ടോം കെ. ജോസ്
അധ്യായം: ഇരുപത്തിയേഴ്
“പെരുന്നാളിന് മുന്ന് സെമിത്തേരി വൃത്തിയാക്കണം. സൈഡ് മൊത്തം കാടുകേറിക്കിടക്കുവാ.”
പാരിഷ് കൗൺസിൽ മീറ്റിംഗാണ് രംഗം. ചൂടേറിയ ചർച്ചകളാണ് നടക്കുന്നത്.
അയാൾ ഉദാസീനമായി ഇരിക്കുകയാണ്.
“സെമിത്തേരി വൃത്തിയാക്കിയാ പോരാ. ഒരു കപ്പേള വേണം. മരിച്ചടക്കിന് അന്യനാട്ടു കാരുവരുമ്പം നാണക്കേടാകും. നാല് കാലും നീല ടാർപ്പേം.” കുര്യാച്ചൻ ചേട്ടനും പതിവ് ഫോമിലാണ്.
“കുടുംബകല്ലറ ഇനി ഒരെണ്ണം കൂടിയേ ബാക്കിയുള്ളൂ.” കണക്കൻ ഷാജി ഓർമ്മിപ്പിച്ചു.
“അങ്ങനാണേ കപ്പേളേടെ കൂടെ അതിന്റെ പണീം കൂടെ നോക്കണം.”
“തിരുനാൾ നടത്താനുള്ളതു മാത്രമാണ് നമ്മുടെ കയ്യിൽ ഇപ്പോഴുള്ളത്. ഒരു പൊതുപ്പണിയെടുത്ത് സെമിത്തേരി വൃത്തിയാക്കി യാൽ പോരേ.” അയാൾ ഇടപെട്ടു.
“ഒരു പിരിവിട്ടാ മതി. കപ്പേള പണിയാനാന്നു പറഞ്ഞാ എല്ലാരും സഹകരിച്ചോളും.” മാമച്ചൻ ചേട്ടന് ഉറപ്പാണ്.
“അപ്പോൾ കുടുംബകല്ലറകളോ...?”
“അതിന് ആവശ്യ ക്കാരെ കണ്ടുപിടിച്ച് പൈസ അഡ്വാൻസ് മേടിക്കണം. രണ്ടെണ്ണ ത്തിന്റെ പൈസാ ഒണ്ടേൽ ഒരു പത്തെണ്ണമെങ്കിലും പണിയാം.” കുര്യാച്ചൻ ചേട്ടൻ പോം വഴി നിർദ്ദേശിച്ചു.
“കല്ലറ അഡ്വാൻസ് വാങ്ങി കൊടുക്കാനോ. അതിന് ഞാനില്ല.” അയാൾ തീർത്തു പറഞ്ഞു.
“പുണ്യോം സിദ്ധാന്തോം പറഞ്ഞോണ്ടിരുന്നാ ഒന്നും നടക്കൂല. അഡ്വാൻസായി മേടിക്കുന്നോർക്ക് ഒരയ്യായിരമോ പതിനായിര മോ എളച്ചുകൊടുത്താ എടുക്കാൻ ആളുണ്ടാകും. എല്ലാടത്തും ഇപ്പോ അങ്ങനെയാ ചെയ്യുന്നേ.” കുര്യാച്ചൻ ചേട്ടൻ വിശദീകരിച്ചു.
“എല്ലാവരും ചെയ്യു ന്നത് നമ്മൾ അതേ പടി ചെയ്യണമെന്നില്ല. കുടുംബക്കല്ലറ എന്ന സംവിധാനം തന്നെ ഇല്ലാതാക്കേണ്ട കാലം കഴിഞ്ഞു. അപ്പോഴാണ് അത് വച്ച് ബിസിനസ് നടത്തുന്നത്.” അയാൾക്ക് വിട്ടുകൊടു ക്കാൻ തോന്നിയില്ല.
