഷിയുടെ അനുഭവം മരണത്തിനു മുമ്പില്‍ നില്ക്കുന്നവന്‍റെയാണ്. അതു രക്തസാക്ഷി അനുഭവിക്കുന്ന നിശ്ശബ്ദതയാണ്. മരണബോധം ജീവിതത്തിന് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നു. മരണമാണല്ലോ ജീവിതത്തിന്‍റെ നിര്‍വചന ബിന്ദു. ഓരോ മനുഷ്യനും സംവഹിക്കുന്ന ഒരു സുഹൃത്തിന്‍റെ ശബ്ദമാണു മനഃസാക്ഷി. അതൊരു അസ്തിത്വമാണ്; അപരനെ പ്രതിയുള്ള എന്നിലെ കുറ്റബോധം. മനഃസാക്ഷിയില്‍ ഉയരുന്നത് ഒരു ധാര്‍മ്മിക ശബ്ദമാണ് – അപരനില്‍നിന്നുള്ളതും അപരനുവേണ്ടിയുള്ളതുമായ വിളി.

പുതിയ കാലത്തെ 'നല്ല സമരിയക്കാരൻ' ആരായിരിക്കും?

ബംഗ്ലാദേശിലേക്കു പ്രത്യാശയുടെ സന്ദേശവുമായി വത്തിക്കാന്‍ അധികാരി

വിവാദ വിഷയങ്ങൾ : [Controversial Issues]

🎯 Priscilla & Aquila : The Teaching Tent!!! (Romans 16:3-5; Acts 18:1-3)

🔥Agnel: The Real-Life 'Aqua-Girl;