വിശുദ്ധ യൗസേപ്പ് : മാര്‍ച്ച് 19

വിശുദ്ധ യൗസേപ്പ് : മാര്‍ച്ച് 19
മാതാവു കഴിഞ്ഞാല്‍ വിശ്വാസികള്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്ന വിശുദ്ധന്‍ വി. യൗസേപ്പാണ്. വി. തെരേസ (ആവില) കര്‍മ്മലീത്താസഭയുടെ മദ്ധ്യസ്ഥനും സംരക്ഷകനുമായി തിരഞ്ഞെടുത്തത് വി. യൗസേപ്പിനെയാണ്. മെയ് 1-ാം തീയതിയാണ് തിരുന്നാള്‍. വി. യൗസേപ്പ് 'നല്ല മരണത്തിന്റെ മദ്ധ്യസ്ഥനും' കൂടിയാണ്.

വി. യൗസേപ്പ്, സാക്ഷാല്‍ ദൈവപുത്രന്റെ അമ്മയായ കന്യകാ മറിയത്തിന്റ തിരഞ്ഞെടുക്കപ്പെട്ട ഭര്‍ത്താവാണ്. ദൈവപുത്രന്റെ, അഥവാ ദൈവത്തിന്റെ തന്നെ തിരഞ്ഞെടുക്കപ്പെട്ട വളര്‍ത്തുപിതാവാണ്. ഈ ഭാഗ്യങ്ങള്‍ ലഭിച്ച ലോകത്തിലെ ഏക വ്യക്തിയാണ് വി. യൗസേപ്പ്. ദൈവത്തിന്റെ രക്ഷാകര ദൗത്യത്തിന്റെ ദൃക്‌സാക്ഷികൂടിയാണ് അദ്ദേഹം.
വചനം മാംസമാകുന്നതിനു മുമ്പേ യൗസേപ്പിന്റെ തിരഞ്ഞെടുപ്പുനടന്നു. പരിശുദ്ധ കന്യകയെയും ദൈവപുത്രനായ ഈശോയെയും സംരക്ഷിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട 'നീതിമാനായ' മനുഷ്യനായിരുന്നു വി. യൗസേപ്പ്.
യൗസേപ്പിനെപ്പറ്റി വളരെയേറെ കാര്യങ്ങളൊന്നും ലഭിച്ചിട്ടില്ല. വി.മത്തായിയുടെയും വി. ലൂക്കയുടെയും സുവിശേഷങ്ങളിലെ ആദ്യത്തെ രണ്ട് അദ്ധ്യായങ്ങളിലുള്ളതാണ് നമുക്കു ലഭിച്ചിട്ടുള്ള ആധികാരിക രേഖകള്‍, ഈശോ ദാവീദിന്റെ വംശത്തില്‍ ജനിക്കാനിരുന്നതുകൊണ്ട്, യൗസേപ്പ് സ്വാഭാവികമായും ദാവീദിന്റെ വംശത്തില്‍ നിന്നായിരിക്കണം.
കന്യകാമേരിക്കും ഭര്‍ത്താവായ ജോസഫിനും ദൈവം കരുതി വച്ചിരുന്നത് പീഡാനുഭവങ്ങളാണ്. ദൈവപുത്രന്റെ അച്ഛനും അമ്മയുമാകാനുള്ള ഭാഗ്യത്തോടൊപ്പം കരുതിവച്ചിരുന്നത് കുരിശുകളാണ്. മാതാവിനോടൊപ്പം, ഈശോയുടെ കുരിശുമരണം വരെ യൗസേപ്പിനു പോകേണ്ടിവന്നില്ല. 12-ാമത്തെ വയസ്സില്‍ ഈശോയെ ദൈവാലയത്തില്‍ വച്ചു കാണാതാവുകയും പിന്നീട് കണ്ടെത്തുകയും ചെയ്തശേഷം യൗസേപ്പി നെപ്പറ്റി കൂടുതല്‍ വിവരമൊന്നും ലഭിക്കുന്നില്ല. എന്നാലും മാതാവിന്റെയും ഈശോയുടെയും സാന്നിധ്യത്തില്‍, അവരുടെ ശുശ്രൂഷകള്‍ സ്വീകരിച്ചുകൊണ്ട് മരണം വരിക്കാനുള്ള ഭാഗ്യം ലഭിച്ച ഏകവ്യക്തിയും യൗസേപ്പാണ്. എവിടെ, എപ്പോള്‍ മരിച്ചെന്നും, എവിടെ സംസ്‌കരിച്ചെന്നും മറ്റുമുള്ള വിവരങ്ങള്‍ ലഭിച്ചിട്ടില്ല.
