ചിന്താജാലകം

ഞാന്‍ എനിക്കു ഭാരമായി

പോള്‍ തേലക്കാട്ട്‌

''ഇന്നു നമുക്ക് അനുഭവത്തിന്റെ പുസ്തകം വായിക്കാം'' ക്ലെയര്‍ വോയിലെ ബര്‍ണാര്‍ദ്ദിന്റെയാണീ വാചകം. പാട്ടുകളുടെ പാട്ടിനെക്കുറിച്ചുള്ള വ്യാഖ്യാന പ്രസംഗത്തില്‍നിന്ന്. അനുഭവമാണ് അനിവാര്യമായി വായിക്കേണ്ടത്, മറ്റൊന്നും വായിച്ചില്ലെങ്കിലും. അഗസ്റ്റിന്‍ തന്റെ ആത്മകഥയുടെ പത്താം പുസ്തകത്തില്‍ എഴുതി, ''ഞാന്‍ എനിക്കൊരു ഭാരമായി.'' ഇതു നാം നിരന്തരം കേള്‍ക്കുന്നു. സ്വന്തം ജീവിതം ഭാരമായി എന്നു പറുയന്നവര്‍ ചുരുക്കമാകാം. അപരന്‍ ജീവിതത്തി ന്റെ ഭാരമായി എന്നു പറയുന്നവര്‍ ധാരാളമാണ്. അഗസ്റ്റിന്‍ പിന്നെയും എഴുതി, ''ഞാന്‍ എനിക്കൊരു ചോദ്യമായി മാറി.''

പൗലോസ് ഗലാത്തിയക്കാര്‍ക്ക് എഴുതി, ''ഞാന്‍ അസ്വസ്ഥനാണ്'' (ഗലാ. 4:20). അഗസ്റ്റിന്റെ അങ്കലാപ്പും അസ്വസ്ഥതയും തന്നെക്കുറിച്ചാണ്. പൗലോസിന്റെ അസ്വസ്ഥത അപരനെക്കുറിച്ചാണ്. ജീവിതത്തെക്കുറിച്ചും മരണത്തെക്കുറിച്ചും ലോകാവസാനത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും അസ്വസ്ഥരാകാം. പൗലോസ് തെസ്സലോനിക്കക്കാര്‍ക്ക് എഴുതി ''മറ്റുള്ളവരെപ്പോലെ ഉറങ്ങിക്കഴിയാതെ ഉണര്‍ന്നു സുബോധമുള്ളവരായിരിക്കുക'' (5:6). ഇതൊക്കെ കാണിക്കുന്നതു നാം ലോകത്തിലെ ഒരു വസ്തുപോലെയല്ല; നാം ബോധമുള്ളവരാണ്. ഈ ബോധം തന്നെയാണ് നമ്മെ ചോദ്യം ചെയ്യുന്നതും. യോഹന്നാന്റെ സുവിശേഷത്തില്‍ യേശു വന്നതു ചോദ്യം ചെയ്യാനാണ് (9:39) എന്നു വ്യക്തമാക്കുന്നു. മനുഷ്യന് മരംപോലെ ജീവിക്കാനാവില്ല. താനൊരു മരമായി എന്ന വല്ലാത്ത അസ്വസ്ഥയും വേദനയും വേട്ടയാടുന്നു. ജീവിതം ശരീര ശാസ്ത്രമല്ല. ആകാക്ഷയും ആകുലതയും നമ്മുടെ കൂടെ പിറക്കുന്നു. ഭാവിയുമായി ബന്ധപ്പെടാതെ വര്‍ത്തമാനം ജീവിക്കാനാവില്ല. ഭൂതത്തിന്റെ ഓര്‍മ്മയില്ലാതെ വര്‍ത്തമാനത്തില്‍ നീങ്ങാനാവില്ല.