“അച്ചൻ പിന്നെ എന്നാത്തിനാ ഇവിടെ ഇരിക്കുന്നെ. ഇന്നുവരെ എന്തേലും വികസനം ഇവിടെ ഉണ്ടാക്കിയോ. കുർബാനേടെ എടയ്ക്ക് വിപ്ലവം പറഞ്ഞാപ്പോരാ. എടവകയുടെ കാര്യം കൂടി നോക്കണം.”
അയാൾക്ക് പറഞ്ഞ യാളെ ശ്രദ്ധിക്കാതിരിക്കാ നായില്ല. ഊഹിച്ചതു പോലെ മാമച്ചൻ ചേട്ടൻ തന്നെ. മുഖത്ത് രോഷമിരമ്പുന്നു.
ആദ്യമായിട്ടല്ല പരമ പുച്ഛത്തോടെ ആളുകൾ ഈ വാക്ക് ഉച്ചരിച്ച് കേൾക്കുന്നത്. വീട്ടിത്തീരാത്ത എന്തോ പക എല്ലാവർക്കും ആ വാക്കിനോടുള്ളതുപോലെ. വിപ്ലവം എന്ന വാക്കിനോട്.
‘വിപ്ലവം’, ഉദ്ദേശശുദ്ധി പൂർണ്ണമായി മനസ്സിലാക്കാൻ സാധിക്കാതെ വരുന്ന എന്തിനെയും ആളുകൾ എളുപ്പത്തിൽ വിളിക്കുന്ന പേരാണത്.
ഉപരിനന്മയാണെന്നറി ഞ്ഞിട്ടും കടമയാണെന്ന് മനസ്സിലായിട്ടും അതിൽ നിന്നൊഴിയാനുള്ള ഏറ്റവും എളുപ്പ വഴി അതിനെ വിപ്ലവം എന്ന് വിശേഷിപ്പിക്കുന്നതാണ്.
മേജർ സെമിനാരി മുതൽ കേട്ടുതുടങ്ങിയതാണ് വീട്ടുപേരുപോലെ... വിപ്ലവം എന്ന വാക്ക്.
എഴുതിക്കൊടുത്ത ഞായറാഴ്ചപ്രസംഗത്തിൽ ഒരു തിരുത്തുപോലും രേഖപ്പെടുത്താതെ ആനിമേറ്ററച്ചൻ പ്രസംഗം തിരികെത്തന്നു.
“ഇതിലെ വിപ്ലവം എല്ലാം ഒഴിവാക്കി കൊണ്ടുവാ. എന്നിട്ടാകാം തിരുത്തൽ.”
“ഇതിലെന്താണ് വിപ്ലവം?” അയാൾക്ക് തന്റെ ചോദ്യത്തെ തടയാനായില്ല.
“അച്ചൻമാരൊരിക്കലും ഈശോയേക്കാളും റാഡിക്കലാകണ്ട. റിമൂവ് ആൾ ദ റാഡിക്കൽ തിംഗ്‌സ്. ദെൻ കം.”
കാര്യം പങ്കുവച്ചപ്പോൾ ഷെറിൻ കുടുകുടെ ചിരിച്ചു. “എന്റെ ജോണീ. നീയിത്രേം ആത്മാർത്ഥത കാണിക്കാതെ. ഇതങ്ങ് കീറിക്കളഞ്ഞിട്ട് ഒരു തട്ടിക്കൂട്ട് സാധനം കൊണ്ടു പോയിക്കൊടുക്ക്.”
അന്നു മുതൽ തുടങ്ങിയതാണ് ആ വാക്കിനോടുള്ള പ്രത്യേകസ്നേഹം. ഒരു ഇരട്ട സഹോദരനോടുള്ള ബന്ധം.
ഉപരിപഠനം കഴിഞ്ഞ് മടങ്ങി വന്നപ്പോൾ വൈദികകൂട്ടായ്മയിലും ആ വാക്ക് അയാൾക്ക് പകരമായി.