നീതിമാനും ഭാഗ്യവാനുമായ യൗസേപ്പിനെ കാത്തിരുന്നത് സഹന ങ്ങളുടെ ഒരു പരമ്പരയാണ്. മറിയത്തെ വിവാഹം ചെയ്ത് സംഗമിക്കുന്നതിനു മുമ്പേ ആദ്യത്തെ വെള്ളിടി വെട്ടി. മറിയം ഗര്‍ഭിണിയാണ്. ആ പാവം മനുഷ്യന്‍ എല്ലാ വിങ്ങലുകളും മനസ്സിലൊതുക്കി നാടുവിടാന്‍ ഒരുങ്ങി. ദൈവം തന്നെ നല്‍കിയ ആശ്വാസവാക്കുകളില്‍ പൂര്‍ണ്ണമായി വിശ്വസിച്ച്, എല്ലാം മറന്നു മുന്നോട്ടു പോയപ്പോള്‍ അതാ, മറിയത്തിനു പ്രസവസമയം വന്നു, പക്ഷേ, ഒന്നു സ്വസ്ഥമായി കിടന്നു പ്രസവിക്കാനുള്ള സൗകര്യം ഒരുക്കികൊടുക്കാന്‍ പോലും തന്നെ കൊണ്ടാവുന്നില്ല. കാലിത്തൊഴുത്ത് പ്രസവവാര്‍ഡായി.
അതിനുശേഷം, ഹേറോദേസില്‍ നിന്ന് ഉണ്ണിയേശുവിനെ രക്ഷിക്കാന്‍ വേണ്ടി ഈജിപ്തിലേക്കുള്ള പലായനം. 12-ാം വയസ്സില്‍ ഉണ്ണിയെ നഷ്ടപ്പെടുന്നു, വീണ്ടും ദൈവാലയത്തില്‍ വച്ചു കണ്ടുമുട്ടുന്നു. ഇങ്ങനെ, മരണം വരെ അസ്വസ്ഥതകള്‍ നിറഞ്ഞ ജീവിതം. എങ്കിലും, മാതാവിനെപ്പോലെ, യേശുവിന്റെ പീഡാനുഭവവും കുരിശുമരണവും നിസ്സഹായതയോടെ നോക്കി നില്‌ക്കേണ്ട ഗതികേട് യൗസേപ്പിനുണ്ടായില്ല.
ഏതായാലും നീതിമാനായ യൗസേപ്പിനെ വിശ്വാസികളെല്ലാം നെഞ്ചിലേറ്റി. മാതാവു കഴിഞ്ഞാല്‍ വിശ്വാസികള്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്ന വിശുദ്ധന്‍ വി. യൗസേപ്പാണ്. വി. തെരേസ (ആവില) കര്‍മ്മലീത്താസഭയുടെ മദ്ധ്യസ്ഥനും സംരക്ഷകനുമായി തിരഞ്ഞെടുത്തത് വി. യൗസേപ്പിനെയാണ്.

1870 ഡിസബര്‍ 8 ന് പോപ്പ് പയസ്സ് IX, ഒന്നാം വത്തിക്കാന്‍ കൗണ്‍സിലില്‍ വച്ച്, വി. യൗസേപ്പിനെ ആഗോള സഭയുടെ മദ്ധ്യസ്ഥനായി പ്രഖ്യാപിച്ചു. കൂടാതെ 1955-ല്‍ പോപ്പ് പയസ് XII വി. യൗസേപ്പിനെ 'തൊഴിലാളികളുടെ മദ്ധ്യസ്ഥനു'മാക്കി. മെയ് 1-ാം തീയതിയാണ് തിരുന്നാള്‍. വി. യൗസേപ്പ് 'നല്ല മരണത്തിന്റെ മദ്ധ്യസ്ഥനും' കൂടിയാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org