ഞാന്‍ എന്റെ മുമ്പില്‍ ചോദ്യചിഹ്നം പോലെ നിറുത്തപ്പെടുന്നു. ഇവിടെ ദൈവത്തിന്റെ മുമ്പിലും ഇങ്ങനെ നിറുത്തപ്പെടാം. ഇതല്ലേ മതജീവിതം! ഇതാണ് ആത്മീയത. ഞാന്‍ എന്റെ ജീവിതത്തെ നേരിടണം. ജീവിതവുമായി നിരന്തരം ബന്ധപ്പെടുമ്പോള്‍; ഞാന്‍ എന്നെ നോക്കുമ്പോള്‍ ജീവിതത്തിന്റെ പല കാര്യങ്ങളും അവ്യക്തമായിരി ക്കുന്നു - ആശങ്കാജനകമാണ്. ജീവിതത്തിന്റെ വഴിയില്‍ നിലപാടുകളും തീരുമാനങ്ങളും എടുക്കേണ്ടി വരുന്നു. അപ്പോഴാണ് ജീവിതം ഗൗരവമാകുന്നത് ഉത്തരവാദിത്വ പൂര്‍ണ്ണമാകുന്നത്. സിദ്ധാന്തങ്ങളോ വിശ്വാസങ്ങളോ ഒന്നുമില്ലാതെ ജീവിതത്തെ നോക്കി കാണണം; ജീവിതത്തോടു നിലപാട് എടുക്കണം. ജീവിതത്തിന്റെ വഴി വൈവിധ്യങ്ങളുടെ സാധ്യതകളുടെ വഴിയാണ്. ഏതു വഴി വേണം എന്നു ചോദിക്കാതിരിക്കാനാവില്ല. പല പ്രലോഭനങ്ങള്‍ എന്നാല്‍ പല സാധ്യതകളാണ്. അവിടെ ഞാന്‍ തിരഞ്ഞെടുക്കണം. ഒന്നൊഴികെ എല്ലാം വെടിയണം.

എനിക്കു ഞാന്‍ ഭാരമാകുന്നതും, എന്റെ മരണം എന്നെ ഭയപ്പെടുത്തുന്നതും, ഞാന്‍ ചോദ്യങ്ങളുടെ മുമ്പില്‍ വിറകൊള്ളുന്നതും മറ്റാരും കാണുന്നില്ല. ജീവിക്കുന്നവരെ കാണുന്നു. പക്ഷെ, ജീവിതം കാണുന്നില്ല. ജീവിതം അദൃശ്യമാണ്. ഒരാള്‍ പറയാതെ അയാളുടെ ജീവിതം അറിയാനാവില്ല. കാണാനാവാത്ത ജീവിതം അരങ്ങേറുന്നത് ബോധമണ്ഡലത്തിലാണ്. അത് എന്റെ സ്വകാര്യതയാണ്; ആന്തരികതയാണ്. ആരും കാണാത്ത എന്റെ ജീവിതം. അത് എന്റെ ബോധമണ്ഡലമാണ്. അതു തുറക്കാതെ മറ്റാര്‍ക്കും പ്രവേശനമില്ല. ഇത് എന്റെ രഹസ്യമാണ്. എന്താണ് എന്റെ ആന്തരികത?

മനുഷ്യന് തന്നില്‍ത്തന്നെയല്ലാതെ മറ്റൊരറിവും ലഭ്യമല്ല. മനുഷ്യന്റെ എല്ലാ അന്വഷണങ്ങളുടെയും അറിവിന്റെയും ശ്രോതസ്സ് തന്റെ തന്നെ ബോധമാണ്. ഈ ബോധം ഞാന്‍ സ്വയം ഉണ്ടാക്കുന്നതല്ല എനിക്കു നല്കപ്പെടുന്നതാണ്. മാംസമാണ് ഞാന്‍. എന്റെ മാംസം എന്നെ അറിയുന്നു. മാംസം മാംസത്തില്‍ ബോധമാകുന്നു. ഈ മാംസത്തിന്റെ ബോധത്തിന്റെ അതിഭൗതിക അവസ്ഥയണ് ഈശ്വരന്‍. മനു ഷ്യനെ സംബന്ധിച്ചിടത്തോളം അവന്റെ അകവും പുറവും ഭിന്നമാണ്. പുറം ലോകമാണ്; ദൃശ്യമാണ്. അകം ആന്തരികതയാണ്, അദൃശ്യമാണ്. ജീവിതം അകത്താണ് - അദൃശ്യമാണ്. ലോകത്തിന്റെ വസ്തുനിഷ്ഠമായ സത്യവും അകത്തിന്റെ വ്യക്തിനിഷ്ഠമായ സത്യ വും രണ്ടാണ്. അനുഭവം അകത്താണ്, അകത്തിലാണ്. അകമില്ലാതെ ജീവിതമില്ല - അവന്‍ ഉറക്കത്തിലാണ്. അനുഭവത്തിന്റെ വൈകാരികത കാണാനാവില്ല. ഗ്രീക്ക് സംസ്‌കാരം ഈ ആന്തരികമായ വൈകാരികതയെ പാത്തോസ് എന്ന വികാരപരമായ പേരു നല്കി. അതിനര്‍ ത്ഥം സഹനം, വേദന എന്നാണ്. അതാണ് ജീവിതത്തിന്റെ അനുഭവ സത്ത.