ഭാഗ്യത്തിന് ഇവിടെ അതെത്തിയിട്ടില്ലെന്ന് തോന്നുന്നു. പക്ഷേ ആരെങ്കിലും ആ വാക്ക് ഉച്ചരിച്ചു കേൾക്കുമ്പാൾ എന്തോ ഒന്ന് അയാളെ അസ്വസ്ഥനാക്കിയിരുന്നു.
“ബോഡി കൊണ്ടരാൻ ഒരു മഞ്ചലൂടെ മേടിക്കണം... ഇപ്പം മഞ്ചലില്ലാത്ത ഏതു പള്ളിയാ ഈ നാട്ടിലുള്ളേ.”
“അച്ചൻ സ്വർണ്ണക്കുരിശ് കൈകാര്യം ചെയ്തപോലെ ഇതും ചെയ്താമതി നടക്കും.”
“അച്ചൻ പള്ളീൽ പൊതുവായി പറഞ്ഞിട്ട് കമ്മറ്റിക്കാരെ വിട്ടാമതി. സംഗതി നടക്കും.”
“ആദ്യം കപ്പേളേം കുടുംബകല്ലറേം. എന്നിട്ടു മതി ബാക്കിയെല്ലാം.”
“ബാക്കിക്ക് കൊടിമരം സ്വർണ്ണം പൂശിയാലോ എന്നു കൂടി പറയല്ലേ...”
എല്ലാവരുടെയും ചിരി ചർച്ചയ്ക് വിരാമമിട്ടു.
ആദ്യമായി മരാമ ത്തിനൊരുങ്ങുകയാണ്. നടത്തു കൈക്കാരൻ മാമച്ചൻ ചേട്ടനാണ്.
ഒരു നിർമ്മാണത്തിനുമില്ലെന്ന് പ്രതിജ്ഞ എടുത്താണ് തിരുപ്പട്ടം സ്വീകരിച്ചത്. അച്ചൻമാരെ നിർമ്മാണത്തൊഴിലാളികളെന്നും കമ്മീഷൻ പറ്റുന്നവരെന്നും പരിഹസിക്കുന്നത് ധാരാളം കേട്ടാണ് വളർന്നത്. അന്നുമുതലുള്ള തീരുമാനമായിരുന്നു അത്. പക്ഷേ രക്ഷയില്ല. ആരൊക്കെയോ ചേർന്ന് ആ ചതിക്കുഴിയിലേക്ക് വലിച്ചിഴയ്ക്കുകയാണ്.
“കപ്പേള ലളിതമായിട്ടു നിർമ്മിച്ചാൽ മതി.” അയാൾ കൈക്കാരൻമാരോട് പറഞ്ഞു.
“ലളിതംന്നു പറഞ്ഞാ.” മാമച്ചൻ ചേട്ടന് സംശയം
“എന്നുപറഞ്ഞാൽ ആഡംബരം വേണ്ടാന്ന്. സിമന്റ് പൈപ്പിൽ കോൺക്രീറ്റ് നിറച്ച് തൂണാക്കാം. അങ്ങനെ പില്ലറിന്റെ പണി ഒഴിവാക്കാം. തറയിൽ ഓഫ് ടൈൽ മേടിച്ച് പതിപ്പിക്കാം. ഫെറോസിമന്റ് പാളികൊണ്ട് എളുപ്പത്തിൽ ചുറ്റുമതിലും പണിയാം.” അയാൾ വിശദീകരിച്ചു.
“പൊഴേന്ന് മണല് സംഘടിപ്പിക്കാം. എമ്പിടി പഞ്ചാരമണല് വന്നുകെടപ്പുണ്ട്.” കുര്യാച്ചൻ ഉത്സാഹത്തോടെ പറഞ്ഞു.
“കപ്പേള വാർക്കണ്ടേ.”
“വേണ്ട ഷീറ്റിട്ടാൽ ചെലവ് ചുരുക്കാം. അടിയിൽ ഫാൾസ് സീലിംഗ് കൊടുത്താൽ മതി. വെയ്റ്റും കുറയ്ക്കാം.”
“ഇതൊക്കെ കൈയ്യിലിരുന്നിട്ടാണോ. ഇത്രേം നാള് അനങ്ങാണ്ടിരുന്നേ.” മാമച്ചൻ ചേട്ടൻ പ്രശംസിക്കുംപോലെ പറഞ്ഞു.
മാമച്ചൻ ചേട്ടന്റെ ഉത്സാഹം നാട്ടുകാരിലേക്ക് പടർന്നു. കുടുംബകല്ലറ യ്ക്കുള്ള പത്തുകുഴിയും ശ്രമദാനമായി തീർത്തു. കിട്ടിയ കല്ലുകളെല്ലാം കല്ലൻ മത്തായി വാത്സല്യത്തോടെ കീറി. കപ്പേളയുടെ തറയും തൂണുമുയർന്നു. ചുറ്റുമതിലിന്റെ പണി കരാർ കൊടുത്തു.
മേൽക്കൂരയുടെ പണിക്കായി അളവെടുക്കുമ്പോൾ മാമച്ചൻ ചേട്ടൻ അടുത്തു വന്നു.
അത്യാവശ്യമായി ഒന്ന് നാടുവരെപോണം. ഒരു മരണം.
മാമച്ചൻ ധൈര്യമായിട്ട് പൊക്കോ. കൂട്ടുക്കൈക്കാരൻമാർ പ്രോത്സാഹിപ്പിച്ചു.
അയാൾ സമ്മത ഭാവത്തിൽ തലയാട്ടി.
വൈകുന്നേരം അപ്പച്ചൻമാസ്റ്റർ പണികൾ കാണാൻ വന്നു. വിശുദ്ധനാട് തീർത്ഥാടനം കഴിഞ്ഞുള്ളവരവാണ്. വന്നതേ ഒരു കവർ നീട്ടി.
“പേടിക്കണ്ട. ഒരു കാസയാണ്. ഒലിവ് തടി കൊണ്ട് നിർമ്മിച്ചതാ.” സ്വീകരിക്കാൻ വൈകിയപ്പോൾ പുഞ്ചിരിയോടെ പറഞ്ഞു.
സാറിനെകണ്ടതും കൈക്കാരൻമാർ ഓടി വന്നു. കാസ കണ്ടതും അവരുടെമുഖം വിടർന്നു. വിശുദ്ധനാട്ടിലെ വിശേഷങ്ങൾ തീർന്നപ്പോൾ സംസാരം കപ്പേളനിർമ്മാ ണത്തേക്കുറിച്ചായി.
“കപ്പേളയുടെ മേൽക്കൂരയും മഞ്ചലിന്റെ കാര്യവും ഞാനേറ്റു.” അപ്പച്ചൻ സാർ വാഗ്‌ദാനം ചെയ്തു.
പിറ്റേന്ന് തന്നെ ഇരുമ്പുപൈപ്പുകളും നിർമ്മാണസാമഗ്രികളും സൈറ്റിലെത്തി.
“ഈ കളറേ കിട്ടിയൊള്ളോ...” പച്ചനിറത്തി ലുള്ള ഷീറ്റ് അൺ ലോഡ് ചെയ്യുമ്പോൾ കുര്യാച്ചൻ ചേട്ടൻ വണ്ടിക്കാരനോട് ചോദിച്ചു.
“ഫോർസീറോ ഷീറ്റ് പച്ചനിറത്തിലാ സ്റ്റോക്കുണ്ടാരുന്നേ.” ഡ്രൈവർ വിനയത്തോടെ പറഞ്ഞു.
“നമ്മുടെ നാടിന് ചേർന്ന നിറമാ. പ്രകൃതിയുടെ നിറം.” അയാൾ ആശ്വസിപ്പി ക്കാനെന്നോണം പറഞ്ഞു.
മേച്ചിൽ തീർന്നതിന്റെ പിറ്റേന്നാണ് മാമ്മച്ചൻ മടങ്ങിയെത്തിയത്.