ഈ സഹനദുഃഖങ്ങളുടെ വൈകാരികതയിലാണ് ജീവിതത്തിന്റെ മനസ്സിലാകല്‍ പ്രകാശിതമാകുന്നത്. അവിടെ അത് നല്കപ്പെടുകയാണ്. അതു സ്വയം കണ്ടെത്തുന്ന വിചിത്രാനുഭവമായും നല്കപ്പെടുന്നു. എന്നിലെ മാംസം മാംസത്തിലേക്കു മടങ്ങിയാണ് സ്വയം വെളിവാകുന്നത്. ജീവിതം ജീവിതാനുഭവമായി വെളിവാകുകയാണ്. മാം സം അതിന്റെ തന്നെ അനുഭവത്തിലൂടെ വചനമായി, ഭാഷയായി മാറു ന്നു; നല്കപ്പെടുന്നു. ജീവിതത്തിന്റെ പുറത്തേക്ക് ജീവിതം ഭാഷയായി വചനങ്ങളായി സംസാരിക്കുന്നു. ആന്തരികതയില്‍ ഭാഷണത്തിന്റെ സത്യം പിറന്നു വീഴുന്നതായി തിരിച്ചറിയുന്നു. ഈ ആന്തരികത അവതരിക്കുമ്പോഴും കാണപ്പെടുന്നില്ല. അതിനെ നോക്കാനാവില്ല. അതു ദൃശ്യമല്ല, കേള്‍ക്കാനാവും വെളിപാടാണ് എന്നില്‍ സംഭവിക്കുക. അതു കാണാനാവാതെ കേള്‍വിയായി മാറുന്നു. ജീവിക്കുക എന്നാല്‍ ജീവിതാനുഭവത്തിനു വിധേയമാകുകയാണ്. അതു ലോകത്തേയും സൃഷ്ടികളേയും മനസ്സിലാക്കുന്നതാണ്. അവിടെ ധര്‍മ്മവും മൂല്യങ്ങളും വെളിവാകുന്നു. കര്‍മ്മത്തിന്റെ വ്യാകരണമായി ധര്‍മ്മം മാറുന്നു. ഇതൊക്കെ അനുഭവിക്കുന്നവന്‍ ഈ ലോകത്തിന്റെയല്ല എന്ന് ബോധ്യമാകുന്നു.

ഏതോ രാത്രിയുടെ അഗാധതയില്‍ മാംസം ഭാഷയാകുന്നു - വചനമാകുന്നു. നൂറ്റാണ്ടുകള്‍ക്കു മുമ്പ് തെര്‍ത്തുല്യന്‍ എഴുതി മാംസം വിജാഗിരിയാണ് Caro est Cardo - വിജാഗിരി തുറക്കുന്ന വാതിലാണ് സൂചിപ്പിക്കുന്നത്. മാംസം തുറക്കുന്നു എങ്ങോട്ട് - ദൈവത്തിലേക്ക്. ഞാന്‍ എന്നെ അതിലംഘിക്കുന്നതും എന്നിലുണ്ട്. അഹം അഹത്തിനെതിരായി തിരിയുന്നു. ഈ തിരച്ചില്‍ അകത്തു നിന്നുണ്ടാകുന്നു. വിശദീകരണമില്ല. എന്നില്‍ എന്നെ നിഷേധിക്കുന്നത് ഉണരുന്നു. ''എ ന്തുകൊണ്ട് എന്നെ ഉപക്ഷിച്ചൂ'' എന്ന് ചോദിക്കണോ? അത് എന്നിലുണ്ട്. ജീവന്‍ കൊടുക്കുന്നതു ജീവനിലുണ്ട് - ഒരു ധര്‍മ്മമാണ് അക ത്ത് വെളിവാകുന്നതും മാംസം വിജാഗരിയായി നിന്നിലേക്കു തുറക്കുന്നു - ഞാനില്ല നീയുണ്ട്.

എഞ്ചിനീയറിംഗ് പ്രവേശന നടപടികള്‍ ത്വരിതപ്പെടുത്തണം:

പൊഫ. എം പി പോള്‍ 73-ാം ചരമവാര്‍ഷികാചരണം നടത്തി

വിശുദ്ധ ജോണ്‍ ഗാള്‍ബര്‍ട്ട്  (985-1073) : ജൂലൈ 12

ഇന്‍ക്ലൂസിസ് ഐ ടി പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

കടലുകൾ കടന്ന് മലയാളികളുടെ പ്രിയപ്പെട്ട ചാവറ മാട്രിമണി ഇനി അമേരിക്കയിലും