കപ്പേളയുടെ മേൽക്കൂരയിലേക്ക് നോക്കിയതും മാമച്ചന്റെ മുഖമിരുണ്ടു.
“കണ്ട കാക്കാമാരുടെ കളറാണോ നമ്മടെ കപ്പേളയ്ക്ക്...”
അയാൾ സാവകാശം കാര്യങ്ങൾ വിശദീകരിച്ചു. ക്ഷമ ചോദിച്ചു.
“കണ്ട വാധ്യാമ്മാരെ കാര്യങ്ങൾ ഏപ്പിച്ചാ ഇങ്ങനെയിരിക്കും.” മാമച്ചൻ പൊട്ടിത്തെറിച്ചു.
അയാൾ പള്ളിമേടയിലേക്ക് മടങ്ങി.
അല്പസമയം കഴിഞ്ഞപ്പോൾ മാമച്ചൻ കയറി വന്നു.
“ഒരു രണ്ടുദിവസം ക്ഷമിക്കാൻ അച്ചന് കഴിഞ്ഞില്ലല്ലോ... ഇതിപ്പോ പടിക്കേ കൊണ്ടായി കലമുടച്ചൂന്ന് പറഞ്ഞ പോലായി. ആ നെറം കാണുമ്പോ എനിക്ക് ചൊറിഞ്ഞുവരുവാ.”
അയാളൊന്നും മിണ്ടിയില്ല. എന്തൊക്കെ യോ പിറുപിറുത്തുകൊണ്ട് മാമച്ചൻ ഇറങ്ങിപ്പോയി.
അയാൾ ആശ്വാസത്തോടെ ഒന്നു നെടുവീർപ്പിട്ടു.
വൈകിട്ട് കപ്പേളയിൽ ചെന്നപ്പോൾ മാമച്ചനും കൂട്ടരും അവിടെയുണ്ട്.
അകം പെയിന്റെ ചെയ്യുന്ന കാര്യം പറഞ്ഞ പ്പോൾ മാമച്ചൻ ഉറഞ്ഞു തുള്ളി. “ചെന്ന് ആ വരത്തനോട് ചെയ്യാൻ പറ. ഒരു പ്‌ലാവെല മാമച്ചൻ ഇനി ഇവടെ മറിച്ചുവെക്കൂല.”
“അത് വിട് മാമൻ ചേട്ടാ. ഞാനതിന് ക്ഷമ പറഞ്ഞല്ലോ.”
“ക്ഷമ പറഞ്ഞാ ഷീറ്റിന്റെ നെറം മാറുവോ.”
അയാൾ നിസ്സഹായനായി പള്ളിമേടയിലേക്ക് നടന്നു. മാമച്ചൻ ചേട്ടൻ പുറകേ വന്നു.
“അവനോട് അവന്റെ ഷീറ്റ് എടുത്തോണ്ട് പോകാൻ പറ. കപ്പേള ഇത്രേം ആക്കാമെങ്കിൽ ബാക്കി കൂടി നോക്കാനും എനിക്കറിയാം.”
അയാൾ സ്വയമറി യാതെ തിരിഞ്ഞു. വാക്കുകൾക്ക് നിയന്ത്രണം നഷ്ടമായി.
“ഞാനും ഒരു മനുഷ്യ നാണ്. എന്റെ ക്ഷമയ്ക്കും ഒരു പരിധിയുണ്ട്. വന്ന പിഴവിന് ഞാൻ എത്ര തവണ ക്ഷമ ചോദിച്ചു. ഇനി കാല് പിടിക്കണോ ഞാൻ.” വാക്കുകൾ കിട്ടാതെ അയാൾ കിതച്ചു.
മാമച്ചൻ ചേട്ടൻ അൽപ്പനേരം സ്തബ്ധനായി അയാളെ നോക്കിനിന്നു... പിന്നെ ഒന്നും പറയാതെ സന്ധ്യയിലേക്ക് ഇറങ്ങി നടന്നു.
(തുടരും)